ശത്രുക്കള്‍ കട കത്തിച്ച വിവരമറിഞ്ഞ് ഓടിയെത്തിയ നായകനൊപ്പം ആ സാഹചര്യത്തിന്റെ മുഴുവന്‍ ഭാവവും ആവാഹിച്ച് ഫ്രെയിമില്‍ ഒരു എക്‌സ്ട്രാനടനുമുണ്ടായിരുന്നു. ആവശ്യത്തിലുമേറെ കരുണരസം വാരിച്ചൊരിഞ്ഞ ആ തുടക്കക്കാരനോട് സംവിധായകന്‍ പറഞ്ഞത് ഇത്രമാത്രം:
''നായകനില്ലാത്ത സങ്കടത്തില്‍ കൂടുതലൊന്നും ആ വിവരമറിഞ്ഞെത്തിയ ആള്‍ക്കു വേണ്ട.''
സംവിധായകന്റെ പേര് കെ. എസ്. സേതുമാധവന്‍.
ചിത്രത്തിന്റെ പേര്: അനുഭവങ്ങള്‍ പാളിച്ചകള്‍.
എക്സ്ട്രാനടനായി അഭിനയജീവിതമാരംഭിച്ച ആ ചെറുപ്പക്കാരന്‍ ഇപ്പോഴിതാ 74-ാം വയസില്‍ സംസ്ഥാനചലച്ചിത്രഅവാര്‍ഡുകളില്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് നേടിയിരിക്കുന്നു. അതും ഏഴാം തവണ. ഇപ്പോള്‍ ആ എക്സ്ട്രാനടന്‍ ആരെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവാം. അതേ, മമ്മൂട്ടി. പലതരത്തിലും വ്യത്യസ്തമായ ഭ്രമയുഗത്തിലെ കൊടുമണ്‍പോറ്റിയെ അനശ്വരനാക്കിയതിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ്.
മികച്ച നടനുള്ള ഏഴ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ പത്ത് അവാര്‍ഡുകള്‍ കരസ്ഥമാക്കിക്കൊണ്ടാണ് മമ്മൂട്ടി അഭിനയകലയില്‍ കുലപതിയായിരിക്കുന്നത്. 1981 ല്‍ ഐ.വി. ശശി-ടി ദാമോദരന്‍ ടീമിന്റെ അഹിംസയിലെ കഥാപാത്രത്തിലൂടെ സഹനടന്റെ അവാര്‍ഡ് നേടിയായിരുന്നു മമ്മൂട്ടിയുടെ സംസ്ഥാന അവാര്‍ഡുകളുടെ തുടക്കം. തുടര്‍ന്ന് 1984, 1989, 1994, 2004, 2009, 2022 വര്‍ഷങ്ങളിലും മികച്ച നടന്‍ മമ്മൂട്ടിതന്നെയായിരുന്നു. ഇത്രയും തവണ സംസ്ഥാനഅവാര്‍ഡ് നേടിയ മറ്റൊരു നടനും മലയാളത്തിലില്ല എന്നതും ഓര്‍മിക്കണം.
മമ്മൂട്ടിയൊഴികെയുള്ള എല്ലാ അവാര്‍ഡുജേതാക്കളും ചെറുപ്പക്കാരായിരുന്നുവെന്നതും അതുപോലെതന്നെ അവരില്‍ പലരുടെയും ആദ്യത്തെ അവാര്‍ഡായിരുന്നുവെന്നതും 55 ാമത് സംസ്ഥാനഅവാര്‍ഡിന്റെ ഒരു പ്രത്യേകതയാണ്. മികച്ച നടിയെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കു കടന്നുവരുന്ന പരിചിത സ്ത്രീമുഖങ്ങളെയെല്ലാം മായ്ച്ചുകളഞ്ഞാണ് പുതുമുഖമായ ഷംല ഹംസ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയിലൂടെ അവാര്‍ഡ് നേടിയത്. ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൂട്ടിയാണ് ഷംല അഭിനയിക്കാനെത്തിയത്. പ്രായവും അവസ്ഥകളുംപോലും അഭിനയത്തിനു മുമ്പില്‍ വെല്ലുവിളികളല്ലെന്നാണ് ഷംലയുടെ അഭിനയവും അവാര്‍ഡും വ്യക്തമാക്കുന്നത്.
പ്രതീക്ഷിച്ചതുപോലെതന്നെ അര്‍ഹതയുളള സിനിമയ്ക്കുതന്നെയാണ് ജനപ്രിയ അവാര്‍ഡ് ലഭിച്ചത്-പ്രേമലു. യഥാര്‍ഥസംഭവത്തെ ആസ്പദമാക്കിയൊരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച സിനിമ. യഥാര്‍ഥ ഗുണാകേവിനെയും അതിശയിപ്പിക്കുന്നവിധത്തില്‍ മഞ്ഞുമ്മല്‍ ബോയ്സിനുവേണ്ടി കലാസംവിധാനം നിര്‍വഹിച്ച അജയന്‍ ചാലിശ്ശേരിക്ക് മികച്ച കലാസംവിധായകനുള്ള അവാര്‍ഡ്. ഇങ്ങനെ എടുത്തുപറയത്തക്ക യോഗ്യതകളുള്ളതാണ് ഓരോ അവാര്‍ഡും.
അവാര്‍ഡുകള്‍ എപ്പോഴും അര്‍ഹിക്കുന്നവര്‍ക്കുതന്നെയാണ് കിട്ടുന്നതെന്നു പറയാനാവില്ല; അവാര്‍ഡുകള്‍ കിട്ടുന്നത് കഴിവിന്റെ മാനദണ്ഡമാണെന്നും. ഉദാഹരണത്തിന് പ്രതിഭാശാലിയായ കെ. ജി. ജോര്‍ജ് എന്ന സംവിധായകനെ മലയാളം അവാര്‍ഡുകള്‍ നല്കി ആദരിച്ചിട്ടില്ല. സാഹിത്യത്തിലേക്കു ചെന്നാല്‍ കുട്ടിക്കൃഷ്ണമാരാര്‍ എന്ന സര്‍ഗധനനായ സാഹിത്യനിരൂപകന് യാതൊരു അംഗീകാരവും ജോലിയുടെയും വേതനത്തിന്റെയുംപോലും കാര്യത്തില്‍ ലഭിച്ചിട്ടില്ല.
ഏതൊരു അവാര്‍ഡിനും അതിന്റേതായ രാഷ്ട്രീയമുണ്ട്, നിക്ഷിപ്തതാത്പര്യവുമുണ്ട്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ മുഖം അവര്‍ നല്കുന്ന അവാര്‍ഡിലും പ്രതിബിംബിക്കാറുണ്ട്. മമ്മൂട്ടിയുടെയും പ്രത്യേകജൂറി പരാമര്‍ശം ലഭിച്ച ടൊവിനോ, ആസിഫ് അലി എന്നിവരുടെയും സാങ്കേതികരംഗത്ത് അവാര്‍ഡ് ലഭിച്ചവരുടെയും രാഷ്ട്രീയം ഏറെക്കുറെ പരസ്യമാണ്. ഇതേ രാഷ്ട്രീയം ദേശീയപുരസ്‌കാരത്തിന്റെ കാര്യത്തിലും കടന്നുവരാറുണ്ട്, പുഷ്പയിലെയും കാന്താരയിലെയും അഭിനയത്തിനായിരുന്നുവല്ലോ അല്ലു അര്‍ജുന്‍, ഋഷഭ് ഷെട്ടി എന്നിവര്‍ മികച്ച നടന്മാരായത്.
പറഞ്ഞുവരുന്നത് അവാര്‍ഡ് എപ്പോഴും നിഷ്പക്ഷമല്ലെന്നും കഴിവും യോഗ്യതയും മാത്രമല്ല അതിന്റെ മാനദണ്ഡം എന്നുമാണ്. അവാര്‍ഡ് കിട്ടിയതുകൊണ്ട് ആരും മഹാന്മാരാകുന്നില്ല. അവാര്‍ഡ് കിട്ടാതെപോകുന്നവര്‍ ഒട്ടും മോശക്കാരുമാകുന്നില്ല. അവാര്‍ഡ് കിട്ടുമ്പോള്‍ അതൊരു പ്രോത്സാഹനവും പ്രതീക്ഷയും സന്തോഷവുമാണ്. ആരൊക്കെയോ അംഗീകരിക്കുന്നുവെന്നതിന്റെ സന്തോഷം. ഇത്തവണത്തെ സംസ്ഥാനഅവാര്‍ഡ് കിട്ടിയ ഒരാളും അനര്‍ഹരല്ല. ലിജോമോളും ദര്‍ശനയും ജ്യോതിര്‍മയിയും ടൊവിനോയും ആസിഫും എല്ലാം അര്‍ഹര്‍തന്നെ.
എന്നാല്‍, നല്ല സിനിമയെന്നു പേരുകേള്‍പ്പിച്ച പല സിനിമകളും ഒരു പരാമര്‍ശമായിപ്പോലും കടന്നുവന്നിട്ടില്ല എന്നതാണ് അപലപനീയം. ചില സിനിമകള്‍ക്കു കൂടുതല്‍ അവാര്‍ഡുകള്‍. എന്നാല്‍, അര്‍ഹതയുളള ചില സിനിമകള്‍ക്കു പേരിനുപോലും അവാര്‍ഡില്ല. ചില സിനിമകള്‍ക്കു കൂടുതല്‍ അവാര്‍ഡ് നല്കുന്നതിനു പകരം മറ്റുള്ളവരെക്കൂടി പരിഗണിക്കാമായിരുന്നുവെന്നു തോന്നി. പക്ഷേ, അതിനും ജൂറി ചെയര്‍മാനു മറുപടിയുണ്ട്. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കാന്‍ ഇതു ചാരിറ്റിയൊന്നുമല്ലല്ലോ.
അതേ, അവാര്‍ഡുകമ്മിറ്റിയുടെ തീരുമാനം അന്തിമവും ചോദ്യം ചെയ്യാന്‍ കഴിയാത്തതുമാണല്ലോ. എങ്കിലും അര്‍ഹതയുള്ള ചിലരെക്കൂടി വലുപ്പച്ചെറുപ്പമോ മുഖംനോട്ടമോ ഇല്ലാതെ പരിഗണിക്കാമായിരുന്നു. അപ്പോള്‍ അവാര്‍ഡുകള്‍ക്കു കുറെക്കൂടി തിളക്കവും ആദരവും ലഭിക്കുമായിരുന്നു. എല്ലാ അവാര്‍ഡുപ്രഖ്യാപനത്തിനും പിന്നാലെ ഉരുണ്ടുകൂടുന്ന വിവാദം ഇത്തവണ കാര്യമായി ഉണ്ടായില്ല എന്നതും അര്‍ഹിക്കുന്നവര്‍ക്കുതന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ്.
എങ്കിലും മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് വേടനു നല്കിയത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ലൈംഗികപീഡനക്കേസുകളിലെ കുറ്റാരോപിതര്‍ക്കു മാത്രമല്ല, ആ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുകൂടി അവാര്‍ഡുകള്‍ നിഷേധിക്കുന്ന കീഴ്‌വഴക്കം മലയാളസിനിമയ്ക്കുണ്ട്. ഹോം സിനിമയുടെ നിര്‍മാതാവ് ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായതിന്റെ പേരിലാണ് ആ സിനിമയ്ക്ക് മറ്റെല്ലാ അവാര്‍ഡുകളും നിഷേധിക്കപ്പെട്ടത്. അങ്ങനെയൊരു മാതൃക മുമ്പിലുള്ളപ്പോഴാണ് ഒന്നിലധികം കേസുകളില്‍ ആരോപിതനായ വേടന് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നല്കി ആദരിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷയുടെ പേരില്‍ അഭിമാനം കൊള്ളുന്ന ഒരു സംസ്ഥാനത്ത് സ്ത്രീപീഡകനായി ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്ക് അവാര്‍ഡ് നല്കി ആ വ്യക്തിയെ ആദരിക്കുന്നത് എത്രത്തോളം ആശാസ്യമാണ്?
വീയെന്‍
