•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

അഗസ്ത്യായനം

കുഞ്ഞച്ചന്‍ പ്രഭാതക്കുര്‍ബാന കഴിഞ്ഞിറങ്ങിയതേയുള്ളൂ. മഞ്ഞ് പൊഴിഞ്ഞുതീര്‍ന്നിട്ടില്ല. ഈറന്‍കാറ്റ്. നല്ല കുളിര്. പള്ളിമുറ്റത്തെ മഞ്ഞണിഞ്ഞ പുല്‍ച്ചെടികളില്‍ കുഞ്ഞച്ചന്റെ പാദം നനഞ്ഞു. പള്ളിക്കകത്തെ ധൂപാര്‍ച്ചനയുടെ കുന്തിരിക്കഗന്ധം കുഞ്ഞച്ചനെ വിട്ടൊഴിഞ്ഞിരുന്നില്ല.കുന്തിരിക്കഗന്ധവും പുലരിക്കുളിരും കുഞ്ഞച്ചന്‍ ഉള്ളിലേക്കാവാഹിച്ചെടുത്തു. പിന്നെ പള്ളിമുറ്റത്തെ കൊന്തന്‍പുല്ല് ളോവയില്‍ തറയ്ക്കാതിരിക്കാന്‍ ളോവ അല്പമുയര്‍ത്തി പള്ളിമേടയിലേക്കു നടക്കാനൊരുങ്ങുകയായിരുന്നു കുഞ്ഞച്ചന്‍.അപ്പോഴാണ് കുഞ്ഞച്ചനു കണ്‍പെട്ടത്. തനിക്കു മുന്‍പില്‍ തോട്ടപ്പിള്ളിലെ കുഞ്ഞേപ്പുചേട്ടന്‍. അയാളോടൊപ്പം മറ്റു മൂന്നാലു പേര്‍. അവരൊക്കെ അപരിചിതര്‍.കുഞ്ഞേപ്പു ചേട്ടന്‍ അച്ചനു സ്തുതി ചൊല്ലി. പിന്നെ ഒരാളെ ചൂണ്ടിപ്പറഞ്ഞു:''ഇതാണച്ചോ ചീരുകണ്ടന്‍.''കുഞ്ഞച്ചന്‍ ചീരുകണ്ടനെ ആദ്യമായി കാണുകയായിരുന്നു. എള്ളുപോലെ കറുത്ത അരോഗദൃഢഗാത്രനായ ഒരാള്‍. ഒരു കാളക്കൂറ്റനെ പിടിച്ചുമെരുക്കാന്‍ പോന്ന കരുത്ത് ചീരുകണ്ടനില്‍ പ്രകടം. കമ്പിനൂലുകള്‍പോലെ എഴുന്നുനില്‍ക്കുന്ന മുടി. ഇടതൂര്‍ന്നു വളര്‍ന്ന താടിരോമങ്ങള്‍.      ചോരനിറം ചേര്‍ന്ന കണ്ണുകളില്‍ സദാ ഒരു ക്രൗര്യം കത്തിനില്ക്കുന്നു.

''അന്നയുടെ മകന്‍...''

കുഞ്ഞച്ചന്‍ അങ്ങനെയാണു പറഞ്ഞത്. ചീരുകണ്ടന്‍ ഒന്നു പകച്ചു. 'അന്ന' അതാര്...?

തന്റെ അമ്മയുടെ പേര് തേയി എന്നാണ്. അപ്പന്‍ തേവന്‍. പക്ഷേ, ഈ കത്തനാര് 'അന്ന' എന്നാണു പറഞ്ഞത്.കത്തനാര് ആള് മോശക്കാരനല്ലെന്നു ചീരുകണ്ടനു തോന്നി. തെക്കേമലയിലെ മന്ത്രവാദി മാരിയപ്പനെ മുട്ടുകുത്തിച്ച ആളാണ്. മൂന്നാല് ദിവസം മുന്‍പാണ് ചീരുകണ്ടന്‍ ആ വാര്‍ത്തയറിഞ്ഞത്. അങ്ങനെയൊന്ന് അറിഞ്ഞപ്പോള്‍ ചീരുകണ്ടന് ഒരു സന്തോഷമൊക്കെ തോന്നി. മാരിയപ്പന് ഒരു തോല്‌വി ആവശ്യമാണ്. വലിയ അഹങ്കാരമാണയാള്‍ക്ക്. ഒരു മഹാമന്ത്രവാദിയാണെന്നൊരു ഭാവം.ഒരു കണക്കിന് തനിക്കറിയാവുന്നതില്‍ കൂടുതല്‍ അയാള്‍ക്കെന്തറിയാം.

തന്റെ അപ്പന്‍ തേവനില്‍നിന്നു തനിക്കു പകര്‍ന്നുകിട്ടിയതിനപ്പുറം മാരിയപ്പനില്‍ എന്ത്...? ഒന്നുമില്ല.അതു ചീരുകണ്ടനു നിശ്ചയമുണ്ട്. എന്നാലും മാരിയപ്പന്റെ മന്ത്രമണി വാങ്ങിച്ചെടുത്ത കത്തനാരെ ഒന്നു നേരില്‍ കാണണമെന്നു മനസ്സില്‍ നിരീച്ചതാണ്. മാരിയപ്പനെ കൊമ്പുകുത്തിച്ച കത്തനാരുമായി ഒന്ന് ഏറ്റുമുട്ടണമെന്നും.പക്ഷേല് ഇപ്പോ അതല്ല കാര്യം. തന്റെ അമ്മ തേയിയെ ഇങ്ങേര് അന്ന എന്നു വിളിക്കുന്നു. തന്നെ അന്നയുടെ മകനെന്നും.ആ വിളിയുടെ പൊരുളെന്തെന്ന് എത്ര ചിന്തിച്ചിട്ടും ചീരുകണ്ടനു മനസ്സിലായില്ല. ഒരു പക്ഷേ, കത്തനാരിക്ക് ആള് മാറിപ്പോയോ...? ചീരുകണ്ടന്‍ അങ്ങനെ സന്ദേഹിച്ചു.

''തേയിക്ക് അന്ന എന്ന പേര് ഞാനിട്ടതാണ് ചീരുകണ്ടാ...''ചീരുകണ്ടന്റെ മനസ്സു വായിച്ചിട്ടെന്നവണ്ണം കുഞ്ഞച്ചന്‍ പറഞ്ഞു.

''അന്ന കര്‍ത്താവില്‍ മരണം പ്രാപിച്ചവളാണ്.'' അതു പറയുമ്പോള്‍ കുഞ്ഞച്ചന്റെ മുഖത്ത് ഒരു മന്ദഹാസമുണ്ടായിരുന്നു.ഒരു ശരം അതിവേഗത്തില്‍ ചീരുകണ്ടനിലൂടെ പാഞ്ഞുപോയി. അമ്മ തേയിക്ക് മറ്റൊരു പേര്: 'അന്ന'. അതും ഈ കത്തനാര് കല്പിച്ചുകൊടുത്തത്. അമ്മ തേയി കര്‍ത്താവില്‍ മരണപ്പെട്ടവളാണെന്ന്....ചീരുകണ്ടന്‍ ഒന്നുലഞ്ഞു. പുലരിക്കുളിരിലും ചീരുകണ്ടന്റെ രോമകൂപങ്ങളില്‍ വിയര്‍പ്പ് പൊടിഞ്ഞു. ചീരുകണ്ടന്റെ മനസ്സിന് ഒരു തളര്‍ച്ച ബാധിച്ചു.''അന്നയെ നമുക്ക് പള്ളിസെമിത്തേരിയില്‍ അടക്കാം ഇല്ലേ ചീരുകണ്ടാ.''കുഞ്ഞച്ചന്റെ ചോദ്യത്തിനു മുന്‍പില്‍ ചീരുകണ്ടന്റെ നാവുറഞ്ഞുപോയി. അയാള്‍ കുഞ്ഞച്ചനു നേരേ കൈകള്‍ കൂപ്പി. ആ പ്രവൃത്തിയില്‍ കുഞ്ഞച്ചന്റെ ചോദ്യത്തിനുള്ള ഉത്തരമുണ്ടായിരുന്നു.''അതു പറയാനാണു കുഞ്ഞച്ചാ ഞങ്ങളു വന്നത്...'' കുഞ്ഞേപ്പു ചേട്ടന്‍ പറഞ്ഞു.

''തേയിയെ പള്ളീലടക്കാന്‍ ചീരുകണ്ടനു സമ്മതമാ....''''അതു നന്നായി. ചീരുകണ്ടനെയും കുടുംബത്തെയും കര്‍ത്താവ് അനുഗ്രഹിക്കും.''

കുഞ്ഞച്ചന്‍ അതു പറഞ്ഞിട്ടു നോക്കുമ്പോള്‍ ചീരുകണ്ടന്‍ കൂപ്പിയ കൈകളുമായി അങ്ങനെ തന്നെ നില്ക്കുകയാണ്. ചീരുക്കണ്ടന്‍ അത് മനഃപൂര്‍വ്വം ചെയ്തതല്ല. താനറിയാതെ തന്റെ മനസ്സറിയാതെ, അയാള്‍ കൈകള്‍ കൂപ്പിപ്പോയതാണ്.താന്‍ അടര്‍ന്നുപോകുന്നതുപോലെ ചീരുകണ്ടനു തോന്നി. തന്റെ മനസ്സ്, തന്റെ സിദ്ധികള്‍ എല്ലാം തകര്‍ന്നു നിലം പൊത്തുന്നു. താന്‍ വെറും പൊള്ളയാണ്. ഒരു പൊങ്ങുതടി.അപ്പോഴാണ് പള്ളിയില്‍നിന്നിറങ്ങി വരുന്ന സ്‌കോളസ്റ്റിക്കാമ്മയെ കുഞ്ഞച്ചന്‍ കണ്ടത്. രാമപുരം മഠത്തിലെ കന്യാസ്ത്രീയാണവര്‍. അച്ചന്മാരുടെ ളോവ തയ്ക്കുന്നതില്‍ വിദഗ്ധയായിരുന്ന അവരോടൊപ്പം മറ്റു രണ്ടു കന്യാസ്ത്രീകളുമുണ്ടായിരുന്നു.കുഞ്ഞച്ചന്‍ സ്‌കോളസ്റ്റിക്കാമ്മയെ അടുത്തു വിളിച്ചു പറഞ്ഞു:''നമുക്കൊരു കുമ്മിണിമെന്തിനു പോകണം. പോകുമ്പോള്‍ ഒരു ചട്ടയും മുണ്ടും കരുതണം.

''''ആകട്ടെ കുഞ്ഞച്ചാ...'' സ്‌കോളസ്റ്റിക്കാമ്മ സന്തോഷപൂര്‍വ്വം സമ്മതിച്ചു.

കുഞ്ഞച്ചന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളായിരുന്നു ആ കന്യാസ്ത്രീ. അച്ചന്മാരുടെ ളോവയും മറ്റും തയ്ക്കുമ്പോള്‍ മിച്ചം വരുന്ന തുണികൊണ്ട് ചട്ട തയ്ച്ച് പാവങ്ങള്‍ക്കു കൊടുക്കാമെന്നു കണെ്ടത്തിയത് കുഞ്ഞച്ചനാണ്. സ്‌കോളസ്റ്റിക്കാമ്മ അത് പ്രാവര്‍ത്തികമാക്കി.കുഞ്ഞച്ചന്‍ ചീരുക്കണ്ടന്റെ സമീപം ചെന്ന് ചീരുകണ്ടന്റെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു:

''സഹോദരാ, ഒന്നുകൊണ്ടും വിഷമിക്കേണ്ട. എല്ലാം ഭംഗിയായി നടക്കും. ഉച്ചയാകുമ്പോഴേക്കും ഞങ്ങളെത്തിക്കോളാം. നിങ്ങള്‍ വേഗം അങ്ങോട്ടു ചെല്ല്.''

ചീരുകണ്ടന്‍ തുളുമ്പിപ്പോയി. ഒരു മഴ തനിക്കുമേല്‍ പെയ്തിറങ്ങുന്നതുപോലെ അയാള്‍ക്കു തോന്നി. കുഞ്ഞച്ചന്‍ അവര്‍ക്ക് കാപ്പിയും കഴിക്കാന്‍ കുഴുമ്പില്‍തറവാട്ടില്‍നിന്ന് തനിക്കായിക്കൊണ്ടുവന്ന പലഹാരവും കൊടുത്തു. കുഞ്ഞേപ്പുചേട്ടന്‍ കാപ്പി മാത്രം കുടിച്ചു.പുറപ്പെടാന്‍ നേരം ഒരഞ്ചുരൂപ ചീരുകണ്ടന്റെ കൈകളില്‍ വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു:''ഇതിരിക്കട്ടെ ആവശ്യം വരും.''

ചീരുകണ്ടന്റെ ഹൃദയം നുറുങ്ങുന്നതുപോലെ തോന്നി. നാളിതുവരെ താനനുഭവിക്കാത്ത സ്‌നേഹം. ഒരു കനിവ് ചീരുകണ്ടന്‍ അനുഭവിക്കുകയായിരുന്നു. നാളിതുവരെ തനിക്ക് ഇങ്ങനെയൊരു പെരുമാറ്റം ആരില്‍നിന്നും ഉണ്ടായിട്ടില്ല. ആരും ഇത്ര അലിവോടെ തന്നോടു സംസാരിച്ചിട്ടില്ല.അമ്മ തേയി ചത്തതില്‍ ചീരുകണ്ടന് അത്ര വിഷമമൊന്നും തോന്നിയിരുന്നില്ല. അമ്മയിലേക്കുള്ള വേരുകള്‍ ചീരുകണ്ടന് അത്ര ദൃഢമായിരുന്നില്ല. ഒരിക്കല്‍പ്പോലും ചീരുകണ്ടന്‍ തേയിയെ അമ്മ എന്നു വിളിച്ചിരുന്നില്ല. തന്നോടൊപ്പം തന്റെ കൂരയില്‍ പാര്‍ക്കുന്ന ഒരു സ്ത്രീ എന്നതിലപ്പുറം അമ്മ എന്ന സത്യത്തിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് ചീരുകണ്ടന്റെ മുരടിച്ചുപോയ മനസ്സെത്തിയിരുന്നില്ല. ചീരുകണ്ടന്‍ ആരെയും സ്‌നേഹിച്ചിരുന്നില്ല. അമ്മ തേയിയെയോ ഭാര്യ കുറുമ്പയെയോ, മകനെയോ സ്‌നേഹിച്ചിരുന്നില്ല. മറ്റു രണ്ടു ഭാര്യമാരെയും ചീരുകണ്ടന്‍ സ്‌നേഹിച്ചിരുന്നില്ല.ചീരുകണ്ടന് കുറുമ്പയെക്കൂടാതെ രണ്ടു ഭാര്യമാരുണ്ട്. ഭാര്യമാര്‍ എന്നൊന്നും പറയാന്‍ വയ്യ. കുറുമ്പയെപ്പോലും ചീരുകണ്ടന്‍ ആചാരപ്രകാരം കല്യാണം കഴിച്ചതല്ല. വിളിച്ചു. കുറുമ്പ കൂടെപ്പോന്നു.മറ്റു രണ്ടുപേരും അങ്ങനെയൊക്കെത്തന്നെ. ഇഷ്ടമറിയിച്ചു. അവര്‍ സമ്മതിച്ചു. പക്ഷേ, ചീരുകണ്ടന്‍ അവരെ കൂരയിലേക്കു വിളിച്ചില്ല. അവര്‍ അവരുടെ കൂരകളില്‍ത്തന്നെ. അതുകൊണ്ട് കുറുമ്പപോലും അതൊന്നും അറിഞ്ഞിട്ടില്ല.ഒരാള്‍ ചെല്ല. അരീക്കരക്കാരിയാണ്. പ്രായമായ അമ്മയും ചെല്ലയും മാത്രം. ചെല്ല തൊട്ടടുത്ത വലിയ വീടുകളിലൊക്കെ പണിക്കുപോകും. കിട്ടുന്നതുകൊണ്ട് ചെല്ലയും അമ്മയും കഴിയും.ചീരുകണ്ടന്‍ ആഴ്ചയിലൊരിക്കലോ മറ്റോ അവിടെ ചെന്നെങ്കിലായി. ചിലപ്പോള്‍ അത് രണ്ടാഴ്ച കൂടുമ്പോഴാകാനും മതി. പകല്‍വെട്ടത്തില്‍ ചീരുകണ്ടന്‍ ചെല്ലയുടെ വീടെത്താറില്ല. അരീക്കരഭാഗത്തെവിടെയെങ്കിലും മന്ത്രവാദമോ ചാവുതെളിക്കലോ മറ്റോ ഉണ്ടാകുമ്പോഴാണ് ചീരുകണ്ടന്‍ ചെല്ലയിലേക്കെത്തുക. അതും രാവിന്റെ മറവില്‍.റാക്കിന്റെ ലഹരിയില്‍ ആടിയുലഞ്ഞ് ഇരുട്ട് തപ്പി ചെല്ലയുടെ തിണ്ണയില്‍ വന്നു വീഴുന്ന ചീരുകണ്ടനോട് ചെല്ല പറയും:ഇനി എങ്ങും പോണ്ട. നമുക്ക് ഇവിടെ പൊറുക്കാം.

''ചെല്ലയോടൊപ്പം മദ്യത്തിന്റെ ലഹരിയിലും വിയര്‍പ്പിലും മുങ്ങിത്താഴുമ്പോള്‍ ചീരുകണ്ടന്‍ സമ്മതിക്കും:''ഇനി എങ്ങും പോന്നില്ല.''പക്ഷേ, അടുത്ത ദിവസം കിഴക്ക് വെള്ള പൊട്ടും മുമ്പേ ചീരുകണ്ടന്‍ പുറപ്പെടും. അപ്പോ ചെല്ല ചോദിക്കും:

''വൈകിട്ട് വരില്ലേ...''''നോക്കട്ടെ.''ചീരുകണ്ടന്‍ ഇറങ്ങി നടക്കും. പിന്നെ പത്തോ പതിനഞ്ചോ കഴിഞ്ഞാകും അയാള്‍ ചെല്ലയുടെ വീടെത്തുക.ചീരുകണ്ടന് ചെല്ലയോടുള്ളതിനേക്കാള്‍ ഇഷ്ടം അഴകിയോടാണ്. ഇഷ്ടം സ്‌നേഹം എന്നൊന്നും പറയാന്‍ വയ്യ. ഒരു താത്പര്യക്കൂടുതല്‍. അത്രമാത്രം.അഴകി പൂവക്കുളംകാരിയാണ്. സുന്ദരി. എണ്ണക്കറമ്പി. സമൃദ്ധമായ ശരീരം. വശ്യമായ ചിരിയാണ് അഴകിക്ക്. കണ്ട മാത്രയില്‍ത്തന്നെ അഴകിയെ ചീരുകണ്ടനു ബോധിച്ചു.അഴകിക്കിളയവള്‍ക്ക് ബാധ കൂടിയിരുന്നു. ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത കൊടിയ ബാധ. പലരും പലതും ചെയ്തു നോക്കി. മാരിയപ്പനും സ്ഥലത്തെത്തി. കോഴിയെ വെട്ടി കുരുതി കഴിച്ചു. മന്ത്രമണിയും കാല്‍ച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി. ചരടോതിക്കെട്ടി. പക്ഷേ, ബാധ മാത്രം ഒഴിഞ്ഞില്ല.അങ്ങനെയാണ് ചീരുകണ്ടന്‍ അവിടെയെത്തുന്നത്. പക്ഷേ, ചീരുകണ്ടന്റെ ഉച്ചാടനക്രിയകള്‍ തീരുംമുമ്പേ ബാധ അഴകിക്കിളയവളെയുംകൊണ്ടു പോയി. അവള്‍ ചത്തു.ശവമടക്ക് കഴിഞ്ഞു. പക്ഷേ, ചീരുകണ്ടന്‍ മടങ്ങിയില്ല.

അവന്‍ പറഞ്ഞു:''ബാധ ഒഴിവായിട്ടില്ല. ഗര്‍ഭത്തോടെ കൊലചെയ്യപ്പെട്ട ഒരു പറച്ചിയുടെ പ്രേതമാണ്. അവള്‍ ഇവിടെ കറങ്ങിനടപ്പുണ്ട്.''അഴകിയുടെ അപ്പനുമമ്മയും പേടിച്ചു.അഴകി പേടിച്ചു. ചീരുകണ്ടന്റെ വാക്കുകളില്‍ അഴകിയുടെ കൂര പോലും വിറച്ചു.''ഇനീപ്പോ എന്നതാ ഒരു വഴി?'' അവര്‍ ചോദിച്ചു.''വഴീണ്ട്. ഞാനൊഴിവാക്കിത്തരാം.'' ചീരുകണ്ടന്‍ ഉറപ്പു കൊടുത്തു.

രണ്ടാഴ്ചയോളം ചീരുകണ്ടന്‍ അവിടെക്കൂടി. ഉച്ചാടനക്രിയകള്‍ക്കൊപ്പം ചീരുകണ്ടന്‍ അഴകിയുടെ മനസ്സിലേക്കും ശരീരത്തിലേക്കും പ്രവേശിച്ചു.ബാധയൊഴിപ്പിച്ചെന്ന് അവരെ ധരിപ്പിച്ച് ചീരുകണ്ടന്‍ മടങ്ങുമ്പോള്‍ അഴകി പറഞ്ഞു:''പോണ്ട. നമുക്ക് ഇവിടെ പാര്‍ക്കാം.''അഴകിക്ക് ചീരുകണ്ടനെ പിരിയുന്നതില്‍ പ്രയാസം തോന്നി. എന്തുകൊണേ്ടാ ചീരുകണ്ടനെ ഇഷ്ടമായി. മാനസികമായ ഒരടുപ്പം.ചീരുകണ്ടന്‍ അഴകിയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷനൊന്നുമല്ല. അവളിലൂടെ കടന്നുപോയ അഞ്ചോ ആറോ ആണുങ്ങളിലൊരുവന്‍.ചീരുകണ്ടന്‍ കരുത്തനാണ്. മന്ത്രതന്ത്രാദികള്‍ അറിയുന്നവനാണ്. പറച്ചിയുടെ പ്രേതബാധയില്‍നിന്ന് തങ്ങളെ രക്ഷിച്ചവനാണ്. പറച്ചിയെ ആവാഹിച്ച് തെക്കേച്ചെരുവിലെ കാഞ്ഞിരത്തില്‍ തറച്ചവനാണ്. അതുകൊണ്ടു തന്നെ അഴകി ചീരുകണ്ടനില്‍ ഒരു സംരക്ഷകനെ കണ്ടു. ചീരുകണ്ടന്‍ പറഞ്ഞു:''പോണം. എനക്ക് ഒരുപാട് വേലയുണ്ട്. ഇടയ്ക്ക് ഞാന്‍ വരാം.''ചീരുകണ്ടന്‍ കുന്നിറങ്ങി നടന്നു. നടക്കുമ്പോള്‍ ചീരുകണ്ടന്‍ സ്വയം ആലോചിച്ചു.''അഴകി തനിക്ക് ആരാണ്? താന്‍ അവളെ സ്‌നേഹിക്കുന്നുണേ്ടാ?'' അത് ചീരുകണ്ടനു നിശ്ചയമുണ്ടായിരുന്നില്ല.അങ്ങനെ ഒരു കാര്യത്തിലും നിശ്ചയങ്ങളോ ഉറച്ച തീരുമാനങ്ങളോ ഇല്ലാത്ത ഒരു ജീവിതമായിരുന്നു ചീരുകണ്ടന്റേത്.ചീരുകണ്ടന് അതു മനസ്സിലാകുന്നത് ഇപ്പോഴാണ്. കുഞ്ഞച്ചനു മുന്‍പില്‍ ഇങ്ങനെ കൈകൂപ്പി നില്ക്കുമ്പോള്‍. കുഞ്ഞച്ചന്റെ വാക്കുകള്‍ ഒരു സാന്ത്വനമായി ചീരുകണ്ടനെ പൊതിയുമ്പോള്‍. പ്രതിഫലമില്ലാതെ സ്‌നേഹം ചൊരിയുന്ന ഒരാള്‍.

''നിങ്ങള്‍ പൊയ്‌ക്കോളൂ. ഞങ്ങളെത്തിക്കോളാം.''കുഞ്ഞച്ചന്‍ പറഞ്ഞു. ചീരുകണ്ടനും കൂട്ടരും മടങ്ങി.ഉച്ചയായപ്പോഴേക്കും കുഞ്ഞച്ചനും കൂട്ടരും കുടയും കുരിശും അന്നയ്ക്കുള്ള പെട്ടിയുമൊക്കെയായി ചീരുകണ്ടന്റെ വീട്ടിലെത്തി. കുഞ്ഞച്ചന്റെ രഹസ്യനിര്‍ദ്ദേശപ്രകാരം വളരെ ആളുകള്‍ ചീരുകണ്ടന്റെ വീട്ടിലെത്തിയിരുന്നു. ഒരു സവര്‍ണക്രിസ്ത്യാനിയുടെ മരിച്ചടക്കിനുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍.വെടിപ്പുള്ള വസ്ത്രങ്ങളും കൊന്തയും വെന്തീഞ്ഞയുമണിഞ്ഞ് അന്ന പെട്ടിക്കുള്ളില്‍ നിശ്ചലയായിക്കിടന്നു. അപ്പോള്‍ അന്നയെക്കണ്ടാല്‍ സുഖമായി ഉറങ്ങുകയാണെന്നേ തോന്നൂ. എല്ലാം മറന്നുള്ള ഉറക്കം.സ്‌കോളസ്റ്റിക്കാമ്മ തയ്ച്ചുകൊടുത്ത ചട്ടയും മുണ്ടുമണിഞ്ഞ് കുറുമ്പയും വെള്ളമുണ്ടിലും ഷര്‍ട്ടിലും ചീരുകണ്ടനും ഒരുങ്ങി. വീട്ടിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ശവഘോഷയാത്ര ആരംഭിച്ചു.പടിഞ്ഞാറ് സൂര്യന്‍ ചായുംമുമ്പ് അന്നയുടെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞു. സംസ്‌കാരച്ചടങ്ങുകള്‍ക്കു വന്ന പാവപ്പെട്ടവര്‍ക്കെല്ലാം ചെറിയ തോതില്‍ ഭക്ഷണവും അരിയും നല്കിയാണ് കുഞ്ഞച്ചന്‍ മടക്കി അയച്ചത്.

സംസ്‌കാരശേഷം മടങ്ങാന്‍ തുടങ്ങിയ ചീരുകണ്ടനോട് കുഞ്ഞച്ചന്‍ പറഞ്ഞു: ''കഴിയുമെങ്കില്‍ നാളെ രാവിലെ പള്ളിയില്‍ വരണം. അന്നയുടെ കുഴിമാടത്തിങ്കല്‍ പ്രാര്‍ത്ഥിക്കണം. അങ്ങനെ വരുമ്പോള്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്ന അന്ന നിങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും...''ചീരുകണ്ടന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മറുപടിക്കായി കുഞ്ഞച്ചന്‍ കാത്തതുമില്ല. ഒരു ചുഴിയില്‍ വന്നു പെട്ടതുപോലെയാണ് ചീരുകണ്ടനു തോന്നിയത്.നടന്നതെല്ലാം ഒരു സ്വപ്നംപോലെ അസ്വസ്ഥതയുളവാക്കുന്നു. ഒരു വികലസ്വപ്നംപോലെ.രാത്രി ചീരുകണ്ടന് ഉറക്കം വന്നില്ല. കുഞ്ഞച്ചന്‍ തന്നുവിട്ട അരിയുടെ ചോറാണ് വയറ്റില്‍. കുഞ്ഞച്ചന്‍ തന്റെ ഉള്ളംകൈയില്‍ വച്ചുതന്ന അഞ്ചു രൂപയാണ് മടിശ്ശീലയില്‍.ഓര്‍മ്മയില്‍ അന്നാണ് ചീരുകണ്ടന്‍ മദ്യപിക്കാതിരുന്നത്. അമ്മയുടെ മരണത്തിനും ശവമടക്കിനുമിടയിലുള്ള സമയമത്രയും ചീരുകണ്ടന്‍ മദ്യത്തെക്കുറിച്ചു ചിന്തിച്ചില്ല. അതല്ല അങ്ങനെയൊരു ചിന്ത തന്നിലേക്ക് എത്തിയില്ല എന്നുള്ളതാണു സത്യം. അപ്പോള്‍ തനിക്ക് മദ്യപിക്കാതിരിക്കാനും കഴിയുമെന്ന് ചീരുകണ്ടന്‍ ചിന്തിച്ചു.രാവേറെ ചെന്നിട്ടും ചീരുകണ്ടന് ഉറക്കം കിട്ടിയില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ചീരുകണ്ടന്‍ അമ്മയെ കണ്ടു. അമ്മ ശവപ്പെട്ടിയില്‍ വെള്ളവസ്ത്രങ്ങളില്‍ തന്നോടു ചിരിക്കുന്നു.അയാള്‍ എഴുന്നേറ്റിരുന്ന് വിളക്കുകൊളുത്തി. ഒരു ബീഡി കത്തിച്ച് പുറത്തേക്കിറങ്ങി. നേരിയ നിലാവുണ്ട്. മഞ്ഞു പൊഴിഞ്ഞുതുടങ്ങിയിരുന്നു. നല്ല തണുപ്പ്. ആകാശം മണല്‍ വാരിവിതറിയപോലെ നക്ഷത്രഖചിതമായിക്കണ്ടു. ഈറന്‍കാറ്റ് മരച്ചില്ലകളില്‍ മന്ത്രം ജപിച്ചുകൊണ്ടിരുന്നു.രാപ്രകൃതിക്ക് എന്തെന്നില്ലാത്ത ഭംഗിയാണെന്ന് ചീരുകണ്ടന്‍ കണ്ടു. ആദ്യമായാണ് ചീരുകണ്ടന്‍ രാപ്രകൃതിയെ ഇങ്ങനെ നോക്കിക്കാണുന്നത്. അതിനൊന്നും അയാളുടെ ജീവിതത്തില്‍ അവസരം കണെ്ടത്തിയിരുന്നില്ല. രാത്രിയായാല്‍ റാക്കിന്റെ ലഹരിയില്‍ എവിടെയെങ്കിലും വീണുറങ്ങും. നല്ലൊരു സ്വപ്നം പോലും ചീരുകണ്ടന്റെ ജീവിതത്തിലുണ്ടായിരുന്നില്ല.

ചീരുകണ്ടന്റെ ശരീരത്തിലേക്ക് തണുപ്പു സൂചിമുനകളാഴ്ത്താന്‍ തുടങ്ങിയിരുന്നു. അയാള്‍ ബീഡി ആഞ്ഞുവലിച്ച് പുകയൂതി.വെളുക്കാന്‍ ഇനി എത്രനേരമുണ്ട്? അയാള്‍ ആലോചിച്ചു. ഒരു തിട്ടവും കിട്ടിയില്ലയാള്‍ക്ക്. കിഴക്കന്‍മലകള്‍ക്കപ്പുറത്ത് പുലര്‍കാലത്തിന്റെ തുടിപ്പുകളൊന്നും കാണായില്ല.അയാള്‍ കൂരയ്ക്കു പുറത്ത് ഒരു കല്ലിന്മേലിരുന്നു. കുടിലിനകത്തുനിന്ന് വിളക്കുവെളിച്ചത്തിന്റെ ചീളുകള്‍ ഓലവിടവിലൂടെ പുറത്തേക്കു ചിതറിവീണു കിടന്നു.ചീരുകണ്ടന്‍ അപ്പോള്‍ അമ്മ തേയിയെ ഓര്‍മ്മിച്ചു. ഇത് അമ്മയില്ലാത്ത രാത്രിയാണ്. അമ്മ രാമപുരം പള്ളിയുടെ ശവക്കോട്ടയില്‍ സുഖമായി ഉറങ്ങുകയാണ്.

താന്‍ ഉറക്കം നഷ്ടപ്പെട്ട് ഇവിടെ... ഇങ്ങനെ...കുഞ്ഞച്ചന്‍ പറഞ്ഞതുപോലെ അമ്മയുടെ ആത്മാവ് ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിനോടൊപ്പമായിരിക്കുമോ... ചീരുകണ്ടന്‍ ആകാശത്തിലേക്കു നോക്കി.ആകാശം നിറയെ നക്ഷത്രപ്പൊട്ടുകള്‍ ചിരിക്കുന്നു. മരിച്ചുപോയവരുടെ ആത്മാക്കളായിരിക്കുമോ ആകാശത്ത് നക്ഷത്രങ്ങളായി വിരിയുന്നത്? അങ്ങനെയെങ്കില്‍ അതില്‍ ഏതായിരിക്കും തന്റെ അമ്മ...അന്ന് ജീവിതത്തിലാദ്യമായി ചീരുകണ്ടന് അയാളുടെ അമ്മയോടു സ്‌നേഹം തോന്നി. തന്റെ ഉള്ളിലെവിടെയോ ഒരു നനവു പടരുന്നത് അയാള്‍ അറിയുന്നു. അത് കണ്ണുകളില്‍ നിറയുന്നു.ചീരുകണ്ടന്‍ കരഞ്ഞു. ചീരുകണ്ടന്റെ കണ്ണുകളില്‍നിന്ന് ആകാശത്തെ നക്ഷത്രങ്ങള്‍ മാഞ്ഞുപോയി.ഇടയ്ക്ക് ഉറക്കം ഞെട്ടിയ കുറുമ്പ കിടക്കത്തുണിയില്‍ ചീരുകണ്ടനെ കാണാഞ്ഞ് ഒന്നമ്പരന്നു. പിന്നെയവള്‍ വിളക്കുമെടുത്ത് പുറത്തേക്കിറങ്ങി.മുറ്റത്തെ കല്ലില്‍ ചീരുകണ്ടനെ കണ്ട് അവള്‍ അവിടേക്കു ചെന്നു.

അയാള്‍ക്കടുത്തായി ഇരുന്നുകൊണ്ടു ചോദിച്ചു:''എന്നാ പറ്റീ...?''വെളുക്കുമ്പളേ രാമരത്തിനു പോണം. അമ്മേന്റടുത്ത്, ഞ്ഞച്ചന്റെ അടുത്ത്.ചീരുകണ്ടനെ കേട്ട കുറുമ്പയുടെ കണ്ണുകളില്‍ രണ്ടു നക്ഷത്രങ്ങള്‍ മിന്നി.

 
 
Login log record inserted successfully!