•  11 Dec 2025
  •  ദീപം 58
  •  നാളം 40
കാഴ്ചയ്ക്കപ്പുറം

ആവര്‍ത്തിക്കപ്പെടുന്ന പേരുകള്‍

   ഒരു സിനിമയിലേക്കു പ്രേക്ഷകന് സുഖകരമായ എന്‍ട്രി കിട്ടുന്നത് ആ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ടാണ്. നല്ലൊരു ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ അതിലെന്തോ  ഉണ്ടല്ലോയെന്നുള്ള വിചാരം അവരെ പിടികൂടുകയും അതുകൊണ്ട് സിനിമ കണ്ടേക്കാം എന്നു തീരുമാനിക്കുകയും ചെയ്യുന്നവരുണ്ട്. സംവിധായകന്റെ പേരോ നടീനടന്മാരുടെ പേരോ നോക്കാതെ സിനിമ കണ്ടിരുന്ന ഒരു തലമുറയുടെ കാലത്തെ കാര്യമാണ് പറയുന്നത്. ഇന്ന് ചില ന്യൂജന്‍സിനിമാ സംവിധായകരുടെ പേരു കേള്‍ക്കുമ്പോള്‍ത്തന്നെ സിനിമയുടെ പേര് എന്തായാലും വേണ്ടില്ല, സിനിമയ്ക്കു കയറുന്നവരുണ്ട്.
    പക്ഷേ, പണ്ട് സിനിമയുടെ ടൈറ്റിലായിരുന്നു മുഖ്യആകര്‍ഷണം. അതുകൊണ്ടുതന്നെ ഏറെ ആലോചിച്ചതിനുശേഷം മാത്രമേ സിനിമയ്ക്കു ടൈറ്റിലുകള്‍ സ്വീകരിച്ചിരുന്നുള്ളൂ. പലപ്പോഴും ഒരു സിനിമയുടെ പേര് മറ്റൊരു സിനിമയ്ക്ക് ആവര്‍ത്തിക്കപ്പെടാറില്ല എന്നും നിരീക്ഷിച്ചാല്‍ മനസ്സിലാവും. സിനിമയുടെ പൊതുവെയുളള രീതിയും അങ്ങനെയാണ്. എന്നാല്‍, ആശ്ചര്യമെന്നു പറയട്ടെ, പല കാലങ്ങളില്‍ പലരെടുക്കുന്ന സിനിമകള്‍ക്ക് ഒരേ പേരുതന്നെ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു കണക്കെടുപ്പു നടത്തുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് ഭാര്യ എന്ന ടൈറ്റിലായിരിക്കും. ഒരു തലമുറയുടെ മുഴുവന്‍ വേദനയും കണ്ണീരുമായിരുന്ന സിനിമയാണ് 1962 ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ സംവിധാനം ചെയ്ത ഭാര്യ. സത്യനും രാഗിണിയും കേന്ദ്രകഥാപാത്രങ്ങളായിരുന്ന ഈ സിനിമയുടെ കഥ കാനം ഇജെയുടെ ജനപ്രിയനോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, അതായത്, 1994ല്‍ വി.ആര്‍. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയുടെ പേരും ഭാര്യ എന്നായിരുന്നു. ജനപ്രിയസാഹിത്യകാരന്‍ ജോയ്സിയുടെ നോവലായിരുന്നു സിനിമയുടെ ഇതിവൃത്തം.
1949ല്‍ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന സിനിമയ്ക്ക് ഉദയാ സ്റ്റുഡിയോയില്‍ നിര്‍മിച്ച പ്രഥമ സിനിമ എന്ന ഖ്യാതിയുണ്ട്. മിസ് കുമാരി അഭിനയിച്ച ഈ സിനിമ സാമ്പത്തികവിജയം നല്കിയില്ല. മാത്രവുമല്ല, സിനിമയുമായി ബന്ധപ്പെട്ട യാതൊന്നും അവശേഷിച്ചിട്ടുമില്ല. 2004 ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയുടെ പേര് വെള്ളിനക്ഷത്രം എന്നായിരുന്നു. പൃഥിരാജ് ആയിരുന്നു നായകന്‍.
 1985ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വെള്ളം. 2021 ല്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യചിത്രത്തിന്റെ പേരും അതുതന്നെ. ആദ്യസിനിമയില്‍ വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാനത്തിലാണ് ആ പേരിട്ടതെങ്കില്‍ രണ്ടാമത്തെ സിനിമയില്‍ മദ്യപാനത്തിനു നാട്ടിന്‍പുറങ്ങളില്‍ പറയുന്ന 'വെള്ളം' എന്ന ഉപമയുമായി ബന്ധപ്പെട്ടാണ് ആ പേരു നല്കിയത്.
ഹരികുമാര്‍ സംവിധാനം ചെയ്ത് ദേവനും പാര്‍വതിയും നായികാനായകന്മാരായി 1988 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ പേരായ ഊഴം എന്നുതന്നെയാണ് 2016ല്‍ ജിത്തുജോസഫ് സംവിധാനം ചെയ്ത പൃഥിരാജ് സിനിമയ്ക്കും നല്കിയത്. നായാട്ട് എന്ന പേര് പഴയതലമുറയ്ക്ക് ഏറെ പരിചിതം ശ്രീകുമാരന്‍തമ്പിയുടെ സംവിധാനത്തില്‍ നസീറും ജയനും അഭിനയിച്ച സിനിമയെന്ന നിലയിലാണ്. പക്ഷേ, പുതിയ തലമുറയ്ക്ക് അത് 2021ല്‍ ഇറങ്ങിയ മാര്‍ട്ടിന്‍പ്രക്കാട്ട് സിനിമയാണ്. ജോജുവും കുഞ്ചാക്കോയും നിമിഷയും അഭിനയിച്ച നായാട്ട്.
ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1966ല്‍ പുറത്തിറങ്ങിയ സിനിമയുടെ പേരായിരുന്നു അനാര്‍ക്കലി. 2015ല്‍ സച്ചി ചെയ്ത സിനിമയുടെ പേരും അനാര്‍ക്കലി എന്നുതന്നെ. അസുരവിത്ത് എന്ന പേരില്‍ വിന്‍സെന്റും (1968) എകെ സാജനും (2012) സിനിമ ചെയ്തിട്ടുണ്ട്. അതുപോലെയാണ് വേട്ട എന്ന പേരില്‍ മോഹന്‍രൂപും രാജേഷ് പിള്ളയും സിനിമയിറക്കിയത്. 1984, 2016 വര്‍ഷങ്ങളിലായിരുന്നു പ്രസ്തുത സിനിമകള്‍ പുറത്തിറങ്ങിയത്. തസ്‌ക്കരവീരന്‍, ചതുരംഗം, മാമാങ്കം, അഞ്ചുസുന്ദരികള്‍ എന്നിങ്ങനെ എത്രയോ ശീര്‍ഷകങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. വേറൊരു തരത്തിലും സിനിമകളുടെ പേരുകള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പഴയ ഹിറ്റ്‌സിനിമകളുടെ റീമേക്കുകളുടെ കാര്യത്തിലാണ് അതു സംഭവിച്ചിരിക്കുന്നത്. നീലത്താമര എന്ന പേരിലും ചട്ടക്കാരി എന്ന പേരിലും രതിനിര്‍വേദം എന്ന പേരിലും  നിദ്ര എന്ന പേരിലും പഴയതും പുതിയതുമായ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
അന്ധവിശ്വാസങ്ങള്‍ ഏറെയുള്ള മേഖലയാണ് സിനിമ. ചില പേരുകള്‍ രാശി നല്കുന്നുവെന്ന വിശ്വാസത്താല്‍ അതു ചിലര്‍ ആവര്‍ത്തിക്കാറുണ്ട്. ഐവി ശശിയെ സംബന്ധിച്ച് സിനിമകള്‍ അ, ഇ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ തുടങ്ങണമെന്നായിരുന്നുവത്രേ നിര്‍ബന്ധം. ഫാസിലിന്റെ സിനിമകളില്‍ പേരിന്റെ അവസാനം ചന്ദ്രക്കല ഉണ്ടായിരിക്കണമെന്നുണ്ടായിരുന്നു. ജോഷിക്കാവട്ടെ സിനിമയുടെ ടൈറ്റില്‍ സര്‍ഫ്‌കൊണ്ടു ഡിസൈന്‍ ചെയ്യുന്ന വിധത്തിലായിരിക്കണമെന്നുണ്ടായിരുന്നു. സിദ്ധിക്ക്‌ലാലിനെപ്പോലെയുളള സംവിധായകര്‍ ഇംഗ്ലീഷ് പേരുകള്‍ മാത്രമേ സിനിമകള്‍ക്ക് ഉപയോഗിച്ചിരുന്നുള്ളൂ. റാംജി റാവ് സ്പീക്കിങ്, ഗോഡ് ഫാദര്‍, ഫ്രണ്ട്‌സ് തുടങ്ങിയവയെല്ലാം ഉദാഹരണങ്ങള്‍. ഇങ്ങനെയൊക്കെ  ഭാഗ്യനോട്ടങ്ങളുണ്ടായിരുന്നിട്ടും മേല്പറഞ്ഞ സംവിധായകര്‍ക്ക് അതിന്റെപേരില്‍ മാത്രം സിനിമ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ. 'അ' യും 'ഇ'യും ഇല്ലാതെ ഐ വി ശശി സംവിധാനം ചെയ്ത സിനിമയായിരുന്നുവല്ലോ ദേവാസുരം. എത്ര വലിയ വിജയമായിരുന്നു അത്! ചന്ദ്രക്കലയുണ്ടായിട്ടും ഫാസിലിനെ കൈയെത്തുംദൂരത്ത്, വിസ്മയത്തുമ്പത്ത്, മാനത്തെ വെള്ളിത്തേര് തുടങ്ങിയവയൊന്നും രക്ഷിച്ചിട്ടില്ല. പറഞ്ഞുവരുന്നത് അതല്ല.  വിജയസാധ്യതകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും പഴയസിനിമ യുടെ പേരുതന്നെ പുതിയ സിനിമകള്‍ക്കും സ്വീകരിച്ചതിന്റെ പിന്നിലെ കാരണം എന്തായിരിക്കും എന്നതാണ്. മറ്റൊരു പേര് കണ്ടുപിടിക്കാന്‍ കഴിയാത്തവിധം ആ പേരു മാത്രമാണ് തങ്ങളുടെ സിനിമകള്‍ക്ക് ഏറ്റവും അനുയോജ്യം എന്ന് പുതിയകാലത്തെ സംവിധായകര്‍ വിശ്വസിച്ചിരുന്നോ ആവോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)