സ്ത്രീകളില്‍ ഗര്‍ഭാശയത്തില്‍ ഏറ്റവും സാധാരണമായി കാണുന്ന മുഴകളാണ് ഫൈബ്രോയ്ഡ്‌സ്. അഞ്ചില്‍ ഒരു സ്ത്രീക്ക് ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാകാം. ഇതു മാസമുറ നില്‍ക്കുന്നതുവരെ ഉണ്ടാകാനും വളരാനുമുള്ള സാധ്യതയുണ്ട്.
കാരണങ്ങള്‍ എന്തെല്ലാം? 
ഭൂരിഭാഗം സ്ത്രീകളിലും ഇതിനു പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാനാവില്ല. ശരീരത്തില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഒരു കാരണമാണ്. ചില പ്രത്യേകവിഭാഗം സ്ത്രീകളില്‍, അതായത്, അമിതവണ്ണം ഉള്ളവര്‍, വളരെ നേരത്തേ ആര്‍ത്തവം തുടങ്ങിയവര്‍, വളരെ വൈകിയ പ്രായത്തില്‍ ആര്‍ത്തവം നിന്നവര്‍, അമിതമായി മാംസാഹാരം കഴിക്കുന്നവര്‍ എന്നിവരില്‍ ഗര്‍ഭാശയമുഴകള്‍  കൂടുതലായി കാണുന്നു. പാരമ്പര്യം അതായത്, അമ്മയ്‌ക്കോ, സഹോദരങ്ങള്‍ക്കോ മുഴകള്‍ ഉണ്ടെങ്കില്‍, ഇത് വരാനുള്ള സാധ്യത കൂടുന്നു.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
മിക്കവാറും സ്ത്രീകളില്‍ വേറേ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സ്‌കാന്‍ ചെയ്യുമ്പോഴാണ് ഗര്‍ഭാശയത്തിലെ മുഴകള്‍ കണ്ടുപിടിക്കപ്പെടാറുള്ളത്.  മിക്കവാറും ഇത ്‌ചെറുതുമായിരിക്കും. ഏറ്റവും പ്രധാന ലക്ഷണം ആര്‍ത്തവസമയത്തെ അമിതരക്തസ്രാവമാണ്. കൂടുതല്‍ ദിവസം രക്തസ്രാവം ഉണ്ടാകുന്നതോ, രക്തം കട്ടയായി പോകുന്നതോ ഇതില്‍പ്പെടാം. ആര്‍ത്തവസമയത്തെ അമിതമായ വയറുവേദന, നടുവുവേദന, വന്ധ്യത, മുഴകള്‍ മൂത്രസഞ്ചിയെയോ കുടലിനെയോ അമര്‍ത്തുന്നതുമൂലമുള്ള മൂത്രതടസ്സം, മലബന്ധം എന്നിവയാണു മറ്റു ലക്ഷണങ്ങള്‍. 
എല്ലാ ഗര്‍ഭാശയമുഴകളും ക്യാന്‍സര്‍ ആണോ?
അല്ല. ഒരു ശതമാനത്തിലും താഴെ സ്ത്രീകളില്‍ മാത്രമേ ഗര്‍ഭാശയമുഴകള്‍ ക്യാന്‍സര്‍ ആയി രൂപാന്തരപ്പെടാറുള്ളൂ. ഇതു മിക്കവാറും കാണുന്ന മുഴകള്‍ പെട്ടെന്നു വലുതാകുകയോ, മാസമുറപൂര്‍ണ്ണമായി നിന്നതിനുശേഷം മുഴ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ്.
രോഗനിര്‍ണ്ണയം എങ്ങനെ?
അള്‍ട്രാസൗണ്ട് സ്‌കാന്‍ ആണ് ഏറ്റവും പ്രധാന പരിശോധന. ഒരുപാടു മുഴകള്‍ ഉണ്ടെങ്കിലോ, അല്ലെങ്കില്‍ മൂത്രസഞ്ചിയെയോ കുടലിനെയോ അമര്‍ത്തുന്ന രീതിയിലുള്ള മുഴയാണെങ്കിലോ ചില ചുരുക്കം സാഹചര്യങ്ങളില്‍ എം.ആര്‍.ഐ. സ്‌കാനിന്റെ ആവശ്യം വരാറുണ്ട്. 
എല്ലാ മുഴകള്‍ക്കും ഓപ്പറേഷന്‍ വേണോ?
പ്രായം, മുഴയുടെ വലുപ്പം, അവയുടെ എണ്ണം, സ്ഥാനം, അവയുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ എന്നിവ അനുസരിച്ചാണു ചികിത്സ.
രോഗലക്ഷണങ്ങളില്ലാത്ത, വളരെ ചെറിയ മുഴകള്‍ക്കു ചികിത്സ വേണ്ട. എന്നാല്‍, വര്‍ഷത്തിലൊരിക്കലോ, ആറു മാസത്തിലൊരിക്കലോ സ്‌കാന്‍ ചെയ്തു മുഴകള്‍ക്കു വലുപ്പം കൂടുന്നുണ്ടോ എന്നു പരിശോധിക്കണം.
എന്നാല്‍, ഇവ വന്ധ്യതയ്ക്കു കാരണമാകുക,  മൂത്രതടസ്സമോ മലബന്ധമോ ഉണ്ടാകുക, അമിത    രക്തസ്രാവം കാരണം വിളര്‍ച്ച ഉണ്ടാകുക, പെട്ടെന്ന് മുഴയുടെ വലുപ്പം കൂടുക, മാസമുറ നിന്നതിനുശേഷം മുഴകള്‍ ഉണ്ടാകുക എന്നീ സാഹചര്യങ്ങളില്‍ ഓപ്പറേഷന്‍ ചെയ്യുന്നതാണ് ഉത്തമം. മുഴയുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ച് താക്കോല്‍ദ്വാരശസ്ത്രക്രിയയോ വയറു തുറന്നുള്ള ശസ്ത്രക്രിയയോ ചെയ്യാം.
ഇനിയും ഒരു ഗര്‍ഭധാരണം കൂടി പ്ലാന്‍ ചെയ്യുന്ന രോഗികളില്‍ മുഴ മാത്രമായി നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനു ശേഷം വീണ്ടും മുഴകള്‍ വരാനുള്ള സാധ്യത ഇവരില്‍ ചിലരില്‍ കാണാറുണ്ട്.
ഒന്നിലധികം വലിയ മുഴകള്‍ ഉണ്ട്, മാസമുറ നില്‍ക്കാറായി, അമിതരക്തസ്രാവമുണ്ട്, ഇനിയൊരു ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നില്ല - ഇങ്ങനെയുള്ളവരില്‍ ഗര്‍ഭപാത്രം മുഴുവനായും എടുത്തു മാറ്റുന്നതായിരിക്കും നല്ലത്.
മരുന്നുകൊണ്ടുള്ള ചികിത്സ
ബ്ലീഡിങ് കുറയ്ക്കാനും, വേദന കുറയ്ക്കാനും മുഴയുടെ വലുപ്പം കുറയ്ക്കാനുമുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍, ഗുളിക നിര്‍ത്തിയാല്‍ മുഴകള്‍ വീണ്ടും വളരാനുള്ള സാധ്യതയുണ്ടെന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.
ഗര്‍ഭാശയമുഴ തനിയെ ഇല്ലാതാവുമോ?
മാസമുറ പൂര്‍ണ്ണമായി നിന്നതിനുശേഷം ശരീരത്തില്‍ ഈസ്ട്രജന്റെ  അളവു വളരെ യധികം കുറയുന്നതിനാല്‍ മുഴയുടെ വലുപ്പം കുറയുന്നതായും ചെറിയ മുഴകള്‍ ഒന്നുരണ്ടു വര്‍ഷംകൊണ്ട് പൂര്‍ണ്ണമായി ഇല്ലാതാകുന്നതായും കാണാറുണ്ട്. അല്ലാത്തപക്ഷം സ്ത്രീകളില്‍ ഒന്നുകില്‍ ഇത് അതേ വലുപ്പത്തില്‍ കുറെക്കാലം നില്‍ക്കുകയോ, ചുരുക്കം ചിലരില്‍ വലുപ്പം കൂടി രോഗലക്ഷണങ്ങള്‍  ഉണ്ടാക്കുകയും ചെയ്യാം.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റാണ്.
							
  ഡോ. നിഷു സുഗുണന്
                    
									
									
									
									
									
									
									
									
									
									
                    