വിശേഷണങ്ങളില്‍നിന്നു നാമങ്ങളെ നിഷ്പാദിപ്പിക്കുന്ന പതിവ് സംസ്‌കൃതത്തിലുണ്ട്. തദ്ധിതമെന്നു വ്യാകരണവും വ്യുത്പന്നനാമമെന്നു ഭാഷാശാസ്ത്രവും അത്തരം  നാമങ്ങളെ   വിശേഷിപ്പിക്കുന്നു. വിശേഷണങ്ങളോടു പ്രത്യയം ചേര്‍ക്കുമ്പോള്‍ അവ നാമശബ്ദങ്ങളായി മാറുന്നു. സരസ എന്ന വിശേഷണത്തില്‍നിന്നു നിര്‍മിച്ചെടുത്ത നാമമാണ് സാരസ്യം. സരസത്തിന്റെ ഭാവം എന്നു നിരുക്തി.* സരസമായ അവസ്ഥ എന്നും പറയാം. രസകരമായതാണല്ലോ സരസം. സരസതയ്ക്കും സരസത്വത്തിനും അതേ അര്‍ഥമാണുള്ളത്. എന്നാല്‍, സാരസ്യത്തോടു ത ചേര്‍ത്ത് ';സാരസ്യത'; എന്നു പദസൃഷ്ടി നടത്തരുത്. ത അധികപ്പറ്റാണ്. സാങ്കേതികമായി പറഞ്ഞാല്‍ മോഷം പ്രത്യയപൗനരുക്ത്യം. സാരസ്യംകൊണ്ടു തൃപ്തിപ്പെടാത്തവരത്രേ 'സാരസ്യത'യ്ക്കു പോകുന്നത്.  അതിന് അംഗീകാരം കൊടുത്താല്‍ ദൈന്യത, ജാള്യത, പാരമ്യത, സാദൃശ്യത, ആലസ്യത തുടങ്ങിയ പ്രയോഗങ്ങളെല്ലാം  ശരിയാണെന്നു ഗണിക്കേണ്ടി വരും. ദൈന്യം, ജാള്യം, പാരമ്യം, സാദൃശ്യം, ആലസ്യം എന്നിങ്ങനെവേണം ശരി എഴുതാന്‍. 
   സ്വാരസ്യം തനി നാമപദമാണ്. സ്വഭാവേന സരസ്വത്തായിരിക്കുന്ന (രസാത്മകമായ) അവസ്ഥയാണ് സ്വാരസ്യം.** രസവത്തായ സ്ഥിതിയെന്നും പറയാം. സന്ദര്‍ഭംകൊണ്ട് ഭംഗി, ഔചിത്യം തുടങ്ങിയ വിവക്ഷിതങ്ങളും വന്നുചേരുന്നു. 'സ്വാരസ്യത' എന്നു ത ചേര്‍ത്ത് നീട്ടേണ്ടതില്ല. അപ്പോള്‍ മേല്‍സൂചിപ്പിച്ച ദോഷമാവും ഫലം. സ്വന്തം കാര്യത്തിലുള്ള ശ്രദ്ധയ്ക്ക് സ്വാര്‍ഥം മതിയെന്നിരിക്കേ 'സ്വാര്‍ഥത' എന്നു നീട്ടുന്നതും അനാവശ്യമാണ്. പക്ഷേ, പ്രചരിച്ചുപോയി എന്ന വസ്തുത മറക്കാവതല്ല! സ്വസ്ഥമായി (സുഖമായി) ഇരിക്കുന്ന അവസ്ഥ 'സ്വാസ്ഥ്യത'യല്ല. സ്വാസ്ഥ്യമാണെന്നും ഓര്‍ക്കണം. സ്വാസ്ത്യവും തെറ്റുതന്നെ. സ്വസ്ഥതയും സ്വസ്ഥമായിരിക്കുന്ന അവസ്ഥതന്നെ. 
   സാരസ്യത്തിന്റെയും സ്വാരസ്യത്തിന്റെയും അന്തര്‍ഭാവം ഒന്നാണെന്നു തോന്നുമെങ്കിലും പദനിര്‍മിതിപ്രകാരം സാരസ്യം വ്യുത്പന്നനാമവും സ്വാരസ്യം തനി നാമവുമാണ്. സരസത്തിന്റെ ഭാവം സാരസ്യവും സ്വഭാവേന സരസ്വമായിരിക്കുന്നത് സ്വാരസ്യവുമാകുന്നു. ഒന്നില്‍ രസം വന്നുചേരുമ്പോള്‍ മറ്റതില്‍ രസം നിസര്‍ഗജമെന്നതത്രേ അവ തമ്മിലുള്ള ഭേദം. സൂക്ഷ്മാപഗ്രഥനത്തില്‍ മാത്രമേ ഈ വൈജാത്യം പ്രകടമാവൂ. കാവ്യസാരസ്വതസ്വത്വം തെളിഞ്ഞുകിട്ടാന്‍ സാരസ്യത്തെയും സ്വാരസ്യത്തെയും ഉത്തമസഹൃദയര്‍ ആശ്രയിക്കും.
* മുന്‍ഷി, ഒ.കെ., തദ്ധിതകോശം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 1988, പുറം-125
** ദാമോദരന്‍നായര്‍, പി. അപശബ്ദബോധിനി, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 688.
							
 ഡോ. ഡേവിസ് സേവ്യര്‍ 
                    
									
									
									
									
									
									
									
									
									
									
                    