•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ലോകസഭ

നപ്രതിനിധിസഭയ്ക്ക് ഹിന്ദിയില്‍ ലോക്‌സഭ എന്നു പറയുന്നു. ശബ്ദതാരാവലി, ശബ്ദസാഗരം തുടങ്ങിയ പ്രമുഖ നിഘണ്ടുക്കള്‍ ലോകസഭ എന്നാണ് മലയാളത്തില്‍ ഉപയോഗിച്ചത്. ഇന്ത്യയിലെ പാര്‍ലമെന്റിന്റെ അധോമണ്ഡലമാണ് യഥാര്‍ഥത്തില്‍ ലോകസഭ. ഹിന്ദിയുടെ സ്വാധീനം കൂടിക്കൂടി വരുന്നതോടെ ലോകസഭയെ, ''ലോക്‌സഭ'' എന്നെഴുതുന്ന പ്രവണത മാധ്യമങ്ങള്‍ സ്വീകരിച്ചുകാണുന്നു. പ്രായപൂര്‍ത്തി വോട്ടവകാശസമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട സഭയാണല്ലോ ലോകസഭ (loksabha). ഇവിടെ ലോകം (ലോക) എന്ന പൂര്‍വപദത്തിനു പ്രപഞ്ചം എന്നല്ല അര്‍ഥം. നേരേമറിച്ച്, ജനം എന്ന വിവക്ഷിതമാണുള്ളത്. ജനസമൂഹം, ജനങ്ങള്‍, അവനവന്റെ ചുറ്റുമുള്ള മനുഷ്യസമൂഹം എന്നീ അര്‍ഥങ്ങളും സാന്ദര്‍ഭികമായി ചേരും. ഒരു പാര്‍ലമെന്റിന്റെ കാലാവധി അഞ്ചുകൊല്ലമാണ്. അഞ്ചുവര്‍ഷംകൂടുമ്പോള്‍ പൊതുതിരഞ്ഞെടുപ്പുനടത്തി പുതിയ ലോകസഭ രൂപീകരിക്കുന്നു. അങ്ങനെ അത് ജനപ്രതിനിധിസഭയാകുന്നു. ലോകസഭയിലേക്ക് ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് അവകാശമുള്ള നിയോജകമണ്ഡലത്തെ ലോകസഭാമണ്ഡലം  എന്നാണ് വ്യവഹരിക്കേണ്ടത്. (ലോക്-ഹിന്ദി; സഭാ-മണ്ഡല; സംസ്‌കൃതം.)
ലോകസഭ എന്ന സമസ്തപദത്തെ രണ്ടുതരത്തില്‍ പിരിച്ചും ചേര്‍ത്തും എഴുതാം. ലോക + സഭ = ലോകസഭ; ലോകം + സഭ = ലോകസഭ. ഒന്നാമത്തെ പിരിച്ചെഴുത്തുരൂപം സംഹിതകൊണ്ട് സമസ്തപദമാകുന്നു. രണ്ടാമത്തേതില്‍ പൂര്‍വപദം ലോകം എന്നാണല്ലോ. അപ്പോള്‍ പൂര്‍വപദാന്തവര്‍ണമായ അനുസ്വാരം ലോപിച്ച് ലോകസഭ എന്നാകുന്നു. ലോകസഭ, സമസ്തപദമായതിനാല്‍ 'ലോക സഭ' എന്ന് വിടവിട്ടെഴുതാന്‍ നിയമം അനുവദിക്കുന്നില്ല. സംസ്‌കൃതത്തില്‍ ലോക; ഹിന്ദിയില്‍ ലോക്; മലയാളത്തില്‍ ലോകം. സമസ്തപദമാകുമ്പോള്‍ ലോകസഭ. ഇതാണ് മലയാളത്തിന്റെ മട്ട്. ''ലോക്‌സഭ നമ്മള്‍ മലയാളികള്‍ക്ക് ലോകസഭയാകുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ദില്ലിക്കു വണ്ടികയറുമ്പോള്‍മുതല്‍ വേണമെങ്കില്‍ ലോക്‌സഭ എന്നു പറഞ്ഞോ?''* പ്രൊഫ. ആദിനാട് ഗോപിയുടെ നിരീക്ഷണത്തില്‍ ലോകസഭയുടെ തത്ത്വവും പൊരുളും ഉള്ളടങ്ങുന്നുണ്ടല്ലോ!
* ആദിനാട് ഗോപി, പ്രൊഫ. മലയാളം: ശൈലി, പ്രയോഗം, ലിപി. രചന ബുക്‌സ്, കൊല്ലം, 2009, പുറം - 82

 

Login log record inserted successfully!