•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

വിശ്വാസം ആഘോഷിക്കാം രക്ഷയിലേക്കു പ്രവേശിക്കാം

സെപ്റ്റംബര്‍ 24
ഏലിയാ സ്ലീവാ മൂശ  നാലാം ഞായര്‍
നിയ 9:1-6  ഏശ 25:1-8
ഫിലി 3:1-11   മത്താ 17:14-21

നിത്യരക്ഷയിലേക്കു പ്രവേശിക്കാം എന്ന ഉറച്ച പ്രതീക്ഷയുമായി ജീവിക്കുന്ന നമുക്ക് ദൈവപിതാവിന്റെ പിന്തുണയുണ്ടെന്ന് ഉറപ്പുനല്‍കുന്ന വചനഭാഗങ്ങളാണ് ഇന്നത്തെ വായനകള്‍. സ്വന്തം കരുത്തിലും ആയുധബലത്തിലും ആശ്രയിക്കാതെ സര്‍വശക്തനും നിത്യനുമായ പിതാവിന്റെ കരുത്തില്‍ ആശ്രയിച്ച് അവിടുന്നു നമുക്കുവേണ്ടി നല്‍കിയ ഏകരക്ഷകനായ ഈശോമിശിഹായില്‍ ഉറച്ചു വിശ്വസിച്ച് രക്ഷ കരഗതമാക്കാന്‍ സഭാമാതാവ് തന്റെ മക്കളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
ജനത്തിന്റെ ആയുധശക്തിയാലോ ബുദ്ധിശക്തിയാലോ അല്ല; മറിച്ച്, തന്റെ കരബലത്താലാണ് ഇസ്രായേലിനു വിജയമുണ്ടായതെന്ന് മോശയിലൂടെയും പ്രവാചകനായ ഏശയ്യായിലൂടെയും ദൈവം ജനത്തെ ഓര്‍മിപ്പിക്കുന്നതാണ് പഴയ ഉടമ്പടിയില്‍നിന്നുള്ള ഇന്നത്തെ വായനകള്‍.
ഈജിപ്തില്‍ അടിമത്തത്തിലും  തുടര്‍ന്ന് മരുഭൂമിയില്‍ പ്രവാസത്തിലും ആയിരുന്ന ജനം രാജ്യത്തിന്റെ കരുതലിലേക്ക്, കാനാന്‍ദേശത്തിന്റെ സുരക്ഷയിലേക്കു പ്രവേശിക്കാന്‍ പോകുകയാണ്. ഇത് ജനത്തിന്റെ കഴിവിന്റെ ഫലമല്ല; മറിച്ച്, ദൈവത്തിന്റെ കാരുണ്യത്തിന്റെയും ശക്തിയുടെയും ഫലമാണെന്ന് മോശയിലൂടെ ദൈവം ജനത്തോടു പറയുന്നു (നിയമാ. 9:1-6). ''നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദഹിപ്പിക്കുന്ന അഗ്‌നിയായി നിങ്ങളുടെ മുമ്പില്‍ പോകുന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്സിലാക്കണം'' (9:3). തങ്ങള്‍ക്കു വിജയം ഉണ്ടായിക്കഴിയുമ്പോള്‍, തങ്ങളേക്കാള്‍ ശക്തമായ ജനതയെ മുമ്പില്‍നിന്നു നീക്കിക്കഴിയുമ്പോള്‍, തങ്ങള്‍ അവരെക്കാള്‍ നീതിമാന്മാരായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ജനം ഹൃദയത്തില്‍ പറയാന്‍ സാധ്യതയുണ്ട്. പക്ഷേ, അങ്ങനെ പറയരുത് (9:4). കാരണം, 'ആ ജനതകളുടെ ദുഷ്ടതനിമിത്തവും,... പിതാക്കന്മാരോട് കര്‍ത്താവ് ചെയ്ത വാഗ്ദാനം നിറവേറ്റുന്നതിനുമാണ്' (9:56) ഈ നല്ല ദേശം ഇസ്രായേലിന് ദൈവം അവകാശമായി നല്‍കുന്നത്.
യഥാര്‍ഥദൈവത്തെ തിരിച്ചറിഞ്ഞ് അവിടുത്തെ ആരാധിക്കാന്‍ ജനത്തെ പഠിപ്പിക്കുകയാണ് ഏശയ്യാപ്രവാചകന്‍ (ഏശ. 25:1-8). ജനം പ്രവാസത്തിലാണ്. തങ്ങള്‍ക്കു കാനാന്‍ദേശം നല്‍കിയ ദൈവത്തെ അവര്‍ മറന്നതുകൊണ്ടാണ് അവര്‍ പ്രവാസത്തിലേക്കു പോയത്. വീണ്ടും ജനം ദൈവത്തെ അംഗീകരിച്ച് അവിടുത്തേക്കു സ്തുതിയും മഹത്ത്വവും കൊടുക്കാന്‍ തയ്യാറായാല്‍ ജനം വീണ്ടും രക്ഷപ്രാപിക്കും. ആവര്‍ത്തിച്ചു ചൊല്ലിക്കൊടുത്ത് പ്രവാചകന്‍ ഇക്കാര്യം ജനത്തെ പഠിപ്പിക്കുകയാണ് (25:1). ജനം എളിമപ്പെടാനും ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയാനും തുടങ്ങുമ്പോള്‍ കര്‍ത്താവ് ഒരുക്കുന്ന രക്ഷയുടെ വിരുന്നിലേക്ക് അവര്‍ പ്രവേശിക്കപ്പെടും. ''അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും...'' (25:8).
ഏലിയാ-സ്ലീവാ-മൂശക്കാലങ്ങള്‍ സൂചിപ്പിക്കുന്ന ഉത്ഥിതനായ ഈശോ നല്‍കുന്ന രക്ഷയിലേക്കുള്ള സൂചനയാണ് പഴയ ഉടമ്പടിഭാഗങ്ങള്‍. തങ്ങളുടെ കഴിവിലുള്ള വിശ്വാസം ഉപേക്ഷിച്ച് ദൈവത്തിലുള്ള വിശ്വാസത്തിലേക്കു തിരിയണമെന്നാണ് നിയമവും പ്രവാചകന്മാരും ആവര്‍ത്തിച്ചുവ്യക്തമാക്കുന്നത് (നിയമാ. 9:6; ഏശ. 25:1).
സ്രഷ്ടാവും പരിപാലകനുമായ ദൈവത്തില്‍ അടിയുറപ്പുള്ള വിശ്വാസമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സുവിശേഷം (മത്താ. 17:14-21) നമ്മെ ഓര്‍മിപ്പിക്കുന്നത്. ഒരു രോഗശാന്തിയുടെ കാര്യത്തിലാണു തര്‍ക്കം. അപസ്മാരരോഗമുള്ള ഒരു കുട്ടിയെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്കു കഴിഞ്ഞില്ല. അക്കാര്യം കുട്ടിയുടെ അപ്പന്‍ പരാതിയായി ഈശോയ്ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു (17:1416). ശിഷ്യന്മാര്‍ ഇതിനുമുമ്പു രോഗശാന്തിശുശ്രൂഷ നിര്‍വഹിച്ചിരുന്നുവെന്നോ ഇതവരുടെ ആദ്യത്തെ പരിശ്രമമായിരുന്നുവെന്നോ വ്യക്തമല്ല. പക്ഷേ, ഈയൊരു ശുശ്രൂഷ ശിഷ്യന്മാര്‍ ചെയ്യുന്നതിന് ഈശോയ്ക്കു തടസ്സമില്ലായിരുന്നു എന്നതു വ്യക്തമാണ്. അവരുടെ പരീക്ഷണം ഒരു പരാജയമായിരുന്നു. അതിനു കാരണം അവരുടെ അല്പവിശ്വാസമാണെന്ന് ഈശോ വിലയിരുത്തുന്നു (17:20).
ഇതേ ശിഷ്യന്മാര്‍ അദ്ഭുതങ്ങള്‍ ചെയ്യുന്നതായി ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ (3:1-10; 13:4-12; 28,36) നമ്മള്‍ കാണുന്നുമുണ്ട്. എന്തുകൊണ്ടാണ് ഈശോ കൂടെയുണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് അദ്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കാതിരിക്കുകയും ഈശോ അവരുടെ കൂടെയില്ലാതിരുന്നപ്പോള്‍ അദ്ഭുതങ്ങള്‍ ചെയ്യുകയും ചെയ്തത്? ഈശോയുടെ ഉത്ഥാനത്തിനു ശിഷ്യന്മാര്‍ സാക്ഷികളാകുകയും പരിശുദ്ധ റൂഹായുടെ നിറവ് ഉണ്ടാകുകയും ചെയ്തപ്പോള്‍ ശിഷ്യന്മാരുടെ വിശ്വാസം ഈശോയുടെ നാമത്തില്‍, ദൈവനാമത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായി എന്നു വിലയിരുത്താം.
സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ദൈവത്തെ ഈശോമിശിഹായില്‍ ദര്‍ശിക്കുന്നതില്‍ വിശ്വാസത്തിന്റെ ഉള്ളടക്കവും, ആ ദൈവത്തിന് സ്തുതിയും പുകഴ്ചയും ആരാധനയും നല്‍കുന്നതില്‍ വിശ്വാസത്തിന്റെ പ്രകടനവും അടങ്ങിയിരിക്കുന്നു. ഈശോയുടെ നാമത്തില്‍ പ്രവര്‍ത്തിക്കപ്പെടുന്ന ഓരോ അദ്ഭുതവും വിശ്വാസത്തിന്റെ ആഘോഷമാണ്. അതിന്റെ പരമോന്നതമായ ആഘോഷമാണ് വി. കുര്‍ബാന എന്ന അദ്ഭുതം.
ഈശോയിലൂടെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ രഹസ്യം മനസ്സിലാക്കുകയും ആ വിശ്വാസത്തെ ആഘോഷമാക്കുകയും ചെയ്തയാളാണ് വി. പൗലോസ്. അദ്ദേഹത്തിനുണ്ടായ മിശിഹാനുഭവം മറ്റു ശിഷ്യന്മാര്‍ക്കുണ്ടായ പോലെ തീക്ഷ്ണമായിരുന്നതിനാല്‍ യഥാര്‍ഥ വിശ്വാസത്തിന്റെ ആഴം അദ്ദേഹത്തിനും ലഭിച്ചു (ഫിലിപ്പി. 3:1-11). 'എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്''(3:8).
ഇസ്രായേല്‍ജനവും ഈശോയുടെ ശിഷ്യന്മാരും പുതിയ ഇസ്രായേലായ സഭയും അവളുടെ മക്കളും എത്തിച്ചേരേണ്ട വിശ്വാസത്തിന്റെ ആഴമാണ് പൗലോസ് ശ്ലീഹാ പറഞ്ഞുവയ്ക്കുന്നത്. ദൈവമഹത്ത്വത്തെക്കുറിച്ചുള്ള ഉത്തമബോധ്യവും ദൈവനാമത്തിന്റെ ശക്തിയുടെ അംഗീകാരവുമാണത്.  ഇപ്രകാരമുള്ള വിശ്വാസത്തിന്റെ ആഴത്തില്‍നിന്നുമാത്രമേ അദ്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുകയുള്ളൂ.

 

Login log record inserted successfully!