ജനുവരി 12 ദനഹാക്കാലം രണ്ടാം ഞായര്‍
സംഖ്യ. 10:29-36  ഏശ. 45:11-17
ഹെബ്രാ. 3:1-6   യോഹ. 1:14-18
    ദൈവികവെളിപാട് പൂര്‍ണതയില്‍ നിറവേറിയ മിശിഹായുടെ ദനഹായെ(പ്രത്യക്ഷീരണം)ക്കുറിച്ചു ധ്യാനിക്കുന്ന ഈ ആരാധനക്രമവത്സരത്തില്‍ ദൈവികവെളിപാടിന്റെ ക്രമേണയുള്ള വളര്‍ച്ചയെക്കുറിച്ചാണ് ഇന്നു തിരുവചനം പങ്കുവയ്ക്കുന്നത്. ഒരു ജനത്തെ സ്വന്തമാക്കുന്നതിനുള്ള ഉടമ്പടിസംഹിത ദൈവം ആവിഷ്കരിച്ചത് മോശ വഴിയാണ്. മോശവഴി നിയമം നല്കപ്പെട്ടു (1:17). നിയമം (തോറാ) ഒരു ജനത്തെ ദൈവജനമാക്കിയെങ്കില് ഈശോമിശിഹാ കൃപയും സത്യവുംവഴി ദൈവജനത്തെ ദൈവമക്കളാക്കുന്നുവെന്ന് യോഹന്നാന് സുവിശേഷകന് പറയുന്നു.   
     ദൈവത്തിന്റെ ജനം, ദൈവം തിരഞ്ഞെടുത്ത് ഉടമ്പടി ചെയ്തു സംരക്ഷിക്കുന്ന ജനം, ദൈവത്തെമാത്രം സേവിക്കാനും അവിടത്തെ കല്പനകള് പാലിക്കാനും കടമ ഏറ്റെടുത്ത ജനമായിരുന്നു. ഉടമ്പടിപാലനംവഴി ദൈവാനുഗ്രഹവും ലംഘനംവഴി ദൈവകോപവും വന്നുഭവിക്കുന്ന ജനമായിരുന്നു അവര്‍. ഉടമ്പടി പാലിക്കുന്ന ദൈവജനത്തെ സമാദരിക്കുന്നതിനും സംരക്ഷിക്കുന്നതിനും  ദൈവം ഇതരജനങ്ങളെയും ഭരണാധിപരെയും ഉപയോഗപ്പെടുത്തുന്നു. അനുഗ്രഹത്തില്‍ ഓഹരിക്കാരാക്കുകയും ചെയ്യുന്നു.
     ഉടമ്പടി ലംഘിക്കുന്ന ദൈവജനത്തിനു കഷ്ടതകളും നഷ്ടങ്ങളും വരുന്നതിനും ദൈവം ഉപകരണമാക്കുന്നത് അന്യജനങ്ങളെയാണ്. ഇന്നത്തെ പഴയനിയമവായനകളില് ഹോബാബ്, സൈറസ് എന്നീ വിജാതീയരെ ദൈവജനശുശ്രൂഷയ്ക്കു ദൈവം നിയോഗിക്കുന്ന വിധം വിവരിക്കുന്നു. ഞങ്ങളെ സഹായിച്ചാല്‍, കര്‍ത്താവ് ഞങ്ങള്‍ക്കു തരുന്ന, സമൃദ്ധിയുടെ പങ്ക് ഞങ്ങള്‍ നിനക്കും തരും എന്നു മോശ ഹോബാബിനോടു പറയുന്നു (സംഖ്യ 10:32).
സൈറസിനെക്കുറിച്ച്: ഞാന്‍ അവനെ നീതിയില്‍ പ്രചോദിപ്പിച്ചു; അവന്റെ വഴികള്‍ ഋജുവാക്കി. വിലയോ പാരിതോഷികമോ കാംക്ഷിക്കാതെ, അവന് എന്റെ പ്രവാസിജനത്തെ വിമോചിപ്പിക്കും; എന്റെ നഗരം പുനഃസ്ഥാപിക്കും എന്നു കര്‍ത്താവു പറയുന്നു.
    ദൈവജനത്തിന്റെ ശുശ്രൂഷകനായ മോശയെക്കാള്‍ ശ്രേഷ്ഠനാണ് ദൈവപുത്രനായ ഈശോമിശിഹാ എന്ന് ഹെബ്രായലേഖനകര്‍ത്താവ് സമര്‍ഥിക്കുന്നതാണ് ഇന്നത്തെ ലേഖനഭാഗം (3:1-6). നിയമം അനുസരിച്ചു ദൈവജനമായിത്തുടരുന്ന അവസ്ഥയില്‍നിന്നു നാം ഉയരണം. ദൈവകൃപയും ദൈവികസത്യവും സംവഹിക്കുന്നവരായി നാം വ്യാപരിക്കണം. ഇതരജനങ്ങളെ, നമ്മെ സംരക്ഷിക്കുന്നവരും സമാദരിക്കുന്നവരുമാക്കാന് ആദ്യത്തെ അവസ്ഥ മതി. ഇന്നു നമുക്ക് നാനാഭാഗത്തുനിന്നും കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നെങ്കില്‍ നിയമം പാലിക്കുന്നവരുടെ ഗണത്തില്‍പ്പോലും നാം ഉള്‍പ്പെടുന്നില്ല എന്ന അവസ്ഥയില്‍ നാം മാറിപ്പോയില്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
     ജറുസലേമില്നിന്നെത്തുന്ന യഹൂദസംഘത്തിന്റെ, നീ ആരാണ് എന്ന ചോദ്യത്തിന് യോഹന്നാന്റെ ഉത്തരം ഞാന്‍ മിശിഹാ അല്ല എന്നാണ്. ധീരനായ ഒരു പ്രവാചകന്റെ സ്വരമാണിത്. ഞാന്‍ മിശിഹായല്ല. യഹൂദമതത്തിന്റെ ഔദ്യോഗികസംഘത്തിന്റെ മുമ്പിലാണു യോഹന്നാന് ഈ സാക്ഷ്യം നല്‍കുന്നത്. ഒരുപക്ഷേ, താന്‍ മിശിഹായാണെന്ന് അവകാശപ്പെട്ടാല്‍ ജനങ്ങള്‍ അംഗീകരിക്കും. കാരണം, അവര്‍ മിശിഹായെ പ്രതീക്ഷിച്ചിരുന്നവരാണ്. എന്നിട്ടും തന്റേടത്തോടെ അവന് പ്രഖ്യാപിക്കുന്നു: ഞാന്‍ മിശിഹായല്ല. ഓര്‍ക്കുക, നാം ആയിരിക്കുന്ന അവസ്ഥ ആരുടെ മുമ്പിലും ഏതു നിമിഷത്തിലും അംഗീകരിക്കാന്‍ പഠിക്കുക.
മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ സ്വരമാണ് ഞാന്‍... മരുഭൂമി എന്നത് മരണത്തിന്റെ, ശുദ്ധീകരണത്തിന്റെ, പുനര്‍ജനനത്തിന്റെ സ്ഥലമാണ്. അതു ഭൂമിയുടെ ഗര്ഭപാത്രമാണ്. പഴയനിയമത്തിലുടനീളം ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ മരുഭൂമിയില്‍ ചെലവഴിക്കുന്നതു കാണാം. മോശയും ഇസ്രയേല്‍ജനം മുഴുവനും ഈ ഗര്‍ഭപാത്രത്തില്‍ പുനര്‍ജനിക്കുന്നതു കാണാന്‍ സാധിക്കും. പുതിയനിയമത്തില്‍ ഈശോതന്നെയും മരുഭൂമിയില്‍ നാല്പതു ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. ഇവരെല്ലാം ഇവിടെ ഒരു പുതിയ അവസ്ഥയിലേക്കു പുനര്‍ജനിക്കുന്നു. ഇതുപോലെ യോഹന്നാനും മരുഭൂമിയുടെ ഏകാന്തതയിലേക്കു പിന്‍വാങ്ങുകയാണ് ഒരു പുതിയ ജനനത്തിനുവേണ്ടി. നമ്മുടെ ജീവിതങ്ങളിലെ മരുഭൂമികള്‍ തിരിച്ചറിയുക. അവിടെ നാം തനിച്ചാകുമ്പോള്‍ നമ്മുടെ ജീവിതത്തെ പുനര്‍ജനിപ്പിക്കാന്‍ നമുക്കാവും. അപ്പോള്‍ എനിക്കും എന്റെ ദൈവത്തിനും വേണ്ടി എപ്പോഴും സാക്ഷ്യം നല്‍കുന്നവനാകാന്‍ കഴിയും. അതായത്, മരുഭൂമിയിലെ സ്വരം. അതു പാഴാകുന്ന സ്വരമാണ്. നമ്മുടെ ഈ ജീവിതം ദൈവത്തിനുവേണ്ടി പാഴാക്കാന്‍ സാധിക്കുക. അതൊരു ധൈര്യമാണ്; ഒരു സാക്ഷ്യമാണ്. 
    നിങ്ങള്‍ അറിയാത്ത ഒരാള്‍ നിങ്ങളുടെ ഇടയില്‍ നില്പുണ്ട്... യോഹന്നാന് മിശിഹായ്ക്കു സാക്ഷ്യം വഹിക്കാന്‍ വന്നവനാണ്. നിങ്ങളുടെ മധ്യേ നിങ്ങള്‍ അറിയാതെ നില്ക്കുന്ന മിശിഹായ്ക്കു സാക്ഷ്യം വഹിക്കാന്‍ വന്നവന്. നമ്മള് അറിയാതെതന്നെ നമ്മുടെ ഇടയില്‍ മിശിഹാ ജീവിക്കുന്നുണ്ട്. അവനു സാക്ഷ്യം നല്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഓരോരുത്തരുടെയും അരികില്‍ അയാളറിയാതെ മറ്റൊരാളുടെ അദൃശ്യസാന്നിധ്യമുണ്ട്. മിശിഹായുടെ സാന്നിധ്യം. ഇതു ചൂണ്ടിക്കാണിക്കലാണ് ഓരോ ക്രിസ്ത്യാനിയുടെയും ധര്‍മം.
      മാംസം ധരിച്ച വചനത്തിനു സാക്ഷ്യം നല്കുന്ന സ്നാപകന്റെ വചസ്സുകളാണ് സുവിശേഷത്തില്‍ ശ്രവിക്കുന്നത്. ഓരോ ക്രിസ്ത്യാനിയും വചനത്തിനു സാക്ഷ്യം നല്കാന് വിളിക്കപ്പെട്ടവനാണ്. വചനത്തെ മനസ്സിലാക്കാത്ത ജനസമൂഹത്തിനാണ് സ്നാപകയോഹന്നാന് തന്റെ സാക്ഷ്യം നല്‍കിയത്. വചനത്തെ ജീവിപ്പിക്കാനും ക്രൂശിക്കാനും സാധിക്കും. നാം വചനാനുസൃതമായി ജീവിച്ചാല്‍ വചനം നമ്മിലും ജീവിക്കും. മറിച്ചായാല്‍ നാം വചനത്തെ ക്രൂശിക്കുകയാണു ചെയ്യുന്നത്. വചനാനുസൃതമായ ജീവിതമാണ് ഈശോയ്ക്കുള്ള സാക്ഷ്യം. അങ്ങനെയുള്ള ജീവിതത്തിന് ഏറ്റവും നല്ല മാതൃകയായിരുന്നു യോഹന്നാന് മാംദാനയുടേത്.
യോഹന്നാന്റെ ജീവിതം രണ്ടു വിശേഷഗുണങ്ങളാല് ധന്യമായിരുന്നു. ഒന്ന്: എല്ലാ തിന്മകളുടെയും മൂലകാരണമായ സ്വാര്‍ഥതയില്‍നിന്നും അസൂയയില്‍നിന്നും അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിനിറുത്തിയിരുന്നു. അവന് വളരുകയും ഞാന്‍ കുറയുകയും വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യംതന്നെ. തന്റെ പേരിനും പെരുമയ്ക്കുംവേണ്ടിയായിരുന്നില്ല ജീവിതം. മിശിഹായുടെ അനുയായിക്കുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണവും അതുതന്നെ. സ്വാര്‍ഥതയെ ഇല്ലാതാക്കുന്നവനുമാത്രമേ പരിശുദ്ധമായ സാക്ഷ്യം നല്‍കാനാവൂ. അതുതന്നെയാണ് തമ്പുരാന് നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നത്.
രണ്ട്: സത്യത്തിന്റെയും നീതിയുടെയും പതാകയേന്തി സമൂഹത്തിലെ അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരേ അദ്ദേഹം തന്റെ ശബ്ദമുയര്‍ത്തിയിരുന്നു.      യോഹന്നാന് ഒരു ഭൗമികരാജാവിന്റെ ദൂതനായിരുന്നില്ല; മറിച്ച്, ഹേറോദേസ് രാജാവിന്റെ മുഖത്തുനോക്കി സത്യത്തിനായി വാദിച്ച ധീരനായ പ്രവാചകനായിരുന്നു - സ്വര്ഗീയരാജാവിന്റെ ദൂതന്. അദ്ദേഹത്തിനു കിട്ടിയ പ്രതിഫലം മരണമായിരുന്നു. എന്നാല്‍, ഈശോ പറയുന്നു, സ്വര്‍ഗത്തില്‍ അവന്റെ സ്ഥാനം ഏറ്റവും വലുതാണെന്ന്. ഈ വലിയ ധീരമായ മനോഭാവം ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കണം.
വചനസാക്ഷ്യം രണ്ടു തലങ്ങളിലേക്കാണ് എത്തേണ്ടത്. ഒന്നാമതായി, ക്രിസ്തീയകുടുംബങ്ങളുടെ വരുംതലമുറയിലേക്ക്. മാതാപിതാക്കള്‍ക്കു ലഭിച്ച വിശ്വാസം വിശ്വസ്തതയോടെ പകര്‍ന്നുനല്‍കണം. കുടുംബങ്ങളിലൂടെ രക്ഷാകരചരിത്രം തുടര്‍ന്നുകൊണ്ടു പോകേണ്ടിയിരിക്കുന്നു. വചനത്തിനു വിപരീതമായ, ക്രിസ്തീയധാര്മികതയ്ക്കു ചേരാത്ത പ്രവര്‍ത്തനങ്ങളെ നമ്മുടെ ഭവനങ്ങളിലേക്കു കൂട്ടിക്കൊണ്ടുവന്ന് വചനാനുസൃതമായ ജീവിതത്തെ അവിടെനിന്നു മാറ്റിക്കളയാതിരിക്കാന് ശ്രദ്ധിക്കുക.
    മിശിഹായെ അറിയാത്ത ജനങ്ങളിലേക്ക് അവിടത്തെ സന്ദേശം എത്തിക്കുകയെന്നതാണു വചനസാക്ഷ്യത്തിന്റ രണ്ടാമത്തെ തലം. ഇപ്രകാരം വചനസാക്ഷ്യം നമുക്കു സാധിക്കണമെങ്കില്‍ നാം വചനത്തെ സ്വാംശീകരിക്കേണ്ടതുണ്ട്. വചനത്തിനു സാക്ഷ്യമേകാന്‍ നമുക്കു സാധിക്കണം. ദൈവവചനത്തെ സ്വാംശീകരിച്ച്  നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ട് വചനത്തിനു സാക്ഷ്യം നല്കാന് നമുക്കു പരിശ്രമിക്കാം. ദൈവികവെളിപാട് അതിന്റെ പൂര്‍ണതയില്‍ ലഭിച്ച നമുക്ക് അതു ലോകത്തോടു പ്രഘോഷിക്കാന്‍ കടമയുണ്ട് എന്നതു മറക്കാതിരിക്കാം.
							
 ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 
                    
									
									
									
									
									
									
									
									
									
									
                    