ലൈ 12 ശ്ലീഹാക്കാലം ആറാം ഞായര്‍
നിയ 4:1-8 ഏശ 2:1-5
1 കോറി 10:23-31 ലൂക്കാ 12:57-13:5
നിയമാവര്‍ത്തനപ്പുസ്തകം ക്രമീകരിച്ചിരിക്കുന്നത് വാഗ്ദത്തനാട്ടിലേക്ക് ഇസ്രയേല്‍ജനം പ്രവേശിക്കുന്നതിനുമുമ്പ് മോശ നല്കുന്ന പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തപ്രഭാഷണങ്ങളായിട്ടാണ്. അതില്‍ ആദ്യപ്രഭാഷണം, നിയമാവര്‍ത്തനപ്പുസ്തകം 1:6; 4:40, മരുഭൂമിയിലൂടെയുള്ള ഇസ്രയേല്‍ജനത്തിന്റെ യാത്രയെ അനുസ്മരിച്ചുകൊണ്ട് മോശ നടത്തുന്ന പ്രഭാഷണമാണ്. അതിന്റെ സമാപനമാണ് നാലാം അധ്യായം.
ഈ വചനഭാഗത്ത് മോശ ജനത്തോടാവശ്യപ്പെടുന്നത് തന്നിലൂടെ ദൈവം നല്കിയ നിയമം ഇസ്രയേല്‍ജനത കേള്‍ക്കുക മാത്രമല്ല; മറിച്ച്, അവര്‍ അത് അനുഷ്ഠിക്കുന്നവരാകണം എന്നാണ്. നിയമം കേള്‍ക്കുന്നവര്‍ മാത്രമാകാതെ അതു പ്രവര്‍ത്തിക്കുന്നവരാകണം. വചനഭാഗത്ത് ആവര്‍ത്തിച്ചുപറയുന്ന കാര്യം നിയമം അനുസരിക്കണം (4:1, 3), അനുഷ്ഠിക്കണം (4:5), പ്രവര്‍ത്തിക്കണം (4:6), നിയമം ജീവിക്കണം (4:1) എന്നാണ്. നിയമം എന്നതുകൊണ്ട് ഇവിടെ ഉദേശിക്കുന്നത് പത്തുകല്പനകള്‍ മാത്രമല്ല; പ്രത്യുത, തോറായാണ്; ദൈവവചനമാണ്. ദൈവവചനത്തെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കാനുള്ള ആഹ്വാനമാണ് മോശ നല്കുന്നത്. കര്‍ത്താവേ, കര്‍ത്താവേ, എന്ന് എന്നെ വിളിച്ചപേക്ഷിക്കുന്നവനല്ല; പ്രത്യുത സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതെന്നും (മത്താ 7:21) വചനം ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ വിവേകമതിയായ മനുഷ്യനാണ് (മത്താ. 7:24) എന്നും ഈശോ പഠിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ട് ഇസ്രയേല്‍നിയമം പാലിക്കുന്നവരാകണം എന്നതിനു മോശ വിവിധ കാരണങ്ങള്‍ ജനത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും അവര്‍ക്ക് അനുസരണംമൂലം ലഭിക്കും (4:1), ഇസ്രയേലിനു ദൈവം ചെയ്തിട്ടുള്ള മഹത്തായ ചെയ്തികള്‍ക്ക് അവിടുത്തോടു കാണിക്കുന്ന നന്ദിയാണ് അനുസരണം, ദൈവത്തിന്റെ സ്‌നേഹത്തോടുള്ള മനുഷ്യന്റെ പ്രത്യുത്തരമാണ് അനുസരണം (4:37), അവര്‍ അനുസരിക്കുവന്‍ കടപ്പെട്ടവരാണ്; കാരണം, അവര്‍ ദൈവത്തിന്റേതാണ് (നിയമ 14:1). നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? (4:7). അനുസരണം ജനതകളുടെ മുമ്പില്‍ ഒരു സാക്ഷ്യമായിരിക്കും. ഇസ്രയേല്‍ സാക്ഷ്യം നല്കുന്നതിനു വിളിക്കപ്പെട്ടവരാണ്. തങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ അനുസരിക്കുന്നതിലൂടെ ജനതകളുടെയിടയില്‍ ഇസ്രയേല്‍ജനം അവിടുത്തേക്കു സാക്ഷ്യം നല്കുകയാണ്.
ഇസ്രയേലിനു വരാനിരിക്കുന്ന മഹത്ത്വത്തെക്കുറിച്ചാണ് രണ്ടാമത്തെ വായനയില്‍ ഏശയ്യാപ്രവാചകനിലൂടെ സംസാരിക്കുന്നത്. അവസാനനാളുകളില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, യുഗാന്ത്യത്തെക്കുറിച്ചല്ല; മറിച്ച്, ഇസ്രയേല്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് അവസാനം എന്ന അര്‍ഥത്തിലാണ്. 'സിയോനില്‍നിന്നു കര്‍ത്താവിന്റെ നിയമം പുറപ്പെടും; അവിടുത്തെ വചനം ജറുസലേമില്‍നിന്നും' എന്നു പറയുന്നത് മിശിഹായുടെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള സൂചനയാണ്. സിയോനില്‍നിന്നു പുറപ്പെടുന്ന വചനം മിശിഹാതന്നെയാണ്. കര്‍ത്താവ് നല്കുന്ന സമാധാനം സൂചിപ്പിക്കുന്ന വചനമാണ് അവരുടെ വാള്‍ കൊഴുവും കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും (2:3) എന്നത്. അതായത്, അവരുടെ യുദ്ധോപകരണങ്ങള്‍ പണിയായുധങ്ങളാക്കി മാറ്റപ്പെടും. യുദ്ധങ്ങള്‍ അവസാനിക്കും എന്നതിന്റെ സൂചനയാണ് ഇതു നല്കുന്നത്.
മൂന്നാമത്തെ വായന പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍നിന്നുമാണ്. കോറിന്തോസിലെ വിശ്വാസികള്‍ക്കിടയിലുണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ വചനഭാഗം. ആദിമസഭയില്‍; പ്രത്യേകിച്ച്, പൗലോസ് ശ്ലീഹായുടെ പ്രവര്‍ത്തനഫലമായി വിജാതീയരുടെയിടയില്‍ രൂപംകൊണ്ട കോറിന്തോസിലെ സഭയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അവയിലൊന്ന് വിശ്വാസത്തിലേക്കു വരാത്തവരുമായുള്ള വിശ്വാസികളുടെ ബന്ധം എപ്രകാരമായിരിക്കണം; അവരുടെ ആചാരങ്ങളോടുള്ള മനോഭാവം എന്തായിരിക്കണം എന്നതാണ്. ശ്ലീഹാ പറയുന്നു: നിങ്ങള്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മറ്റുള്ളര്‍ നിങ്ങളെ ഭക്ഷണത്തിനുവിളിക്കുകയാണെങ്കില്‍ അവര്‍ വിളമ്പിത്തരുന്ന എന്തും മനശ്ചാഞ്ചല്യം കൂടാതെ കഴിച്ചുകൊള്ളുക എന്നാണ്. കാരണം, ഭൂമിയും അതിലുള്ളതെല്ലാം കര്‍ത്താവിന്റേതാണ്. തുടര്‍ന്നാണ് ഒരു പ്രത്യേക വിഷയം പൗലോസ് ശ്ലീഹാ ചര്‍ച്ചചെയ്യുന്നത്. അതായത്, കഴിക്കാന്‍ വിളമ്പിയിരിക്കുന്ന ഭക്ഷണം വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്തുചെയ്യണം? ഇപ്രകാരമുള്ള മാംസം രണ്ടുവിധത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 1. മേല്പറഞ്ഞവിധത്തില്‍ വിജാതീയരുടെ ഭവനങ്ങളില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ 2. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച മാംസം ചന്തയില്‍നിന്നു വാങ്ങുന്നത്. അക്കാലത്ത് വിജാതീയരുടെ ക്ഷേത്രങ്ങളില്‍ ബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ മാംസം ചന്തയില്‍ വാങ്ങാന്‍ ലഭിക്കുമായിരുന്നു അപ്രകാരമുള്ള മാംസം വാങ്ങി ഭക്ഷിക്കുന്നതും ഒരു വിഷയമായിരുന്നു. പൗലോസ് ശ്ലീഹാ പറയുന്നു: ഒരു യഥാര്‍ഥവിശ്വാസിക്ക് ഇവ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. കാരണം, അവനെ സംബന്ധിച്ച് ഒരു ദൈവമേയുള്ളൂ. മറ്റു ദൈവങ്ങളൊന്നുമില്ല. അതിനാല്‍ അവന് ഏതു ഭക്ഷണവും കഴിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ പൗലോസ് പറയുന്നു: ഭക്ഷണത്തിനൊന്നും മതമില്ല. എന്നാല്‍, വിശ്വാസത്തില്‍ ഉറയ്ക്കാത്തവര്‍ക്ക്; പ്രത്യേകിച്ച്, ജനതകളുടെ യിടയില്‍നിന്നു പുതുതായി സ്വീകരിച്ചവര്‍ക്ക് ഇത് ഒരു പക്ഷേ ഇടര്‍ച്ചയ്ക്കു കാരണമാകാം. അതായത്, അവര്‍ ഇത്രയുംനാള്‍ പൂജിതമായി അര്‍പ്പിച്ചു കഴിച്ചിരുന്നതു തുടര്‍ന്നും അതേ മനോഭാവത്തോടെ കഴിക്കാന്‍ ഇടയുണ്ട്. അത്തരം സാഹചര്യത്തില്‍ ഇപ്രകാരമുള്ള ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നതാണ് ഉത്തമമെന്നു പഠിപ്പിക്കുന്നു. നിയമങ്ങളെ വിവേകത്തോടെ ഉപയോഗിക്കണം എന്നാണ് ശ്ലീഹാ പഠിപ്പിക്കുന്നത്.
സുവിശേഷത്തിലൂടെ ലൂക്കാശ്ലീഹാ അനുതാപത്തിനും അനുരഞ്ജനത്തിനുമുള്ള ആഹ്വാനമാണ് നല്കുന്നത്. ന്യായാധിപന്റെ പക്കലേക്കു പോകുമ്പോള്‍ത്തന്നെ ശത്രുവുമായി രമ്യതപ്പെടാന്‍ വചനം ആവശ്യപ്പെടുന്നു. ശിക്ഷ ഒഴിവാക്കുന്നതിനുള്ള മാര്‍ഗമാണത്. ഈശോ പറയുന്ന രണ്ട് ഉദാഹരണങ്ങളാണ് ലൂക്കാശ്ലീഹാ എടുത്തുകാട്ടുന്നത്. ശീലോഹായിലെ ഒരു ദുരന്തവും, പീലാത്തോസിന്റെ ഒരു ക്രൂരകൃത്യവും. രണ്ടു ദുരിതങ്ങള്‍ പരാമര്‍ശിച്ചിട്ട് ഈശോ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നു: ഒരുവന് എന്തെങ്കിലും സഹനമോ ദുരന്തമോ ഉണ്ടാകുമ്പോള്‍ അത് അവനെതിരേ വിധി പ്രസ്താവിക്കുവാനുള്ള അവസരമായി മാറ്റരുത്. സഹനമോ ദുരന്തമോ ഉണ്ടാകുന്നതു കാണുമ്പോള്‍ നീ അവരെക്കാള്‍ മെച്ചപ്പെട്ടവനാണെന്നു ചിന്തിക്കരുത്. നിനക്ക് ഒരു അടയാളമായി അവ മാറണം. അവ നിന്നെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കണം.