ഓഗസ്റ്റ് 31 കൈത്താക്കാലം ആറാം ഞായര്‍
ലേവ്യ 19:1-4, 9-14 ഏശ 29:19-24
1 തെസ 2:1-12 ലൂക്കാ 17:11-19
ആരാധനക്രമപരമായി കൈത്താക്കാലം അവസാനആഴ്ചയില്‍ എത്തിയിരിക്കുകയാണ് നാം. സദ്ഫലങ്ങള്‍ നല്കി വിശ്വാസത്തില്‍ വളരുന്നതിനെക്കുറിച്ചാണ് കൈത്താക്കാലത്തു ധ്യാനിച്ചിരുന്നത്. വിശുദ്ധിയുള്ളവരായിരിക്കുക; വിശ്വാസത്തില്‍ വളരുകയെന്നതാണ് കൈത്താക്കാലം അവസാനഞായറാഴ്ചത്തെ വചനഭാഗങ്ങളുടെയെല്ലാം പ്രധാന വിചിന്തനവിഷയം. ശാരീരികവും ആത്മീയവുമായ വിശുദ്ധിയെക്കുറിച്ചാണു പറയുന്നത്. സൗഖ്യം പ്രാപിച്ച കുഷ്ഠരോഗിയുടെ നന്ദിപ്രകടനം അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും അടയാളമായിട്ടാണ് വചനം കാണുന്നത്. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ് ഈശോ ആ കുഷ്ഠരോഗിയെ പ്രശംസിച്ചുകൊണ്ടു പറയുന്നത്.
ഈശോ ജറുസലേമിലേക്കുള്ള യാത്രയില്‍, സമരിയായിലൂടെ കടന്നുപോകുമ്പോള്‍ സമൂഹം ഭ്രഷ്ടു കല്പിച്ച് അകറ്റിനിറുത്തിയിരുന്ന കുഷ്ഠരോഗികള്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുകയാണ്. അവരെ രോഗത്തില്‍നിന്നു സൗഖ്യം പ്രാപിക്കുന്നതിനായി കര്‍ത്താവിന്റെ പക്കലേക്കു പറഞ്ഞയയ്ക്കുകയാണ് ഈശോ ചെയ്യുന്നത്. പോകുംവഴിയാണ് അവര്‍ സൗഖ്യമുള്ളവരായി മാറുന്നത്. സൗഖ്യമുള്ളവനായി മാറിയപ്പോള്‍ ഒരുവന്‍മാത്രം, അതും ഒരു വിജാതീയന്‍, ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് ഈശോയുടെ പക്കലേക്കു തിരിച്ചുവന്നു. കുഷ്ഠരോഗം ബാധിച്ചാല്‍ ഒരുവനെ സമൂഹത്തില്‍നിന്നു മാറ്റിനിറുത്തുകയും ദൈവാലയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. വീണ്ടും സമൂഹത്തിലേക്കു തിരിച്ചുവരണമെങ്കില്‍ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നു. മിശിഹായുടെ ജറുസലേംയാത്രയുടെ ലക്ഷ്യം എന്താണെന്നു വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണുന്നത്. അകറ്റിനിര്‍ത്തിയിരിക്കുന്നവരെ ദൈവസന്നിധിയില്‍ ചേര്‍ത്തുനിര്‍ത്തുകയും അശുദ്ധരെ ശുദ്ധിയുള്ളവരാക്കി മാറ്റുകയും ചെയ്യുക. ദൈവസന്നിധിയില്‍ നില്‍ക്കുന്നതിനു യോഗ്യതയുള്ളവരാക്കി മാറ്റുകയാണ് ഈ സൗഖ്യം നല്കലിലൂടെ ഈശോ ലക്ഷ്യം വയ്ക്കുന്നത്. ദൈവസന്നിധിയില്‍ നില്‍ക്കുന്നതിന് ആന്തരികവും ബാഹ്യവുമായ ശുദ്ധി വേണമെന്നു തിരുവചനം ഓര്‍മിപ്പിക്കുന്നു.
ഈ ഞായറാഴ്ച വിശുദ്ധ കുര്‍ബാനമധ്യേ പ്രഘോഷിക്കപ്പെടുന്ന ഒന്നാമത്തെ തിരുവചനഭാഗം ലേവ്യരുടെ പുസ്തകത്തില്‍നിന്നുമുള്ളതാണ്. ലേവ്യരുടെ പുസ്തകത്തിന്റെ പ്രധാന ദൈവശാസ്ത്രം ദൈവമായ കര്‍ത്താവ് പരിശുദ്ധനായിരിക്കുന്നതുപോലെ അവിടുത്തെ സന്നിധിയില്‍ വരുന്നവരും പരിശുദ്ധരായിരിക്കണമെന്നതാണ്. സീനായ് ഉടമ്പടിയിലൂടെ ഇസ്രയേല്‍ ദൈവത്തിന്റെ സ്വന്തം ജനമായി മാറുകയും ദൈവം തന്റെ സാന്നിധ്യം ജനത്തിനിടയില്‍ പ്രത്യേകമായി നല്കുകയും അവരുടെകൂടെ ആയിരിക്കുകയും ചെയ്യുന്നതാണ് പുറപ്പാട് പുസ്തകത്തിന്റെ അവസാനം നാം കാണുന്നത്. തങ്ങളുടെ കൂടെയായിരിക്കുന്ന ദൈവസാന്നിധ്യത്തിന്റെ അടയാളത്തിനുമുമ്പില്‍ വ്യത്യസ്തമായ ബലികള്‍ അര്‍പ്പിക്കുന്നതിനെക്കുറിച്ചു വിവരിച്ചുകൊണ്ടാണ് ലേവ്യരുടെ പുസ്തകം ആരംഭിക്കുന്നത്. തുടര്‍ന്ന് പൗരോഹിത്യത്തെക്കുറിച്ചും ശാരീരികമായ ശുദ്ധതയെക്കുറിച്ചും ധാര്‍മികമായ വിശുദ്ധിയെക്കുറിച്ചും അശുദ്ധരായിമാറുമ്പോള്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിനെക്കുറിച്ചും ദൈവത്തോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതിനെക്കുറിച്ചും അവ പാലിക്കുമ്പോഴുള്ള അനുഗ്രഹങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ദൈവമായ കര്‍ത്താവ് തങ്ങളുടെ ഇടയില്‍ ഉള്ളതുകൊണ്ട് ജനം വിശുദ്ധിയില്‍ വ്യാപരിക്കണം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയം. ഈ വിശുദ്ധി സ്വായത്തമാക്കുന്നത് ദൈവത്തോടും സഹോദരങ്ങളോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നതിലൂടെയാണ്. ഇക്കാര്യമാണ് ഇന്നു ലേവ്യരുടെ പുസ്തകത്തില്‍നിന്നു നാം ശ്രവിക്കുന്നത്. സാബത്തുകള്‍ ആചരിച്ചുകൊണ്ട് കര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തണമെന്നും മാതാപിതാക്കന്മാരെ ആദരിക്കണമെന്നും, തങ്ങളുടെ ഇടയിലെ ദരിദ്രരെ പരിഗണിക്കണമെന്നും ധാര്‍മികബോധത്തോടെ ജീവിച്ച് വിശുദ്ധിയുള്ളവരായി വര്‍ത്തിക്കണമെന്നും വചനഭാഗം ആവശ്യപ്പെടുന്നു.
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം പ്രഘോഷണത്തില്‍ ജറുസലേമിനു വരാനിരിക്കുന്ന മഹത്ത്വത്തെക്കുറിച്ചാണു പ്രവാചകന്‍ പറയുന്നത്. മിശിഹായുടെ വരവിന്റെ ലക്ഷ്യം പ്രവാചകന്‍ മുന്‍കൂട്ടി പറയുകയാണ്. അഗതികള്‍ കര്‍ത്താവില്‍ സന്തോഷം വര്‍ദ്ധിപ്പിക്കും, ഭീതിദന്‍ ഇല്ലാതാകുകയും പരിഹാസകന്‍ നശിക്കുകയും ചെയ്യും. അവര്‍ യാക്കോബിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തും. പ്രവാചകവചസ്സുകളുടെ പൂര്‍ത്തീകരണമാണ് മിശിഹായുടെ പ്രവൃത്തികളിലൂടെ യാഥാര്‍ഥ്യമാകുന്നത് എന്നാണ് സുവിശേഷഭാഗം വ്യക്തമാക്കുന്നത്. അവിടുന്ന് ജറുസലേമിലേക്കു പോകുന്നതിന്റെ ലക്ഷ്യം ഇതുതന്നെയാണ്. അവര്‍ യാക്കോബിന്റെ പരിശുദ്ധനെ മഹത്ത്വപ്പെടുത്തുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. വിജാതീയനായ കുഷ്ഠരോഗി ചെയ്തതും ഇതുതന്നെയാണ്.
ജീവിതമാതൃകയിലൂടെ തങ്ങളുടെ വിശുദ്ധിയും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള യോഗ്യതയും പ്രഖ്യാപിക്കുന്ന പൗലോസ്ശ്ലീഹായെയാണ് ലേഖനഭാഗത്തു കാണുന്നത്. ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലാണ് ശ്ലീഹാ ശ്രദ്ധിക്കുന്നത്. തന്റെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം ജീവിക്കുവാനുള്ള ആഹ്വാനമാണ് പൗലോസ് ശ്ലീഹാ നല്കുന്നത്. വിശ്വാസം വിശുദ്ധിയോടെ ജീവിച്ച് അതില്‍ വളരുവാന്‍ സാധിക്കണമെന്ന് ശ്ലീഹാ പ്രബോധിപ്പിക്കുന്നു. തന്റെ വിശ്വാസത്തിന്റെ പ്രകടനവും നന്ദിയുമാണ് സുവിശേഷത്തിലെ കുഷ്ഠരോഗി വ്യക്തമാക്കുന്നത്. വിശ്വാസത്തെ ജീവിതത്തിലൂടെ പ്രകടമാക്കിയപ്പോഴാണ് ഈശോ ആ കുഷ്ഠരോഗിയെ പ്രശംസിക്കുന്നത്. അതാണ് അവനു രക്ഷയ്ക്ക് കാരണമായതും. ഈശോ പറയുന്നത്, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ്. ദൈവികവെളിപാടിനോടുള്ള പ്രത്യുത്തരിക്കലാണ് വിശ്വാസം. വിശ്വാസത്തിന്റെ ആഘോഷമാണ് ആരാധന. വിശ്വാസത്തിന്റെ ജീവിതമാണ് ആത്മീയത. കുഷ്ഠരോഗി വിശ്വാസത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു, ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. ഈശോയുടെ പക്കലേക്കു തിരിച്ചുവന്ന് ജീവിതത്തിലൂടെ തന്റെ വിശ്വാസം പ്രകടമാക്കുന്നു. അത് അവന് രക്ഷയുടെ പ്രഘോഷണമായി മാറുന്നു.
തിരുവചനത്തിലൂടെയുള്ള ദൈവികവെളിപാടുകളില്‍ വിശ്വസിച്ച്, ആരാധനാജീവിതത്തിലൂടെ ആ വിശ്വാസത്തെ പരിപോഷിപ്പിച്ച്, ആ വിശ്വാസം ജീവിതത്തില്‍ അനുഷ്ഠിച്ച് ആത്മീയതയില്‍ വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നവരാകണം എന്നാണ് കൈത്താക്കാലം നമ്മെ പ്രബോധിപ്പിക്കുന്നത്.