•  27 Nov 2025
  •  ദീപം 58
  •  നാളം 38
അന്തർദേശീയം

നീതി കൂടാതെ സമാധാനം ഉണ്ടാവില്ല: ലെയോ പാപ്പാ

   വത്തിക്കാന്‍സിറ്റി: ലോകരാജ്യങ്ങളുടെ നേതാക്കള്‍ പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കണമെന്നും നീതി കൂടാതെ സമാധമുണ്ടാകില്ലെന്നാണ് അവരുടെ നിലവിളി ഓര്‍മിപ്പിക്കുന്നതെന്നും ലെയോ പതിന്നാലാമന്‍ പാപ്പാ. പാവങ്ങളുടെ ലോകദിനത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധകുര്‍ബാനമധ്യേ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധകുര്‍ബാനയ്ക്കുമുമ്പ്  സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങിക്കൂടിയ തീര്‍ഥാടകസഹസ്രങ്ങളെ മാര്‍പാപ്പാ അഭിവാദ്യം ചെയ്തു.
   തന്റെ ദിലെക്‌സി തെ എന്ന ശ്ലൈഹികപ്രബോധനത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് സഭ പാവങ്ങളുടെ അമ്മയാണെന്നും സകലരെയും സ്വാഗതം ചെയ്യുന്ന സഭയില്‍ പാവങ്ങള്‍ക്കു പ്രത്യേക സ്ഥാനമുണ്ടെന്നും പാപ്പാ പറഞ്ഞു. നമ്മുടെ ഈ ലോകത്തെ ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങള്‍ ഭാരപ്പെടുത്തുന്നുണ്ട്. ഭൗതികവസ്തുക്കളുടെ കുറവു മാത്രമല്ല ദാരിദ്ര്യം. ധാര്‍മികവും ആത്മീയവുമായ ദാരിദ്ര്യമുണ്ട്. യുവജനങ്ങളുടെ കാര്യത്തില്‍ ഇത്തരം ദാരിദ്ര്യം കൂടുതല്‍ പ്രകടമാണ്. അനേകംപേര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ പ്രശ്‌നം പരിഹരിക്കാന്‍ അപരനെ ശ്രദ്ധിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണം. അങ്ങനെ ഒറ്റപ്പെടലിന്റെ ചുമരുകള്‍ തകര്‍ക്കാന്‍ സാധിക്കും. മറ്റുള്ളവരെ ശ്രദ്ധിച്ചുകൊണ്ട് ഓരോരുത്തരും ആയിരിക്കുന്ന ഇടങ്ങളില്‍ ദൈവത്തിന്റെ കാരുണ്യം പങ്കുവയ്ക്കുന്നവരാകണം  ക്രൈസ്തവരെന്നു മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
   മനുഷ്യവംശത്തെ നിസ്സഹായാവസ്ഥയിലാക്കുന്നവിധത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധസാഹചര്യം  നിലനില്‍ക്കുന്നതായി മാര്‍പാപ്പാ പറഞ്ഞു. ഈ അവസ്ഥയെ ദാരിദ്ര്യത്തിന്റെ അനിവാര്യതയായി കാണുമ്പോള്‍, ഇത്തരം ഘട്ടങ്ങളിലാണ് ചരിത്രത്തിന്റെ നാഥനായ കര്‍ത്താവ് രക്ഷിക്കാനായി എത്തുന്നതെന്ന് സുവിശേഷം ഓര്‍മിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്‌നേഹപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായി കഴിയുന്ന എല്ലാവരെയും പ്രത്യേകിച്ച് വോളണ്ടിയര്‍മാരെ മാര്‍പാപ്പാ നന്ദിപൂര്‍വം അനുസ്മരിച്ചു. പാവങ്ങളോടു സഭയ്ക്കുള്ള ഐക്യദാര്‍ഢ്യവും മാര്‍പാപ്പാ പ്രഖ്യാപിച്ചു. സകലരുടെയും സാഹോദര്യവും മാഹാത്മ്യവും അംഗീകരിക്കപ്പെടുന്ന കൂട്ടായ്മയുടെ ഒരന്തരീക്ഷം സംജാതമാക്കിക്കൊണ്ട് ദൈവരാജ്യം സാക്ഷാത്കരിക്കാന്‍ അദ്ദേഹം എല്ലാ ക്രൈസ്തവരെയും ആഹ്വാനം ചെയ്തു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)