•  9 May 2024
  •  ദീപം 57
  •  നാളം 9
വര്‍ത്തമാനം

കൊല്ലരുതനിയാ കൊല്ലരുത് !

തെറ്റു കണ്ടുപിടിക്കപ്പെട്ടാല്‍ അതു ചെയ്തവര്‍ക്ക് അഭിമാനക്ഷതമുണ്ടാകും; അപമാനഭയമുണ്ടാകും; ശിക്ഷാഭീതിയുമുണ്ടാകും. പലരും തെറ്റു സമ്മതിക്കും. കരഞ്ഞുകൊണ്ടു മാപ്പപേക്ഷിക്കും. ഇനി ആവര്‍ത്തിക്കില്ലെന്നുറപ്പു നല്‍കും. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകും. അവര്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് അധികൃതരാരെങ്കിലും സ്വപ്നത്തില്‍പ്പോലും ചിന്തിക്കുകയില്ലല്ലോ.


ഏറെ വേദനാജനകമായ അനുഭവങ്ങളിലൊന്നാണ് കുട്ടികളുടെ ആത്മഹത്യ. അപക്വമനസ്സിന്റെ ക്ഷിപ്രവികാരപ്രകടനമാണ് അത്തരം സംഭവങ്ങള്‍. ഒന്നുകൂടി ആലോചിക്കാനോ ആരുമായെങ്കിലും മനസ്സിന്റെ വിഷമം പങ്കുവയ്ക്കാനോ അവസരം ലഭിക്കുമെങ്കില്‍ അത്തരം ആത്മഹത്യകളില്‍ പലതും ഒഴിവാകുമായിരുന്നിരിക്കണം.
അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ത്ഥിനി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയതു ജൂണ്‍ ആറ് ശനിയാഴ്ചയാണ്. ഏറ്റവും നിര്‍ഭാഗ്യകരമായ ദുരന്തം. പരീക്ഷാഹാളില്‍ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അപമാനഭീതിയും മാനസികാഘാതവുമാകണം ആ കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം.
പരീക്ഷാഹാളില്‍നിന്നു പുറത്തേക്കു പോയ ആ കുട്ടിയെ അറിയുന്നവരാരെങ്കിലും കണ്ടുമുട്ടുകയോ, വിവരമറിഞ്ഞു 'സാരമില്ല കുഞ്ഞേ' എന്നൊന്ന് ആശ്വസിപ്പിക്കുകയോ ചെയ്തിരുന്നെങ്കിലും ആപത്തൊഴിവാകുമായിരുന്നിരിക്കണം. വീട്ടില്‍നിന്നു കുറച്ചേറെ ദൂരെയുള്ള പരീക്ഷാവേദിയിലേക്ക് അച്ഛനോ അമ്മയോ ആരെങ്കിലും ആ പെണ്‍കുട്ടിയെ കൊണ്ടുവന്നുവിടുകയും കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ആപത്തൊഴിവായേനെ. നിര്‍ഭാഗ്യവശാല്‍ അതൊന്നുമുണ്ടായില്ല.
ഇപ്പോള്‍ പഴിയെല്ലാം പരീക്ഷാകേന്ദ്രമായിരുന്ന ചേര്‍പ്പുങ്കല്‍ ബിഷപ് വയലില്‍ കോളജിനും പ്രിന്‍സിപ്പലിനുമാണ്. അതു സ്വാഭാവികമാണുതാനും. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലല്ലോ. എന്നാല്‍, വളരെ സാധാരണമായ ഒരു സംഭവം മാത്രമായിരുന്നു ആ കോപ്പിയടി കണെ്ടത്തല്‍ എന്ന കാര്യവും നമ്മള്‍ മറക്കേണ്ട.
നമ്മുടെ പരീക്ഷകളെല്ലാം, കുട്ടികള്‍ പാഠപുസ്തകങ്ങളില്‍നിന്നും അധ്യാപകരില്‍നിന്നും മറ്റു സഹായകമാര്‍ഗ്ഗങ്ങളില്‍നിന്നും ആര്‍ജിച്ച വിജ്ഞാനം ഓര്‍മ്മയില്‍നിന്ന് ഉത്തരക്കടലാസുകളില്‍ പകര്‍ത്തി മൂല്യനിര്‍ണയം ചെയ്യുന്ന സമ്പ്രദായത്തിലാണ് ഇന്നും നടന്നുവരുന്നത്. പാഠപുസ്തകങ്ങളോ പാഠപുസ്തകഭാഗങ്ങളോ ഉത്തരമെഴുതാന്‍ സഹായിക്കുന്ന കുറിപ്പുകളോ പരീക്ഷാഹാളില്‍ കൊണ്ടുവരാന്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് അനുവാദമില്ല. മറിച്ചു സംഭവിച്ചാല്‍ കുട്ടികള്‍ ശിക്ഷിക്കപ്പെടും. അതു വളരെ സാധാരണമായ കാര്യം.
ഇവിടെ ആ പാവം വിദ്യാര്‍ത്ഥിനി ചെയ്തതെന്താണ്? ഹാള്‍ടിക്കറ്റിന്റെ മറുവശത്ത്, പരീക്ഷയ്ക്കു സഹായകമായേക്കാവുന്ന ചില പാഠഭാഗങ്ങളുടെ കുറിപ്പ് പെന്‍സില്‍കൊണ്ട് എഴുതിവച്ചിരിക്കുന്നു. മുന്‍ ദിവസങ്ങളില്‍ എഴുതിയതു മായ്ച്ചുകളഞ്ഞ് വീണ്ടും എഴുതിയിരിക്കുന്നതായും കണെ്ടത്തി.
ഇവിടെ ഹാള്‍ ടിക്കറ്റിന്റെ പിന്‍വശത്ത് ഉത്തരമെഴുതാന്‍ സഹായകമായ പാഠ്യവസ്തുതകള്‍ കുറിച്ചുകൊണ്ടുവന്നതു തെറ്റായ കാര്യമാണ്. അതു കണെ്ടത്തിയ അധ്യാപകന്‍ സ്വന്തം ചുമതല നിര്‍വഹിക്കുക മാത്രമാണു ചെയ്തത്. അതു പ്രിന്‍സിപ്പലിനെ അറിയിച്ചതാവട്ടെ ശരിയായ നടപടിക്രമവും.
പരീക്ഷയുടെ കാര്യത്തില്‍ ഉത്കണ്ഠയുള്ള ഏതു കുട്ടിക്കും കോപ്പിയടിക്കാനുള്ള പ്രവണതയുണ്ട്. തെറ്റായകാര്യമെന്നനിലയില്‍ പല കുട്ടികളും ശിക്ഷാഭീതികൊണ്ടുകൂടി, അതു ചെയ്യാറില്ലെന്നേയുള്ളൂ. എന്നാല്‍, ധാരാളം കുട്ടികള്‍ 'വിജയകരമായി' കോപ്പിയടിക്കാറുണ്ട്. ധാരാളം കുട്ടികള്‍ പിടിക്കപ്പെടാറുണ്ട്; ശിക്ഷിക്കപ്പെടാറുമുണ്ട്. ഇതു പരീക്ഷകള്‍ ഉണ്ടായ കാലം മുതലേ തുടര്‍ന്നുപോരുന്ന കുറ്റവും ശിക്ഷയുമാണ്.
ഇതു മാത്രമല്ലേ ബി.വി.എം. കോളജിലെ പരീക്ഷാഹാളിലും സംഭവിച്ചുള്ളൂ. വിദ്യാര്‍ത്ഥിനിയുടെ ഭാഗത്തുനിന്നുണ്ടായ കുറ്റം കണ്ടുപിടിച്ചു. അന്നത്തെ പരീക്ഷ മാത്രം തുടര്‍ന്നെഴുതേണ്ടാ എന്നു വിലക്കി. തിങ്കളാഴ്ചമുതലുള്ള പരീക്ഷ എഴുതിക്കൊള്ളാനും പറഞ്ഞു.
തെറ്റു കണ്ടുപിടിക്കപ്പെട്ടാല്‍ അതു ചെയ്തവര്‍ക്ക് അഭിമാനക്ഷതമുണ്ടാകും; അപമാനഭയമുണ്ടാകും; ശിക്ഷാഭീതിയുമുണ്ടാകും. പലരും തെറ്റു സമ്മതിക്കും. കരഞ്ഞുകൊണ്ടു മാപ്പപേക്ഷിക്കും. ഇനി ആവര്‍ത്തിക്കില്ലെന്നുറപ്പു നല്‍കും. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകും. അവര്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് അധികൃതരാരെങ്കിലും സ്വപ്നത്തില്‍പ്പോലും ചിന്തിക്കുകയില്ലല്ലോ.
പക്ഷേ, പാവം അഞ്ജുവിന്റെ കാര്യത്തില്‍ അതും സംഭവിച്ചുപോയി. താന്‍ ചെയ്തതു കടുത്ത തെറ്റാണെന്ന് ആ കുട്ടി ചിന്തിച്ചിട്ടുണ്ടാവില്ല. അല്ലെങ്കില്‍ അതു കണ്ടുപിടിക്കപ്പെടുമെന്ന് അവര്‍ കരുതിയിട്ടുണ്ടാവില്ല. അതുകൊണ്ട് അപ്രതീക്ഷിതമായുണ്ടായ അനുഭവം അവളെ വല്ലാതെ പരിഭ്രാന്തയാക്കിയിരിക്കാം. അതിന്റെ ഭവിഷ്യത്ത് അവളെ ഭയപ്പെടുത്തിയിരിക്കാം.
കോളജ് മാനേജ്‌മെന്റിനെയും സമുദായത്തെയും ആക്ഷേപിക്കാനും വേട്ടയാടാനും ചിലര്‍ പെണ്‍കുട്ടിയുടെ മരണത്തെ ആയുധമാക്കിയെന്നതു തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. സര്‍വകലാശാലപോലും അതിനൊരു കരുവായിത്തീര്‍ന്നിരിക്കുന്നു. കോപ്പിയടിച്ചതല്ല അതു കണ്ടുപിടിച്ചതാണു കൂടുതല്‍ ഗൗരവമേറിയ കുറ്റം എന്ന നിലയിലാണു സര്‍വ്വകലാശാലയുടെ നടപടികള്‍.
പ്രിന്‍സിപ്പലിനെ പരീക്ഷാച്ചുമതലകളില്‍നിന്നു സസ്‌പെന്‍ഡു ചെയ്തിരിക്കുന്നു. മൂന്നംഗ അന്വേഷണകമ്മീഷനെ നിയമിച്ചിരിക്കുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ സര്‍വ്വകലാശാലയുടെ അനുമതിയില്ലാതെ പുറത്തുവിട്ടതു നിയമവിരുദ്ധമാണെന്ന വിചിത്രമായ പ്രഖ്യാപനവും വൈസ്ചാന്‍സലര്‍ നടത്തിയിരിക്കുന്നു. എല്ലാവരും ചേര്‍ന്നു മാധ്യമങ്ങള്‍ക്കു വിരുന്നൊരുക്കുകയാണ്!
ഇക്കാര്യത്തില്‍ എന്നെപ്പോലുള്ളവര്‍ക്കു ചില പരാതികളൊക്കെയുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ ചില കേന്ദ്രങ്ങള്‍ അച്ചായന്‍ സര്‍വകലാശാല എന്നാണു പരിഹസിച്ചത്. സര്‍വകലാശാല ബജറ്റില്‍ പ്രഖ്യാപിച്ചതു ധനകാര്യമന്ത്രി കെ.എം.മാണി. വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബ്. സ്‌പെഷല്‍ ഓഫീസര്‍ ടി.കെ. കോശി. പ്രഥമ വൈസ്ചാന്‍സലര്‍ ഡോ.എ.ടി. ദേവസ്യാ. സര്‍വകലാശാലയ്ക്ക് 'അച്ചായന്‍' ബഹുമതി സമ്മാനിക്കാന്‍ ഇതില്‍ കൂടുതല്‍ യോഗ്യതകളെന്തിന്!
പക്ഷേ, പിന്നെന്താണു സംഭവിച്ചത്? അവിടെ പ്രൊഫസറും സിന്‍ഡിക്കേറ്റു മെമ്പറും ഡീന്‍ ഓഫ് ഫാക്കല്‍റ്റിയുമൊക്കെയായിരുന്ന അനുഭവം വച്ച് എനിക്കു വെളിപ്പെടുത്താന്‍ കഴിയുന്ന ഒരു രഹസ്യം, പില്‍ക്കാലത്തു സര്‍വ്വകലാശാലയില്‍ അച്ചായന്‍വിരുദ്ധവികാരം പ്രബലമായിത്തീര്‍ന്നു എന്നാണ്. അച്ചായന്‍മാര്‍ക്കിടയില്‍നിന്നു വൈസ്ചാന്‍സലര്‍ പദവിയിലെത്തിയവരൊക്കെ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് അതിനു നന്നായി വളം നല്കുകയും ചെയ്തു. തുറന്നു പറഞ്ഞാല്‍, ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു പ്രാമുഖ്യമുള്ള പ്രദേശത്തുണ്ടാക്കിയ സര്‍വകലാശാലയില്‍ ക്രൈസ്തവവിരുദ്ധവികാരം ദുസ്സഹമാംവിധം വളര്‍ന്നു.
ഇപ്പോഴിതാ വൈസ്ചാന്‍സലര്‍ നിയമിച്ച അന്വേഷണക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ഇപ്പറഞ്ഞ പരാതിയെ സാധൂകരിക്കുന്നതാണ്. നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം അവരുടെ നിലപാടുകള്‍ ആ കോളജിന് നീതി കിട്ടും എന്നു വിശ്വസിക്കാന്‍ സഹായകരമല്ല. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍, അവരെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും കഴിയും? ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന ധാരാളം നിഷ്പക്ഷമതികള്‍ സമൂഹത്തിലുണ്ട് എന്നതു മാത്രമാണ് ആശ്വാസം.
കഴിഞ്ഞ തലമുറയിലെ പ്രമുഖ സാഹിത്യകാരന്‍ പി. കേശവദേവിന്റെ പ്രശസ്തമായ ഒരു ചെറുകഥയുടെ ശീര്‍ഷകം ഇങ്ങനെ: കൊല്ലരുതനിയാ, കൊല്ലരുത്!

 

Login log record inserted successfully!