•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

നിത്യരക്ഷയിലേക്ക് വിളിക്കപ്പെട്ടവര്‍

സെപ്റ്റംബര്‍ 3   ഏലിയാ സ്ലീവാ മൂശ  ഒന്നാം ഞായര്‍
നിയ 6:20-25  ഏശ 31:4-9 
2 തെസ 1:3-10   ലൂക്കാ 18:35-43

ലിയാ-സ്ലീവാ-മൂശക്കാലങ്ങളുടെ ചൈതന്യത്തിലേക്ക് സീറോ-മലബാര്‍ സഭ പ്രവേശിക്കുകയാണ്. കുരിശിന്റെ വിജയവും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവുമാണ് ഈ കാലത്തെ പ്രധാന ധ്യാനചിന്തകള്‍. സെപ്റ്റംബര്‍ 14-ാം തീയതി ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയാണ് ഈ കാലത്തിന്റെ കേന്ദ്രബിന്ദു. ഈശോയുടെ രൂപാന്തരീകരണവേളയില്‍ അവിടുത്തോടൊപ്പം മോശയും ഏലിയായും ഉണ്ടായിരുന്നു. നിയമത്തിന്റെയും പ്രവാചകന്മാരുടെയും മധ്യത്തില്‍നിന്ന് അവരോടു സംസാരിക്കുന്ന ഈശോ. ഉത്ഥിതനായ ഈശോയുടെ പ്രതീകമായ സ്ലീവായും നിയമവും പ്രവാചകന്മാരും. 

മിശിഹായുടെ രണ്ടാമത്തെ ആഗമനത്തിനുമുമ്പ് ആകാശമധ്യത്തില്‍ മഹത്ത്വത്തോടെ പ്രത്യക്ഷപ്പെടുമെന്ന് അവിടുന്ന് പറഞ്ഞിട്ടുള്ള അടയാളം (മത്താ. 24:30) കുരിശാണെന്ന വിശ്വാസം ആദിമസഭയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കുരിശിന്റെ ശക്തിയും വിജയവും ഈ കാലത്തില്‍ നാം പ്രത്യേകമായി അനുസ്മരിക്കുന്നുണ്ട്. സ്ലീവാവഴി മിശിഹാ പറുദീസയിലേക്കു വഴികാട്ടിത്തന്നുകൊണ്ട് മര്‍ത്ത്യകുലത്തെ രക്ഷിച്ചിരിക്കുന്നു. പറുദീസയിലെ ജീവന്റെ വൃക്ഷത്തോടും മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തോടും കുരിശിനെ ഉപമിക്കാം. 
ഏലിയാ-സ്ലീവാ-മൂശക്കാലത്തിന്റെ ആദ്യഞായറാഴ്ച ദൈവം നല്കുന്ന രക്ഷയുടെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ് ഇന്നത്തെ വായനകള്‍. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ച ദൈവത്തെക്കുറിച്ചാണ് ഒന്നാമത്തെ വായന (നിയമാ. 6: 20-25). ''തന്റെ ശക്തമായ കരത്താല്‍ കര്‍ത്താവ് നമ്മെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്നു'' (6:21). ''നമ്മുടെ കണ്മുന്നില്‍ വച്ച് അവിടുന്ന്... അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു'' (6:22). സ്രഷ്ടാവും പരിപാലകനുമായ ദൈവം എന്ന ആശയം ഇസ്രായേല്‍ജനതയുടെ ചിന്തയിലും ബോധ്യത്തിലും രൂഢമൂലമാകുന്നത് ഈജിപ്തില്‍നിന്നുള്ള മോചനത്തിലൂടെയാണ്. കൂടെനടക്കുന്ന ദൈവത്തെ ഇസ്രായേല്‍ജനം അനുഭവിക്കുന്നു. 
ജനത്തെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവരിക മാത്രമല്ല, രക്ഷയുടെ ഭൗമിക പ്രതീകമായ സുസ്ഥിരതയും സുഭിക്ഷതയും നിറഞ്ഞ ഒരു രാജ്യം ദൈവം അവര്‍ക്കായി ഒരുക്കി നല്‍കുകയും ചെയ്യുന്നു. അതോടെ, ഇസ്രായേല്‍ജനത്തിന് ദൈവം ഏറ്റവും പ്രധാനപ്പെട്ടതായി മാറുന്നു. ദൈവമാണ് അവരുടെ രക്ഷയുടെ ആരംഭവും അവസാനവും. അതുകൊണ്ട്, 'എന്നും നന്മയുണ്ടാകാനും ഇന്നത്തെപ്പോലെ നാം ജീവിച്ചിരിക്കാനുംവേണ്ടി കര്‍ത്താവ് ജനത്തിനു നല്കിയ കല്പനകള്‍ അനുസരിക്കണം' (രള.6:24). രക്ഷ വെറുതെ നല്കപ്പെടുന്നതല്ല, ദൈവത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളതാണ് രക്ഷ. 
ദൈവം നല്കിയ രക്ഷയുടെ രണ്ടാമത്തെ മുഖം നാം ദര്‍ശിക്കുന്നത് ബാബിലോണ്‍ അടിമത്തത്തില്‍നിന്നുള്ള മോചനത്തിലാണ്. അതിനെക്കുറിച്ചാണ് ഏശയ്യാപ്രവാചകന്റെ  പുസ്തകത്തില്‍നിന്നുള്ള വായന (31:49). അടിമത്തത്തിലായിരിക്കുന്ന ജനത്തെ ദൈവം മോചിപ്പിക്കും എന്നുള്ള പ്രവാചകന്റെ വാക്കുകള്‍ ദൈവത്തിന്റെ രക്ഷയുടെ പ്രതീക്ഷ ജനത്തില്‍ വീണ്ടുമുണര്‍ത്തുന്നു. അടിമത്തത്തിലേക്കു ജനം പോകാന്‍ കാരണംതന്നെ ദൈവത്തെ രക്ഷയുടെ മാര്‍ഗമായി കരുതുന്നതില്‍  അവര്‍ക്കു വന്ന വീഴ്ചയാണ്. ദൈവത്തെ തള്ളിപ്പറഞ്ഞ അവര്‍ 'സ്വന്തം കരംകൊണ്ട് പാപകരമായി പൊന്നും വെള്ളിയും ഉപയോഗിച്ച് വിഗ്രഹങ്ങളെ നിര്‍മിച്ചു' (31:7). പക്ഷേ, ദൈവത്തിന്റെ രക്ഷയുടെ കരം അവരെ ഉപേക്ഷിക്കുന്നില്ല എന്ന് പ്രവാചകന്‍ അവരെ ഓര്‍മിപ്പിക്കുന്നു. ''അസ്സീറിയാ മനുഷ്യന്റേതല്ലാത്ത ഒരു വാള്‍കൊണ്ടു വീഴും. മനുഷ്യന്റേതല്ലാത്ത ഒരു വാള്‍ അവനെ സംഹരിക്കും'' (31:8). 
പുതിയ ഉടമ്പടിയിലേക്കു വരുമ്പോളാകട്ടെ ഭൗതികമായ കാര്യസാധ്യങ്ങളുടെ തലത്തില്‍ നിന്ന് ആത്മീയവും ദൈവികവുമായ രക്ഷയുടെ ചിന്തയിലേക്കു ജനത്തെ വിളിക്കുന്ന ദൈവത്തെ നമുക്കു കാണാം. നസ്രായനായ ഈശോയ്ക്ക് തന്നെ സൗഖ്യമാക്കാന്‍ കഴിയും എന്ന് ഉറച്ചു വിശ്വസിച്ച അന്ധനായ മനുഷ്യന്‍, ചുറ്റുമുണ്ടായിരുന്നവരുടെ എതിര്‍പ്പുണ്ടായിട്ടും ഈശോയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു (ലൂക്കാ 18:35-43). എന്നാല്‍, ഈ സൗഖ്യപ്പെടുത്തല്‍ ഈശോയെ സംബന്ധിച്ച് ഒരു ശാരീരികസൗഖ്യത്തിന്റ തലത്തില്‍ മാത്രം നില്ക്കുന്നതല്ല. 'നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു' (18:42) എന്ന് ആശ്വസിപ്പിച്ചാണ് ഈശോ അയാളെ മടക്കിയയയ്ക്കുന്നത്. അന്ധത മാറുന്നത് രക്ഷയിലേക്കുള്ള പ്രവേശനത്തിന്റെ ലക്ഷണമായി ഈശോതന്നെ പറയുന്നു. പ്രാര്‍ഥനയുടെ ശക്തിയാല്‍ ഒരു രോഗം മാറുന്നത്, ഭൗതികമായ ഒരു കാര്യസാധ്യം നടക്കുന്നത് അതില്‍ത്തന്നെ ഒതുങ്ങിനില്ക്കാതെ ദൈവമഹത്ത്വം അംഗീകരിക്കുന്നതിനും ദൈവരാജ്യത്തിലേക്കുള്ള വഴിയേ നടക്കുന്നതിനും പ്രചോദനകമാകണം. 
അനുഗ്രഹങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നത് തങ്ങളുടെ അവകാശമായിക്കരുതി, അനുഗ്രഹങ്ങള്‍ ലഭിച്ചതിനുശേഷം ദൈവത്തെ അന്വേഷിക്കാത്ത  ഇസ്രായേല്‍ജനത്തെപ്പോലെ നന്ദികേടു കാണിക്കുന്നവരാകരുത് ദൈവത്തിന്റെ  ജനമെന്ന് ഈ മനുഷ്യന്‍ ഓര്‍മിപ്പിക്കുന്നു. ''അവന്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് ഈശോയുടെ പിന്നാലെ പോയി'' (18:43). ദൈവത്തിന്റെ പിന്നാലെ പോകാത്ത ഇസ്രായേല്‍ജനത്തിനുള്ള ഓര്‍മപ്പെടുത്തലാണ് ഈ മനുഷ്യന്റെ പ്രവൃത്തി. ആത്യന്തികമായി ദൈവം തന്റെ ജനത്തെ ഒരുക്കിയിരിക്കുന്നത് 'പുത്രനായ ഈശോയുടെ പിന്നാലെ പോകാനാണ്.' അതാണു രക്ഷയുടെ വഴി! 
ഈ രക്ഷയുടെ വഴി വിശുദ്ധ പൗലോസ് കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട് (2 തെസ. 1:3-10). ''ദൈവരാജ്യത്തിനു വേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്'' (1:5).  ഭൂമിയിലെ ജീവിതം ദൈവരാജ്യത്തിനുള്ള ഒരുക്കമാണ്. ഇസ്രായേല്‍ജനത്തോടു നിയമത്തിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം വെളിപ്പെടുത്താന്‍ ശ്രമിച്ചത് ഇക്കാര്യമാണ്. എന്നാല്‍, ഇസ്രായേല്‍ജനത്തിന് അതു കൃത്യമായി മനസ്സിലാക്കാന്‍ കഴിയാതെവന്നപ്പോഴാണ് തന്റെ പുത്രനെ ദൈവം ലോകത്തിലേക്കയയ്ക്കുന്നത്. പുതിയ ഉടമ്പടിയിലെ അംഗങ്ങളായ നമ്മോട് ഈശോമിശിഹായുടെ വചനങ്ങളും പ്രവൃത്തികളുംവഴി ദൈവം സംവദിക്കുന്നത് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതിനെപ്പറ്റിയാണ്. ആ രക്ഷ ദൈവംതന്നെ തന്റെ പുത്രനിലൂടെ നമുക്കുവേണ്ടി സാധിക്കുന്നു. 
ദൈവത്തിനുവേണ്ടി  നിലകൊള്ളുന്ന, കഷ്ടപ്പാടുകള്‍ സഹിക്കുന്ന ജനത്തിന് ദൈവരാജ്യം നല്കുകയെന്നത് ദൈവത്തിന്റെ നീതിയാണെന്ന് പൗലോസ്ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് (1: 7). മനുഷ്യനുവേണ്ടി ഈ ഭൗമികജീവിതത്തിലായാലും മരണാനന്തരജീവിതത്തിലായാലും ദൈവം ഒരുക്കിയിരിക്കുന്നത് തന്നെത്തന്നെയാണ്. തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്ത് നിത്യജീവിതത്തിലേക്കു പ്രവേശിക്കാന്‍ ദൈവം തന്നെത്തന്നെ നല്കുന്നു. തന്റെ സൃഷ്ടികള്‍ക്ക്, പ്രത്യേകിച്ച് തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനുണ്ടായ വീഴ്ചയില്‍നിന്ന് അവനെ രക്ഷിച്ച് വീണ്ടും തന്റെയൊപ്പം ദൈവം ഇരുത്തുന്നു. അതാണ് ദൈവത്തിന്റെ നീതിമത്കരണം. 
ഭൗതികമായ കാര്യസാധ്യത്തിനുവേണ്ടിയുള്ള വിശ്വാസമായിരിക്കരുത് നമ്മുടേത്. ദൈവം മിശിഹായില്‍ ഒരുക്കിയിരിക്കുന്നത് നമ്മുടെ നിത്യരക്ഷയാണ്. ഭൗതികമായ കാര്യസാധ്യം ലഭിച്ചുകഴിഞ്ഞാല്‍ ദൈവത്തെ മറന്നുപോകുന്ന ഇസ്രായേല്‍ക്കാരെപ്പോലെയാകരുത് നാം. മറിച്ച്, ഭൗതികമായ കാര്യസാധ്യങ്ങളില്‍  ദൈവത്തെ തിരിച്ചറിയാനും സൗഖ്യം ലഭിച്ച സുവിശേഷത്തിലെ മനുഷ്യനെപ്പോലെ ഈശോയുടെ പിന്നാലെ പോകാനും തയ്യാറാകണം.

Login log record inserted successfully!