•  20 Mar 2025
  •  ദീപം 58
  •  നാളം 3
ബാലനോവല്‍

പൊന്നിവനത്തിലെ കഴുത

   ഒരുപാടു ദൂരം നടന്നുതളര്‍ന്നൊരു കഴുത, അടുത്തുകണ്ട മരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാനായി ഇരുന്നു.
''അയ്യോ! അമ്മേ, ഇനിയെത്ര ദൂരം കാണും?'' കഴുത ചിന്തിച്ചു.
''വയ്യ... ഇനി നടക്കാന്‍ വയ്യായേ. ഗ്രാമം തേടി നടക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസം  കഴിഞ്ഞു.'' നല്ല വിശപ്പും ദാഹവും കഴുതയ്ക്കു തോന്നി.
''ഞാന്‍ ഗ്രാമം കണ്ടെത്തും. എത്ര തളര്‍ന്നാലും.'' ശരീരത്തിന്റെ തളര്‍ച്ച കുറച്ചുനേരം മറന്നുകൊണ്ട് കഴുത മരത്തിന്റെ ചുവട്ടില്‍നിന്ന് എഴുന്നേറ്റു ചുറ്റുംനോക്കി.
''ഗ്രാമത്തിലേക്കുള്ള വഴിയിപ്പോള്‍ ആരോടാ ഒന്നു ചോദിക്കുന്നെ?''
അങ്ങനെ ചിന്തിച്ചുനില്‍ക്കുമ്പോള്‍. ദൂരെനിന്നൊരു തുമ്പി വരുന്നത് കഴുത കണ്ടു.
''ങാ... ആ തുമ്പിയിങ്ങോട്ടാണ് വരുന്നത്. അവനോടുതന്നെ ചോദിക്കാം.''
തുമ്പി അടുത്തെത്തിയതും അവന്റെ മുന്നിലേക്കു കയറി നിന്നുകൊണ്ട് കഴുത പറഞ്ഞു:
''ഒന്നു നിക്കണേ... പോകല്ലേ.'' ഒരു സംശയത്തോടെ തുമ്പി, കഴുതയെ ഉറ്റുനോക്കി.
''ഹും എന്തു വേണം, നിങ്ങള്‍ എന്തിനാണ് എന്റെ വഴി തടഞ്ഞത്?''
''ക്ഷമിക്കണം... ഒരു പ്രധാന കാര്യം അറിയാന്‍വേണ്ടിയായിരുന്നു.''
''ഹും പറയൂ... എനിക്കു പോയിട്ടു ജോലിയുണ്ട്.'' തുമ്പി കുറച്ച് അഹങ്കാരത്തോടെ പറഞ്ഞു.
''എന്റെ പേര് ഡോസി. ഞാന്‍ പൊന്നിവനത്തില്‍നിന്നുമാണു വരുന്നത്. എനിക്കു ഗ്രാമത്തിലേക്കുള്ള വഴിയൊന്നു പറഞ്ഞുതരുമോ?'' ഡോസി വളരെ വിനയത്തോടെ ചോദിച്ചു.
''ഓ ഗ്രാമത്തിലേക്കു പോകാനാണോ? ഞാന്‍ ഗ്രാമത്തില്‍ നിന്നുമാണു വരുന്നത്. ആ വലിയ ആഞ്ഞിലിമരം കണ്ടോ?'' തുമ്പി ദൂരെയുള്ള വലിയയൊരു ആഞ്ഞിലിമരത്തെ ചൂണ്ടി പറഞ്ഞു. ഡോസി അങ്ങോട്ടേക്കു നോക്കി.
''ആ മരത്തിന്റെ അടുത്തു നിന്നു നോക്കിയാല്‍ ഗ്രാമം കാണാം.''
''നന്ദിയുണ്ട് ചങ്ങാതി.'' ഡോസി തന്റെ കൈകള്‍ കൂപ്പി. അതു കണ്ടപ്പോള്‍ തുമ്പിക്ക്  ഇവനൊരു പാവമാണെന്നു തോന്നി.
''മരത്തിന്റെ അടുത്തുകൂടി ഒരു ഇടവഴിയുണ്ട്... ആളുകള്‍ വരുന്ന വഴിയാണ്... ആ വഴി നടന്നാല്‍ ഗ്രാമത്തിന്റെ പ്രധാന കവാടത്തിനു മുന്നിലെത്താം.''
ഡോസി സന്തോഷത്തോടെ നടക്കാന്‍ തുടങ്ങുംനേരം തുമ്പി വീണ്ടും പറഞ്ഞു:
''ഞാന്‍ പറഞ്ഞത് മറക്കരുത്... ആ വഴി ആളുകള്‍ വരുന്നതാണ്. നിന്നേ കണ്ടാല്‍ ഒന്നേല്‍ തല്ലിയോടിക്കും അല്ലേല്‍ പിടിച്ചുകൊണ്ടു പോകും.''
തുമ്പി അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.
''ശരി കൂട്ടുകാരാ. നീ പറഞ്ഞത് എനിക്കു മനസ്സിലായി. പക്ഷേ, എനിക്കു ഗ്രാമത്തിലേക്കു പോയേ മതിയാകൂ. ആവശ്യം എന്റേതാണ്. സഹായത്തിന് ഒരുപാട് നന്ദി.''
ഡോസി തുമ്പിക്കു നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ദൂരെക്കണ്ട ആഞ്ഞിലി മരം ലക്ഷ്യമാക്കി നീങ്ങി.
''ഇത്രയും ദൂരം വന്നു. ഗ്രാമത്തിന്റെ തുമ്പത്തുവരെ വന്നു. ഇനി കാട്ടിലേക്കു തിരികെ പ്പോകുന്നതു വിഡ്ഢിത്തമാണ്. വന്ന സ്ഥിതിക്ക് വിചാരിച്ചതൊക്കെ നടത്തിയിട്ടുമാത്രമേ മടക്കമുള്ളൂ. ചിലപ്പോള്‍ ഫലം കിട്ടിയാലോ?''
ഡോസി നടക്കുന്നതിന്റെ കൂട്ടത്തില്‍ ചിന്തിക്കുന്നുണ്ട്. അവനു നന്നായി ദാഹം തോന്നി.
''ശ്ശൊ.. തുമ്പിയോടു വെള്ളം കിട്ടുന്ന സ്ഥലത്തെപ്പറ്റി ചോദിക്കാന്‍ മറന്നു.''
ആഞ്ഞിലിമരത്തിന്റെ അടുത്തെത്തിയ ഡോസി അമ്പരന്നു പോയി. ചെറിയ ഇടവഴിയെന്നു ചിന്തിച്ചത് അങ്ങ് കണ്ണെത്താദൂരം വരെ നീണ്ടുകിടക്കുന്നു... 
''അയ്യോ! ഇനി ഇത്രയും ദൂരം കൂടിയുണ്ടോ?''
അവന്‍ ആഞ്ഞിലിമരത്തില്‍ ചാഞ്ഞുനിന്നു. അല്പം കഴിഞ്ഞപ്പോള്‍ പതിയെ നടക്കാന്‍ തുടങ്ങി. അവന്റെ കണ്ണില്‍ വാശി നിറഞ്ഞുനിന്നിരുന്നു.
എത്ര പ്രയാസപ്പെട്ടായാലും ഞാന്‍ ലക്ഷ്യം കാണുകതന്നെ ചെയ്യും.
കുറച്ചുദൂരം ചെന്നപ്പോള്‍ രണ്ടുമൂന്നു മനുഷ്യന്മാര്‍ ഇടവഴി കയറി വരുന്നതു ഡോസി കണ്ടു.
അയ്യോ... ആ വരുന്നത് ആളുകള്‍ ആണല്ലോ. അവരെന്നെ കണ്ടാല്‍ പ്രശ്‌നമാണ്. എങ്ങോട്ടേലും പതുങ്ങിയിരുന്നേ പറ്റൂ.
പക്ഷേ, പകല്‍സമയം ആയതുകൊണ്ട് ചുറ്റും വെളിച്ചമുണ്ടായിരുന്നു. ഡോസി നോക്കുമ്പോള്‍ ഒരു മരത്തില്‍ കുറേ വള്ളിച്ചെടികള്‍ പടര്‍ന്നുകിടക്കുന്നതു കണ്ടു.
അതു നല്ലൊരു സ്ഥലമാണ്. അവിടെ പതുങ്ങിയിരിക്കാം.
ഡോസി അങ്ങോട്ട് ഓടിച്ചെന്നതും ''പടോ...'' ഒറ്റവീഴ്ച. ബോധം വീണപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു.
''അയ്യോ! ഞാനിത് എവിടാണ്? എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ലല്ലോ?''
ഡോസി ചുറ്റും നോക്കി. തന്റെ കാഴ്ച നഷ്ടമായെന്നു കരുതി കരയാന്‍ തുടങ്ങി. രണ്ടു കണ്ണുകളും അവന്‍ ഇടയ്ക്ക് തിരുമ്മിനോക്കി. പെട്ടെന്നാണ് അവന്റെ അടുത്തുകൂടി ഒരു വെളിച്ചം പറന്നുപോകുന്നതു കാണുന്നത്.
''അതൊരു മിന്നാമിനുങ്ങല്ലേ? ഓഹോ! അപ്പോള്‍ എന്റെ കാഴ്ച പോയതല്ല. രാത്രിയായതാണ്.'' ഡോസിയുടെ മുഖത്തു സന്തോഷം നിറഞ്ഞു. എന്നാല്‍, പെട്ടെന്ന് അവന്‍ എന്തോ ചിന്തിക്കാന്‍ തുടങ്ങി.
''ശരിക്കും എനിക്ക് എന്താണു പറ്റിയത്?''
അവന്‍ ഓര്‍ത്തുനോക്കി. എന്തൊക്കെയോ കാര്യങ്ങള്‍ ഡോസിക്കു മനസ്സിലായി. വൈകുന്നേരം രണ്ടു മൂന്ന് ആളുകളെ കണ്ടതും, അവര്‍ കാണാതെയിരിക്കാന്‍വേണ്ടി വള്ളിച്ചെടികള്‍ നിറഞ്ഞ മരത്തിന്റെ അടുത്തേക്കു വേഗത്തില്‍ ഓടിയതും തെറിച്ചുവീണതും ഡോസി ഓര്‍ത്തെടുത്തു. അങ്ങനെയോടി വീണതോ, ഒരു കുഴിയിലും. വീണപാടേ ഡോസിയുടെ ബോധം പോകുകയും ചെയ്തു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)