ഓഗസ്റ്റ് 10
കൈത്താക്കാലം  മൂന്നാം ഞായര്‍
നിയ 5:6-16  ഏശ 5:1-7
2 കോറി 7:1-11   യോഹ 9:1-12, 35-38
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുമുള്ള വചനഭാഗം ദൈവം മോശയിലൂടെ നല്കിയ  പത്തുകല്പനകള് മോശ ജനത്തോടു വിവരിക്കുന്നതാണ്.  പത്തു കല്പനകളില് ആദ്യത്തെ മൂന്നു കല്പനകളാണ് ദൈവം ഇസ്രയേല്ജനതയിലൂടെ പ്രത്യേകമായി നല്‍കിയെതന്ന് ഒരുവിധത്തില്‍ പറയാം. കാരണം, മറ്റുകല്പനകളെല്ലാം ലോകത്തില്‍ അതിനുമുമ്പും നിലനിനിന്നിരുന്ന ആചാരങ്ങളുടെയും നിയമങ്ങളുടെയുമെല്ലാം ഭാഗമായി ഉണ്ടായിരുന്നവതന്നെയായിരുന്നു. ബാബിലോണിയന്‍ സംസ്കാരത്തിന്റെ ഭാഗമായുണ്ടായിരുന്ന ഹമുറാബിനിയമസംഹിതയിലെ 282 നിയമങ്ങളില്‍  ഇവയെല്ലാമുണ്ടായിരുന്നതാണ്. എന്നാല്‍, ദൈവത്തെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ അനന്യമായിരുന്നു. അതായത്, ദൈവം ഒന്നേയുള്ളൂ എന്നും ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും  ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്; അവിടുത്തെ ദിവസം പരിശുദ്ധമായി ആചരിക്കണമെന്നുമുള്ള കല്പനകള്. ആദ്യത്തെ മൂന്നു കല്പനകള് വിശദമായി വിശുദ്ധബൈബിളില് നല്കിയിരിക്കുന്നതിലൂടെ ഇതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ദൈവമല്ലാത്തവയെ ദൈവമായി ആരാധിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തിന്മയാണെന്നും വചനം പഠിപ്പിക്കുന്നു. ഏകസത്യദൈവത്തിന്റെ സ്ഥാനത്ത് മറ്റൊന്നും പ്രതിഷ്ഠിക്കരുതെന്നും കല്പന നല്കി. 
സ്നേഹിക്കുന്ന, രക്ഷിക്കുന്ന, കാരുണ്യം വര്‍ഷിക്കുന്ന; എന്നാല്‍ തിന്മയോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു ദൈവത്തെയാണ് മോശയിലൂടെ വെളിപ്പെടുത്തുന്നത്.  തന്നെ സ്നേഹിക്കുന്നവരുടെമേല്‍ ആയിരം തലമുറവരെയും കാരുണ്യം വര്‍ഷിക്കുമെന്നും തന്നെ വെറുക്കുന്നവര്‍ക്ക് മൂന്നും നാലും തലമുറവരെയും ശിക്ഷ നല്‍കുമെന്നും പറയുമ്പോള്‍  ദൈവത്തിന്റെ കാരുണ്യത്തിന്റെ വലുപ്പമാണ് എടുത്തുകാണിക്കുന്നത്. ആയിരത്തിനെ മൂന്നിനോടും നാലിനോടും തുലനം ചെയ്യുമ്പോള്‍ ആയിരം വളരെ വലുതാണ്. ദൈവത്തിന്റെ കരുണ അത്രമാത്രം വലുതാണെന്നു തിരുവചനം പഠിപ്പിക്കുന്നു. അല്ലാതെ തലമുറകള്‍ എണ്ണി ശിക്ഷിക്കാന്‍ അല്ലെങ്കില്‍ രക്ഷിക്കാന്‍ നോക്കിയിരിക്കുന്ന ഒരു ദൈവത്തെ കാണിച്ചുതരുകയല്ല തിരുവചനം ചെയ്യുന്നത്. ആയിരം തലമുറകള്ക്കകത്തുവരാത്ത ഒരു മൂന്നുംനാലും ഉണ്ടാവുകയില്ല. അതിനാല്‍ത്തന്നെ ദൈവത്തിന്റെ കരുണ എല്ലാവര്‍ക്കുമുള്ളതാണ്. തെറ്റുചെയ്യുന്നവരോടും കരുണകാണിക്കുന്നവനാണ് അവിടുന്ന്. എന്നാല്‍, തെറ്റിനു ശിക്ഷ നല്കുന്നവനുമാണ്. ശിക്ഷ നശിപ്പിക്കുന്നതിനുവേണ്ടിയല്ല; മറിച്ച്, അതു ശിക്ഷണമാണ്; രക്ഷ പ്രദാനം ചെയ്യുന്നതാണ്. ശിക്ഷണം തത്സമയം വേദനാജനകമെങ്കിലും അതു നല്‍കുന്നത് രക്ഷിക്കുന്നതിനും വളര്ത്തുന്നതിനുംവേണ്ടിയാണ്. 
   താന്‍ പ്രത്യേകം സംരക്ഷിച്ചു വളര്‍ത്തിയ ഇസ്രയേല്‍ നല്ല ഫലം നല്‍കാതെ ചീത്ത ഫലം നല്കിയപ്പോള് ഇസ്രയേലിനു ശിക്ഷണം നല്‍കുന്നതിനെക്കുറിച്ച് ഏശയ്യാപ്രവാചകന് ഒരു ഉപമയിലൂടെ സംസാരിക്കുന്നതാണ് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നു ശ്രവിക്കുന്നത്. മുന്തിരിത്തോട്ടത്തിന്റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കുമെന്നു പറയുന്നത് ഇസ്രയേലിനു നഷ്ടമാകുന്ന സംരക്ഷണവും അവര്‍ നേരിടാന്‍ പോകുന്ന അന്യദേശങ്ങളുടെ ആക്രമണവുമാണ് സൂചിപ്പിക്കുന്നത്. ഇസ്രയേലിനെ അടിമത്തത്തിലേക്കു വിട്ടുകൊടുത്തത് ദൈവംതന്നെയാണ്. അത് അവര്‍ക്ക് ഒരു ശിക്ഷണമാകുന്നതിനുവേണ്ടിയായിരുന്നു. അവര്‍ നേരിടേണ്ടിവന്ന സഹനം തങ്ങളെ തെറ്റില്‍നിന്ന് അകറ്റുന്നതിനുള്ള ദൈവികശിക്ഷണത്തിന്റെ ഭാഗമായി പിന്നീട് ഇസ്രയേല്‍ജനം മനസ്സിലാക്കുന്നുണ്ട്.     
   ഈ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ക്കാരുടെ ഇടയില്‍ വളര്‍ന്നുവന്ന ഒരു ചിന്താധാരയും വിശ്വാസവുമായിരുന്നു മനുഷ്യരുടെ ജീവിതത്തിലെ ദുരിതങ്ങളും സഹനങ്ങളുമെല്ലാം ദൈവത്തിന്റെ ശിക്ഷയാണ് എന്നുള്ളത്. ആ ചിന്താരീതിയിലേക്കാണ് സുവിശേഷഭാഗത്ത് ഈശോയുടെ ശിഷ്യന്മാര് കടക്കുന്നത്. എന്നാല്‍, ഈശോ അതിനൊരു തിരുത്തു നല്‍കുകയാണ്. സഹനങ്ങളെ ദൈവത്തിന്റെ ശിക്ഷയായിമാത്രം കാണണമെന്നില്ല; മറിച്ച്, ദൈവമഹത്ത്വം വെളിപ്പെടുന്ന നിമിഷങ്ങളായും അതിനെ തിരിച്ചറിയണമെന്നാണ് ഈശോ പറയുന്നത്. അന്ധനായി ജനിച്ചത് അയാളുടെയോ അയാളുടെ പാപത്തിന്റെയോ ഫലമായല്ല; മറിച്ച് ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുവാനാണ്. 
സഹനം മനുഷ്യരുടെ തെറ്റിന്റെ ഫലമായി ഉണ്ടാകാം; എന്നാല്‍, എല്ലാ സഹനങ്ങളും അപ്രകാരമായിരിക്കണമെന്നില്ല. ഒരുപക്ഷേ ചില സഹനത്തിന്റെ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതായിരിക്കാം നമ്മെ കൂടുതല്‍ നന്മയിലേക്കു നയിക്കുന്നത്. ഇന്നത്തെ ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത് ദൈവഹിതപ്രകാരമുള്ള ദുഃഖത്തെക്കുറിച്ചാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ മാനസാന്തരത്തിലേക്കു നയിക്കുമെന്നാണ് ശ്ലീഹാ പറയുന്നത്. സഹനങ്ങളെ രക്ഷാകരമായ മൂല്യങ്ങളോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍ നിരാശയിലേക്കല്ല പ്രത്യാശയിലേക്കാണു നമുക്കു ചെന്നെത്താനാവുന്നത്.
                
							
 ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 
                    
									
									
									
									
									
									
									
									
									
									
                    