•  18 Apr 2024
  •  ദീപം 57
  •  നാളം 6
വര്‍ത്തമാനം

സര്‍വകലാശാല ഓപ്പണ്‍; വിവാദവും അങ്ങനെ

 കേരളത്തിലും ഒരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നിരിക്കുന്നു. ഈ ഒക്‌ടോബര്‍ രണ്ടിനു ഗാന്ധിജയന്തിദിനത്തില്‍ പ്രവര്‍ത്തമാരംഭിച്ച ശ്രീനാരായണഗുരു സര്‍വ്വകലാശാല. കൊല്ലമാണ് ആസ്ഥാനം.
എല്ലാ നല്ല കാര്യങ്ങളുടെയും തുടക്കത്തില്‍ എന്തെങ്കിലുമൊരു അശുഭാനുഭവമുണ്ടാകുമെന്നു ചിലര്‍ പറയാറുണ്ട്. പുതിയ സര്‍വ്വകലാശാലയുടെ കാര്യത്തിലും അത് ഒഴിവായില്ല.
വിവാദത്തിനു വഴിവച്ചത് വൈസ് ചാന്‍സലര്‍ നിയമനമാണ്. അതിനു തുടക്കംകുറിച്ചതാവട്ടെ എസ്.എന്‍.ഡി.പി. യോഗം പ്രസിഡണ്ടും. മുസ്ലീം സമുദായാംഗമായ ഒരാളെ വൈസ് ചാന്‍സലറായി നിയമിച്ചതിലാണ് അദ്ദേഹം അപാകതകണ്ടത്. കൂടാതെ, വി.സി. മലബാറില്‍ നിന്നു വന്നു എന്നതും. അദ്ദേഹം പ്രതിസ്ഥാനത്തു നിര്‍ത്തിയത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെയാണ്. അദ്ദേഹവും മുസ്ലീം സമുദായാംഗവും മലബാറുകാരനുമാണല്ലോ!
~ഒരു തമാശയ്ക്കപ്പുറത്ത് ഈ ആരോപണത്തില്‍ കഴമ്പില്ലെങ്കിലും നമുക്കു ചിരിക്കാനല്ല കരയാനാണു തോന്നുന്നത്. അത്രയ്ക്കു സഹതാപാര്‍ഹമായിപ്പോയി ആ അഭിപ്രായപ്രകടനം. പ്രസിഡന്റിന്റെ വീക്ഷണത്തില്‍, ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ ഒരു  ഈഴവസമുദായാംഗമാണു വൈസ് ചാന്‍സലറായി വരേണ്ടിയിരുന്നത്. പിന്നെ, സര്‍വകലാശാലയുടെ ആസ്ഥാനം കൊല്ലമായതുകൊണ്ട് വി.സി. കൊല്ലംകാരനുമായിരിക്കണം!
അങ്ങനെയുമാകാമായിരുന്നു. വി.സി. കൊല്ലംകാരനും ശ്രീനാരായണീയനുമാകുന്നതിലെന്താണ് അപാകത! പക്ഷേ, അങ്ങനെയായിരിക്കണം എന്നു ശാഠ്യംപിടിക്കുന്നതിലാണ് അപാകത.
മലബാര്‍ കേരളത്തിന്റെ ഭാഗമല്ലെന്ന് യോഗം പ്രസിഡന്റ് വാദിക്കുകയില്ലല്ലോ; അവിടത്തെ മുസ്ലീംങ്ങള്‍, കേരളീയരല്ലെന്നും! വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ ഇത്തരം പരിമിതികളൊന്നുമില്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള ആളിനും കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാവാം. ഏതു മതവിഭാഗത്തില്‍പ്പെട്ട ആളിനുമാകാം. അതിനുള്ള മെരിറ്റ് ഉണ്ടായിരിക്കണം എന്നേയുള്ളൂ.
കേരള സര്‍വകലാശാല 1937ല്‍ (അന്നു തിരുവിതാംകൂര്‍ സര്‍വകലാശാല) സ്ഥാപിതമായപ്പോള്‍, അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍, വൈസ് ചാന്‍സലറായി വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനെ കിട്ടുമോ എന്നന്വേഷിക്കുകയുണ്ടായത്രേ. ഹിന്ദുവികാരം പ്രകടമായി പുലര്‍ത്തിയിരുന്ന സി.പി., ക്രൈസ്തവനായ ഒരു ശാസ്ത്രജ്ഞനെ കൊണ്ടുവരാന്‍ ശ്രമിച്ചത് അക്കാദമിക് താത്പര്യംകൊണ്ടു മാത്രമായിരുന്നു. വിദ്യാഭ്യാസവിചക്ഷണന്മാര്‍ക്ക് അങ്ങനെയേ ചിന്തിക്കാനാവൂ.
കോഴിക്കോട് സര്‍വകലാശാല (1968) നിലവില്‍ വന്നപ്പോള്‍ അതിനെ ചിലര്‍ ആക്ഷേപിച്ചത് മുസ്ലീം സര്‍വകലാശാലയെന്നാണ്. മഹാത്മാഗാന്ധി സര്‍വകലാശാല (1983) കോട്ടയം കേന്ദ്രമായി വന്നപ്പോള്‍ അത്തരക്കാര്‍ പരിഹസിച്ചത് അച്ചായന്‍ സര്‍വകലാശാലയെന്നായിരുന്നു! അക്കൂട്ടര്‍തന്നെ, കണ്ണൂര്‍ സര്‍വകലാശാല ആരംഭിച്ചപ്പോഴും പരിഹാസപ്പേരിടാന്‍ മറന്നില്ല, കമ്മ്യൂണിസ്റ്റു സര്‍വ്വകലാശാലയെന്ന്!
ഇതൊക്കെ വെറും സങ്കുചിതതാത്പര്യക്കാരുടെ കൊഞ്ഞനംകുത്തലുകള്‍ മാത്രമാണ്. അവര്‍ക്ക് അക്കാദമികകാര്യങ്ങളെപ്പറ്റി പ്രാഥമികജ്ഞാനംപോലുമില്ല. ഒരു സര്‍വകലാശാലയും കോളജും തമ്മിലുള്ള വ്യത്യാസംപോലും അവര്‍ക്കന്യമാണ്.
ശ്രീനാരായണഗുരു സര്‍വകലാശാലയെന്നു കേട്ടാല്‍ അതു ഗുരുദര്‍ശനം പഠിക്കാനുള്ള സ്ഥാപനമാണെന്നും അത് ഈഴവസമുദായത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ അവരോടു സഹതപിക്കുകയേ നിര്‍വാഹമുള്ളൂ! മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗാന്ധിദര്‍ശനം മാത്രം പഠിക്കാനുള്ള വിദ്യാകേന്ദ്രമല്ലല്ലോ.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഭാരതീയദര്‍ശനവും ഹിന്ദുയിസവുമാണു പ്രധാനവിഷയങ്ങള്‍ എന്നാരെങ്കിലും കരുതുന്നുണ്ടോ? അലിഗഡ് സര്‍വകലാശാല മുസ്ലീംങ്ങള്‍ക്കു മാത്രമുള്ളതല്ലല്ലോ ആസ്സാമിലെ ഡോണ്‍ ബോസ്‌കോ സ്വകാര്യ സര്‍വകലാശാല ക്രൈസ്തവനേതൃത്വത്തിലുള്ളതാണ്. പക്ഷേ, അവിടെയും സാധാരണ സര്‍വകലാശാലയിലുള്ള പഠനവിഭാഗങ്ങള്‍തന്നെയാണുള്ളത്.
ഇപ്പറഞ്ഞ യൂണിവേഴ്‌സിറ്റികളിലൊക്കെ ശ്രീനാരായണദര്‍ശനവും ഗാന്ധിദര്‍ശനവും ഇന്ത്യന്‍ ഫിലോസഫിയും ഇസ്ലാമികവിജ്ഞാനവും ക്രൈസ്തവവേദശാസ്ത്രവുമൊക്കെ പ്രത്യേകവകുപ്പുകളായോ ചെയറുകളായോ പഠനഗവേഷണങ്ങള്‍ക്കു വിഷയമാക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നല്ല, അതൊക്കെ അഭിനന്ദനാര്‍ഹമാണുതാനും.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ)യുടെ മാതൃകയില്‍ സംസ്ഥാനത്തു നിലവില്‍ വന്നിരിക്കുന്ന സ്ഥാപനമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. അവിടെ വിദൂരവിദ്യാഭ്യാസകോഴ്‌സുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പ്രായഭേദമെന്യേ ആര്‍ക്കും പ്രൈവറ്റായി പഠിക്കാനുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രം. കോളജുകളില്‍ ചേര്‍ന്നു പഠിക്കാന്‍ കഴിയാത്തവര്‍ക്കും, ജോലി കിട്ടിയതു മൂലമോ താമസസ്ഥലം മാറേണ്ടിവന്നതുമൂലമോ പഠനം മുടങ്ങിപ്പോയവര്‍ക്കും ഈ സര്‍വകലാശാല പഠനസൗകര്യമൊരുക്കും. കൂടുതല്‍ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തരബിരുദങ്ങളും നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയുമാകാം.
നമ്മുടെ അഫിലിയേറ്റിംഗ് സര്‍വകലാശാലകളിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്കു പ്രൈവറ്റായി പഠിക്കാന്‍ സൗകര്യം നല്കുന്ന വിദൂരവിദ്യാഭ്യാസവകുപ്പുകളുണ്ട്. ലേണിംഗ് മെറ്റീരിയലുകള്‍ നല്കിയും കോണ്‍ടാക്ട് ക്ലാസുകള്‍ നടത്തിയുമാണ് അവ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത്. ആ ഡിപ്പാര്‍ട്ട്‌മെന്റുകളെല്ലാം പുതിയ സര്‍വകലാശാലയിലേക്കു മാറും. പ്രവാസി കേരളീയര്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇനി സ്വന്തം നാട്ടിലെ സര്‍വകലാശാലയില്‍ പഠനം നടത്താം.
മറുവശം ആലോചിക്കുമ്പോള്‍, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റിന്റെ പ്രതികരണത്തിനിടയാക്കിയ ഒരു രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഉണ്ടെന്നതും വിസ്മരിക്കുന്നില്ല. സര്‍വകലാശാല മേധാവികളെ നിയമിക്കുമ്പോള്‍ സാമുദായികപരിഗണനയ്ക്കു പ്രാധാന്യം നല്കുക. യു.ഡി.എഫ്. ഭരിക്കുമ്പോളാണ് ഈ അക്കാദമിക് വിരുദ്ധപ്രവണത ശക്തിപ്പെടുന്നത്. കാലിക്കറ്റില്‍ ഒരു മുസ്ലീം, കേരളായില്‍ ഹിന്ദു, എം.ജി.യില്‍ ക്രിസ്ത്യാനി എന്നിങ്ങനെയായിരിക്കും വി.സി., പ്രോ. വി.സി. നിയമനങ്ങളൊക്കെ. സമുദായനേതാക്കള്‍ അതിനുവേണ്ടി വാദിക്കുകയും ചെയ്യും. അക്കാദമിക് വിരുദ്ധമായ ഈ വിലപേശല്‍ശീലം മനസ്സിലുറച്ചുപോയതുകൊണ്ടാണ് യോഗം പ്രസിഡന്റില്‍നിന്ന് ഇത്തരത്തിലുള്ള ആക്ഷേപം ഉണ്ടായത്. 
എല്‍.ഡി.എഫ്. ഭരണകാലത്ത് വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സാമുദായികപരിഗണന കടന്നുവരാറില്ലെന്നതാണ് പൊതുവേയുള്ള അനുഭവം. അതുതന്നെയാണ് ഓപ്പണ്‍ സര്‍വകലാശാലാ വി.സി. നിയമനത്തില്‍ പ്രകടമായതും.
എങ്കിലും യോഗം പ്രസിഡന്റിന്റെ ആരോപണത്തിനു മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായി. കഴിഞ്ഞ വെള്ളിയാഴ്ച, പതിവുവാര്‍ത്താസമ്മേളനത്തിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി എന്ന നിലയിലാരുന്നു അത്. കേരളത്തിലെ 16 സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുടെ പേരുവിവരം അദ്ദേഹം വെളിപ്പെടുത്തി. അതില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരേയൊരു വ്യക്തിയേ ഉണ്ടായിരുന്നുള്ളൂ. അതും ഈയിടെ നിയമിച്ച ഓപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍.
യു.ഡി.എഫ്. കാലത്തായിരുന്നെങ്കിലോ? സംശയമില്ല, പകുതിയോളം പേരെങ്കിലും ഒരു സമുദായത്തില്‍നിന്നാകുമായിരുന്നു. അതിനു കാരണമുണ്ട്. യു.ഡി.എഫ്. അധികാരത്തില്‍ വരുമ്പോഴൊക്കെ വിദ്യാഭ്യാസവകുപ്പ് ഒരു സമുദായം അല്ലെങ്കില്‍ രാഷ്ട്രീയകക്ഷി തുടരെ കൈവശം വച്ചു പോരുന്നതായിട്ടാണു കാണുന്നത്. ജനാധിപത്യസംവിധാനത്തില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത കാര്യം. അതുകൊണ്ട് ഒട്ടേറെ ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പിലിനെ വി.സി. സ്ഥാനത്തേക്കു ശിപാര്‍ശ ചെയ്ത സംഭവംപോലുമുണ്ടായി! 
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അക്കാദമിക് മികവിനായിരിക്കണം പ്രഥമ പരിഗണന. രാഷ്ട്രീയ, സാമുദായിക, പ്രാദേശികപരിഗണനകളൊക്കെ അതിനു ശേഷമേ വരാന്‍ പാടുള്ളൂ.

 

Login log record inserted successfully!