•  25 Dec 2025
  •  ദീപം 58
  •  നാളം 42
കാഴ്ചയ്ക്കപ്പുറം

കാത്തിരുന്നു കാണാന്‍ ക്രിസ്മസ്ചിത്രങ്ങള്‍

   ക്രിസ്മസ് എത്താറായി. പതിവുപോലെ തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ സിനിമകളും ഒരുങ്ങിക്കഴിഞ്ഞു. ഇതില്‍ ക്രിസ്മസ്ദിനങ്ങളിലായി എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നത് രണ്ടു വമ്പന്‍സിനിമകളാണ്. ഒന്ന് മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന വൃഷഭ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാലിന്റെ സമീപകാലചിത്രങ്ങളെല്ലാം - തുടരും, ഹൃദയപൂര്‍വം - വിജയങ്ങളായിരുന്നതുകൊണ്ട് വൃഷഭയും അത് ആവര്‍ത്തിക്കുമോയെന്നാണ് ഫാന്‍സ് ആകാംക്ഷയോടെ നോക്കുന്നത്. നന്ദകിഷോര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
     മറ്റൊരു ചിത്രം മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് 3 ആണ്. ആട് ഫ്രാഞ്ചെസിയിലെ മൂന്നാം ഭാഗമായ ഈ ചിത്രം ക്രിസ്മസിന് എത്തുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.  ഷാജിപ്പാപ്പനും പിള്ളേരും ഇന്ന് കള്‍ട്ടായി മാറിയിരിക്കുകയാണ്. ആട് ഭീകരജീവിയാണ് എന്ന പേരില്‍ ഇറങ്ങിയ ആദ്യചിത്രം തീയറ്ററില്‍ വിജയമായിരുന്നില്ല. എന്നാല്‍, ടിവിയിലൂടെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. തീയറ്ററില്‍ വിജയിക്കാത്ത ചിത്രത്തിന് രണ്ടാം ഭാഗമോ തുടര്‍ച്ചയോ വരുന്നതു സാധാരണമല്ല എങ്കിലും ആട് 2 ആ പതിവ് തിരുത്തി. ആട് 2 വിന്റെ വിജയമാണ് ഇതിന്റെ അണിയറപ്രവര്‍ത്തകരെ ആട് 3 യില്‍ എത്തിച്ചിരിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.
 നിവിന്‍പോളി - അഖില്‍ സത്യന്‍ കൂട്ടുകെട്ടില്‍ ആദ്യം പിറന്ന സര്‍വംമായയാണ് മറ്റൊരു ക്രിസ്മസ് ചിത്രം. ഹൊറര്‍ കോമഡി ഫാന്റസി ചിത്രം എന്നാണ്  സര്‍വംമായയ്ക്കു നല്കിയിരിക്കുന്ന വിശേഷണം. എല്ലാം മായയായി പോകുമോയെന്നു സിനിമ തീയറ്ററിലെത്തിയാലേ അറിയാന്‍ കഴിയൂ. പക്ഷേ, നിവിന്റെ പഴയ മാനറിസങ്ങള്‍ പ്രയോജനപ്പെടുത്തിയും സത്യന്‍ അന്തിക്കാട്‌സ്‌കൂളില്‍നിന്നു പഠിച്ചെടുത്ത പാഠങ്ങള്‍ കോര്‍ത്തിണക്കിയും അഖില്‍ സര്‍വംമായയുമായി വരുമ്പോള്‍ അത് മിനിമം വിജയസാധ്യത പ്രതീക്ഷിക്കാവുന്ന ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകരുുടെ കണക്കുകൂട്ടല്‍. ക്രിസ്മസിനു മുന്നേ തീയറ്ററുകളിലെത്തുന്ന ചിത്രമാണ് ദിലീപിന്റെ ഭഭബ. മോഹന്‍ലാല്‍ അതിഥിതാരമായി വരുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നടിയുടെ കേസുമായി ബന്ധപ്പെട്ട് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ഇതിന്റെ വിജയം ദിലീപ് എന്ന നടന് നിര്‍ണായകമായിരിക്കും. ദിലീപിന്റെ ആരാധകരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. എന്നാല്‍, പൊതുസമൂഹത്തിന് കോടതിവിധിയോടുള്ള പ്രതികരണം എന്തായിരിക്കും എന്നു നേരിട്ടറിയാനുള്ള മാര്‍ഗവും ഭഭബയ്ക്കു നല്കുന്ന സ്വീകരണമോ നിരാകരണമോ ആയിരിക്കും. ചിത്രം നല്ലതാണെങ്കില്‍ കോടതിവിധി എന്തായാലും ചിത്രം വിജയിക്കും എന്നേ പറയാനാവൂ. കാരണം, ദിലീപ് നടിയുടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അവസരത്തില്‍ പുറത്തിറങ്ങിയ രാമലീല വിജയിപ്പിച്ചുകൊടുത്തവരാണ് പ്രേക്ഷകര്‍. പിന്നീട് ഇറങ്ങിയ ദിലീപ്ചിത്രങ്ങള്‍ നിലംതൊടാതെ പോയതിനു കാരണം ദിലീപ് എന്ന വ്യക്തിയോടുള്ള വെറുപ്പായിരുന്നില്ല, സിനിമകള്‍ അതില്‍ത്തന്നെ കൊള്ളാവുന്നവയായിരുന്നില്ല എന്നതാണു സത്യം. എന്തായാലും ഭഭബ കണ്ട് ആളുകള്‍ ഫഫഫ വയ്ക്കുമോ എന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 18 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ജിത്തുജോസഫിന്റെ വലതുവശത്തെ കള്ളന്‍ ആണ് മറ്റൊരു ക്രിസ്മസ് ചിത്രം. ബിജുമേനോന്‍ - ജോജുജോര്‍ജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഈ സിനിമയെയും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളസിനിമയല്ലെങ്കിലും അനാകോണ്ടയും ജെയിംസ് കാമറൂണിന്റെ അവതാറും ക്രിസ്മസ് റീലിസായി കേരളത്തിലെത്തും. മേല്പറഞ്ഞ സിനിമകളില്‍ ഏതെങ്കിലുമൊക്കെ ചിലപ്പോള്‍ അവസാനനിമിഷം റിലീസ് നീട്ടിവയ്ക്കാനും സാധ്യതയുണ്ട്. മമ്മൂട്ടി, പൃഥിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ, കുഞ്ചാക്കോ, ആസിഫ് അലി എന്നിവര്‍ക്ക് ഇത്തവണ ക്രിസ്മസ് ചിത്രങ്ങളില്ല. ക്രിസ്മസ് ബംബര്‍ ഏതു സിനിമയടിക്കും എന്നു കാത്തിരുന്നുകാണാം. പക്ഷേ, കഴിഞ്ഞവര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ക്രിസ്മസിന് എത്തിയ സിനിമകള്‍ ഒന്നും തന്നെ വിജയിച്ചില്ല എന്ന പഴയൊരു പാഠംകൂടി നമുക്കു മുന്നിലുണ്ട്. മോഹന്‍ലാല്‍ സംവിധായകനായ ബാറോസ്, സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ച ഇ.ഡി., ദിലീഷ് പോത്തന്റെ റൈഫിള്‍ ക്ലബ്, ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ എന്നിവയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ് സിനിമകള്‍. ഇതില്‍ മാര്‍ക്കോ മാത്രമാണ് സാമ്പത്തികവിജയം നേടിയത്. അതാവട്ടെ വയലന്‍സിന്റെ അതിപ്രസരം കൊണ്ടും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)