•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

ദൈവം തന്നെത്തന്നെ പ്രതിഫലമായി നല്‍കുമ്പോള്‍

ഒക്‌ടോബര്‍ 15  ഏലിയാ സ്ലീവാ മൂശ  ഏഴാം ഞായര്‍
നിയ 11:1-9  ഏശ 40:12-17
2 കോറി 2:12-17   മത്താ 20:1-16

ഇസ്രായേല്‍ജനത്തിന് ദൈവം ആത്യന്തികമായി വാഗ്ദാനം ചെയ്യുന്നതു നിത്യരക്ഷയാണ്; മനുഷ്യനു നല്‍കാനായി ദൈവത്തിന്റെ പക്കലുള്ളതും അതുമാത്രമാണല്ലോ, തന്റെ ജീവിതത്തിലുള്ള പങ്കുനല്‍കല്‍! കൂടുതലും കുറവുമില്ലാത്ത, വലുപ്പച്ചെറുപ്പങ്ങളില്ലാത്ത ദൈവികസ്‌നേഹത്തിന്റെ ആശ്ലേഷത്തിലേക്കു നമ്മെ നയിക്കുന്ന വായനകളാണ് ഇന്നത്തേത്.
ദൈവം ഇസ്രായേലിനു ചെയ്ത വലിയ കാര്യങ്ങള്‍ അവര്‍ ഓര്‍ക്കണമെന്ന് അവിടുന്ന് ജനത്തോടാവശ്യപ്പെടുന്നു (ഒന്നാം വായന: നിയമാ. 11: 1-9). നിയമാവര്‍ത്തനപ്പുസ്തകത്തില്‍ നിരവധി തവണ കാണപ്പെടുന്ന പ്രയോഗമാണ് ''നിങ്ങള്‍ ഓര്‍മിക്കുവിന്‍'' എന്നത്. ദൈവം ഇസ്രായേലിനെ രക്ഷിക്കാന്‍ എന്തൊക്കെ ചെയ്തുവെന്നാണ് അഥവാ ഇസ്രായേലിന്റെ രക്ഷാകരചരിത്രമാണ് അവര്‍ ഓര്‍മിക്കേണ്ടത് (11:2യ6). തങ്ങളെ ദൈവം രക്ഷയിലേക്കു നയിക്കുന്ന ചരിത്രം ഓര്‍ക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഒന്ന്, ദൈവമായിരിക്കും അവരുടെ സര്‍വസ്വവും (11:1). രണ്ട്, അതിനാല്‍, അവിടുത്തെ കല്പനകള്‍ ജനം അനുസരിക്കും  (11:1,8).
തങ്ങളുടെ സര്‍വസ്വവും ദൈവമായിരിക്കണമെന്ന കാര്യം അംഗീകരിക്കാന്‍ ജനത്തിനു മടിയില്ല. പക്ഷേ, അവിടുത്തെ കല്പനകള്‍ അനുസരിക്കണം എന്ന നിര്‍ദേശത്തോട് അത്ര വലിയ താത്പര്യം ജനത്തിനില്ല. അതുകൊണ്ടുതന്നെ, ദൈവത്തെ പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കുന്നതില്‍, വിശ്വാസത്തില്‍ ജീവിക്കുന്ന ജനം ആത്മീയമായും ഭൗതികമായും ശക്തരാകും, വിജയങ്ങള്‍ കൊയ്‌തെടുക്കും (11:8) എന്നു മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ദൈവം ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവന്‍തന്നെ പൂര്‍ണത വരുത്തും എന്ന് അടിയുറച്ചു വിശ്വസിക്കാന്‍ ജനം തയ്യാറായില്ല.
ദൈവത്തിന്റെ അതുല്യതയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് രണ്ടാം വായന (ഏശ. 40:12-17). ദൈവത്തെ മറ്റൊന്നിനോടും തുലനം ചെയ്യാനാവില്ല. വെറും സൃഷ്ടിയായ മനുഷ്യന്‍ അവിടുത്തെ മുന്നില്‍ ഒന്നുമല്ല (40: 17). എന്തുകൊണ്ട് ദൈവം ഇപ്രകാരം സ്വയം പുകഴ്ത്തി സംസാരിക്കുന്നു എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. ദൈവത്തിനു തന്റെ ശക്തി അറിയാത്തതിനാലല്ല; മറിച്ച്, ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഇസ്രായേല്‍ ജനം അഥവാ മനുഷ്യവര്‍ഗം മനസ്സിലാക്കുന്നതിനാണിത്. പ്രവാസത്തിലായിരിക്കുന്ന ജനം ഇതുകേട്ട് ആശ്വസിക്കപ്പെടുകയും (40:1),  ദൈവത്തിലേക്കു തിരിഞ്ഞ് അവിടുത്തെ ആശ്രയിച്ച് ദൈവികബന്ധത്തിലേക്കു തിരിച്ചെത്തുകയും വേണം.
എല്ലാ ജോലിക്കാര്‍ക്കും തുല്യവേതനം കൊടുക്കുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥനോട് ഈശോ ദൈവപിതാവിനെ സാദൃശ്യപ്പെടുത്തുന്ന മനോഹരമായ ഉപമയാണ് സുവിശേഷം (മത്താ. 20:1-16). തന്റെ രാജ്യത്തിലേക്ക് ദൈവം മനുഷ്യരെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു (20:1). ദൈവം സ്രഷ്ടാവായ പിതാവാണെന്നും സൃഷ്ടികള്‍ നമ്മളാണെന്നും അവിടുന്ന് നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവത്തോട് അടുത്തിരിക്കുന്നതിലൂടെ, ദൈവത്തില്‍ ആയിരിക്കുന്നതിലൂടെമാത്രമേ മനുഷ്യന് യഥാര്‍ഥ ആനന്ദം കൈവരിക്കാനാകൂ. ദൈവത്തോടൊപ്പമായിരിക്കുന്ന ഈശോ അനുഭവിക്കുന്ന അതേ സന്തോഷമാണ് ദൈവരാജ്യാനുഭവം. ഈ സ്വര്‍ഗത്തിലാകട്ടെ, എല്ലാവരും ദൈവത്തെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കുകയാണെന്നു വെളിപാടുപുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ (വെളി. 4:8).
സ്വര്‍ഗവാസികള്‍ ദൈവത്തെ അനുഭവിക്കുന്നവരാണ്. സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം അനുഭവിച്ച ശിഷ്യന്മാരെ ഈശോയുടെ രൂപാന്തരീകരണ സമയത്ത് (മത്താ. 17:1-8) കാണുന്നുണ്ട്.  ഈ ദൈവാനുഭവത്തെ നിത്യരക്ഷ, നിത്യജീവന്‍, സ്വര്‍ഗരാജ്യം എന്നൊക്കെ നാം പറയാറുമുണ്ട്. ഈ ദൈവാനുഭവമാണ് ദൈവപിതാവിന് തന്റെ മക്കള്‍ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ പ്രതിഫലം. എല്ലാവരും തന്നെ ആഗ്രഹിക്കണം എന്നു കരുതുന്ന ദൈവം! തന്നെ ആഗ്രഹിക്കുന്നവര്‍ക്കു തന്നെത്തന്നെ നല്‍കുന്ന ദൈവം! അതിലും വലിയ എന്തു പ്രതിഫലമാണ്  മനുഷ്യന് ദൈവത്തില്‍നിന്നു ലഭിക്കാനുള്ളത്?
ഇപ്രകാരം ചിന്തിക്കുമ്പോള്‍, ഈ ഉപമയിലെ കൂടുതലും കുറവുമില്ലാത്ത, എല്ലാ പണിക്കാര്‍ക്കും ഒരുപോലെ ലഭിക്കുന്ന പ്രതിഫലം, ഒരു ദനാറ, ദൈവം തന്നെയാണ്. തന്റെ വചനമനുസരിച്ചു ജീവിക്കുന്നവര്‍ക്ക്,  തന്നെ ആഗ്രഹിക്കുന്നവര്‍ക്കു തന്നെത്തന്നെ നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ദൈവം!
മാനുഷികമായ അസൂയയും സ്വാര്‍ഥതാത്പര്യങ്ങളും വച്ചുകൊണ്ടു ദൈവത്തെ ആഗ്രഹിക്കരുതെന്ന് സുവിശേഷം നമ്മളെ ഓര്‍മിപ്പിക്കുന്നു. തങ്ങള്‍ കൂടുതല്‍ അധ്വാനിച്ചതിനാല്‍ കൂടുതല്‍ പ്രതിഫലം ലഭിക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നതില്‍ മാനുഷികമായി തെറ്റൊന്നുമില്ല. പക്ഷേ, ദൈവികതലത്തില്‍ കാര്യങ്ങള്‍ തിരിച്ചാണെന്നും തന്നെ ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിനു കൊടുക്കാന്‍ പറ്റുന്നത് തന്നെമാത്രമാണെന്നും വ്യക്തമാക്കുന്നു. തന്നിലും വലുതായി ഒന്നുമില്ലാതിരിക്കേ ദൈവം തന്നെത്തന്നെ എല്ലാവര്‍ക്കും തുല്യമായി നല്‍കുന്നു.
സ്‌നേഹവാനായ ദൈവം തന്നെത്തന്നെ നമുക്കു നല്‍കുന്നപോലെ അവിടുത്തെ മക്കളായ നമ്മളും സ്‌നേഹത്താല്‍ നിറഞ്ഞു നമ്മെത്തന്നെ പങ്കുവയ്ക്കുന്നവരാകണമെന്നുള്ള ഓര്‍മപ്പെടുത്തലാണ് വി. പൗലോസ് ലേഖനത്തിലൂടെ (2 കോറി. 2:12-17) നല്‍കുന്നത്. ലോകത്തിലെ നേട്ടങ്ങള്‍ക്കുവേണ്ടി അധ്വാനിച്ച സാവൂള്‍ സത്യദൈവത്തെ തിരിച്ചറിയുമ്പോള്‍,  ദൈവത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കുന്ന പൗലോസായി മാറുന്നു. ''രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്'' (2:15). തന്നെത്തന്നെ പൗലോസ് അടയാളപ്പെടുത്തുന്നത് പിതാവിനു മുന്നില്‍ പുത്രന്‍ നല്‍കുന്ന സുഗന്ധദ്രവ്യമായാണ്. കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ ഈ പണിക്കാരന്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ദനാറ ആവശ്യപ്പെടുന്നില്ല; കാരണം, തനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിഫലം മിശിഹായാല്‍ പിതാവിനുമുന്നില്‍ നീതിമത്കരിക്കപ്പെടുകയാണ് എന്ന് പൗലോസിനറിയാം.
ലോകത്തിലും സഭയിലും കടന്നുകൂടിയിരിക്കുന്ന വലിയ തെറ്റാണ് സ്ഥാനമാനങ്ങളോടും  പണത്തോടുമുള്ള അത്യാര്‍ത്തി. ലോകത്തിന്റെ ചിന്തയില്‍ അതു സ്വാഭാവികമാണെങ്കിലും സഭയില്‍ അതു ഗൗരവമായ തിന്മയായി മാറുന്നു. തിന്മയോടു സന്ധിചെയ്യാനും അച്ചടക്കമില്ലായ്മ പ്രോത്സാഹിപ്പിക്കപ്പെടാനും ഇതു കാരണമാകുന്നു. ഏറ്റവും വലിയ പ്രതിഫലം ദൈവംതന്നെയാണെന്നുള്ള ബോധ്യം സഭയില്‍ ഉണ്ടാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

 

Login log record inserted successfully!