സിനിമ മനുഷ്യന്റെ പ്രത്യാശയെ ചലനാത്മകമാക്കുന്നുവെന്ന് ലെയോ പതിന്നാലാമന്‍ പാപ്പാ. 2025 പ്രത്യാശയുടെ ജൂബിലിവര്‍ഷത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സിനിമാലോകത്തെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
1895 ഡിസംബര്‍ 28 ന് പാരീസില്‍ ലൂമിയര്‍ സഹോദരങ്ങള്‍ ആദ്യമായി സിനിമ പൊതുപ്രദര്‍ശനം നടത്തിയതിന്റെ 130-ാം വാര്‍ഷികം പ്രമാണിച്ചുകൂടിയായിരുന്നു, ആഗോളതലത്തില്‍ സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നവരുമായി മാര്‍പാപ്പാ കൂടിക്കാഴ്ച നടത്തിയത്.
സിനിമ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും മനുഷ്യന്റെ ആത്മീയസാഹസികതയുമായി അനുസ്യൂതം അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാര്‍പാപ്പാ പറഞ്ഞു. സിനിമയുടെ ഏറ്റവും വിലയേറിയ സംഭാവനകളിലൊന്ന് പ്രേക്ഷകനെ തന്നിലേക്കുതന്നെ മടങ്ങാന്‍ സഹായിക്കുക, സ്വന്തം അനുഭവത്തിന്റെ സങ്കീര്‍ണതയെ പുതിയ കണ്ണുകളോടെ കാണാന്‍ സഹായിക്കുക എന്നിവയാണ്.
സിനിമാലോകത്തിനു മനുഷ്യരാശിയുടെ ജീവിതത്തില്‍ കൂടുതല്‍ ആഴത്തിലുള്ള യാഥാര്‍ഥ്യങ്ങള്‍ പ്രകടമാക്കാന്‍ കഴിഞ്ഞുവെന്നും ജീവിതത്തെക്കുറിച്ചു കൂടുതല്‍ ധ്യാനിക്കാനും മനസ്സിലാക്കാനും മഹത്ത്വവും ദുര്‍ബലതയും തിരിച്ചറിയാനും ഗൃഹാതുരത്വത്തെ വ്യാഖ്യാനിക്കാനും സാധിച്ചുവെന്നും ആമുഖമായി മാര്‍പാപ്പാ പറഞ്ഞു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്കു മനുഷ്യനെ പ്രവേശിപ്പിക്കാന്‍ സിനിമ എന്ന കല വളരെ വലിയ പങ്കു വഹിക്കുന്നു. സിനിമാശാലകള്‍, തിയറ്ററുകള്‍ തുടങ്ങിയവ നമ്മുടെ പ്രദേശങ്ങളുടെ ഹൃദയമിടിപ്പാണ്. കാരണം, അവ അവയുടെ മാനുഷികവത്കരണത്തിന് സംഭാവന ചെയ്യുന്നു. എന്നാല്‍, ഇന്നത്തെ ആധുനികസംവിധാനങ്ങള്‍ ജീവിതത്തില്‍ സ്വാധീനംചെലുത്തുമ്പോള്‍, ആധികാരികമായ സിനിമകള്‍ നമ്മെ ആശ്വസിപ്പിക്കുക മാത്രമല്ല, വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും മാര്‍പാപ്പാ ചൂണ്ടിക്കാട്ടി.
മികച്ച സിനിമ, വേദനയെ ചൂഷണം ചെയ്യുന്നില്ല. അത് അവയെ അനുഗമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ മാര്‍പാപ്പാ, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സിനിമകളുടെ ആധികാരികത വീണ്ടെടുക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു. സിനിമയുടെ പിന്നണിയില്‍ അറിയപ്പെടാതെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും മാര്‍പാപ്പാ എടുത്തുപറഞ്ഞു. അര്‍ഥം തേടുന്നവരുടെ ഭവനമായും സമാധാനത്തിന്റെ ഭാഷയായും സിനിമ എന്നും ഒരു സംഗമസ്ഥലമായിരിക്കട്ടെയെന്നും മാര്‍പാപ്പാ ആശംസിച്ചു. കൂടിക്കാഴ്ചയില്‍ പ്രമുഖ ഹോളിവുഡ് താരങ്ങളുള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നടീനടന്മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*
