•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റ് ചികിത്സയും

ണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി വേട്ടയാടുന്ന രോഗാതുരതയായി ഹൃദ്രോഗം മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദയധമനീരോഗങ്ങള്‍ മൂലം ഭൂമുഖത്ത് 17.4 ദശലക്ഷംപേര്‍ പ്രതിവര്‍ഷം മരണമടയുകയാണ്. ഈ സംഖ്യ 2030 ആകുമ്പോള്‍ 23.6 ദശലക്ഷമായി ഉയരുമെന്നു കണക്കാക്കപ്പെടുന്നു. അതായത് എണ്ണത്തില്‍ ഓസ്‌ട്രേലിയയില്‍ ആകെയുള്ള ജനസംഖ്യയെക്കാള്‍ കൂടുതല്‍! ഇതില്‍ 80 ശതമാനത്തിലധികംപേരും സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണെന്നോര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960 നും 70 നുമിടയിലുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗ്ഗത്തെയാണ് കൂടുതലായി ബാധിച്ചത്. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ടറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴേക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്നു കാണാന്‍ കഴിഞ്ഞു.
'പബ്ലിക് ഹെല്‍ത്ത് ഫൗണേ്ടഷന്‍ ഓഫ് ഇന്ത്യ'യുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിക്കുന്നതായി കണ്ടു. ഇക്കൂട്ടരിലെ ബോധവത്കരണത്തിന്റെ അപര്യാപ്തത ആപത്ഘടകങ്ങളുട ഗൗരവം അറിയുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയിലയുല്‍പന്നങ്ങളുടെ ഉപയോഗം ഇവരില്‍ വളരെയധികം ഉയര്‍ന്നുകണ്ടു. സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമപദ്ധതികളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ പുകവലിക്കുകയും താണയിനം ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 40 വര്‍ഷക്കാലമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്.
ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷകമൂല്യം കുറഞ്ഞ ആഹാരക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറച്ചാണു കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതികൂലമായ 'ജനിതകപ്രോഗ്രാമിങ്ങ്' ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടി വന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതകപ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടം മറിയുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗാതുരകള്‍ ഉണ്ടാകാനുള്ള സാധ്യതയേറുന്നു.
ജനതകളുടെ അശാസ്ത്രീയമായ നഗരവത്കരണവും ആരോഗ്യരംഗത്തെ ഭീഷണമായൊരവസ്ഥയില്‍ കൊണെ്ടത്തിക്കുന്നു. 1900-ല്‍ ലോകജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമേ നഗരങ്ങളില്‍ ജീവിച്ചിരുന്നുള്ളൂ. എന്നാല്‍, ഇന്ന് 50 ശതമാനം പേരും നഗരങ്ങളില്‍ വാസമുറപ്പിച്ചിരിക്കുകയാണ്. 2050 ല്‍ ഇത് 75 ശതമാനമായി വര്‍ദ്ധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. 1960 നും 2000 നുമിടയ്ക്കുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ നഗരങ്ങളിലെ ഹൃദ്രോഗസാധ്യത നൂറുമടങ്ങായും ഗ്രാമീണരില്‍ രണ്ടു മടങ്ങായും വര്‍ദ്ധിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മൃത്യുവിനിരയാകുന്നത് ഹൃദ്രോഗത്താലാണ്. 2030 ആകുന്നതോടെ 36 ശതമാനത്തിലധികം ഇന്ത്യക്കാരും ഹൃദയധമനീരോഗങ്ങള്‍മൂലം മരണപ്പെടുമെന്ന് ശക്തമായ സൂചനകളുണ്ട്.
ലോകഹൃദയദിനം ആരംഭിച്ചിട്ട് 15 വര്‍ഷം കഴിഞ്ഞു. 2000-ല്‍ തുടങ്ങിയ ഹൃദയദിനം ഓരോ വര്‍ഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. 'ജീവിതത്തെ ശക്തീകരിക്കുക ('Power your life') എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. പഥ്യമായ ആഹാരക്രമവും, കൃത്യമായ വ്യായാമശീലവും അനുവര്‍ത്തിച്ച് പുകവലി നിര്‍ത്തി ജീവിതത്തെ പ്രോജ്ജ്വലമാക്കുക.
'രോഗത്തെയും ആരോഗ്യത്തെയും നിര്‍ണ്ണയിക്കുന്ന, ഭക്ഷണത്തിന്റെ ഹിതത്വത്തെയും അഹിതത്വത്തെയും എങ്ങനെയാണു നിര്‍വ്വചിക്കുക? അളവ്, സമയം, പാചകം, രോഗത്തിന്റെ സ്വഭാവം, രോഗിയുടെ അവസ്ഥ എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് ഭക്ഷണത്തിന്റെ പ്രഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നു. ഹിതമായ ഭക്ഷണത്തിന്റെ കൃത്യമായ നിര്‍വ്വചനം, ധാതുക്കളുടെ സമതുലിതാവസ്ഥയെ നിലനിര്‍ത്തുകയും ഭഗ്നമായാല്‍ തന്നെയും അതിനെ വീണെ്ടടുക്കുകയും ചെയ്യുന്ന ഒന്ന്' എന്നാണ് (ചരകപൈതൃകം).
ഹൃദ്രോഗത്തിന്റെ കാര്യത്തിലും ഈ പ്രസ്താവന ഏറെ അന്വര്‍ത്ഥമാകുന്നു. ചരകസിദ്ധാന്തങ്ങളുടെ സത്തയില്‍നിന്നുരുത്തിരിഞ്ഞ ഈ പ്രബോധനം ഹൃദയപരിപാലനത്തിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ ഏതു ഭക്ഷണശൈലി അവലംബിക്കണമെന്നതാണ് അറിയേണ്ടത്. ഹൃദയധമനികളുടെ ആന്തരപാളികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പുകണങ്ങള്‍ മൃത്യുവിലേക്കുള്ള കുറുക്കുവഴിയാകുമെന്ന അറിവു ലഭിച്ച അന്നുമുതല്‍ കൊഴുപ്പിനെ ഹൃദയത്തിന്റെ വില്ലനായി മുദ്രകുത്തി. പിന്നെയതിനെ സംഹരിക്കാനുള്ള വിവിധ വിദ്യകളാണ് മെനഞ്ഞെടുത്തത്. ഇതിന്റെ മൂലകാരണമായ അശാസ്ത്രീയമായ ഭക്ഷണശൈലിയെ നിയന്ത്രിക്കുന്നതിനുപകരം ശരീരത്തില്‍ കുമിഞ്ഞുകൂടിയ കൊഴുപ്പിനെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമായ ഔഷധങ്ങളുടെ നിരമ്മാണത്തിലായിരുന്നു ശാസ്ത്രലോകം മുന്‍കൈയെടുത്തത്. ഭക്ഷണക്കൊതിയന്മാരായ മനുഷ്യരെ പിന്തിരിപ്പിക്കുവാന്‍ കഷ്ടപ്പെടുന്നതിനെക്കാള്‍ എളുപ്പം വര്‍ദ്ധിച്ച കൊഴുപ്പു കുറയ്ക്കുവാനുള്ള ചെപ്പടിവിദ്യകള്‍ പറഞ്ഞുകൊടുക്കുകയാണു ഭേദമെന്ന് ഗവേഷകരും കരുതി. അങ്ങനെയാണ് കൊളസ്‌ട്രോള്‍ സംഹാരികളായ മരുന്നുകളുടെ ആവിര്‍ഭാവം. ഇത് ഔഷധക്കമ്പനികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. രോഗിക്കും അത് ഏറെ തൃപ്തികരമായി. കാരണം, ഇഷ്ടവിഭവങ്ങള്‍ ആവോളം അകത്താക്കാം. അതിനുശേഷം ഗുളികയെടുത്താല്‍ മതിയല്ലോ. എന്നാല്‍, അശാസ്ത്രീയവും അപഥ്യവുമായ ഈ പ്രവണത ഹൃദയാരോഗ്യത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിച്ചു. എത്ര തരം മരുന്നുകള്‍ കഴിച്ചാലും പിടിയിലൊതുങ്ങാത്ത ഒന്നായി ഹൃദ്രോഗഭീഷണി. സ്വന്തം ശരീരത്തിനും പ്രകൃതിക്കും വിപരീതമായി ജീവിതം നയിച്ച മനുഷ്യര്‍ രോഗങ്ങളുടെ നീര്‍ച്ചുഴിയില്‍ രക്ഷപ്പെടാനാവാത്തവിധം മുങ്ങിത്താണു. ഇന്ന് വര്‍ദ്ധിച്ച കൊളസ്‌ട്രോളോ അമിത രക്തസമ്മര്‍ദ്ദമോ പ്രമേഹമോ അമിതവണ്ണമോ ഇല്ലാത്തവരായി ആരുണ്ടിവിടെ?
ഹൃദയധമനീരോഗങ്ങള്‍ കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്. കേരളജനസംഖ്യയുടെ 15 ശതമാനവും ഹൃദ്രോഗബാധിതരാണ്. ഈ സംഖ്യ നാള്‍ക്കുനാള്‍ ശീഘ്രഗതിയില്‍ കുതിക്കുന്നു. ശരാശരി മലയാളിയുടെ ശരീരം ജീവിതശൈലീരോഗങ്ങളുടെ കൂടാരമാണ്. മലയാളിയുടെ ഭക്ഷണക്രമം തെറ്റിയിട്ട് കാലമേറെയായി. ഒരു ദിവസം 5000 ടണ്‍ ഇറച്ചി മലയാളി അകത്താക്കുന്നു. മക്കളെ എത്രയും പെട്ടെന്ന് വളര്‍ത്തി വലുതാക്കാന്‍ വെമ്പുന്ന മാതാപിതാക്കള്‍ കിട്ടുന്നതെല്ലാം വാങ്ങി അവരെ തീറ്റുന്നു. പരീക്ഷയ്ക്ക് മാര്‍ക്കു വാങ്ങിക്കുകയെന്നതല്ലാതെ അവരുടെ വ്യായാമകാര്യത്തില്‍ തെല്ലും ശ്രദ്ധയില്ല. ഇത്തരം കുട്ടികള്‍ക്കാണ് ഇരുപതോ മുപ്പതോ വയസാകുമ്പോള്‍ ഹൃദ്രോഗമുണ്ടാകുന്നത്. രോഗം വരട്ടെ, എന്നിട്ട് നോക്കാം എന്ന ധാര്‍ഷ്ട്യമാണ് മലയാളിക്ക്. എന്തുണ്ടായാലും ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് ശസ്ത്രക്രിയയോ ഉണ്ടല്ലോ എന്ന ചിന്ത. ഈ മനോഭാവം മാറിയേ തീരൂ. ഹൃദ്രോഗത്തിനു കാരണമായ ഘടകങ്ങള്‍ കണെ്ടത്തുക, പ്രതിരോധിക്കുക.
  (തുടരും)
Login log record inserted successfully!