•  25 Apr 2024
  •  ദീപം 57
  •  നാളം 7
ആരോഗ്യവീഥി

കുട്ടികളുടെ മാനസികാരോഗ്യം ഹോമിയോപ്പതിയിലൂടെ

കുട്ടികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാത്തതിനാലോ മാനസികവും ശാരീരികവുമായ സംരക്ഷണം ലഭിക്കാത്തതിനാലോ  ആണ്. അതുവഴി വികലമായ വ്യക്തിത്വം രൂപപ്പെടുവാനും അക്രമവാസന, പഠനവൈകല്യം, കുറ്റവാസന, വിഷാദം എന്നീ പ്രവണതകള്‍ ഉടലെടുക്കുവാനും പഠനം നഷ്ടപ്പെട്ട് ചികിത്സ നേരിടേണ്ട അവസ്ഥയില്‍ എത്തിപ്പെടുവാനും ഇടയാകുന്നു.

ജനനശേഷം ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ കുട്ടിയുടെ മനോവ്യാപാരങ്ങളെ ബാധിക്കുന്ന ഒരു അസുഖമാണ് ഓട്ടിസം. ഈ അസുഖത്തിന് വ്യക്തമായ കാരണങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍, കുട്ടിയുടെ വളര്‍ച്ചയില്‍ സംഭവിക്കാവുന്ന ചില ജനിതകമാറ്റങ്ങളെപ്പറ്റി പഠനങ്ങള്‍ നടന്നുവരുന്നു. ഒറ്റയ്ക്കിരിക്കുവാനുള്ള പ്രവണത, സംസാരം തീരെ കുറവ്, മറ്റു കുട്ടികളില്‍നിന്ന് അകന്നിരിക്കുക, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവില്ലായ്മ, വിവിധതരം ചേഷ്ടകള്‍ കാണിക്കുക, നഖം കടിക്കുക, അകാരണമായ ഭീതി ഇവയെല്ലാം ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. ഈ വിഭാഗത്തില്‍പെടുന്ന നല്ല ശതമാനം കുട്ടികളും ബുദ്ധിമാന്ദ്യമുള്ളവരാണ്. ഓരോ കുട്ടിയും പ്രകടിപ്പിക്കുന്ന വ്യക്തിഗതമായ ലക്ഷണങ്ങളും അസുഖത്തിന്റെ പ്രത്യേകതകളും സമഗ്രമായി പഠിച്ച് അതിനനുസൃതമായ ഹോമിയോപ്പതി ഔഷധങ്ങള്‍ ശരിയായ അളവില്‍ തുടര്‍ച്ചയായി നല്‍കുന്നത് ഓട്ടിസം ബാധിച്ച കുട്ടികളില്‍ സമഗ്രമായ മാറ്റംവരുത്തുന്നതായി അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ധാരാളമായി ഹോമിയോപ്പതി ചികിത്സയെ ആശ്രയിച്ചുവരുന്നു.
വളര്‍ന്നുവരുന്ന കുട്ടികളുടെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രധാന അസുഖമാണ് പഠനവൈകല്യം. സാഹചര്യങ്ങളോടൊപ്പം ജനിതകമായ പ്രത്യേകതകളും പഠനവൈകല്യത്തിനു കാരണമാണ്. ഇത് ബുദ്ധിമാന്ദ്യംമൂലമോ പഠിക്കുവാന്‍ താത്പര്യം ഇല്ലാത്തതുമൂലമോ ഉണ്ടാവുന്ന ഒരു അസുഖമല്ല. ഈ കുട്ടികള്‍ എങ്ങനെ പുതിയ അറിവുകളെ ഉള്‍ക്കൊള്ളുന്നു, അവയെ എങ്ങനെ അപഗ്രഥിക്കുന്നു. എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് വിഷയം.   ശ്രദ്ധിക്കുവാനും എഴുതുവാനും സംസാരിക്കുവാനും കണക്കുചെയ്യുവാനുമുള്ള കുട്ടിയുടെ എല്ലാ കഴിവുകളെയും ബാധിക്കാറുണ്ട്. ശരിയായ ഉച്ചാരണം ഇല്ലാതിരിക്കുക, വാക്കുകള്‍ ശരിയായ സ്ഥലത്ത് ഉപയോഗിക്കാതിരിക്കല്‍, അക്ഷരങ്ങള്‍, അക്കങ്ങള്‍, നിറങ്ങള്‍, ദിവസങ്ങള്‍ ഇവയെ തെറ്റായി ഉപയോഗിക്കുക, പ്രായത്തിനനുസരിച്ചുള്ള ജോലികള്‍ ചെയ്യുവാന്‍ സാധിക്കാതെ വരിക എന്നിവയെല്ലാം പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. കേള്‍ക്കുമ്പോള്‍ സാരമില്ല എന്നുതോന്നിയാലും വളരെ സങ്കീര്‍ണ്ണമായ ഈ മാനസികാവസ്ഥ കുട്ടിയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. ഈ കുട്ടികളുടെ വ്യക്തിഗതമായ പ്രത്യേകതകളെ അതിസൂക്ഷ്മമായി പഠിച്ച് അനുയുക്തമായ ഹോമിയോപ്പതിമരുന്നുകള്‍ നല്‍കിയാല്‍ പഠനവൈകല്യത്തെ പൂര്‍ണ്ണമായി മാറ്റുവാനും ആ കുട്ടിയുടെ ബുദ്ധിവികാസത്തിനനുസരിച്ചുള്ള ശരിയായ വിദ്യാഭ്യാസതലത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുന്നതുമാണ്.  
കുട്ടികളുടെ മാനസികാരോഗ്യരംഗത്തെ ഒരു വെല്ലുവിളി എന്നു വിശേഷിപ്പിക്കാവുന്നതും ഹോ മിയോപ്പതി ഔഷധങ്ങള്‍മൂലം സമ്പൂര്‍ണ്ണമായും ഭേദപ്പെടുത്താവുന്നതുമായ ഒരു അസുഖമാണ് അഉഒഉ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മനോനിയന്ത്രണം നഷ്ടപ്പെട്ടു ശ്രദ്ധിക്കുവാന്‍ സാധിക്കാത്ത അവസ്ഥ. ഈ കുട്ടികളുടെ സ്വഭാവത്തില്‍ അനിയന്ത്രിതമായ അടക്കമില്ലായ്മ കാണാവുന്നതാണ്. എല്ലാ പ്രവൃത്തികളിലും തുടരെ പിഴവുകളുണ്ടാവുക, ഏകാഗ്രതയുടെ കുറവ്, മറ്റു കുട്ടികളെ ഉപദ്രവിക്കാനുള്ള പ്രവണത, നശീകരണസ്വഭാവം ഇവയെല്ലാം ഈ അസുഖത്തിന്റെ പ്രത്യേകതയാണ്.
വിവിധതരത്തിലുള്ള സ്വഭാവവൈകല്യങ്ങള്‍, അക്രമവാസന എന്നിവയും കാണാവുന്നതാണ്. ഏകാഗ്രതയുടെ കുറവുമൂലം, ഏല്പിക്കുന്ന എല്ലാ ജോലികളിലും അപൂര്‍ണ്ണത പ്രകടമായിരിക്കും. ശാരീരികമോ മാനസികമോ ആയ എല്ലാ പ്രവൃത്തികളില്‍നിന്നും ഒഴിവാകുവാനുള്ള പ്രവണത, സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുക ഇവയെല്ലാം അഉഒഉ ബാധിച്ച കുട്ടികളുടെ തനതായ ലക്ഷണങ്ങളാണ്. 
ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ മാനസികനിലയും ജീവിതപശ്ചാത്തലവും വിശദമായി പഠിക്കേണ്ടതായുണ്ട്. ഈ കുട്ടികള്‍ പ്രകടിപ്പിക്കുന്ന വിപുലമായ രോഗലക്ഷണങ്ങളും സ്വഭാവത്തിലെ വൈരുധ്യങ്ങളും പഠിച്ച് അനുയോജ്യമായ ഹോമിയോപ്പതി ഔഷധങ്ങള്‍ തുടരെയായി നല്‍കണം. ഇതോടൊപ്പം കൗണ്‍സെലിങ്, രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും നല്‍കണം.
ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോപ്പതി സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.

Login log record inserted successfully!