•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

സഭ മിശിഹായുടെ ശരീരം.

നവംബര്‍ 5  പള്ളിക്കൂദാശക്കാലം ഒന്നാം ഞായര്‍
പുറ 40:17-29, 34-38   ഏശ 6:1-8 
1 കോറി 13:1-13    മത്താ 16:13-19

രാധനക്രമവത്സരത്തിലെ അവസാനകാലത്തേക്കു നാം പ്രവേശിക്കുകയാണ്. മിശിഹായുടെ മനുഷ്യാവതാരത്തെ അനുസ്മരിച്ചാരംഭിക്കുന്ന ആരാധനക്രമവത്സരം ഈ മനുഷ്യാവതാരത്തിന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്ന സമയമാണ് പള്ളിക്കൂദാശക്കാലം. സഭയാകുന്ന മിശിഹായുടെ ശരീരം യുഗാന്തത്തില്‍ പിതാവിനു സമര്‍പ്പിക്കപ്പെടുമെന്ന യാഥാര്‍ഥ്യത്തിന്റെ മുന്നാസ്വാദനം സഭാംഗങ്ങള്‍ അനുഭവിക്കുന്ന കാലമാണിത്. തന്റെ ശരീരവും മണവാട്ടിയുമായ സഭയെ അവസാനവിധിക്കുശേഷം  പിതാവിനു സമര്‍പ്പിക്കുന്നതു മിശിഹായാണ്. സ്വര്‍ഗത്തില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ ഭൂമിയില്‍ ജീവിക്കുന്ന നമുക്കു പ്രത്യാശയും ധൈര്യവും നല്‍കുന്ന കാലമാണിത്. 
സമാഗമകൂടാരത്തിന്റെ സ്ഥാപനത്തെക്കുറിച്ചാണ് ഒന്നാം വായന (പുറ. 40:17-29, 34-38). ''കര്‍ത്താവ് തന്നോടു കല്പിച്ചതെല്ലാം മോശ അനുഷ്ഠിച്ചു'' (40:16). കര്‍ത്താവ് കല്പിക്കുന്നതെല്ലാം അതേപോലെ ചെയ്യാന്‍ നിയമിക്കപ്പെട്ട വിശ്വസ്തനായ ദാസനായിരുന്നു മോശ. ദൈവാരാധനയ്ക്കായി ദൈവികസാന്നിധ്യത്തിന്റെ കൂടാരമൊരുക്കുന്നതിലും ദൈവത്തിന്റെ കല്പനകളാണു മോശ പാലിച്ചത്. ഇന്നത്തെ വായനഭാഗത്ത് ആറു പ്രാവശ്യമാണ് (40:19, 21, 23, 25, 27, 29)  'കര്‍ത്താവ് കല്പിച്ചതുപോലെ മോശ ചെയ്തു' എന്നെഴുതിയിരിക്കുന്നത്. മോശ കര്‍ത്താവിനോട് എത്ര വിശ്വസ്തനായിരുന്നു (ഹെബ്രാ. 3:5) എന്ന് ഇതു തെളിയിക്കുന്നു. ഇസ്രായേല്‍ ജനത്തിന്റെ ദൈവവുമായുള്ള ബന്ധം നിര്‍ണയിച്ചിരുന്നത് മോശയുടെ ഈ വിശ്വസ്തതയായിരുന്നു. 
ഇസ്രായേലിന്റെ സമാഗമ കൂടാരം ഇന്നത്തെ സഭയുടെ ആദിമരൂപമാണ്. സമാഗമകൂടാരത്തിന്റെ നിര്‍മിതിക്കുള്ള ഒരുക്കങ്ങള്‍ എത്രയോ സൂക്ഷ്മവും ചെലവേറിയതുമായിരുന്നു! (പുറ. 35:4-39:43). പക്ഷേ, ഒരു വിട്ടുവീഴ്ചയുമില്ലാതെ പണവും സമയവും ചെലവാക്കിത്തന്നെ ദൈവവും മനുഷ്യനും കണ്ടുമുട്ടുന്ന (പുറ. 33:7) സമാഗമകൂടാരം കര്‍ത്താവു കല്പിച്ചപോലെ, ഇസ്രായേല്‍ജനം മോശയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നു! അവിടെ ദൈവത്തിന്റെ പ്രത്യേകസാന്നിധ്യമുണ്ട്. (40:34). ഇസ്രായേലിന്റെ പ്രവൃത്തികളെല്ലാം ഈ കൂടാരത്തോടും അതില്‍ നിവസിച്ചിരുന്ന ദൈവികമഹത്ത്വത്തോടും ചേര്‍ന്നുള്ളതായിരുന്നു (40:36-38). 
ദൈവാലയത്തില്‍ ഏശയ്യാ ദര്‍ശിക്കുന്ന ദൈവികസാന്നിധ്യത്തെക്കുറിച്ചാണു രണ്ടാം വായന (ഏശ. 6:1-8). ദൈവാലയം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെ അവിടത്തെ വസ്ത്രാഞ്ചലംകൊണ്ടാണ് ഏശയ്യാ സാധൂകരിക്കുന്നത്. അരൂപിയായ ദൈവത്തിനു വസ്ത്രാഞ്ചലമോ? തനിക്കുണ്ടായ വലിയ ദൈവാനുഭവം (ുൃലലെിരല ീള ഏീറ) ഭാഷയുടെ പരിമിതികള്‍ക്കുള്ളില്‍നിന്നു നിര്‍വചിക്കാന്‍ ശ്രമിക്കുന്ന പ്രവാചകന്‍! തങ്ങള്‍ക്കുണ്ടായ ദൈവാനുഭവത്തെ ഭാഷയുടെ പരിധിക്കുള്ളില്‍നിന്നു വിവരിക്കാന്‍ ശ്രമിക്കുന്നവര്‍ വി. ഗ്രന്ഥത്തില്‍ ഇനിയുമുണ്ട്. മോശയും (പുറ. 3:4), ഇസ്രായേല്‍ജനംതന്നെയും (പുറ. 13:21), എസക്കിയേല്‍ (എസ. 43:2) പ്രവാചകനുമൊക്കെ ഇത്തരം ദൈവാനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. 
പഴയ ഉടമ്പടിയിലെ ദൈവികസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന സമാഗമകൂടാരവും അതിന്റെ വലിയ പതിപ്പായ ജെറുസലേം ദൈവാലയവും പുതിയ ഉടമ്പടിയിലെ മിശിഹായുടെ ശരീരമാകുന്ന സഭയുടെ ആദിമരൂപങ്ങളാണ്. മോശ ദൈവത്തിന്റെ ഭവനം മുഴുവനിലും ദാസനെപ്പോലെ വിശ്വസ്തനായിരുന്നെങ്കില്‍, മിശിഹാ അവിടത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ് (ഹെബ്രാ. 3:5-6). സമാഗമകൂടാരം കര്‍ത്താവു കല്പിച്ചതുപോലെ മോശ നിര്‍മിച്ചെങ്കില്‍, ദൈവംതന്നെയായ ഈശോമിശിഹാ തന്റെ ശരീരമാകുന്ന  സഭയെ പുതിയ ഉടമ്പടിയുടെ പങ്കാളികളായ നമ്മുടെ മധ്യത്തില്‍ സ്ഥാപിക്കുന്നു (മത്താ. 16:13-19). 
ദൈവത്തോടുള്ള മനുഷ്യന്റെ സംഭാഷണവും മനുഷ്യവിശുദ്ധീകരണവുമായിരുന്നു സമാഗമകൂടാരത്തിലും ജെറുസലേം ദൈവാലയത്തിലും നടന്നിരുന്നത്. സഭയിലും അതുതന്നെയാണു നടക്കുന്നത്. ''നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും'' (16:19). സഭയില്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന മിശിഹായുടെ ആത്മാവിന്റെ പ്രവര്‍ത്തനമാണിത്. 
എന്താണ് സഭ എന്ന ചോദ്യത്തിന്, സഭ മിശിഹായുടെ ശരീരമാണ് (1 കോറി. 12:12,13, 27,28; കൊളോ 1:18)  എന്ന ഉത്തരംമാത്രമേയുള്ളൂ. മിശിഹാ ശിരസ്സും നമ്മളോരോരുത്തരും അംഗങ്ങളുമായിരിക്കുന്ന കൂട്ടായ്മയാണ് സഭ. ഈ സഭയില്‍, മിശിഹായുടെ കല്പനയനുസരിച്ച്, ഒരുമിച്ചുകൂടി ദൈവാരാധന നടത്തുന്നവരാണു നമ്മള്‍. ഈ ദൈവാരാധനയാകട്ടെ, സ്വര്‍ഗവാസികള്‍ നിരന്തരം പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന (വെളി. 4:8) സ്വര്‍ഗാനുഭവത്തിന്റെ മുന്നാസ്വാദനമാണ്. 
സഭയുടെ യഥാര്‍ഥ ആന്തരികചൈതന്യം സ്‌നേഹമാണെന്ന് വി. പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു (1 കോറി. 13:1-13). സ്‌നേഹത്തിന്റെ അധ്യായമാണ് പൗലോസിന്റെ കോറിന്തോസുകാര്‍ക്കുള്ള ഈ ലേഖനഭാഗം.  ദൈവം സ്‌നേഹത്താല്‍ മനുഷ്യനെ സൃഷ്ടിക്കുകയും സ്‌നേഹമുള്ളതിനാല്‍ അവനെ രക്ഷിക്കുകയും ചെയ്യുന്നത് നാം തിരിച്ചറിയുന്നുണ്ട്. ദൈവത്തിനു നല്കാന്‍ നമുക്കു കഴിയുന്ന ഏറ്റവും വലിയ നിര്‍വചനം അവന്‍ സ്‌നേഹമാണെന്നാണ് (1 യോഹ. 4:16). സ്‌നേഹം വസിക്കുന്നിടമാണ് പുതിയ ഉടമ്പടിയില്‍ സഭ. അങ്ങനെയെങ്കില്‍,  സഭയിലെ അവയവങ്ങളായ, അംഗങ്ങളായ നാം എത്രയധികം സ്‌നേഹത്തിലായിരിക്കണം? 
മെത്രാന്മാരും വൈദികരും സന്ന്യസ്തരും നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളുമാണ് സഭയെന്നും അതല്ല, തങ്ങള്‍ അല്മായരാണു സഭ എന്ന തരത്തിലുമുള്ള വ്യാഖ്യാനങ്ങളെ അതിജീവിക്കേണ്ട കാലമാണിത്. സഭ യഥാര്‍ഥത്തില്‍ മിശിഹാ ശിരസ്സും നമ്മളോരുത്തരും അവയങ്ങളുമായിരിക്കുന്ന കൂട്ടായ്മയാണ് എന്ന അടിസ്ഥാനബോധ്യത്തില്‍നിന്നുമാത്രമേ സഭയില്‍ പ്രവര്‍ത്തിക്കുന്ന മിശിഹായെയും അതിന്റെ ഫലമനുഭവിക്കുന്ന സഭാമക്കളായ നമ്മളോരോരുത്തരെയും തിരിച്ചറിയാനാവൂ. സഭയില്‍ നടക്കുന്ന ദൈവാരാധനയുടെയും വിശുദ്ധീകരണത്തിന്റെയും ഫലങ്ങള്‍ അപ്പോള്‍ നമുക്കു സ്വാംശീകരിക്കാനാകും.

Login log record inserted successfully!