•  2 May 2024
  •  ദീപം 57
  •  നാളം 8
ബാലനോവല്‍

കാട്ടാനയുടെ കൂട്ടുകാരന്‍

ദേവദാസും കൂട്ടരും കാട്ടില്‍ വച്ചു ബോധാനന്ദസരസ്വതിയെ കണ്ടു. സ്വാമി എല്ലാ വിവരങ്ങളും അവരോടു പറഞ്ഞു.
''താങ്കളുടെ കുട്ടികളെ രാക്ഷസന്മാര്‍ തട്ടിക്കൊണ്ടുപോയതാണ്. ഉടനെതന്നെ കാളിക്കു ബലി കൊടുക്കും. വേഗം ചെന്നു കുട്ടികളെ രക്ഷിക്കൂ. അവര്‍ക്കൊരാപത്തും പറ്റില്ല. ഇതാ ഈ പൊടി രാക്ഷസന്മാരുടെ താവളത്തില്‍ വിതറൂ. അവരെല്ലാം ചത്തൊടുങ്ങിക്കൊള്ളും. കാളീപൂജ നടക്കില്ല, പറോതമ്മ പത്തിരകാളി രാക്ഷസന്മാരില്‍ ഒരിക്കലും പ്രസാദിക്കില്ല. മാത്രമല്ല കാളിയമ്മ അവരെ ശപിക്കും. രാക്ഷസകുലം ഉള്‍ക്കാട്ടില്‍നിന്നപ്രത്യക്ഷമാകും. കുറെയെണ്ണം ചാകും. മറ്റുള്ളവര്‍ ജീവനും കൊണേ്ടാടിപ്പോകും. നിങ്ങളുടെ കുട്ടികള്‍ ചന്ദ്രനും സുന്ദരനും സുരക്ഷിതരായിരിക്കും. പോകൂ ഇപ്പോള്‍ നടന്നാല്‍ അമാവാസി രാത്രിക്കുമുമ്പേ അവിടെയെത്താം. ഇതാ മാന്ത്രികധൂമം...'' സ്വാമി അന്തരീക്ഷത്തിലേക്കു കൈനീട്ടി. ആ കൈപ്പത്തിക്കുള്ളില്‍ തിളങ്ങുന്നൊരു ഡപ്പി പ്രത്യക്ഷപ്പെട്ടു. ''അവിടെക്കൊണ്ടുപോയി ഇതു വിതറിയാല്‍ രാക്ഷസര്‍ ബോധം കെട്ടു മരിക്കും. ഭയവിഹ്വരായി പലായനം ചെയ്യും... ദൈവപ്രസാദപ്പൊടിയാണിത്. നന്മയുടെ ധൂമം...'' ഇതു തിന്മയുടെ മൂര്‍ത്തീഭാവങ്ങളായ രാക്ഷസന്മാരെ വധിക്കും... ഇതൊക്കെ സംഭവിക്കേണ്ടതു തന്നെ. നിങ്ങള്‍ ഒരു നിമിത്തമായെന്നു മാത്രം...''
''ശരി സ്വാമീ. പറഞ്ഞതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചോളാം.''
ദേവദാസ് ധൂമം വാങ്ങി ഭദ്രമായി വെച്ചു.
അവര്‍ നാലുപേരും നടന്നു.
ഉള്‍ക്കാട്ടിനടുത്തെത്തിയപ്പോള്‍ ഭയങ്കരശബ്ദങ്ങളും അലര്‍ച്ചയും കേട്ടു.
ഉത്സവം തുടങ്ങിയിരിക്കുന്നു.
ഇന്നാണ് അമാവാസി. കാട്ടിലെ ദേവിക്ക് ഉത്സവദിനം. ബലിദാനം.
ആകാ ശം മുട്ടെ വളര്‍ന്നു നില്‍ ക്കുന്ന പറോതമ്മ ഭദ്രകാളി.
ബലിക്കായി തയ്യാറായി നില്‍ക്കുന്ന ആരാച്ചാര്‍ അമ്പിക്കുട്ടന്‍ മഹാകാലന്‍.
ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്ന പൂജാരി.
കുളിപ്പിച്ചു പട്ടുവസ്ത്രം ധരിപ്പിച്ച രണ്ടാണ്‍കുട്ടികളും ഒരാട്ടിന്‍ കുട്ടിയും.
ദേവിക്കു മുന്നിലെ പീഠത്തിനരുകില്‍ കുട്ടികളും ആടും. വാളോങ്ങി നില്‍ക്കുന്ന ആരാച്ചാര്‍ അമ്പിക്കുട്ടന്‍ മഹാകാലന്‍. കറുത്ത വസ്ത്രമുടുത്തു കാലനെപ്പോലെയുള്ളവന്‍.
വാദ്യമേളങ്ങള്‍ മുറുകി.
രാക്ഷസന്മാരുടെ കൂ കൂ വിളികള്‍... അലര്‍ച്ചകള്‍... ''പറോതക്കാളിയമ്മേ കാത്തുരക്ഷിക്കൂ...'' രാക്ഷസരാജാവ് കിട്ടണ്ണ പ്രാര്‍ത്ഥിച്ചു. കൂടെ മറ്റുള്ള രാക്ഷസന്മാരും പ്രാര്‍ത്ഥിച്ചു.
അതാ അവര്‍ നാലുപേരും വന്നു കഴിഞ്ഞു. ദേവദാസും കൂട്ടുകാരും.
വാളോങ്ങിയ ആരാച്ചാര്‍ ഒരു കുട്ടിയുടെ കഴുത്തില്‍ വാളുവയ്ക്കുവാന്‍ ഉയര്‍ത്തി...
''നിര്‍ത്തൂ...'' ഒരലര്‍ച്ച. കൂടെ പൊടിപടലംപോലെ ഒരു പുകപടലം...
ദേവദാസ് മാന്ത്രികച്ചെപ്പു തുറന്നു പൊടി വിതറി.
''ഹൂ.... ഹോയ്... കാളിയമ്മേ പത്തിരകാളീ...''
പടപടാന്നു രാക്ഷസന്മാര്‍ വീണു. ചിലര്‍ ജീവനും കൊണേ്ടാടി.
ദേവദാസും കൂട്ടരും ഓടിച്ചെന്നു കുട്ടികളെ ബന്ധനവിമുക്തരാക്കി രക്ഷിച്ചു.
രാക്ഷസന്മാര്‍ക്കു മാത്രമേ ആ വിഷപ്പൊടിയേല്‍ക്കൂ. മറ്റുള്ളവര്‍ക്കതു വെറും സുഗന്ധമുള്ള ഭസ്മമാണ്. പറോതമ്മ ഭദ്രകാളി നിശ്ചലം നിന്നു ചിരിച്ചു. ചന്ദ്രനെയും സുന്ദരനെയുംകൊണ്ട് ദേവദാസും കൂട്ടുകാരും സന്തോഷത്തോടെ നാട്ടിലേക്കു പോയി.

(അവസാനിച്ചു)

Login log record inserted successfully!