വല്യപ്പച്ചനെയും മലേഷ്യയിലെ പാപ്പനിച്ചായനെയും അതിവിദഗ്ധമായി കൊച്ചുപ്പാപ്പന്‍ പറ്റിച്ചു. വാസ്തവം പറഞ്ഞാല്‍ രണ്ടുപേരൊഴിച്ച് സര്‍വരെയും കൊച്ചുപ്പാപ്പന്‍ വഞ്ചിച്ചു.
വല്യപ്പച്ചന്റെ ആദ്യഭാര്യയിലെ മകന്‍ കൊച്ചുകൊച്ചിനും മൂത്തമകള്‍ ചിന്നമ്മയ്ക്കുമൊഴിച്ച് ആര്‍ക്കുംതന്നെ വണ്ടന്മേട്ടിലെ സ്ഥലവും ചെവിക്കുന്നേലേ സ്ഥലവും ആരുടെ പേരിലാണ് എഴുതിയതെന്നറിയില്ല.
കൊച്ചുകൊച്ചിന് ന്യായമായി എത്തേണ്ടതെത്തി. ബാക്കി കൊച്ചുപ്പാപ്പന്റെ പേരിലുമാക്കി. അതിന്റെ നിജസ്ഥിതി അറിയാനോ തര്‍ക്കിച്ച് അവകാശങ്ങള്‍ സ്വന്തമാക്കാനോ അപ്പന്‍ ശ്രമിച്ചതുമില്ല. അച്ചോയിയുടെ ഭാര്യ വിവാഹാവസരത്തില്‍പ്പോലും ഒരുതരി പൊന്നില്ലാതെ വന്നതായതിനാല്‍ അവര്‍ക്ക് രണ്ടു സ്വര്‍ണവളകള്‍ കൊടുത്ത് വഴക്കാളിയായ അച്ചോയിയുടെ വായടപ്പിച്ചു.
കൊച്ചുപ്പാപ്പന്റെ ഭാര്യയും തഥൈവ. അവര്‍ക്ക് നാലുവളകള്‍ പണിയിച്ചു നല്കി.
മലേഷ്യയിലെ അപ്പച്ചന്‍ കൊണ്ടുവന്ന സ്വര്‍ണം രണ്ടുമൂന്നു തട്ടാന്മാരെക്കൊണ്ട് പര്യത്തെ തിണ്ണയിലിരുത്തി പണിയിപ്പിച്ച വകയിലുള്ളതെല്ലാമാണ് കുഞ്ഞവറായുടെ ഭാര്യ മറിയക്കുട്ടി ഇന്നു ഞെളിഞ്ഞിട്ടുകൊണ്ടു നടക്കുന്നത്.
മലേഷ്യേലെ അപ്പച്ചന്‍ പറഞ്ഞതാണ്: ''നമ്മുടെ ബേബീടെ ഭാര്യയ്ക്കും അവന്റെ പെങ്കുഞ്ഞുങ്ങള്‍ക്കുംകൂടെ വല്ലോം പണിതിട്ടു കൊടുക്ക്.''
അതുകേട്ട വല്യമ്മച്ചി തട്ടിട്ടുതുള്ളി: ''അവര്‍ക്ക് നാലാങ്ങളമാരൊണ്ട്, ഇടാറാകുമ്പോള്‍ അതുങ്ങള്‍ കൊടുത്തോളും, നീ എന്റെ ലീലാമ്മയ്ക്കും പിന്നെ എന്റെ അടുക്കേളേല്‍ നിക്കുന്ന ഈ മറിയപ്പെണ്ണിനും കൊടുത്താമതി''
വല്യമ്മച്ചി ഒരുപാടു സ്വത്തുള്ള വീട്ടില്‍നിന്നു വന്നതാണ്. എന്നിട്ടും, സ്വര്‍ണമുരുക്കിയുരുട്ടി മേക്കാതില്‍ വാഴക്കൂമ്പും കാതില്‍ ചുറ്റുചെയിനും, തോടയും കഴുത്തിലയും പണിയിച്ചിട്ടു.
ലീലാമ്മയ്ക്കും കിട്ടി, ബോധിച്ചു. മറിയക്കുട്ടി എല്ലാം സൂത്രത്തില്‍ കൈക്കലാക്കിയിട്ട് പാപ്പനിച്ചായന്‍ ഒന്നും തന്നില്ലേ, എന്ന് 'ഇല്ലക്കം' പാടിക്കൊണ്ടിരുന്നു.
അമ്മച്ചിക്കു വാശിയായി. സ്വന്തം മാതാപിതാക്കളോട് ഒന്നും ചോദിച്ചുവാങ്ങാനറിയാത്ത ഇച്ചാച്ചനോട് പെരുത്ത ദേഷ്യമായി.
അമ്മച്ചി തന്റെ പെണ്ണുകെട്ടാത്ത മൂത്തസഹോദരനെപോയിക്കണ്ട് തോറ്റംപാടി, പതം പെറുക്കിക്കരഞ്ഞു:
''എന്റെ കുഞ്ഞുകൊച്ചായിയേ, ഞാനെന്നും പാലും തൈരും മുട്ടയുമായി എന്റെ മക്കളെ തറവാട്ടിലേക്കു വിടും. അതും വാങ്ങി, ആ വീട്ടിലെ വേലക്കാരികളെക്കൊണ്ടുപോലും ചെയ്യിക്കാത്ത തുപ്പല്‍കോളാമ്പികളും കഴുകിച്ച് വലിയ കുട്ടകത്തില്‍വരെ വെള്ളവും കോരിക്കും, മുറ്റമായ മുറ്റമെല്ലാം, പറമ്പുവരെ അടിപ്പിച്ച് തീയിടീക്കും. തീ കത്തിപ്പിടിക്കാതിരിക്കാന്‍ എരിഞ്ഞുതീരുംവരെ അതുങ്ങളെ കാവല്‍ നിറുത്തും. പിറ്റേന്ന് ചാരം വാരി കോഴിക്കൂടിനും ആട്ടിന്‍കൂടിനും കീഴെയും ചാണകക്കുഴിയിലും അതുങ്ങള്‍തന്നേ ഇടണം. എന്നിട്ടും എന്റെ പാവം കുഞ്ഞുങ്ങള്‍ക്ക് ഒരു കോഴിക്കണ്ണോളം പോരുന്നതുപോലും കൊടുത്തില്ലല്ലോ.''
''അവരു കുഞ്ഞുങ്ങളല്ലേ? സാരമില്ല, കടുംവെട്ടുകഴിഞ്ഞാലുടനെ വടക്കേക്കാലായിലെ റബ്ബറു വെട്ടിവിയ്ക്കും, അപ്പോ നമുക്കെന്തേലും ചെയ്യാം.''
പക്ഷേ, റബ്ബര്‍ത്തടികള്‍ വിറ്റുകിട്ടിയ പണം പാവം കുഞ്ഞുകൊച്ചായിക്കു കാണികാണാന്‍ പോലുംകിട്ടിയില്ല. അത് മറ്റൊരു വഞ്ചനയുടെ കഥയാണ്. കച്ചവടം ചെയ്ത റബ്ബര്‍മരങ്ങളെല്ലാം മുറിച്ചുമാറ്റി ലോറികളില്‍ കൊണ്ടുപോയി എന്നുമാത്രം അറിയാം. അടുത്തബന്ധു നിലം വാങ്ങി, പേരില്‍ക്കൂട്ടി. അക്കാലമങ്ങനെയാണ്, വിശ്വാസവഞ്ചന ആയുധമാക്കിയവര്‍ എവിടെയും നിരവധിയാണ്.
കുഞ്ഞുകൊച്ചായി കടംവാങ്ങി കൊടുത്ത കാശും പിന്നെ പാവം അമ്മച്ചി പട്ടിണികിടന്ന് മിച്ചിച്ചെടുത്ത കുഞ്ഞുകുഞ്ഞു 'അരിച്ചിട്ടികളൊക്കെ' പിടിച്ചുകിട്ടിയ തുകയുംകൂടെച്ചേര്‍ത്ത്, കുറിയുന്നൂരെ വെളുത്ത തട്ടാനുകൊടുത്തു. നിലത്ത് മണ്ണില്‍ മാങ്ങായുടെ ചിത്രം വരച്ച് അമ്മ മോഡല്‍ കാണിച്ചുകൊടുത്തു. മാങ്ങാ ഫാഷന്‍.
മൂത്തപെമ്പിള്ളേര്‍ക്കിരു
വര്‍ക്കും മാങ്ങാക്കമ്മല്‍. ചെറുതിന് പിന്നീടാവാം.
ദുര്‍ഗതികള്‍ വിടാതെ അമ്മച്ചിയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. വെളുത്ത തട്ടാന്‍ മുഖംതരാതെ മുങ്ങിനടന്നു. അയാള്‍ പണമെടുത്തു മറിച്ചു. കമ്മല്‍ പണിതുതന്നില്ല.
ഇച്ചാച്ചന്റെ വായില്‍നിന്ന് ഒരുപാടു ചീത്ത പാവം അമ്മച്ചി കേട്ടു.
'പിടക്കോഴി കൂവി.'
''വീട്ടിലാണുങ്ങളുള്ളപ്പോള്‍ അവരാണ് ഇതിനൊക്കെ ഇറങ്ങിത്തിരിക്കേണ്ടത്, അതെങ്ങനെയാ മജിസ്‌ട്രേറ്റാന്നാ അവടെ വിചാരം, അനുഭവിക്കട്ടേ.''
എന്നിട്ടും അപ്പന്‍ ഇടപെട്ടു. തട്ടാന്റെ വീട്ടില്‍ച്ചെന്ന് മര്യാദയ്ക്കു ചോദിച്ചപ്പോള്‍ അയാള്‍ ഒളിച്ചുകളിച്ചു.
അവസാനം കുത്തിനുപിടിച്ച് കരണത്തൊന്നു പൊട്ടിച്ച് പുരുഷന്റെ വീര്യം പ്രകടിപ്പിച്ചു. തട്ടാന്റെ പെണ്ണുമ്പിള്ള കാലേല്‍ വീണുകരഞ്ഞു.
''ഗതികേടുകൊണ്ടാണേ അങ്ങേരെ ഒന്നും ചെയ്യല്ലേ.''
ഒടുവില്‍ ഒട്ടും വിലയില്ലാതെ അയാളുടെ കൂട്ടില്‍നിന്ന കറവവറ്റിയ ആടിനെ പിടിച്ചോണ്ടുവന്നു.
അമ്മയുടെ സ്വപ്നങ്ങള്‍ തകിടം മറിഞ്ഞു. എങ്കിലും തോല്ക്കാന്‍ മനസ്സില്ലായിരുന്നു.
പള്ളിയിലും കല്യാണങ്ങള്‍ക്കും മാത്രം കൈയിലണിയുന്ന കൈച്ചെയിന്‍ കൊടുത്ത് കാരാണിയിലെ പാപ്പുത്തട്ടാനെക്കൊണ്ട് മൂന്നിലയുംമുത്തും മൂന്നുവള്ളികളും ഫാഷനില്‍ മൂത്ത പെണ്‍മക്കള്‍ക്ക് കമ്മല്‍ പണിയിപ്പിച്ചു. ഇളയവള്‍ക്കു സ്വര്‍ണം തികയാഞ്ഞതിനാല്‍ രണ്ടു നീല സ്റ്റാറുകമ്മലും. അവള്‍ ആ കമ്മല്‍ ചാണകക്കുഴിയിലേക്കു വലിച്ചെറിഞ്ഞു. വീട്ടിലെ എല്ലാരുംകൂടെ അരിച്ചുപെറുക്കി ആ കമ്മല്‍ തിരിച്ചെടുത്തു. സുമ ആ ദിവസങ്ങളില്‍ കൊണ്ട അടിക്ക് കണക്കില്ലായിരുന്നു.
മേഴ്‌സി സന്തോഷംകൊണ്ട് തുള്ളിച്ചാടി. കാരണം, 'കാതൊന്നു കുത്തിച്ചുതന്നാമതിയമ്മേ ഞാന്‍ രണ്ടു നാരകമുള്ളു കുത്തി നടന്നോളാം' എന്നു പറഞ്ഞ് നിരന്തരം അമ്മച്ചിയെ അലട്ടി സമ്പാദിച്ചെടുത്തതാണ് മേഴ്‌സി.
അമ്മ ആ കൈച്ചെയിനും മീന്‍ചെതുമ്പല്‍ ഫാഷനില്‍ രണ്ടു വളകളും പണിയിച്ചെടുത്ത ചരിത്രം എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനം നല്കുന്നതാണ്.
അമ്മയുടെ സ്വന്തംവീട്ടില്‍ മരച്ചീനി പറിച്ചുണങ്ങുന്ന കാലങ്ങളില്‍ അമ്മയുടെ സഹോദരന്മാര്‍ പൊടിക്കപ്പ മുഴുവന്‍ അമ്മയ്ക്ക് ഇഷ്ടദാനമായി നല്കും. അതിന്റെ കരിന്തൊലി കളഞ്ഞ് അരിഞ്ഞ് വെള്ളുകപ്പയായി ഉണങ്ങിയെടുക്കും. ഭക്ഷ്യയോഗ്യമായ, കപ്പചെത്തിന്റെ പ്രാരബ്ധം ഒന്നുമില്ല. പുറന്തൊലി എളുപ്പം കളഞ്ഞെടുക്കാം. വാട്ടണ്ട. കപ്പ ഉണങ്ങിക്കഴിയുമ്പോള്‍ അമ്മയുടെ ആങ്ങളമാര്‍ കാളവണ്ടികളില്‍ കപ്പ വില്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ കുഞ്ഞുപെങ്ങളുടെ കപ്പയും വേറെ വേറെ ചാക്കുകളിലാക്കി കൊണ്ടെ വില്ക്കും. കന്നുകാലിക്ക് അതു പ്രയോജനപ്പെടും. കപ്പപൊടിച്ച് പിണ്ണാക്കിനും തവിടിനുമൊപ്പം അല്പംചേര്‍ത്ത് കന്നുകാലിക്കു നല്കാന്‍, നല്ലൊരു കാലിത്തീറ്റയാണത്.
കിട്ടുന്ന പണം മുഴുവന്‍ സഹോദരന്മാര്‍ അമ്മയ്ക്കു നല്കും. അങ്ങനെ അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വര്‍ണമാണ്.
കമ്മലിട്ടപ്പോള്‍ ലിസിക്കും സന്തോഷമായി. കമ്മലിട്ട് കണ്ണാടിയില്‍ നോക്കിയപ്പോളാണ് ആ മാറ്റം അറിയുന്നത്. അവള്‍ മനസ്സില്‍ പറഞ്ഞു: ''ലിസീ നിന്നെക്കാണാന്‍ ഇപ്പം എത്ര ഭംഗിയാടീ.''
അവള്‍ അമ്മയോടു ചോദിച്ചു: ''ഞങ്ങളില്‍ ആര്‍ക്കാ അമ്മേ കമ്മല്‍ കൂടുതല്‍ ഇണങ്ങുന്നത്?''
മേഴ്‌സി കൂടുതല്‍ വെളുത്തവളാണ്. ലിസിക്ക് മേഴ്‌സിയുടെ അത്രതന്നെ നിറമില്ലെങ്കിലും വെളുത്തിട്ടാണ്. നിറം കുറഞ്ഞവര്‍ക്ക് പൊന്നാഭരണങ്ങള്‍ കൂടുതലഴകാണെന്നവള്‍ക്കറിയാം.
അമ്മ പറഞ്ഞു: ''പൊന്നിട്ടാല്‍ ഇണക്കം കുറയുന്നത് ഭാഗ്യലക്ഷണമാണ്, അവര്‍ക്കു ധാരാളം കിട്ടും.''
അതാണ് അമ്മയുടെ ബുദ്ധി. മക്കളെ താഴ്മയുള്ളവരാക്കിയെടുക്കുകയാണ്.
അമ്മ തുടര്‍ന്നു പറഞ്ഞു: ''നിഗളം ദൈവം സഹിക്കില്ല, ലൂസിഫറിനെയും സംഘത്തെയും സ്വര്‍ഗത്തില്‍നിന്ന് അപ്പന്‍ തള്ളിയിട്ടത് നിഗളിച്ചിട്ടാണ്. മാലാഖമാരുടെ ഗായകസംഘത്തിലുള്ളവര്‍. തലവന്‍ ലൂസിഫര്‍, ഉള്ളത്തില്‍ പറഞ്ഞു: 'നമ്മളും ദൈവത്തിനു സമന്മാരാണ്' ചിന്തിച്ച നിമിഷം ദാ താഴെ കിടക്കുന്നു, പാതാളത്തില്‍! ദൈവം നല്ലവനായതുകൊണ്ട് കൊടുത്ത നന്മകളൊന്നും തിരിച്ചെടുത്തില്ല. ലൂസിഫറും സംഘവുമാണ് ലോകത്തിലെ സര്‍വതിന്മകളുടെയും ഹേതുവായവര്‍. സ്വാര്‍ഥത കാണിക്കുന്നതും, മനുഷ്യനെ തമ്മില്‍ തല്ലിച്ച് കൊല്ലുന്നതുമെല്ലാം. എന്റെ മക്കള്‍ കര്‍ത്താവിനെ നന്നായി സ്തുതിച്ചേ, കര്‍ത്താവാണ് നിങ്ങള്‍ക്കിതൊക്കെയും തരുന്നത്, ഞാന്‍ ഒരു മുഖാന്തരം മാത്രം.
അടികൊണ്ടു കരഞ്ഞു തളര്‍ന്ന സുമയോട് അപ്പന്‍ പറഞ്ഞു: ''കൊടിമുളകുപറിക്കുന്ന സമയമാകുമ്പം ഇച്ചാച്ചന്‍ മക്കള്‍ക്ക് നല്ല ജിമിക്കിക്കമ്മല്‍ പണീപ്പിച്ചു തരാം.'
അപ്പന്‍ കൊടുക്കില്ലെന്ന് അറിയാവുന്ന അമ്മ അര്‍ഥഗര്‍ഭമായി ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''മുളകുകച്ചോടസമയത്ത് സ്വര്‍ണം പണയം വയ്ക്കാന്‍ ചോദിക്കും, തിരിച്ചെടുത്തു കിട്ടണേ തപസ്സു ചെയ്യണ്ടേ? എന്റെ വീട്ടീന്നു റോയിമോനും മേഴ്‌സിക്കും കൊടുത്ത പൊന്നരഞ്ഞാണങ്ങളെന്തിയേ? ബാങ്കുകാര്‍ ലേലം ചെയ്‌തോ?''
ഇച്ചാച്ചന്‍ മറുപടി പറയാതെ ഊറിച്ചിരിച്ചു. വരുമാനം കുറഞ്ഞവീട്ടില്‍ ഒമ്പതംഗങ്ങളെ പോറ്റുന്ന പെടാപ്പാട്.
പാവം അപ്പനുമമ്മയും.
''നമ്മക്കു കമ്മല്‍ വേണ്ടാരുന്നു അല്ലേ മേഴ്‌സിച്ചേച്ചീ.''
''പോ പെണ്ണേ എല്ലാ വീട്ടിലും ഇങ്ങനെയൊക്കെയാ, നിനക്കു വേണ്ടേല്‍ ഊരി സുമയ്ക്കു കൊടുത്തേക്ക്.''
ലിസി ഓര്‍മ്മകളുടെ ആഴക്കടലില്‍ നീന്തിത്തുടിക്കുകയാണ്. തന്നെ കൂടാതെ സഹോദരങ്ങള്‍ ആറുപേരുകൂടെയുണ്ട്.
റോയിച്ചന്‍, മേഴ്‌സി, ജാക്‌സണ്‍, സുമ, സാജന്‍, മോനു. എല്ലാവര്‍ക്കും ഓരോ വയസ്സിന്റെയും ഈരണ്ടു വയസ്സിന്റെയും ഇളപ്പം മാത്രം.
തിന്നാറായ ഏഴു കുട്ടികള്‍. പഠനത്തില്‍ അതിസമര്‍ഥനായിരുന്ന റോയിച്ചനെ, സ്‌കൂളില്‍ ടോപ്പ് മാര്‍ക്കോടെ പത്താംതരം പാസ്സായിട്ടും കോളജില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ മാര്‍ഗമില്ല.
മലേഷ്യയിലെ അപ്പച്ചനോടു റോയിച്ചന്‍ പലവട്ടം, കുടുംബബന്ധുവായ ചക്കാലയ്ക്കലപ്പച്ചനെക്കൊണ്ട് കത്തിലൂടെ ശിപാര്‍ശ നടത്തിപ്പിച്ചതാണ്.
മക്കളില്ലാത്ത ചക്കാലയ്ക്കലപ്പച്ചന്‍ തന്റെയും ഭാര്യയുടെയും സ്വന്തം സഹോദരങ്ങളുടെ മക്കളില്‍ പലരെയും പഠിപ്പിച്ചു. സഹോദരിയുടെ ഒരു മകനെ ഐ.പി എസുകാരനാക്കി.
ശിപാര്‍ശകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. മലേഷ്യനപ്പച്ചന്റെ മനസ്സലിഞ്ഞില്ല. മക്കളില്ലാത്ത അപ്പച്ചന് ഇപ്പോള്‍ ബര്‍ണാഡ് എന്ന ഒരു ദത്തുപുത്രനുണ്ട്. ലിസിയെക്കാള്‍ ഒരു വയസ്സിനിളപ്പമാണവന്.
ഒടുവില്‍ കാത്തുകാത്തിരുന്ന ആ മറുപടി കിട്ടി: ''എന്നും എല്ലാരേം സംരക്ഷിച്ചോളാം എന്നു ഞാനാര്‍ക്കും വാക്കുകൊടുത്തിട്ടില്ല, എനിക്കും ഒരു മോനുണ്ട്. അവനുവേണ്ടി കരുതണം.''
ആ മറുപടിക്കത്തിന്റെ പിന്നിലെ ദുഷ്ടബുദ്ധി മറിയക്കുട്ടിക്കൊച്ചമ്മയുടേതാണെന്ന്, പിന്നീട് കാലം ബോധ്യപ്പെടുത്തിത്തന്നു.
ലിസി ജനിച്ചപ്പോള്‍ മലേഷ്യലെ പേരമ്മ ദത്തിനു ചോദിച്ചതാണ്. എന്നാല്‍, അമ്മ കൊടുത്തില്ല. ഇച്ചാച്ചന്‍ പറഞ്ഞു: ''മുലകുടി മാറട്ടേ, ഓടിക്കളിക്കാറാവുമ്പം തരാം.''
''അങ്ങനെ വേണ്ടാ, ഞങ്ങള്‍ വളര്‍ത്തി വലുതാക്കിക്കോളാം, ഞങ്ങളെ ഡാഡി മമ്മി വിളിച്ച് അവള്‍ വളരുന്നതാണ് ഉചിതം.''
അമ്മ സ്വകാര്യമായി മറിയക്കുട്ടിയോടു പറഞ്ഞുപോലും: ''എന്റെ പൊന്നേ, മുലകുടിമാറിയാലും ഓടിക്കളിക്കാറായാലും ഞാന്‍ കൊടുക്കില്ല. എന്റെ അമ്മയുടെ പേരുമിട്ട്, എന്റെ അമ്മ തലതൊടാനിരിക്കുന്ന കുട്ടിയാണവള്‍.''
രണ്ടുമാസത്തെ ലീവിനു നാട്ടില്‍വന്ന അപ്പച്ചനും അമ്മച്ചിയും വളരെപ്പെട്ടെന്ന് തിരിച്ചുപോയി. അവര്‍ക്ക് മലേഷ്യയിലെ സ്വത്തു കൂടാതെ ബോംബെയിലും മദ്രാസ്സിലും ഫ്‌ളാറ്റുകളൊക്കെയുണ്ട്. അപ്പച്ചന് ഭാഗ്യത്തിനുമേല്‍ ഭാഗ്യമാണ്. അത്തവണ മദ്രാസ്സില്‍ ചെന്നപ്പോള്‍ അപ്പച്ചനെടുത്ത ഒരു ലോട്ടറി അടിച്ചു. ആ തുകയ്ക്ക് മദ്രാസ്സില്‍ത്തന്നെ സ്ഥലവും കെട്ടിടവും വാങ്ങി.
രാജഭരണം നിലവിലുള്ള രാജ്യമാണ് മലയാ എന്ന മലേഷ്യ. ലീഗല്‍ അഡൈ്വസറായിരുന്ന അപ്പച്ചന്‍ ഒരു മഹാപ്രതിസന്ധിഘട്ടത്തില്‍ രാജാവിനെ സഹായിച്ചതിന്റെ പേരില്‍ പത്തുപവന്റെ മാലയും സ്വര്‍ണ്ണമെഡലും ബംഗ്ലാവും കാറും മറ്റും കരമൊഴിവായി രാജാവ് സമ്മാനിച്ചു.
രാജാവ് മെഡല്‍ ധരിപ്പിച്ച ഫോട്ടോയിലേക്കു നോക്കിക്കൊണ്ട് മകനെ ഒരുനോക്കു കാണാന്‍ കൊതിച്ചാണ് വല്യപ്പച്ചന്‍ ദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.
(തുടരും)