•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

സ്വര്‍ഗരാജ്യത്തിലെ വലിയവന്‍

ഒക്‌ടോബര്‍ 8 ഏലിയാ സ്ലീവാ മൂശ ആറാം ഞായര്‍
നിയ 10:12-20   ഏശ 33:2-10
1 കോറി 14:26-33  മത്താ 18:1-9

താന്‍ ഒരുക്കിയിരിക്കുന്ന രക്ഷയിലേക്കു നിരന്തരം മനുഷ്യനെ വിളിക്കുന്ന ദൈവമാണ് നമ്മുടേത്. ഈശോമിശിഹായില്‍, അവിടുത്തെ കുരിശുമരണത്തിലും ഉത്ഥാനത്തിലുമാണ്,  ആ രക്ഷ പൂര്‍ണമായും നാം അനുഭവിക്കുന്നത്. ആ രക്ഷയിലേക്കാണ് നിയമവും പ്രവാചകന്മാരും ഇസ്രായേല്‍ ജനത്തെ നയിക്കുന്നത്. ഈശോമിശിഹായില്‍ പൂര്‍ത്തിയാകുന്ന രക്ഷ ജനത്തിനു മനസ്സിലാകാതെ പോയതുകൊണ്ട് പുതിയ ഇസ്രായേലായ സഭ രൂപപ്പെടുന്നു. രക്ഷ കരഗതമാകണമെങ്കില്‍ സഭാമക്കളും  ദൈവത്തോടു  ചേര്‍ന്നുനില്‍ക്കണം. അതിനായി അനുസരണം, ദൈവഭക്തി, ശിശുസഹജമായ എളിമ, ദൈവികസമാധാനം എന്നിവ ഉണ്ടായിരിക്കണമെന്നു നമ്മെ ഓര്‍മിപ്പിക്കുന്നതാണ് ഇന്നത്തെ വായനകള്‍.
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായന (നിയമാ. 10:12-20) ദൈവത്തെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അവരോട് ആവശ്യപ്പെടുന്നത് തന്നെ പൂര്‍ണമായി അനുസരിക്കാന്‍മാത്രമാണ് (10:12,13). കര്‍ത്താവ് ജനത്തിനു കല്പനകളും ചട്ടങ്ങളും നല്‍കിയിരിക്കുന്നത് ജനത്തിന്റെ നന്മയ്ക്കായാണ് (10:13). ഈ തിരിച്ചറിവില്‍നിന്നുവേണം അനുസരണം ഉണ്ടാകാന്‍. ദൈവത്തെ അനുസരിക്കുന്നതു നന്മയുണ്ടാകാന്‍ കാരണമാകും എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനുസരണം എന്ന പുണ്യം ഭാരമാകാതെ സന്തോഷം നല്‍കുന്ന ജീവിതഭാവമാകും.
അനുസരണം ഉണ്ടാകേണ്ടതിന്റെ മറ്റൊരു കാരണം 'ഭൂമിയും അവയിലുള്ള സമസ്തവും ദൈവമായ കര്‍ത്താവിന്റേതാണ് എന്നുള്ളതാണ്' (10:14). ഈ ഭൂമിയില്‍ പ്രതീക്ഷകള്‍ക്കപ്പുറം വളരാനുള്ള കഴിവ് മനുഷ്യനുണ്ടെങ്കിലും, ആ കഴിവുപോലും ദൈവദാനമാണെന്നു തിരിച്ചറിയുന്നവന്‍ ഭാഗ്യവാന്‍! സര്‍വശക്തനായ ദൈവം സ്രഷ്ടാവും പരിപാലകനുമാണെന്നു തിരിച്ചറിയാത്തതുകൊണ്ട് തന്റെ അഹംഭാവത്തിന്റെ മൂര്‍ധന്യത്തില്‍ മനുഷ്യന്‍ ദൈവത്തെ തള്ളിപ്പറയുന്നു. അത് തന്റെ ധനത്തിന്റെയോ അറിവിന്റെയോ അധികാരത്തിന്റെയോ അഹംഭാവമാകാം. പക്ഷേ, ഇവയെല്ലാം ദൈവത്തിന്റെ ദാനംമാത്രമാണെന്നും ദൈവം ഇവയുടെയൊക്കെ മുകളില്‍ നില്‍ക്കുന്ന നിതാന്ത സത്യമാണെന്നുമുള്ള തിരിച്ചറിവ് ദൈവത്തില്‍ ബലമുള്ളവരായി എപ്പോഴുമായിരിക്കാന്‍ നമ്മെ സഹായിക്കും.
പ്രവാസകാലത്തു ജനത്തിനുണ്ടാകുന്ന തിരിച്ചറിവുകളാണ് രണ്ടാം വായനയുടെ (ഏശ. 33:2-10) ഇതിവൃത്തം. ദൈവത്തിന്റെ വാക്കുകള്‍കേട്ട്, അവന്‍ ചെയ്ത അദ്ഭുത പ്രവൃത്തികളുടെ ഫലം അനുഭവിച്ച ജനം ആ ദൈവത്തോടു ചേര്‍ന്നുനില്‍ക്കാതെ വരുമ്പോള്‍ ദൈവത്തില്‍നിന്ന് അകറ്റപ്പെടുന്നു. അത് അവരുടെ പ്രവൃത്തിയുടെ സ്വാഭാവികമായ ഫലമാണ്. വീണ്ടും ദൈവത്തോട് അനുരഞ്ജനപ്പെടേണ്ടതിന്റെ ആവശ്യകത ജനത്തിനു ബോധ്യപ്പെടുന്നു. ആ ബോധ്യമാണ് പ്രഘോഷിക്കപ്പെടുന്നത്. ''കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ'' (33:2).
ദൈവത്തില്‍നിന്ന് അവരനുഭവിച്ച സ്‌നേഹവും കരുതലും സുരക്ഷയുമൊക്കെ അവര്‍ വീണ്ടും ഓര്‍ക്കുന്നു. ''അവിടുന്നാണ് നിന്റെ ആയുസ്സിന്റെ ഉറപ്പ്'' (33:6മ). ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് ദൈവഭക്തിയാണെന്നും (33:6ര) ധനമോ അധികാരമോ അറിവോ അല്ലെന്നും ജനം തിരിച്ചറിയുന്നു.
ദൈവവുമായി യഥാര്‍ഥ ബന്ധത്തില്‍ ആയിരിക്കുന്ന സ്ഥലമാണല്ലോ സ്വര്‍ഗം അഥവാ ദൈവരാജ്യം. ആ ദൈവരാജ്യത്തിലെ വലിയവന്‍ ആരാണെന്നാണ് ശിഷ്യന്മാരുടെ ചോദ്യം (മത്താ. 18:1-9). ഈ തര്‍ക്കത്തിന് രണ്ടുത്തരങ്ങളാണ് ഈശോ നല്‍കുന്നത്. ആരാണ് വലിയവനെന്നും ആരാണ് വലിയവന്‍ അല്ലാത്തവന്‍ എന്നും ഈശോ വിശദീകരിക്കുന്നുണ്ട്.
സ്വര്‍ഗരാജ്യത്തെ വലിയവന്‍ സ്വയം ചെറുതാകുന്നവനാണ്: അതും ശിശുക്കളെപ്പോലെ ചെറുതാകണം; വലുപ്പത്തിലല്ല, മനോഭാവത്തില്‍! ശിശുവിന്റെ മനോഭാവം പിതാവിലുള്ള ആശ്രയത്വമാണ്. താന്‍ ഒന്നിനും പ്രാപ്തനല്ലെന്നും എന്നാല്‍, തനിക്കുവേണ്ടി തന്റെ സ്‌നേഹധനനായ പിതാവ് എല്ലാം ഒരുക്കുമെന്നും ശിശുവിനറിയാം. അതിനാല്‍, അവന്‍ പിതാവിന്റെ ഏതു വാക്കു കേള്‍ക്കാനും തയ്യാറാണ്. സ്വര്‍ഗത്തില്‍ ആയിരിക്കുന്ന ഏതൊരാളും ഈ ദൈവാശ്രയബോധം ഭൂമിയിലേ ഓര്‍ത്തവരും പാലിച്ചവരുമാണ്.
ശിശുക്കളുടെ വലിയൊരു പ്രത്യേകത സ്വന്തം പിതാവിനെ തിരിച്ചറിയാനുള്ള അവരുടെ കഴിവാണ്. എത്രനാള്‍ അകന്നിരുന്നാലും അവര്‍ തമ്മിലുള്ള ജൈവബന്ധം സ്വന്തം പിതാവിനെ കാണുമ്പോള്‍ അവനെ സന്തോഷമുള്ളവനാക്കും. ദൈവപിതാവിന്റെ മക്കളായ നമുക്കും ഇതേ മനോഭാവം ഉണ്ടാകണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറംതള്ളപ്പെടുന്നവന്‍ ആരാണെന്നും ഈശോ പറയുന്നുണ്ട്. ദൈവാശ്രയബോധത്തില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരെ വഴിതെറ്റിക്കുന്നവന്‍ ദുഷ്ടനാണ് (18:6). എത്ര കഠിനപാപികളോടും ക്ഷമിക്കുന്ന ഈശോയുടെ സ്വഭാവം മാറി രൂക്ഷമായ രീതിയിലാകുന്നത് ഇത്തരക്കാരെ ഉദ്ദേശിച്ചു സംസാരിക്കുമ്പോളാണ്. അതിനാല്‍, ശിശു പിതാവിനോടെന്നപോലെ ദൈവാശ്രയബോധം ആര്‍ജിക്കുകമാത്രമല്ല, സഹോദരനെ അതിലേക്കു ക്ഷണിക്കുകകൂടി വേണം.
ആത്മീയമനുഷ്യര്‍ ഇപ്രകാരം ദൈവാശ്രയബോധത്തില്‍ ആയിരുന്നുകൊണ്ട് ആത്മീയ കാര്യങ്ങള്‍ നിവര്‍ത്തിക്കേണ്ടവരാണെന്ന് വി. പൗലോസ്ശ്ലീഹായും സൂചിപ്പിക്കുന്നു (1കോറി. 14:26-33). പക്ഷേ, ദൈവികമായ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനം ഒന്നുമാത്രമേയുള്ളൂ; ദൈവികസമാധാനം. അപ്പോള്‍, വീണ്ടും ശിശുക്കളിലേക്കു പോകേണ്ടി വരും. യാതൊരു മനഃക്ഷോഭവുമില്ലാതെ ഒരു ശിശു ഉറങ്ങുന്നത് അവന്റെ അമ്മയുടെ കൈകളിലായിരിക്കുമ്പോളാണ്. മാതൃനിര്‍വിശേഷമായ ഈ ദൈവികഭാവം മക്കളായ നമുക്കും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒച്ചപ്പാടുകളിലും കോലാഹലങ്ങളിലും ദൈവം പ്രസാദിക്കുന്നു എന്ന വിചാരത്തോടെ പ്രവര്‍ത്തിക്കുന്ന ചില ആത്മീയസാഹചര്യങ്ങളെ മാറ്റിയെഴുതാന്‍ സമാധാനത്തിന്റെ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

 

Login log record inserted successfully!