ഡിസംബര്‍ 1 മംഗളവാര്‍ത്തക്കാലം ഒന്നാം ഞായര്‍
ഉത്പ 17:15-22 ഏശ 43:1-7, 10-11
എഫേ 5:21-6:4 ലൂക്കാ 1:5-25
ആരാധനാവത്സരത്തിലെ ആദ്യകാലത്തിലേക്കും ആദ്യദിനത്തിലേക്കും നാം പ്രവേശിച്ചിരിക്കുകയാണ്. ആരാധനാവത്സരമെന്നത് സഭയുടെ വിശ്വാസപരിശീലനക്കളരിയാണ്. നാം ഒരു വിശുദ്ധകുര്‍ബാനയില്‍ സമ്യക്കായി ആഘോഷിക്കുന്ന ദൈവികരഹസ്യങ്ങള്‍ അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വേദിയാണ് ആരാധനാവത്സരം.
വിശ്വാസികളായ ഓരോരുത്തര്‍ക്കും ആരാധനാവത്സരമെന്നത് ഒരു തീര്‍ഥയാത്രയാണ്; ദൈവത്തിന്റെ രക്ഷാപദ്ധതിയാകുന്ന വിശുദ്ധ നാട്ടിലൂടെയുള്ള യാത്ര. പറുദീസായില്‍ ആരംഭിച്ച് സ്വര്‍ഗത്തില്‍ ചെന്നെത്തുന്ന തീര്‍ഥയാത്ര. ഓരോ തീര്‍ഥയാത്രയും ദൈവാനുഭവത്തില്‍ ആഴപ്പെടാനുള്ള, ദൈവികരാകാനുള്ള പരിശ്രമമാണ്; ഒപ്പം, വിശ്വാസത്തിന്റെ പ്രഘോഷണവുമാണ്.
സഭ' നമുക്കായി ഓരോ ആരാധനാവത്സരവും ക്രമീകരിച്ചിരിക്കുന്നത് വിശ്വാസം ആഘോഷിക്കാനും വാക്കുകളില്‍ക്കൂടി പ്രഘോഷിക്കാനുംമാത്രമല്ല; വിശ്വാസം ജീവിതബന്ധിയാക്കാനുംകൂടിയാണ്. അതുകൊണ്ടുതന്നെ, സഭയുടെ ഈ വിശ്വാസപരിശീലനത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ കാലത്തിന്റെയും ചൈതന്യത്തില്‍ നാം ആഴപ്പെടണം, ആ ചൈതന്യത്തില്‍ ജീവിക്കണം. പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണെന്ന യാക്കോബുശ്ലീഹായുടെ പ്രബോധനവും (യാക്കോ. 2:17), എന്റെ കര്‍ത്താവേ, എന്റെ കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവനല്ല; പ്രത്യുത, എന്റെ സ്വര്‍ഗീയപിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്ന തിരുവചനവും (മത്താ. 7:21) നാം അനുസ്മരിക്കണം.
മംഗളവാര്‍ത്തക്കാലം ഒന്നാം ഞായറാഴ്ചയിലെ ഒന്നാമത്തെ പ്രഘോഷണം ഇസഹാക്കിന്റെ അദ്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് (ഉത്പ. 17: 15-22). ഇസഹാക്കിന്റെ ജനനം യോഹന്നാന്‍മാംദാനായുടെ ജനനത്തിന്റെ പഴയനിയമപ്രതിരൂപമാണ്. അബ്രാഹത്തിലൂടെ ദൈവവചനത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഒരു കുടുംബത്തെയും ദൈവികപദ്ധതികളോടുള്ള സഹകരണത്തെയുമാണ് അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ വചനം ലഭിച്ചുകഴിഞ്ഞപ്പോള്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്ന അബ്രാഹത്തെയാണ് വിശുദ്ധഗ്രന്ഥത്തില്‍ കാണുന്നത്. അബ്രാഹത്തിനു ലഭിക്കുന്ന അനുഗ്രഹം തനിക്കും തന്റെ കുടുംബത്തിനുംമാത്രമല്ല; ഒരു ജനതയ്ക്കാകെ അനുഗ്രഹമായി മാറ്റപ്പെടുകയാണ് (ഉത്പ. 17:23-25).
രണ്ടാമത്തെ പ്രഘോഷണത്തില്‍, ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും (ഏശയ്യ 42:18-25) അതില്‍നിന്നു പിന്തിരിയുന്നതിനുള്ള ആഹ്വാനം നല്‍കുകയും ചെയ്യുന്നു. കാരണം, കര്‍ത്താവ് അരുള്‍ചെയ്യുന്നു: ഭയപ്പെടേണ്ട, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്'(എശയ്യ 43:1). എന്റെ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും? (ഏശയ്യ 43:13). ദൈവത്തിന്റെ രക്ഷാകരപദ്ധതിയോടു സഹകരിക്കാനുള്ള ആഹ്വാനമാണ് പ്രവാചകന്‍ നല്‍കുന്നത്. ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട രക്ഷാകരപദ്ധതിയില്‍ ആരാധനാസമൂഹം ഇന്നു പങ്കാളികളാകുന്നത് സഭയിലൂടെയാണ്, അതു തുടരുന്നത് കുടുംബങ്ങളിലൂടെയാണ്. അതുകൊണ്ട് ക്രിസ്തുവിന്റെ രക്ഷാകരപ്രവര്‍ത്തനങ്ങളോടു ചേര്‍ന്ന് കുടുബബന്ധങ്ങളെ കാണണമെന്നും കുടുബങ്ങളിലൂടെ രക്ഷാകരപദ്ധതിയുടെ ഫലങ്ങള്‍ തലമുറകളിലേക്കു കൈമാറണമെന്നും പൗലോസ്ശ്ലീഹാ ഓര്‍മിപ്പിക്കുന്നതാണ് ഇന്നത്തെ ലേഖനവായന (എഫേ. 5:21-6:4).
സാറായെപ്പോലെതന്നെ പ്രായവും വന്ധ്യതയും ഗ്രസിച്ച ഏലീശ്വായ്ക്കു മാനുഷികരീതിയും പ്രകൃതിനിയമവുമനുസരിച്ച് കുഞ്ഞുണ്ടാവുക അസാധ്യമായിരുന്നു. എന്നാല്‍, പ്രവചനങ്ങളെ പൂര്‍ത്തിയാക്കാനും ലോകരക്ഷകനായ മിശിഹായുടെ മുന്നോടിയായി വര്‍ത്തിക്കാനുമായി യോഹന്നാന്‍മാംദാന ഏലീശ്വായില്‍നിന്നു ജനിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ദൂതന്‍ സഖറിയായെ അറിയിക്കുന്നതാണ് സുവിശേഷഭാഗം (ലൂക്കാ 1:5-25). വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുകയും ദൈവകല്പനകള്‍ പാലിക്കുകയും ചെയ്യുന്ന വ്യക്തികളിലൂടെയും അവരുടെ സന്താനങ്ങളിലൂടെയുമാണ് ദൈവത്തിന്റെ രക്ഷാപദ്ധതി ആരംഭിച്ചതും തുടര്‍ന്നതും ഇനി തുടരേണ്ടതുമെന്ന് ഈ വിശുദ്ധഗ്രന്ഥപ്രഘോഷണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
അബിയായുടെ ഗണത്തില്‍പ്പെട്ട പുരോഹിതശ്രേഷ്ഠനായിരുന്നു സഖറിയാ. ഓറെശ്ലെംദൈവാലയത്തില്‍ പുരോഹിതശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന സഖറിയാപ്രവാചകനാണ് മംഗളവാര്‍ത്ത ലഭിക്കുന്നത്. അഹറോന്റെ പുരോഹിതഗണത്തില്‍പ്പെട്ട ഏലീശ്വായായിരുന്നു സഖറിയായുടെ ഭാര്യ. പഴയനിയമത്തില്‍, അഹറോന്റെ ഭാര്യയുടെ പേരും ഏലീശ്വാ എന്നായിരുന്നു (പുറ. 6:23). സാറാ, റബേക്കാ, റാഹേല്‍ എന്നിവരുടേതുപോലെ ഏലീശ്വായുടെയും വന്ധ്യത ദൈവം മാറ്റുന്നു.
ദൈവത്തിന്റെ മുമ്പില്‍ കുറ്റമറ്റവനായി വ്യാപരിച്ച അബ്രാഹത്തെപ്പോലെ സഖറിയായും ഏലീശ്വായും ദൈവതിരുമുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു (ലൂക്കാ 1:6). ദൈവഹിതത്തിനു കീഴ്‌പ്പെട്ട് ഐക്യത്തില്‍ ജീവിക്കാനും ദൈവികകാര്യങ്ങളില്‍ വ്യാപൃതരാകാനും മക്കളില്ലാത്തതിന്റെ ദുഃഖം പ്രാര്‍ഥനയിലൂടെ ദൈവത്തിനു സമര്‍പ്പിച്ചു കാത്തിരിക്കാനുമുള്ള പ്രത്യാശയും വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. ഈ അവസരത്തിലാണ് പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്കു കുറി വീണത്. ധൂപമര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗബ്രിയേല്‍ദൂതന്‍ സഖറിയായ്ക്കു പ്രത്യക്ഷപ്പെട്ട് യോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പു നല്കുന്നു.
ജറുസലെംദൈവാലയത്തിലെ ബലിയര്‍പ്പണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ധൂപാര്‍പ്പണം. ഇതിനായി കരുവേലമരംകൊണ്ടു നിര്‍മിച്ച ബലിപീഠം സാക്ഷ്യപേടകത്തിനുമുമ്പിലായി വിശുദ്ധസ്ഥലത്തു സ്ഥാപിച്ചിരുന്നു (പുറ. 3:6). ഇവിടെയുള്ള ബലിപീഠത്തില്‍ എല്ലാ ദിവസവും ധൂപം അര്‍പ്പിച്ചിരുന്നു. നമ്മുടെ ആരാധനക്രമത്തിലും ധൂപാര്‍പ്പണത്തിനു വലിയ പ്രാധാന്യമുണ്ട്. പരിശുദ്ധകുര്‍ബാനയിലും റംശായിലും നാം ധൂപം ഉപയോഗിക്കുന്നു. കര്‍ത്താവേ, എന്റെ ഈ പ്രാര്‍ഥന എന്റെ സായാഹ്നബലിയായി സ്വീകരിക്കണമേ എന്നാണ് റംശായില്‍ നമ്മള്‍ പ്രാര്‍ഥിക്കുന്നത് (സങ്കീ. 141:2). ധൂപാര്‍പ്പണസമയത്തു കിട്ടിയ അറിയിപ്പ് സഖറിയായ്ക്കു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. സഖറിയായുടെ പ്രതികരണത്തില്‍ അവിശ്വാസത്തിന്റെ രേഖകള്‍ ഉണ്ടായിരുന്നതിനാല്‍ തന്നിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ സഖറിയാ ഊമനായിരിക്കുമെന്നാണ് ദൂതന്‍ പറയുന്നത്.
ബലിയര്‍പ്പണവേളയിലാണ് സഖറിയാ മൂകനായിത്തീര്‍ന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പഴയനിയമരഹസ്യങ്ങള്‍ നിശ്ശബ്ദമായി എന്നു കാണിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധസ്ഥലത്തിന്റെ മധ്യത്തില്‍വച്ച് ബലിയര്‍പ്പണവേളയില്‍ സഖറിയാ മൂകനായിത്തീര്‍ന്നതെന്ന് പൗരസ്ത്യസഭാപിതാവായ മാര്‍ അപ്രേം പ്രസ്താവിക്കുന്നു.
വാസ്തവത്തില്‍, യോഹന്നാന്റെ ജനനത്തോടെ ഇസ്രായേലിലെ പ്രവാചകന്മാര്‍ നിശ്ശബ്ദരായിത്തീരുന്നതിനെയാണ് സഖറിയായുടെ മൂകത സൂചിപ്പിക്കുന്നത്. ഇനി സ്വപുത്രനിലൂടെത്തന്നെയാണ് ദൈവം സംസാരിക്കുന്നത്. കൂടാതെ, ദൈവദാനത്തെക്കുറിച്ചു കൂടുതല്‍ മനനം ചെയ്യാനും, റൂഹാദ്ഖുദ്ശായാല്‍ നിറഞ്ഞ് മറിയത്തെപ്പോലെ വിശ്വാസത്തിന്റെ വിളനിലമാകാനും നിശ്ശബ്ദത സഖറിയായെ സഹായിച്ചു.
മൂന്നാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായിരുന്ന ഒരിജന്റെ അഭിപ്രായത്തില്‍, യോഹന്നാന്‍മാംദാന എല്ലായ്‌പ്പോഴും ഈശോയുടെ ആഗമനത്തിനു മുന്നോടിയായി വര്‍ത്തിക്കുന്നു. ഉദാഹരണമായി, മാംദാനായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിനു മുന്നോടിയാണ്. ഏലീശ്വായുടെ ഉദരത്തില്‍വച്ച്, ശിശുവായ യോഹന്നാന്‍ കുതിച്ചുചാടിയതും മിശിഹായുടെ വരവ് ലോകത്തെ അറിയിക്കാനാണ് (ലൂക്കാ 1:44). ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ'തന്റെ പിന്നാലെ വരുന്ന ഈശോയെക്കുറിച്ച്, യോഹന്നാന്‍ മരുഭൂമിയില്‍വച്ചു പ്രസംഗിച്ചപ്പോഴും അദ്ദേഹം ഈശോയുടെ മുമ്പേ ഗമിക്കുകയും കര്‍ത്താവിനുവേണ്ടി വഴിയൊരുക്കുകയുമായിരുന്നു (ശ്ലീഹ. 3:24; മത്താ. 3: 3). ഈശോയുടെ കുരിശുമരണത്തിന്റെ നിഴലും നിലാവുമായിട്ടാണ് യോഹന്നാന്റെ ശിരശ്‌ഛേദത്തെ (ലൂക്കാ. 9:9) ഒരിജന്‍ വ്യാഖ്യാനിക്കുന്നത്.
നിശ്ശബ്ദതയുടെ മാഹാത്മ്യം സഖറിയാ പഠിപ്പിക്കുന്നു. നിശ്ശബ്ദതയെന്നത് ദൈവികകാര്യങ്ങളെക്കുറിച്ചുള്ള ചിന്തയും ധ്യാനവുമാണ്. എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കലാണ്. ബാഹ്യനിശ്ശബ്ദതയോടൊപ്പം ആന്തരികനിശ്ശബ്ദതയും ഈ മംഗളവാര്‍ത്തക്കാലത്ത് പ്രാധാന്യമര്‍ഹിക്കുന്നുവെന്നു സഖറിയാ ഓര്‍മിപ്പിക്കുന്നു.
ദൈവഹിതത്തിനു കീഴ്‌പ്പെട്ട്, പ്രതിസന്ധിഘട്ടങ്ങളിലും വാര്‍ധക്യത്തിലും പരസ്പരം കൂട്ടായ്മയില്‍ ജീവിക്കാനും ദൈവികകാര്യങ്ങളില്‍ വ്യാപരിക്കാനും ദൈവഹിതത്തിനായി കാതോര്‍ക്കാനും ദൈവം ജീവിതത്തില്‍ വര്‍ഷിച്ച കരുണയെ അനുസ്മരിക്കാനും ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവിക ഇടപെടലുകള്‍ ഉണ്ടാകാന്‍ അബ്രാഹം - സാറാ, സഖറിയാ-ഏലീശ്വാ ദമ്പതികളെപ്പോലെ അവിടുത്തെ പ്രമാണങ്ങളും കല്പനകളും പാലിച്ചുജീവിക്കണം. ജീവിതത്തിന്റെ വേദനകളിലും ഒറ്റപ്പെടലുകളിലും പ്രതീക്ഷ കൈവിടാതെ വിശ്വാസത്തോടുകൂടി പ്രാര്‍ഥിക്കണം. സഖറിയായെപ്പോലെ പ്രാര്‍ഥനകളുടെയും നെടുവീര്‍പ്പുകളുടെയും സുഗന്ധക്കൂട്ടുകള്‍ നമുക്കും ദൈവസന്നിധിയിലേക്കുയര്‍ത്താം. നമ്മിലെ ആത്മീയവന്ധ്യത മാറ്റി ധാരാളം ആത്മീയഫലങ്ങള്‍ പുറപ്പെടുവിക്കാനുള്ള അനുഗ്രഹത്തിനായി നമുക്കു ദൈവത്തോടു പ്രാര്‍ഥിക്കാം. അപ്പോള്‍, നമ്മുടെയും ജീവിതമാകുന്ന ബലിപീഠത്തിന്റെ വലത്തുവശത്ത് ഗബ്രിയേല്‍ദൂതന്‍ പ്രത്യക്ഷപ്പെട്ട് സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും സദ്വാര്‍ത്ത നമ്മെ അറിയിക്കും.