രണ്ടു സ്വരങ്ങള്‍ അടുത്തടുത്ത് ഉച്ചരിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കലാണ് ആഗമസന്ധിയുടെ ധര്‍മം. പൂര്‍വസ്വരം ഓഷ്ഠ്യമാണെങ്കില്‍ വ കാരം ആഗമിക്കും എന്നാണ് കേരളപാണിനീയമതം. ''പൂര്‍വമോഷ്ഠ്യസ്വരം വന്നാല്‍ വകാരം ചേര്‍ത്തുകൊള്ളുക'' (കാരിക 7).* അ, ആ, ഉ, ഊ, ഒ, ഓ, ഔ എന്നിവയെ ഓഷ്ഠ്യസ്വരങ്ങളായി കണക്കാക്കുന്നു. അകാരത്തിന് ഓഷ്ഠ്യ ത്വവും താലവ്യത്വവും ഉള്ളതുകൊണ്ട് മധ്യാഗമവ്യഞ്ജനം നോക്കിയാണ് പൂര്‍വപദാന്തസ്വരമായ അകാരത്തിന്റെ ധ്വനിമൂല്യം നിര്‍ണയിക്കുന്നത്. തല + അന്‍, സന്ധി ചെയ്യുമ്പോള്‍ തലയനോ തലവനോ ആകാം. തല എന്ന പൂര്‍വപദത്തിന്റെ അന്ത്യത്തിലുള്ള അകാരത്തിനുശേഷം വരുന്നത് യകാരമെങ്കില്‍ അ താലവ്യമെന്നും വകാരമെങ്കില്‍ അ ഓഷ്ഠ്യമെന്നും ധരിക്കണം. തലയന് തലയുള്ളവന്‍ എന്നും തലവന് തലപ്പത്തുള്ളവന്‍ (നേതാവ്) എന്നും അര്‍ഥം പറയാം. നാഴിയുരിയും നാഴിവുരിയും മുമ്പ് പ്രയോഗത്തിലുണ്ടായിരുന്നു.
പുറ + അടി, സന്ധി ചെയ്യുമ്പോള്‍ പുറവടി എന്നാകുന്നത്, പുറ എന്നിടത്തെ അകാരം ഓഷ്ഠ്യമായതിനാലാണ്. 'പുറ + വടി = പുറവടി' എന്നു പിരിച്ചെഴുതരുത്. പുറ എന്ന വാക്കിന് പിന്‍ഭാഗമെന്നും അടി എന്ന പദത്തിന് പാദം എന്നും അര്‍ഥം. രണ്ടും ചേര്‍ന്നുവരുന്ന പുറവടിക്ക് കാലിന്റെ പുറം, ഉപ്പൂറ്റി, മടമ്പ് എന്നെല്ലാം വിവക്ഷിതങ്ങള്‍ വരും. കുതികാല്‍, പാദാഗ്രം, പ്രപദം എന്നിവ പര്യായങ്ങളാണ്. പുറം എന്ന പദത്തിനും പിന്‍ഭാഗം എന്നര്‍ഥമുള്ളതിനാല്‍ പുറം+അടി = പുറവടി എന്നു പിരിച്ചും ചേര്‍ത്തും എഴുതുന്നതും വ്യാകരണപരമായി ശരിയാണ്.
പ്രപദം പുറവടിയാണെന്നു സൂചിപ്പിച്ചല്ലോ. ആപ്രപദം എന്നാല്‍ പാദം വരെ; ആപ്രപദീനമാകട്ടെ പുറവടിയോളം എത്തുന്നതും. പുറവടിവരെ എത്തുന്ന കുപ്പായത്തിന് ആപ്രപദീനമായ ഉടുപ്പ് എന്നു പറയുന്നു. പെണ്‍കുട്ടികള്‍ പുറവടി വരെ എത്തിനില്‍ക്കുന്ന വിവിധ തരത്തിലുള്ള ഉടുപ്പുകള്‍ ധരിക്കാറുണ്ടല്ലോ.
*രാജരാജവര്‍മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 126.
							
 ഡോ. ഡേവിസ് സേവ്യര്‍ 
                    
									
									
									
									
									
									
									
									
									
									
                    