ഭാവികാലത്തെ കുറിക്കുന്നതിനു ധാതുവിനോടു  ചേര്‍ക്കുന്ന പ്രത്യയമാണ് ഉം. അത് മുന്നിലിരിക്കുന്ന സ്വരാന്തധാതുവിനോടാണു ചേരുന്നതെങ്കില്‍, മധ്യത്തില്‍ യ കാരമോ വകാരമോ ആഗമിക്കുന്നു. പോ+ഉം=പോവും. ആഗമിച്ച വ കാരം ചിലപ്പോള്‍ ക കാരമാകാം. ചാ+ഉം=ചാകൂം. എന്നാല്‍, ഈ മാറ്റം നിര്‍ബന്ധമല്ല.
ഭാവികാലം മൂന്നുവിധം ഉണ്ട്.  ഒരു ക്രിയ ഭവിഷല്‍ക്കാലത്തു നടക്കുന്നതെന്നു കാണിക്കുന്ന ഭാവിക്ക് ശുദ്ധഭാവി എന്നു പേര്. (കേരളപാണിനി ശീലഭാവി എന്നാണു നാമകരണം ചെയ്തിരിക്കുന്നത്.) ശുദ്ധഭാവിതന്നെ ശീലഭാവിയായും വേഷപ്പകര്‍ച്ച നേടുന്നു. ക്രിയ ഭൂതമോ ഭാവിയോ വര്‍ത്തമാനമോ എന്നു ഗണിക്കാതെ എല്ലാക്കാലത്തിലും നില്‍ക്കുന്ന ക്രിയകളോടും ഉം- നെ ചേര്‍ക്കാം. അതാണ് ശീലഭാവി. ശീലം, ഉപദേശം, തത്ത്വകഥനം മുതലായ അര്‍ഥങ്ങള്‍ വന്നുചേരുന്നതിനാലാണ് ശീലഭാവി എന്ന പേര്‍ സിദ്ധമായത്. 'ഞാന്‍ എന്നും പത്തിന് ഉറങ്ങും' (ശീലം) 'ഗുരുജനങ്ങളെ അനുസരിക്കും' (ഉപദേശം) 'മടിയന്‍ മല ചുമക്കും' (തത്ത്വകഥനം). ഉം - ഊ എന്നു ദീര്‍ക്കും. 
മലയാളത്തിലെ ശീലഭാവിയുടെ സ്ഥാനത്ത് ആര്യഭാഷകള്‍ (സംസ്‌കൃതം, ഇംഗ്ലീഷ്) വര്‍ത്തമാനകാലം പ്രയോഗിക്കുന്നു. 'ജൂണില്‍ കോളജ് തുറക്കുന്നു. 'ഇടവപ്പാതിക്ക് മഴ തുടങ്ങുന്നു.' രണ്ടിടത്തും ഉം ആണ് വരേണ്ടിയിരുന്നത്. ഈ രീതി ഇപ്പോള്‍ മലയാളത്തില്‍ സാര്‍വത്രികമായിട്ടുണ്ട്.
മൂന്നാമത്തെ ഭാവികാലമാണ് അവധാരകഭാവി. അവധാരണം എന്ന പദത്തിന് ഉറപ്പിച്ചു പറയല്‍ എന്നാണ് പ്രസിദ്ധമായ അര്‍ഥം. 'വിധി'യും 'നിശ്ചയ'വും അവധാരണാര്‍ഥം സൂചിപ്പിക്കും. അവധാരണത്തെ കുറിക്കുന്ന ഭാവി അവധാരകഭാവി. ഇവിടെയും ഭാവിയുടെ നേരര്‍ഥമില്ല. അവധാരാണാര്‍ഥം കാണിക്കാന്‍ വാക്യത്തിലെ ഒരു പദത്തോട് ഏ എന്ന നിപാതം ചേര്‍ക്കുന്നു. ക്രിയയാണെങ്കില്‍ ഊ എന്ന ഭാവിപ്രത്യയം ചേര്‍ത്താല്‍ മതിയാകും. 'നാക്കെടുത്താല്‍ കള്ളമേ പറയൂ; പഠിച്ചാലേ പരീക്ഷയില്‍ 'ജയിക്കൂ' (ഏ-ഊ). സംസ്‌കൃതത്തില്‍ ഏവ എന്ന നിപാതം അവധാരാണാര്‍ഥം കുറിക്കും. സത്യം ഏവ ജയതേ നാനൃതം(സത്യമേ ജയിക്കൂ, കള്ളം ജയിക്കുകയില്ല) ഇത്തരത്തില്‍ ഭാവികാല പ്രത്യയമായ ഉം ന് പ്രയോഗതലത്തില്‍ പലവിധം മാറ്റങ്ങള്‍ സംഭവിക്കുന്നു.
* കടപ്പാട്: ഗോപി, ആദിനാട്, പ്രൊഫ., മലയാളം ഭാഷ വ്യാകരണം, പ്രയോഗം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
** ഗോപിക്കുട്ടന്‍, പ്രൊഫ., മലയാളവ്യാകരണം, കറന്റ് ബുക്‌സ്, കോട്ടയം, 2002. 
							
 ഡോ. ഡേവിസ് സേവ്യര്‍ 
                    
									
									
									
									
									
									
									
									
									
									
                    