നല്ല, ചീത്ത - ഇവയ്ക്കു സമാനമായ ഇംഗ്ലീഷ് വാക്കുകളാണ് good, bad  എന്നിവ. good ഉം bad ഉം ഇംഗ്ലീഷില്‍ നാമവിശേഷണങ്ങളാണ്.good  നു സമാനമായ ''നല്ല'' മലയാളത്തിലും നാമവിശേഷണംതന്നെ. എന്നാല്‍, bad നു സമാനമായ ചീത്തയ്ക്ക് മലയാളത്തില്‍ നാമത്വവും വിശേഷണത്വവും ഉണ്ട്. മോശമായ, നല്ലതല്ലാത്ത, കൊള്ളരുതാത്ത എന്നീ അര്‍ഥങ്ങള്‍ ഉള്ള ചീ ധാതുവില്‍നിന്നാണ് ചീത്ത എന്ന പദത്തിന്റെ നിഷ്പത്തി. അര്‍ഥപരമായി നല്ല എന്നതിന് എതിരാണ് ചീത്ത.  ഘടനാപരമായും സമാനത്വമുണ്ട്. (വ്യഞ്ജനം + സ്വരം + വ്യഞ്ജനം + സ്വരം എന്നിങ്ങനെയാണ് രണ്ടിന്റെയും ഘടന).
   നല്ല, ചീത്ത എന്നീ സംജ്ഞകളെ നാമവിശേഷണങ്ങളായാണ് മലയാളത്തിലെ വൈയാകരണന്മാരും പരിഗണിച്ചത്. നല്ല കുട്ടി, ചീത്തക്കുട്ടി എന്നിവ ഉദാഹരണങ്ങള്‍. പക്ഷേ, രൂപതലത്തിലും വാക്യതലത്തിലും ചീത്തയുടെവിനിമയരീതി 'നല്ല'യുടേതില്‍നിന്നു വ്യത്യസ്തമാണ്. വിഭക്തിപ്രത്യയങ്ങള്‍ പൊതുവെ നാമത്തോടാണല്ലോ ചേരുന്നത്. ക്രിയകളാകട്ടെ കാല, പ്രകാരപ്രത്യയങ്ങളെ കൈക്കൊള്ളുന്നു. 'വിശേഷണം എന്നു കരുതിപ്പോരുന്ന' ചീത്ത എന്ന പദത്തോടു വിഭക്തിപ്രത്യയങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. ചീത്തയെ, ചീത്തയോട്, ചീത്തയാല്‍ എന്നിങ്ങനെ. 'നല്ല' യില്‍ ഇതു സാധ്യമല്ല. വിശേഷണമായ നല്ലയെ ക്രിയയോടു ചേര്‍ക്കണമെങ്കില്‍ നല്ലത്, എന്നതിനെ നാമമാക്കണം. നല്ലതു പറഞ്ഞു. അപ്പോള്‍ 'നല്ല'യ്ക്കു തുല്യമല്ല ചീത്ത എന്നു വ്യക്തമാകുന്നു. നാമമായ നല്ലതിനു തുല്യമത്രേ ചീത്ത. 
    ചീത്ത എന്ന ശബ്ദം  നാമം സ്വീകരിക്കുന്ന കള്‍ എന്ന ബഹുവചനപ്രത്യയവും കൂടാതെ, ഉം എന്ന സമുച്ചയനിപാതവും സ്വീകരിക്കും. ചീത്തകള്‍, നല്ലതും എന്നിങ്ങനെ ഉദാഹരണങ്ങള്‍. നല്ലയെ, നല്ലത് എന്നു നാമമാക്കിയാലേ കള്‍, ഉം എന്നിവയെ ചേര്‍ക്കാന്‍ പറ്റുകയുള്ളൂ. നല്ലതുകള്‍, നല്ലതും. നാമത്തിന്റെ പ്രാതിസ്വികഭാവങ്ങളായ കര്‍ത്തൃത്വവും കര്‍മ്മത്വവും ചീത്ത എന്ന ശബ്ദത്തിനുണ്ട്. 'ചീത്തതന്നെ' എന്നിടത്തെ ചീത്തയ്ക്ക് കര്‍ത്തൃപദവിയും 'ഞാന്‍ ചീത്ത പറഞ്ഞു' എന്നിടത്തെ ചീത്തയ്ക്ക് കര്‍മപദവിയും അവകാശപ്പെടാം. നല്ലയ്ക്ക് ഇവ രണ്ടും ഇല്ല. നല്ല എല്ലാ സന്ദര്‍ഭങ്ങളിലും വിശേഷണമായി വര്‍ത്തിക്കുമ്പോള്‍, ചീത്തയ്ക്ക് വിശേഷണത്വം സമസ്തപദങ്ങളില്‍മാത്രമേ അവകാശപ്പെടാനുള്ളൂ. ചീത്തപ്പൂച്ച, ചീത്തപ്പെണ്ണ്. രണ്ടിടത്തും ഉത്തരപദാദിയിലെ ആദ്യഖരം ഇരട്ടിക്കുകയും നല്ല ചേര്‍ക്കുമ്പോള്‍ ഇരട്ടിക്കാതിരിക്കുകയും (നല്ല പെണ്ണ്, നല്ല പൂച്ച) ചെയ്യുന്നതുതന്നെ നല്ലയും ചീത്തയും തമ്മിലുള്ള അന്തരം വ്യാവര്‍ത്തിപ്പിക്കുന്നു. ചുരുക്കിപ്പറയട്ടെ, നല്ല (good) ഇംഗ്ലീഷിലെപ്പോലെ എല്ലാ സന്ദര്‍ഭത്തിലും വിശേഷണമാണ്. ചീത്ത(bad) യ്ക്ക് മലയാളത്തില്‍ നാമത്വവും അപൂര്‍വമായി വിശേഷണത്വവും ഉണ്ട്. അങ്ങനെ ദ്വൈവ്യക്തിത്വം പ്രകടിപ്പിക്കുന്ന ശബ്ദമത്രേ മലയാളത്തില്‍ ചീത്ത.*
   * ലത, വി. നായര്‍, സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 364-68.
                    ശ്രേഷ്ഠമലയാളം
                    
                കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍
                    
							
 ഡോ. ഡേവിസ് സേവ്യര്‍ 
									
									
									
									
									
									
									
									
									
									
                    