•  9 May 2024
  •  ദീപം 57
  •  നാളം 9
സഞ്ചാരം

സൂയസ് കനാല്‍ കടന്ന് ചെങ്കടലിലേക്ക്‌

കെയ്‌റോയില്‍നിന്ന് ഏകദേശം അര മണിക്കൂര്‍കൊണ്ട് ഞങ്ങള്‍ സൂയസ് കനാലിന്റെ സമീപമെത്തി. സൂയസ് കനാല്‍ മനുഷ്യനിര്‍മ്മിതമായ ഒരു ജലപാതയാണ്. ഇത് മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഏഷ്യ ഭൂഖണ്ഡവും ആഫ്രിക്കന്‍ ഭൂഖണ്ഡവും ഒരുമിച്ചുകിടന്ന വന്‍കരകളാണ്. സൂയസ് കനാല്‍ നിര്‍മ്മിച്ചതോടെ രണ്ടു ഭൂഖണ്ഡങ്ങളും വേര്‍തിരിക്കപ്പെട്ടു. കടലിന്റെ നിരപ്പില്‍ത്തന്നെയാണ് കനാല്‍ സ്ഥിതി ചെയ്യുന്നത്. പോര്‍ട്ട് സെയ്ദിലുള്ള വടക്കന്‍ ടെര്‍മിനലില്‍നിന്നാരംഭിച്ച് പോര്‍ട്ട് സെയ്ദിന്റെ തെക്കന്‍ ടെര്‍മിനലിലേക്ക് 193.30 കിലോമീറ്റര്‍ നീളത്തില്‍ വെട്ടിയുണ്ടാക്കിയ തോടാണിത്. പത്തുവര്‍ഷമെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികളുടെ അദ്ധ്വാനംകൊണ്ടാണ് കനാല്‍ നിര്‍മ്മിച്ചത്. കപ്പലുകള്‍ക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തത് 1869 ലാണ്. ഇതു നിര്‍മ്മിച്ചത് സൂയസ് കനാല്‍ കമ്പനിയാണ്. കനാല്‍ ഉണ്ടാക്കുന്നതിനുമുമ്പ് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് ഒരു കപ്പല്‍ എത്തണമെങ്കില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ ചുറ്റി കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കടക്കണമായിരുന്നു. ഇപ്പോള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍നിന്ന് സൂയസ് കനാല്‍വഴി ചെങ്കടലിലേക്കു കടന്ന് നേരേ അറേബ്യന്‍ കടലില്‍ ഇറങ്ങി ഇന്ത്യയിലേക്കു വരാന്‍ സാധിക്കും. 8900 കിലോമീറ്റര്‍ കുറച്ചു സഞ്ചരിച്ചാല്‍ മതി. ആദ്യം ഒരു കപ്പലിനു കടന്നുപോകാനുള്ള വീതിയാണുണ്ടായിരുന്നത്. എന്നാല്‍, കനാലിനു പല പ്രാവശ്യം വീതി കൂട്ടിയതിന്റെ ഫലമായി ഇപ്പോള്‍ കനാലിലൂടെ പല കപ്പലുകള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ സൗകര്യമുണ്ട്. ലോകവാണിജ്യരംഗത്ത് വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കുവാന്‍ സൂയസ് കനാലിനു കഴിഞ്ഞു. ബ്രിട്ടീഷുകാരുടേതായിരുന്ന ഈ കനാല്‍ ഈജിപ്തിലെ ഭരണാധികാരി ആയിരുന്ന ഗമാല്‍ അബ്ദുള്‍ നാസര്‍ ദേശസാത്കരിക്കുകയുണ്ടായി.                                                                                                                                   സൂയസ് പല യുദ്ധങ്ങള്‍ക്കും വേദിയായിരുന്നിട്ടുണ്ട്. 1967 ല്‍ ഇസ്രായേലും അറബി രാജ്യങ്ങളും തമ്മിലുണ്ടായ ആറുദിന യുദ്ധത്തില്‍ കനാലിന്റെ പടിഞ്ഞാറോട്ടുള്ള സീനായ് ഉപദ്വീപിന്റെ ഭാഗങ്ങള്‍ ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുക്കുകയുണ്ടായി. 1973 ല്‍ പിന്നീടുണ്ടായ യോംകിപ്പൂര്‍ യുദ്ധത്തില്‍ ഈജിപ്തും ഇസ്രായേലും പരസ്പരം ആക്രമിച്ച് വിവിധ സ്ഥലങ്ങള്‍ കൈവശപ്പെടുത്തി. ഈ അവസരത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഉണ്ടാകുകയും പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ സൂയസ് കനാല്‍ ഈജിപ്തിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാണ്. എല്ലാ രാഷ്ട്രങ്ങളുടെയും കപ്പലുകള്‍ക്ക് കനാലിലൂടെ കടന്നുപോകാന്‍ അവകാശമുണ്ട്. കനാലിന്റെ പടിഞ്ഞാറുഭാഗം വെസ്റ്റ്ബാങ്ക് എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് ഇസ്രായേല്‍ പിന്മാറി. ഇസ്രായേല്‍ അധിനിവേശകാലത്ത് ഈ പ്രദേശത്ത് വിശാലമായ ഹൈവേകള്‍ നിര്‍മ്മിക്കപ്പെട്ടു. ചെങ്കടല്‍തീരത്ത് നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇസ്രായേല്‍ വികസിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ ഈജിപ്തില്‍നിന്ന് സീനായിലേക്കു കടക്കുന്നത് സൂയസ് കനാലിന്റെ അടിയില്‍ക്കൂടി നിര്‍മ്മിച്ചിട്ടുള്ള വിശാലമായ ഒരു തുരങ്കത്തിലൂടെയാണ്. ഈ തുരങ്കത്തിനു കിലോമീറ്ററുകള്‍ നീളമുണ്ട്. ഇലക്ട്രിക് ബള്‍ബുകള്‍ പ്രകാശം വിതറുന്നതുകൊണ്ട് തുരങ്കത്തിനുള്ളില്‍ പകല്‍പോലെ വെളിച്ചമുണ്ട്.എത്രയുംവേഗം സീനായില്‍ എത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. തുടക്കത്തില്‍ ഞങ്ങളുടെ സഞ്ചാരപഥം മരുഭൂമിയിലൂടെയായിരുന്നു. രണ്ടുവശത്തും ചെങ്കല്‍നിറത്തിലുള്ളതും ചിലപ്പോള്‍ ഇളംവെള്ളനിറത്തിലുള്ളതുമായ പാറകള്‍ നിറഞ്ഞ സ്ഥലമാണ്. പ്രകൃതി ഏല്പിച്ച ക്ഷതംമൂലമായിരിക്കാം പലതിനും വികൃതമായ രൂപമാണുള്ളത്. കുറേക്കൂടി മുമ്പോട്ടുപോയപ്പോള്‍ ചെങ്കടലിന്റെ ഓരം ചേര്‍ന്നായി ഞങ്ങളുടെ യാത്ര. മാറായുടെ സമീപത്തേക്കാണ് ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. സൂയസില്‍നിന്ന് 146 കിലോമീറ്ററുണ്ട് മാറായിലേക്ക്. മാറാ എന്ന വാക്കിന്റെ അര്‍ത്ഥം കയ്പുള്ളത് എന്നാണ്. ഇസ്രായേല്‍ ജനം കാനാന്‍ദേശത്തേക്കുള്ള യാത്രയില്‍ ഈ സ്ഥലത്തുവന്നപ്പോള്‍ വെള്ളമില്ലാതെ വലഞ്ഞു. വെള്ളം അന്വേഷിച്ചുനടന്ന അവര്‍ക്ക് ജലസ്രോതസ് കണെ്ടത്താന്‍ കഴിഞ്ഞു. പക്ഷേ അവിടുത്തെ വെള്ളത്തിനു കയ്പായിരുന്നു. അങ്ങനെയാണ് ആ സ്ഥലത്തിനു മാറാ എന്നു പേരുണ്ടായത്. ജനങ്ങള്‍ നല്ല ജലമില്ല എന്നു പരാതിപ്പെട്ടു. മോശ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവം അദ്ദേഹത്തിന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അതിന്റെ തടി വെള്ളത്തിലിടാന്‍ ദൈവം കല്പിച്ചു. മോശ അപ്രകാരം ചെയ്തു. വെള്ളം മധുരമുള്ളതായിത്തീര്‍ന്നു. ആത്മീയപിതാക്കന്മാര്‍ ഈ സംഭവത്തിന് ആത്മീയതലത്തിലുള്ള അര്‍ത്ഥം കൊടുക്കാറുണ്ട്. വെള്ളത്തിന്റെ കയ്പുമാറ്റിയ ഈ തടി ഈശോയുടെ കുരിശിന്റെ പ്രതീകമാണെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു. ഇപ്പോള്‍ മാറായില്‍ കാണാന്‍ ഒന്നുംതന്നെയില്ല. ജലസ്രോതസ്സിനു ചുറ്റും കല്ലുകെട്ടി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.                                                             മാറായില്‍നിന്ന് ചെങ്കടലിന്റെ ഓരംചേര്‍ന്നാണ് ഞങ്ങളുടെ യാത്ര. ചെങ്കടല്‍ അടുത്തുകാണണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്ക് ഒരു റിസോര്‍ട്ടിനോടു ചേര്‍ന്ന് കടലില്‍ ഇറങ്ങാന്‍ സൗകര്യമുള്ള ഒരു സ്ഥലത്ത് ഞങ്ങളുടെ ബസ് നിര്‍ത്തി. എല്ലാവരും കടല്‍ത്തീരത്തേക്കിറങ്ങി. സാധാരണ കടല്‍പോലെതന്നെ ഇരിക്കുന്നു. ചെങ്കടലിന് എന്തുകൊണ്ടാണ് ആ പേരു കിട്ടിയത് എന്നു ചോദിച്ചു മനസ്സിലാക്കി. ചെങ്കടലിന്റെ ആഴംകുറഞ്ഞ ചില ഭാഗങ്ങളില്‍ ഒരുതരം ചെമന്ന കോറല്‍ നിറഞ്ഞുനില്ക്കുന്നുണ്ട്. കടലിനു മൊത്തം ചെമന്ന നിറം പകരാന്‍ അവയ്ക്കു സാധിക്കുന്നു. അതുകൊണ്ടാണത്രേ ഈ പേരുണ്ടായത്. മറ്റൊരു വിശദീകരണവും അനുയോജ്യമായിത്തോന്നി. കടല്‍ത്തീരത്ത് സമൃദ്ധമായി വളരുന്ന ഒരു തരം റീഡ് (ഞലലറ) അതായത് ഞാങ്ങണയാണ് ഈ പേരിനു കാരണം. റീഡ് സീ രൂപാന്തരം പ്രാപിച്ച് റെഡ് സീ ആയതാണത്രേ. കടലില്‍ കാല്‍ കഴുകിയും ഇറങ്ങിനിന്നും മറ്റുമായി ഏതാനും മിനിട്ടുകള്‍ ചെലവഴിച്ചിട്ട് ഞങ്ങള്‍ യാത്രതുടര്‍ന്നു.                                                                                                                                                           നേരം സന്ധ്യയാകുകയായിരുന്നു. ചെമന്ന സൂര്യപ്രകാശത്തില്‍ ആകാശവും മരുഭൂമിയും ഒരുപോലെ ചായം പൂശിയതുപോലെയായി. താമസിയാതെ നേരം സന്ധ്യയായി. മരുഭൂമിയിലെ സൂര്യാസ്തമയം കാണാന്‍ മനോഹരമാണ്. അസ്തമയത്തിനുശേഷം കുറേനേരം ചക്രവാളത്തില്‍ പ്രകാശരശ്മികള്‍ തങ്ങിനില്ക്കുന്നുണ്ടായിരുന്നു. ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ അകലെയായി ഇലക്ട്രിക് ബള്‍ബുകളുടെ ഒരു പ്രളയം കണ്ടുതുടങ്ങി. ഈ പ്രദേശത്ത് പെട്രോളിയം കണെ്ടത്തിയിട്ടു കുറേനാളായി. എണ്ണക്കിണറുകളും അവയോടൊപ്പം അനുബന്ധവ്യവസായങ്ങളും കടന്നുവന്നു. എണ്ണക്കിണറുകളുടെ മുകളിലായി പ്രകൃതിവാതകം കത്തിച്ചുകളയുന്ന ഉയര്‍ന്ന കുഴലുകളുടെ മുകളിലായി കത്തിനില്ക്കുന്ന തീജ്ജ്വാലകളുണ്ട്. ഇസ്രായേലിനു വഴികാട്ടിയായ അഗ്നിസ്തംഭത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായിത്തോന്നി. അബുറോഡെയിസ് അബു സെമിനെക് എന്നീ നഗരങ്ങളുടെ പ്രാന്തപ്രദേശത്തുകൂടിയാണ് ഞങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.                                                                                                                                                      (തുടരും)

Login log record inserted successfully!