ആഹാരത്തിലെ ക്രമക്കേടുകള്‍ മൂലവും, പോഷകക്കുറവുമൂലവും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചു നമ്മള് അറിഞ്ഞില്ലെങ്കില്‍ അതു മാരകരോഗങ്ങള്‍ക്കു വഴിയൊരുക്കും. ആധുനികജീവിതരീതികളില്‍ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വളരെ കൂടുതലാണ്. എത്ര നിയമങ്ങള്‍ വന്നാലും കോടതികള്‍ ആവര്‍ത്തിച്ചു പറഞ്ഞാലും പ്ലാസ്റ്റിക് എല്ലാവരുടെയും ഉപയോഗവസ്തുവാണ്. പക്ഷേ, ചൂടുള്ള ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിയുമ്പോള്‍ രാസപ്രവര്‍ത്തനം നടക്കുകയും തന്മൂലം പോളവിനൈല് ക്ലോറൈഡ്(ജ.ഢ.ഇ), പോളിഎത്തിലിന്, പോളിസ്റ്റൈറിന്‍, ബിസ്ഫിനോള്‍ മുതലായ രാസവസ്തുക്കളായി രൂപാന്തരപ്പെടുകയും ആഹാരസാധനങ്ങളില്‍ അലിഞ്ഞുചേരുകയും അതു ശരീരത്തില്‍ കയറി വൃക്കത്തകരാറുകള്‍, ക്യാന്‍സര്‍, വന്ധ്യത, ഹൃദയരോഗങ്ങള്‍, ഹോര്‍മോണുകളുടെ വ്യതിയാനം മുതലായവ സംഭവിക്കുകയും ചെയ്യുന്നു.
കടകളിലോ വാഹനങ്ങളിലോ ഇരുന്ന് സൂര്യപ്രകാശം അടിക്കുന്ന സ്ഥലത്തുവച്ചു പ്ലാസ്റ്റിക്കില്‍ നിറച്ച വെള്ളം അഥവാ ശീതളപാനീയങ്ങള്‍ കുടിക്കുകയോ കാപ്പി, സാമ്പാര്‍, ദോശ, ഫാസ്റ്റ്ഫുഡുകള്‍, ചോറ്, ചമ്മന്തി തുടങ്ങിയ ചൂടുള്ള ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പാര്‍സല്‍ കൊണ്ടുപോകുകയോ ചെയ്യുന്നതു വളരെ ദോഷകരമാണ്.
ട്രെയിനിലും മറ്റും ചായ അഥവാ കാപ്പി പ്ലാസ്റ്റിക്ഗ്ലാസുകളില് വില്‍ക്കുന്നവരില്‍നിന്നു വാങ്ങി കുടിക്കാതിരിക്കുക.
പായ്ക്കറ്റ് ആഹാരങ്ങള്‍ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന സ്ഥലത്തുവച്ചു വില്‍ക്കുന്നുവെങ്കില്‍ അതു വാങ്ങാതിരിക്കുക.
ആഹാരങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍വച്ച് ഓവനില്‍ ചൂടാക്കാതിരിക്കുക.
കഴിയുന്നതും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍കൊണ്ട് ഉണ്ടാക്കുന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക.
ഡോക്ടറോടു ചോദിക്കാം: ചോദ്യങ്ങള്‍ അയയ്ക്കേണ്ട വിലാസം: എഡിറ്റര്‍, ആയുരാരോഗ്യം, ദീപനാളം വാരിക, പാലാ-686575
							
 ഡോ. മനോജ് വി. ജോൺസൺ
                    
									
									
									
									
									
									
									
									
									
									
                    