•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

ളക്ടര്‍ സലോമി മാത്യു രാവിലെ പത്തരയായപ്പോള്‍ ഓഫീസിലെത്തി. മഴക്കാലപൂര്‍വശുചീകരണപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഡി.എം.ഒ. ജയശ്രീയുമായി ചര്‍ച്ച നടത്തി. ഡോ. ജയശ്രീ റൂമില്‍ നിന്നിറങ്ങിയ പിറകേ എസ്.പി. മഹേഷ് ചന്ദ്രന്‍ കളക്ടറുടെ ഓഫീസിലേക്കു കയറിച്ചെന്നു. അദ്ദേഹം സല്യൂട്ട് ചെയ്തു ഗുഡ്‌മോര്‍ണിംഗ് പറഞ്ഞു.
''എസ്.പി. പ്ലീസ് ടേക്ക് ദ സീറ്റ്.'' സലോമി എതിര്‍വശത്തെ കസേര ചൂണ്ടിപ്പറഞ്ഞു. അദ്ദേഹം കസേരയില്‍ കടന്നിരുന്നു. മഹേഷ് ചന്ദ്രന്റെ ദേഹം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു.
''സാര്‍, രാവിലെ ആകെ വിയര്‍ത്തല്ലോ?'' സലോമി പറഞ്ഞു.
''മേഡം, കളക്ടറേറ്റ് പടിക്കല്‍ പരിസ്ഥിതിക്കാരുടെ സമരം നടക്കുകാ. ഞാനവിടായിരുന്നു. പതിവിലധികം ആളുകളുണ്ടിന്ന്. ആ ജിനേഷാണ് നേതാവ്. ഉദ്ഘാടനം ചെയ്തത് ഒരു വക്കീലാ. അഡ്വ. സുമിത്രാ മോഹന്‍.''
''എന്താ അവരുടെ ഡിമാന്റ്?''
''പുഴക്കര വക്കച്ചന്‍ കയ്യേറിപ്പണിത വീട് പൊളിക്കാനാണ്. കളക്ടര്‍ മുതലാളിയുടെ പക്ഷം ചേര്‍ന്ന് മനഃപൂര്‍വ്വം കാലതാമസമുണ്ടാക്കുന്നെന്നാണ് ആരോപണം.''
''സമരം നല്ലതാണ്. നമ്മള്‍ താമസിക്കുന്നു എന്നു പറയുന്നതും ശരിയാണ്. മുതലാളിയുടെ പക്ഷമാണെന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.''
''സമരം ഇപ്പോള്‍ തികച്ചും സമാധാനപരമാണ്. അവര്‍ക്ക് കളക്ടറെക്കണ്ട് സംസാരിക്കണമെന്നു പറയുന്നു. അനുവദിക്കണമോ?''
''വരട്ടെ. സംസാരിക്കാം.''
''ഇവരുടെയൊക്കെ കൂട്ടത്തില്‍ തീവ്രവാദികളും കണ്ടേക്കാം. പേടിക്കണം നമ്മള്‍.''
''എസ്.പി., സമരനേതാവ് ജിനേഷിനെയും അഡ്വക്കേറ്റ് സുമിത്രാ മോഹനെയും ഇങ്ങോട്ടു പറഞ്ഞുവിട്.''
''ശരി സാര്‍.'' എസ്.പി. മഹേഷ് ചന്ദ്രന്‍ അപ്പോള്‍ത്തന്നെ പുറത്തിറങ്ങി.
സമയം ഒരു മണിക്കൂര്‍കൂടി നീണ്ടു. ആളുകളെ പറഞ്ഞുവിട്ടതിനുശേഷം അഡ്വക്കേറ്റ് സുമിത്രാ മോഹനും ജിനേഷുംകൂടി കളക്ടറെ കാണാനെത്തി. സലോമി അവരെ ഹൃദ്യമായിത്തന്നെ സ്വീകരിച്ചു.
''സാര്‍, ഞാന്‍ അഡ്വ. സുമിത്രാ മോഹന്‍. ജിനേഷിനെ അറിയാല്ലോ.'' അഡ്വക്കേറ്റ് സുമിത്ര സ്വയം പരിചയപ്പെടുത്തി.
''ഞാന്‍ കളക്ടറായി വന്ന ദിവസംതന്നെ ജിനേഷ് വന്നു കണ്ടിരുന്നു. വിഷയം പറഞ്ഞു. പെട്ടെന്നുതന്നെ അത് ടേക്ക് അപ് ചെയ്തു.''
''പിന്നെ തണുത്തു. തണുത്തു മരച്ചു. എന്തുപറ്റി?'' സുമിത്ര ചോദിച്ചു.
''ആ വലിയ ബംഗ്ലാവ് പൊളിച്ചുനീക്കണമെങ്കില്‍ അതിനുള്ള ചില അറേഞ്ച്‌മെന്റുകള്‍ ചെയ്യാനുണ്ട്. നമ്മുടെ നാഗമ്പടം പാലം പൊളിച്ചതും എറണാകുളത്തെ ഫ്‌ളാറ്റുകള്‍ തകര്‍ത്തതുമൊക്കെ അറിയാമല്ലോ. പരമാവധി പൊല്യൂഷന്‍ കൂടാതെ അതു പൊളിച്ചുനീക്കാനുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിങ്ങള്‍ പ്രസംഗിച്ചതുപോലെ മുതലാളിയുടെ വാലാട്ടിയായിട്ടൊന്നുമില്ല, ഞാന്‍.''
''കളക്ടര്‍ സാര്‍, സുപ്രീംകോടതിയില്‍ അയാള്‍ ഒരു റിവിഷന്‍ ഹര്‍ജി കൊടുത്തിട്ടുണ്ടെന്നു കരുതി നിങ്ങള്‍ക്ക് നടപടിയെടുക്കാന്‍ ഒരു തടസ്സവുമില്ല. സ്റ്റേ വന്നാല്‍ പക്ഷേ, ഞങ്ങള്‍ക്കു പണികിട്ടും. അതുണ്ടാകാതിരിക്കാന്‍ ഞാനാവതു ശ്രമിക്കുകയാണ്. സമരത്തില്‍ പ്രസംഗിക്കുമ്പോള്‍ ഹൈക്കോടതിവിധി നടപ്പാക്കാത്ത കളക്ടറെ മുതലാളിയുടെ വാലാട്ടിയെന്നുതന്നെ പറയും.''
''ഈയിരിക്കുന്ന ജിനേഷിന് വധഭീഷണി ഉണ്ടായപ്പോള്‍ പോലീസ് പ്രൊട്ടക്ഷന്‍ കൊടുത്തതു ഞാനാണ്.'' 
''സാര്‍, എനിക്കതൊക്കെയറിയാം. രണ്ടിടങ്ങളില്‍ സബ്കളക്ടറായിരുന്നപ്പോള്‍ എങ്ങനെ മാഡം ബിഹേവ് ചെയ്‌തെന്നും മനസ്സിലാക്കിയിട്ടുണ്ട്. പരിസ്ഥിതിക്കുവേണ്ടിയുള്ള പോരാട്ടവഴിയില്‍ ഞാന്‍ പല അപചയങ്ങളും കണ്ടിട്ടുണ്ട്. വലിയ ആവേശത്തില്‍ സമരം തുടങ്ങി ആളുകളെ വഴിയിലിറക്കിയിട്ട് എതിര്‍പക്ഷത്തുനിന്ന് ലക്ഷങ്ങള്‍ വാങ്ങി ഒത്തുതീര്‍പ്പുണ്ടാക്കുന്ന പരിസ്ഥിതിവാദികളും നമുക്കിടയിലുണ്ട്.''
''എന്നെ വിശ്വസിക്കണമെന്നോ ഞാന്‍ വിശുദ്ധയാണെന്നോ പറയുന്നില്ല. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ പരിസ്ഥിതിക്കുവേണ്ടി പോരാടുന്ന നിങ്ങള്‍ രണ്ടുപേരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇന്നു നടത്തിയ സമരവും നല്ലതാണ്. നിയമം നടപ്പാക്കുന്നവര്‍ പലപ്പോഴും ഒറ്റപ്പെട്ടുപോകാറുണ്ട്. അപകടത്തില്‍പ്പെടുകപോലും ചെയ്യാറുണ്ട്.''
''മേഡത്തിന്റെ വിലപ്പെട്ട സമയം ഞങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. ഇവിടുന്നുള്ള തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും ഒപ്പം എന്നുമുണ്ടാകും. വരട്ടെ.''
അഡ്വക്കേറ്റ് സുമിത്ര എഴുന്നേറ്റു. ജിനേഷും അവര്‍ക്കൊപ്പം മുറിവിട്ടിറങ്ങി.
ജിനേഷ് അക്ഷരംപോലും മിണ്ടിയില്ലല്ലോ എന്ന് സലോമിയോര്‍ത്തു. അവന്റെമേല്‍ അഡ്വ. സുമിത്രാ മോഹന് അധീശത്വമുള്ളതുപോലെ തോന്നി. കോടീശ്വരന്റെ മകളാണ് സുമിത്രയെന്നു കേട്ടിരുന്നു. വക്കീല്‍പണിയും പ്രകൃതിസ്‌നേഹവുമൊക്കെ അവര്‍ക്കൊരു ഹോബിയാണ്. ഇവരെപ്പോലുള്ളവരില്ലെങ്കില്‍ പുഴക്കര വക്കച്ചന്റെ കേസ് സുപ്രീം കോടതിയില്‍ വച്ച് ഏകപക്ഷീയമായി തീര്‍പ്പാകുമായിരുന്നല്ലോ.
പിറ്റേന്ന് വിഷു ആയിരുന്നു. ഓഫീസ് ഒഴിവാണ്. ഔദ്യോഗികവസതിയിലെ ജോലിക്കാരിയായ സുമലതയ്ക്കു വീട്ടില്‍ പോകണമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം സ്വന്തം വീട്ടില്‍ അമ്മയോടൊപ്പം താമസിക്കാന്‍ തനിക്കും ഇതൊരവസമാണ്. സലോമി വ്യാഴാഴ്ച വൈകുന്നേരം ടാക്‌സിക്കാറിലാണ് വീട്ടിലേക്കു പോയത്. മെയില്‍ റോഡില്‍നിന്ന് വലിയ ഒരു കയറ്റം കയറിച്ചെല്ലണം വീടെത്താന്‍. കാര്‍ സ്ഥലത്തെത്തി.
''റെജീ, നാളെ രാവിലെ പത്തു മണിയാകുമ്പം ഇവിടെയെത്തിയിട്ട് എന്റെ നമ്പരില്‍ വിളിക്കണം.'' സലോമി പരിചയക്കാരനായ ഡ്രൈവറോട് നിര്‍ദ്ദേശിച്ചു.
''ശരി സാര്‍.'' അവന്‍  തലകുലുക്കി.
സലോമി വീട്ടിലേക്കു നടന്നു. വളരെ ചെറിയ ഊടുവഴിയായിരുന്നു അത്. കോണ്‍വെ ന്റില്‍നിന്നു പണി കഴിഞ്ഞ് അമ്മയെത്തിയിട്ടില്ലെങ്കില്‍ താന്‍ തനിയെ അവിടെ ഇരിക്കണം. മുറ്റത്തെത്തി യപ്പോള്‍ മുന്‍വാതിലിന്റെ ഒരുപാളി തുറന്നാണു കിടക്കുന്നത് കണ്ടു.
''അമ്മേ...'' സലോമി ഉച്ചത്തില്‍ വിളിച്ചു.
''ആരാ.... ആരാ വന്നെ.'' അങ്ങനെ പറഞ്ഞ് സെലീന മുന്‍വശത്തേക്കു വന്നു. വാതില്‍ക്കല്‍ മകളെ കണ്ടപ്പോള്‍ ആശ്ചര്യവും ആനന്ദവുമുണ്ടായി.
''നീയെന്താടീയിപ്പം.'' അഴിഞ്ഞുപോയ മുടി വാരിക്കെട്ടിക്കൊണ്ട് സെലീന തിരക്കി. 
''നാളെ വിഷുവല്ലേ. ഒഴിവാ. അമ്മേടെകൂടെ ഒരു രാത്രി വര്‍ത്താനമൊക്കെപ്പറഞ്ഞ് കൂടാമല്ലോന്നോര്‍ത്തു.''
''ഹെന്റെ മാതാവേ, ഇവിടെ വിശേഷമായിട്ടൊന്നുമില്ലല്ലൊ എന്റെ പെണ്ണിനു കൊടുക്കാന്‍.'' സെലീന വിഷമിച്ചു.
''പോ, അമ്മേ, ഞാന്‍ സല്‍ക്കാരം കിട്ടാന്‍ വന്നതല്ലല്ലോ. അമ്മേ ഒന്നു കാണാനും മിണ്ടാനും വന്നതല്ലേ?'' അങ്ങനെ പറഞ്ഞ് സലോമി അകത്തേക്കു കയറി.
''ഞാന്‍... ഞാനത്താഴത്തിനിത്തിരിയരിയടുപ്പത്തിടുകയായിരുന്നു.'' സെലീന പറഞ്ഞു.
''നല്ല വറ്റല്‍ മുളകരച്ചതും കൂട്ടി പഴയതുപോലെ അത്താഴത്തിനു കഞ്ഞി കുടിക്കണം.'' സലോമി കൊതിയോടെ പറഞ്ഞു.
ഒറ്റമുറിയും അടുക്കളയും ചെറിയ തിണ്ണയുമുള്ള കൊച്ചു വീടായിരുന്നു അവരുടേത്. ഭിത്തിയില്‍ തിരുഹൃദയരൂപവും അല്‍ഫോന്‍സാമ്മയുടെയും ഗീവര്‍ഗ്ഗീസ് പുണ്യാളന്റെയും ചിത്രങ്ങളുമുണ്ടായിരുന്നു.
''സലോമീ, നമുക്ക് ഇറയത്തിരുന്നു വല്ല വര്‍ത്താനോം പറയാം. അകത്തപ്പടി ആവിയാ.'' സെലീന പറഞ്ഞു. സലോമി അമ്മയോടൊപ്പം തിണ്ണയിലേക്കിറങ്ങി തൂണില്‍ ചാരിയിരുന്നു.
''നീയെങ്ങനെയാ വന്നതിപ്പം?''
''ടാക്‌സി വിളിച്ച്.''
''അപ്പഴ് നീല ലൈറ്റൊക്കെയുള്ള കാറോ?''
''അതെടുത്തില്ല.''
''എന്റെ മാതാവേ, ഗീവര്‍ഗീസ് പുണ്യാളച്ചാ, അല്‍ഫോന്‍സാമ്മേ, എന്റെ കൊച്ചിനെ ഇത്രേം വലിയ നെലേലെത്തിച്ചല്ലോ...'' രണ്ടു കൈകളും രൂപങ്ങളുടെ നേര്‍ക്കുയര്‍ത്തി അതു പറയുമ്പോള്‍ സെലീനയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
''എന്റപ്പനൂടെ ഇന്നുണ്ടായിരുന്നെങ്കില്‍ എന്തു സന്തോഷമുണ്ടായേനെ?'' സലോമി പറഞ്ഞു.
''കാണുന്നുണ്ട്. അറിയുന്നുണ്ട്. നീ ഭിത്തിയേലിരുന്ന പടം കൊണ്ടുപോയി ബംഗ്ലാവില്‍ വച്ചിട്ടില്ലേ? എല്ലാ വഷളത്തരോം ചട്ടമ്പിത്തരോമുണ്ടായിരുന്നെങ്കിലും നിന്നെ ജീവനായിരുന്നു.'' സെലീനയുടെ മനസ്സില്‍ മാത്തനുണ്ടായിരുന്ന കാലം തെളിഞ്ഞു. രണ്ടാളും മിണ്ടാതിരുന്നു അല്പനേരം.
''എടീ, നീ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാ മഴക്കാലത്ത് ഒരു ദിവസം രാവിലെ വയ്യാതെ കിടക്കുന്ന അമ്മയെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കുകയായിരുന്നു ഞാന്‍. അമ്മേ കട്ടിന്മേല്‍ കൊണ്ടെ കിടത്തീട്ടു നോക്കുമ്പം കൊച്ചില്ല വീട്ടില്. ഞാനെല്ലാടത്തും നോക്കീട്ട് കാണുന്നില്ല. ഞാന്‍ വല്യവായില്‍ക്കരഞ്ഞു. അയലോക്കംകാരെല്ലാം കൂടി. കിണറ്റിലും നോക്കി. ഒരു ലക്ഷണോമില്ല. വഴിലെങ്ങാണ്ടുണ്ടായിരുന്ന നിന്റപ്പന്‍ അലറിപ്പാഞ്ഞുവന്നു. കിണറ്റുകരയില്‍ കൊച്ചിന്റെ നീലക്കപ്പുകണ്ടു. എല്ലാരും നോക്കി നില്‍ക്കുമ്പം എടുത്തൊറ്റ ചാട്ടമായിരുന്നു കിണറ്റിലോട്ട്. കൂട്ടക്കരച്ചില്. വെള്ളം കുടിച്ച് വയറു വീര്‍ത്ത നിന്നേം തോളത്തിട്ട് പൊങ്ങി. ആളുകള് ഏണി ഇറക്കിക്കൊടുത്തു കരയ്ക്കുവന്നപ്പം ഒരിച്ചിരി ജീവന്‍ ശേഷിച്ചിട്ടുണ്ടായിരുന്നു, നെനക്ക്...'' എല്ലാം ഒരിക്കല്‍ക്കൂടി മുന്‍പില്‍ കാണുംപോലെ സെലീന കിതച്ചു. 


(തുടരും)

 

Login log record inserted successfully!