•  28 Mar 2024
  •  ദീപം 57
  •  നാളം 4
വചനനാളം

പുത്രനെ ചുംബിക്കുവിന്‍ !

മാര്‍ച്ച് 7നോമ്പുകാലം നാലാം ഞായര്‍

ഉത്പ 11:1-9 ജോഷ്വ 7:10-15 
റോമ 8:12-17 മത്താ 21:33-44

ദൈവമക്കളെന്ന നമ്മുടെ അവബോധം ആഴപ്പെടുത്താനുള്ള അവസരമാണ് നോമ്പുകാലം. ഏകജാതനായ പുത്രന്‍തമ്പുരാനെ ചുംബിക്കുന്നതിന്റെ തീവ്രതയനുസരിച്ചായിരിക്കും നമ്മുടെ ദൈവപുത്രത്വബോധ്യവും ആഴപ്പെടുന്നത്. ആ ബോധ്യം വളരുന്നതനുസരിച്ചാണ് സ്വന്തം ശ്രേഷ്ഠതയും അവകാശാധികാരങ്ങളും നമുക്കു തിരിച്ചറിയാനാകുന്നത്. ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലായിത്തീരുന്ന ഉത്ഥാനാനുഭവം ദൈവമക്കളുടെ ഭാഗധേയമാണ്.

കര്‍ത്താവിന്റെ അഭിഷിക്തനെതിരേ ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നതിന്റെ കഥ പറയുന്ന രണ്ടാം സങ്കീര്‍ത്തനത്തില്‍ 12-ാം വാക്യം ഹീബ്രുമൂലമനുസരിച്ച്, ''പുത്രനെ ചുംബിക്കുവിന്‍'' എന്നാണ്! മിശിഹായുടെ ആധിപത്യം അംഗീകരിക്കുവിന്‍ എന്നര്‍ത്ഥം. ദൈവപുത്രന്റെ ആധികാരികത പരിചിന്തനവിഷയമാക്കുന്ന ഈ ഞായറാഴ്ചയിലെ സുവിശേഷം വായിച്ചപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് സങ്കീര്‍ത്തനം 2,12 ആയത് സ്വാഭാവികം.
തന്റെ അധികാരത്തെ ചോദ്യം ചെയ്ത പ്രധാന പുരോഹിതന്മാരോടും ജനപ്രമാണികളോടും (മത്താ 21:23) യേശു മൂന്ന് ഉപമകളാണു പറഞ്ഞത്: രണ്ടു പുത്രന്മാരുടെ ഉപമ, മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ, വിവാഹവിരുന്നിന്റെ ഉപമ. ഇതില്‍ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം.
ഉള്‍ക്കാഴ്ചകള്‍
1. മുന്തിരിത്തോട്ടത്തിന്റെ അധികാരിയായ 'വീട്ടുടമസ്ഥന്‍' ('ഒയിക്കൊദെസ്‌പോത്തെസ്') 40-ാം വാക്യത്തില്‍ 'നാഥനാ'യി ('ക്യൂരിയോസ്') മാറുന്ന കാഴ്ച കൗതുകകരമാണ്. മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ ദൈവംതന്നെ.
2. മുന്തിരിത്തോട്ടത്തിന്റെ വിവരണം ധ്വനിപ്പിക്കുന്ന ഏശ: 5:1-7 ന്റെ വെളിച്ചത്തില്‍ മുന്തിരിത്തോട്ടം ഇസ്രായേലിന്റെ പ്രതീകമാണെന്നു വ്യക്തം (ഏശ 5:7). ഇതോടൊപ്പം, 43-ാം വാക്യത്തിലൂടെ മുന്തിരിത്തോട്ടം ദൈവരാജ്യത്തിന്റെ രൂപകമാണെന്നും തെളിയുന്നു.
3. ഉപമയില്‍ മൂന്നു പ്രാവശ്യം പരാമര്‍ശിക്കപ്പെടുന്ന 'ഫലങ്ങള്‍' (കാര്‍പോസ്) മത്തായിയുടെ സുവിശേഷത്തില്‍ സത്പ്രവൃത്തികളുടെ മുഖ്യരൂപകമാണ്. 17 പ്രാവശ്യം ഈയര്‍ത്ഥത്തില്‍ അതു സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവിടെയെല്ലാം സൂചിതമാകുന്ന 'ഫലങ്ങള്‍' ക്രിസ്തുവിശ്വാസത്തിലധിഷ്ഠിതമായ സത്പ്രവൃത്തികളാണ്.
4. മാത്സര്യമുള്ള ജനതയായ ഇസ്രായേലിന്റെ പക്കലേക്ക് ദൈവം അയച്ച പ്രവാചകരെയാണ് മത്തായി, ഭൃത്യര്‍ എന്ന രൂപകത്തിലൂടെ സൂചിപ്പിക്കുന്നത്. വീട്ടുടമസ്ഥന്‍ ഭൃത്യന്മാരെ അയയ്ക്കുന്നത് രണ്ടു ഗണമായാണ് (മര്‍ക്കോസില്‍ ഇതു മൂന്നാണ്). സുവിശേഷകന്റെ കാലത്ത് പ്രവാചകഗ്രന്ഥങ്ങളെ രണ്ടു ഗണങ്ങളായി യഹൂദര്‍ മനസ്സിലാക്കിയിരുന്നെന്നു സ്മരിക്കേണ്ടതാണ്: ആദ്യകാലപ്രവാചകന്മാരും (ജോഷ്വ-രാജാക്കന്മാര്‍) പില്ക്കാലപ്രവാചകന്മാരും (ഏശയ്യ-മലാക്കി).
5. ഇസ്രായേലിന്റെ പക്കലേക്ക് പ്രവാചകരെ അയച്ച ദൈവികപ്രവൃത്തിയുടെ ക്ലൈമാക്‌സാണ് 'സ്വപുത്രനെ' അയച്ചതിലുള്ളത്. പുത്രന്‍ അവകാശിയാണ്! യേശുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ജനപ്രമാണികളെ ദ്യോതിപ്പിക്കുകയാണ് 38-39 വാക്യങ്ങള്‍. പട്ടണത്തിനു വെളിയില്‍വച്ചാണ് യേശു വധിക്കപ്പെട്ടതെന്ന ചരിത്രപരമായ സൂചനപോലും 39-ാം വാക്യത്തിലുണ്ട്.
അനന്തരക്കാഴ്ചകള്‍
39-ാം വാക്യത്തില്‍ പുത്രന്റെ വധത്തോടെ ഉപമ തീരുന്നു. എന്നാല്‍ 42-ാം വാക്യത്തില്‍ യേശുവിന്റെ ഉത്ഥാനസൂചനയുണ്ട്. ഈസ്റ്റര്‍പ്രഘോഷണമാണ് സങ്കീ. 118:22-23 ഉദ്ധരിക്കുന്നതിലൂടെ സുവിശേഷകന്‍ ചെയ്തിരിക്കുന്നത്. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്ന അദ്ഭുതമാണ് യേശുവിന്റെ ഉത്ഥാനം!
41-ാം വാക്യത്തില്‍ പ്രധാനപുരോഹിതരും ജനപ്രമാണികളും പറഞ്ഞ വിധിപ്രസ്താവം അവര്‍ക്കുതന്നെ സത്യമായി ഭവിക്കുകയാണ് 43-ാം വാക്യത്തില്‍. പുത്രനെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യാത്ത ഇസ്രായേലില്‍നിന്ന് പുത്രനില്‍ വിശ്വസിച്ചു ഫലം പുറപ്പെടുവിക്കുന്ന ജനതയിലേക്ക് ദൈവരാജ്യം കൈമാറ്റം ചെയ്യപ്പെടും എന്ന പ്രസ്താവനയും ശ്രദ്ധേയമാണ്.
നിര്‍ണായകമായ 
തിരഞ്ഞെടുപ്പ്
പിതാവിലേക്കുള്ള ഏകവാതിലും വഴിയും ഈശോമിശിഹായാണ്. 'ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍' എന്ന് ആവശ്യപ്പെട്ടത് അവിടുന്നാണ് (യോഹ 14,1). പുത്രനെ അവകാശപ്പെടുത്തുന്നവനാണ് എല്ലാറ്റിന്റെയും അവകാശി. രാജാവിനെ തൊട്ട് എല്ലാം സ്വന്തമാക്കിയ കുട്ടിയുടെ കഥ ഓര്‍മയുണ്ടല്ലോ. ഈശോയെ സ്വന്തമാക്കിയവന് എല്ലാം സ്വന്തമാണ്! 'നാം ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും' ആണെന്ന പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ (റോമാ 8:17) ഈ ഉപമയുടെ വ്യാഖ്യാനമായി കരുതാവുന്നതാണ്.
യേശുവിന്റെ ദൈവപുത്രത്വബോധ്യത്തിന്റെ വെന്നിക്കൊടി പാറിയ ഇടമായിരുന്നു മരുഭൂമി. 'നീ ദൈവപുത്രനാണെങ്കില്‍...' എന്ന പ്രലോഭകന്റെ ചോദ്യം എന്നും എവിടെയും മുഴങ്ങുന്നുണ്ട്; ഒപ്പം, 'ഇതാ, ഇവനാണ് അവകാശി, ഇവനെ കൊല്ലാം' എന്ന പണിക്കാരുടെ ഗൂഢാലോചനകളും. 
ദൈവമക്കളെന്ന നമ്മുടെ അവബോധം ആഴപ്പെടുത്താനുള്ള അവസരമാണ് നോമ്പുകാലം. ഏകജാതനായ പുത്രന്‍തമ്പുരാനെ ചുംബിക്കുന്നതിന്റെ തീവ്രതയനുസരിച്ചായിരിക്കും നമ്മുടെ ദൈവപുത്രത്വബോധ്യവും ആഴപ്പെടുന്നത്. ആ ബോധ്യം വളരുന്നതനുസരിച്ചാണ് സ്വന്തം ശ്രേഷ്ഠതയും അവകാശാധികാരങ്ങളും നമുക്കു തിരിച്ചറിയാനാകുന്നത്. ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലായിത്തീരുന്ന ഉത്ഥാനാനുഭവം ദൈവമക്കളുടെ ഭാഗധേയമാണ്. ഊഷരതയുടെ ഈ മരുഭൂവില്‍ പുത്രത്വമരുപ്പച്ചയും ആധികാരികശാദ്വലതയും പടര്‍ന്നുകയറട്ടെ!

Login log record inserted successfully!