- ജീവിതശൈലീരോഗങ്ങളുടെ ഗൗരവം ഇനി മലയാളിയെ ആരു പഠിപ്പിക്കും?
മുപ്പതുവര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം പത്തുകൊല്ലത്തിലേറെ കൂടിയെന്നു പഠനം. വിവിധ കാരണങ്ങളാല്‍ പല സംസ്ഥാനങ്ങളിലെയും ആയുര്‍ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍. 1990 ല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 59.6 വര്‍ഷമായിരുന്നു. 2024 ല്‍ ഇത് 70.8 വര്‍ഷമായി. ഇപ്പോള്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 77.3 വര്‍ഷമാണ്. അമേരിക്കയിലിത് ഇപ്പോള്‍ 79.25 വര്‍ഷമാണ്. 2036 ഓടെ കേരളത്തില്‍ അഞ്ചില്‍ ഒരു പൗരന്‍ അറുപതു വയസ്സില്‍ കൂടിയവരായിരിക്കുമെന്നാണ് ഇക്കോണമിക് റിവ്യൂവില്‍ വിലയിരുത്തല്‍.
എന്നാല്‍, ഇത് ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യമാണെന്നു പറയാനാവില്ല. വിവിധ രോഗങ്ങേളാടെയും ശാരീരികവെല്ലുവിളികളോടെയുമാണ് വയസ്സാവുന്തോറും ആളുകള്‍ ജീവിക്കുന്നത്. സാംക്രമികരോഗങ്ങള്‍ കുറയുകയും എന്നാല്‍ ഭീഷണമായ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പ്രതിഭാസമാണു നാമിപ്പോള്‍ കാണുന്നത്. 30 വര്‍ഷംമുമ്പ് മാതൃ-ശിശു മരണങ്ങളും പോഷകാഹാരക്കുറവും അണുബാധമൂലമുള്ള രോഗങ്ങളുമാണ് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ആരോഗ്യഭീഷണികളെന്നു കരുതപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഇവിടെയുള്ളവരുടെ പേടിസ്വപ്നം പകര്‍ച്ചവ്യാധികളല്ലാത്ത ജീവിതശൈലീരോഗങ്ങളുടെ കുതിപ്പാണ്. ഇന്ത്യയിലിപ്പോള്‍ ആകെയുള്ള രോഗങ്ങളില്‍ 60 ശതമാനവും ജീവിതശൈലീരോഗങ്ങളാണ്. ഇത് 1990 ല്‍ 29 ശതമാനം മാത്രമായിരുന്നു. എന്നാല്‍, പെട്ടെന്നു ജീവനപഹരിക്കുന്ന പകര്‍ച്ചവ്യാധികളെ മാത്രമാണ് നമുക്കിന്നു ഭയം; സാവധാനം മരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന ജീവിതശൈലീരോഗങ്ങളെ ആര്‍ക്കും അത്ര പേടിയില്ലെന്നു പറയേണ്ടിയിരിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, അമിതരക്തസമ്മര്‍ദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയാണ് 30 കൊല്ലത്തിനിടയിലെ ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിച്ചത്.
ഹൃദ്രോഗത്തിന്റെ കാര്യമെടുത്താല്‍ രോഗം ഗുരുതരമായവര്‍ക്കു വളരെ ചെലവേറിയ ചികിത്സകള്‍ നല്‍കുന്ന സമ്പ്രദായമാണ് ഇന്ന് എവിടെയും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ ചികിത്സാതത്ത്വം തികച്ചും അശാസ്ത്രീയമാണെന്നു പലര്‍ക്കുമറിയില്ല. അപ്പപ്പോഴുണ്ടാകുന്ന രോഗഭീഷണികളെ ചെറുക്കാനും താത്കാലികാശ്വാസം നല്‍കാനുമുതകുന്ന ചികിത്സാമന്ത്രങ്ങള്‍ മെനഞ്ഞെടുക്കുക. അതുതന്നെയാണിപ്പോള്‍ ആരോഗ്യരംഗത്തു പ്രബലമായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ പ്രവണത പ്രത്യേകിച്ച് സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളെ കൂടുതല്‍ പട്ടിണിയിലേക്കു തള്ളിവിടുമെന്ന യാഥാര്‍ഥ്യം അറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. രോഗത്തിലേക്കു നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മകവും ചെലവുകുറഞ്ഞതുമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്ന പ്രവണത കുറഞ്ഞുവരുന്നു. രോഗാവസ്ഥ മൂര്‍ച്ഛിച്ച് ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ചികിത്സാപദ്ധതി സംവിധാനം ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത അവസ്ഥയില്‍, രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അതു ഗുരുതരമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും തിരിച്ചറിയുക ശ്രമകരമാണ്.
വര്‍ധിച്ച കൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദം, പ്രമേഹം, പുകവലി തുടങ്ങിയ പ്രഖ്യാപിത ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അപര്യാപ്തകളുണ്ടെന്നു പുതിയ ഗവേഷണനിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന ഏതാണ്ട് 50 ശതമാനം ആളുകളിലും നേരത്തേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ലെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതുപോലെ, അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികള്‍ക്കും സാധാരണ ആപത്ഘടകങ്ങള്‍ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയുന്ന 'ഫിസിക്കല്‍ ഫിറ്റ്‌നസ്' എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്നോര്‍ക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ശാരീരികമായി 'ഫിറ്റ്' ആയ ഒരാള്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകില്ലെന്ന ധാരണ തെറ്റാണ്. കന്നഡനടന്‍ പുനീത് രാജ്കുമാറിന്റെ ആകസ്മികമരണം നമ്മെ പലതും പഠിപ്പിക്കുന്നു. പറയത്തക്ക യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും 'ഫിറ്റ്' എന്നു പലരും കരുതിയിരുന്ന, കേവലം 46 വയസ്സുള്ള നടന്‍ ജിമ്മില്‍ നിത്യേന ചെയ്യാറുള്ള വര്‍ക്കൗട്ടിനെത്തുടര്‍ന്ന് ഒരു ദിവസം കുഴഞ്ഞുവീണു മരിച്ചു. പ്രമേഹമോ പ്രഷറോ ഉള്‍പ്പെടെ പറയത്തക്ക രോഗാതുരകളൊന്നും ഇല്ലായിരുന്നുവെന്നു കുടുംബഡോക്ടര്‍ സ്ഥിരീകരിച്ചു. പുനീത് മാത്രമല്ല ചെറുപ്പക്കാരായ പല സെലിബ്രിറ്റികളും ഈയടുത്തകാലത്ത് തികച്ചും അപ്രതീക്ഷിതമായി മരണപ്പെട്ടു.
ഗുജറാത്തിലെ ജാംനഗറില്‍ ഏറെ പ്രശസ്തനായിരുന്ന 41 വയസ്സുമാത്രമുള്ള ഹൃദ്രോഗവിദഗ്ധന്‍ അപ്രതീക്ഷിതമായ ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്നു മരണപ്പെട്ടു. ജോലിയുടെ സ്‌ട്രെസ് ഒഴികെ പറയത്തക്ക യാതൊരു മുന്‍രോഗങ്ങളുമുണ്ടായിരുന്നില്ല. മരണത്തിനു തൊട്ടുമുമ്പെടുത്ത ഇ.സി.ജി.യില്‍ വ്യതിയാനങ്ങളൊന്നുമില്ലായിരുന്നു. 2023 ജൂണ്‍ മാസം നടന്ന ഈ സംഭവം ഏവരേയും നടുക്കിക്കളഞ്ഞു. രാവുകള്‍ പകലാക്കി ഒടുങ്ങാത്ത സ്‌ട്രെസ്സുമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പല ചെറുപ്പക്കാരും ഇന്നു പെട്ടെന്നുണ്ടാകുന്ന ഹാര്‍ട്ടറ്റാക്കുമൂലം മരണത്തിനു കീഴടങ്ങുകയാണ്.
ആധുനികലോകത്തിന്റെ ശാപമായി മാറുകയാണ് അന്തമില്ലാത്ത സ്‌ട്രെസ്. പ്രവര്‍ത്തനശൈലിയെ ത്വരിതപ്പെടുത്താന്‍ സ്‌ട്രെസ് ഒരു പരിധിവരെ ആവശ്യമാണെങ്കിലും അതിരുകടന്ന മനോസംഘര്‍ഷം മനസ്സിനെയും ശരീരത്തെയും ഒരുപോലെ രോഗാതുരമാക്കുകയാണ്. പഴയതുപോലെയല്ല, ഇന്നത്തെ കാലത്ത് ഒരുപിടി കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതായിട്ടുണ്ട്. ലോകത്തിന്റെ പ്രയാണം അത്രകണ്ടു ശീഘ്രഗതിയിലായതുകൊണ്ടുതന്നെ. കമ്പ്യൂട്ടര്‍വത്കരണത്തിലൂടെയും നിര്‍മിതബുദ്ധിയിലൂടെയും ജീവിതചര്യകള്‍ക്കു വേഗം കൂടി. ജീവിതക്കുതിപ്പിന് ആക്കംകൂട്ടാന്‍ സാങ്കേതികമികവുള്ള യന്ത്രസംവിധാനങ്ങള്‍ ഏറെ. എന്നാല്‍, അതിനൊരു മറുവശമുണ്ട്. ഈ യാന്ത്രികവേഗതയ്‌ക്കൊപ്പമെത്താന്‍ മനുഷ്യന്‍ ഏറെ കഷ്ടപ്പെടണം. ആ പരാക്രമത്തില്‍ പലരും കാലിടറിവീഴുന്നു.
ഇന്ന് ഹാര്‍ട്ടറ്റാക്കുണ്ടാകുന്ന പല ചെറുപ്പക്കാര്‍ക്കും പറയത്തക്ക മുന്‍രോഗലക്ഷണങ്ങളൊന്നുമില്ല, ഇസിജിയില്‍ വ്യതിയാനമില്ല, 40-50 ശതമാനം പേര്‍ക്ക് കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചിട്ടില്ല, വ്യായാമം ചെയ്യുന്നവരോ മെലിഞ്ഞ പ്രകൃതമുള്ളവരോ, പക്ഷേ, പലപ്പോഴും അവരുടെ ഹൃദയാരോഗ്യം തകരുന്നതായി കാണുന്നു.
സാധാരണ മുതിര്‍ന്നവരില്‍ കാണുന്ന പൊതുവായ പല ആപത്ഘടകങ്ങളും ചെറുപ്പക്കാരില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും പ്രധാനമായി അവരെ ഹൃദയാഘാതത്തിലേക്കു തള്ളിവിടുന്ന പല നൂതനഘടകങ്ങളുമുണ്ട്. 40 വയസ്സില്‍ താഴെ അറ്റാക്കു വന്നവരുടെ കണക്കു പരിശോധിച്ചാല്‍ 25 ശതമാനത്തിലധികം പേരും 20-30 വയസ്സിനിടയിലുള്ളവരാണ്. പ്രമേഹം, പ്രഷര്‍, വര്‍ധിച്ച കൊളസ്‌ട്രോള്‍ തുടങ്ങിയ ആപത്ഘടകങ്ങളെക്കാള്‍ ഉപരിയായി ചെറുപ്പക്കാരില്‍ പല ശീലങ്ങളും വിനയാകുന്നു. പുകവലി, ലഹരിവസ്തുക്കളുടെ (ആംഫെറ്റാമൈനുകള്‍, കൊക്കെയിന്‍, മെത്താംഫെറ്റാമൈന്‍) ഉപയോഗം, മദ്യപാനം, പാരമ്പര്യപ്രവണത, കുടുംബത്തില്‍ കാണുന്ന വര്‍ധിച്ച കൊഴുപ്പുഘടകങ്ങള്‍, വ്യായാമക്കുറവ്, ഒടുങ്ങാത്ത് സ്‌ട്രെസ്, അനാരോഗ്യകരമായ ഭക്ഷണച്ചിട്ടകള്‍ തുടങ്ങിയവ യുവാക്കളിലെ ഹൃദ്രോഗത്തിനു കാരണമാകുന്നു.
ഹൃദയധമനികളിലെ ജരിതാവസ്ഥ ബാല്യകാലത്തില്‍ത്തന്നെ ആരംഭിക്കും.വികലമായ ഭക്ഷണചര്യകളും അമിതവണ്ണവും ജനിതകമായ ഉദ്ദീപനഘടകങ്ങളും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ ക്ലീവ്‌ലന്റ് ക്ലിനിക്കില്‍, വാഹനാപകടത്തില്‍ മരിച്ച എട്ടിനും പതിനെട്ടിനും മധ്യേയുള്ള കുട്ടികളുടെ ഹൃദയധമനികള്‍ ഛേദിച്ചുനോക്കിയപ്പോള്‍ പത്തുവയസ്സുള്ള കുട്ടികളുടെ കൊറോണറിധമനിയുടെ ഉള്‍ഭിത്തികളില്‍ കൊഴുപ്പുനിക്ഷേപം കണ്ടു. 18 വയസ്സുകാരില്‍ 20 ശതമാനം ബ്ലോക്കും കണ്ടു. അപ്പോള്‍ ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ധമനികളിലെ ബ്ലോക്ക് അറ്റാക്കിനു തൊട്ടുമുമ്പുള്ള ആഴ്ചകളിലല്ല ഉണ്ടാകുന്നത്, വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങുന്നു. ജരിതാവസ്ഥയുടെ വര്‍ധന തടയാനാണ് ഭക്ഷണജീവിതചര്യകള്‍ ക്രമീകരിക്കുന്നതും ആപത്ഘടകങ്ങള്‍ കൃത്യമായി നിയന്ത്രണവിധേയമാക്കുന്നതും. രോഗലക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നൊരു പിറകോട്ടുപോക്ക് തികച്ചും അസാധ്യമാണ്. രോഗലക്ഷണങ്ങള്‍ക്കു കാരണക്കാരായ ബ്ലോക്കുകളെ മാറ്റുന്ന ചികിത്സാവിധികള്‍ ചെയ്തുകൊണ്ടിരിക്കാമെന്നു മാത്രം.
അപ്പോള്‍, ധമനികളെ വികലമാക്കുന്ന ജരിതാവസ്ഥ ആരംഭിച്ചിട്ടുണ്ടോ അഥവാ ഗുരുതരമാകുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ പറ്റുന്ന പരിശോധനകള്‍ എക്‌സിക്യൂട്ടീവ് ചെക്കപ്പുപോലെ നിശ്ചിതകാലയളവുകളില്‍ ചെയ്തുകൊണ്ടിരിക്കണം. ഇ.സി.ജി., ട്രെഡ്മില്‍ ടെസ്റ്റ്, എക്കോകാര്‍ഡിയോഗ്രാഫി, സി റ്റി ആന്‍ജിയോഗ്രാഫി, പോസിട്രോണ്‍ എമിഷന്‍ ടൊമോഗ്രാഫി (പെറ്റ്), ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് തുടങ്ങിയവ. ഒപ്പം, രക്തപരിശോധനയും-ലിപിഡ് പ്രൊഫൈല്‍, ലൈപ്പോപ്രോട്ടീന്‍-എ, അപ്പോലൈപ്പോ പ്രോട്ടീന്‍-ബി, ഹോമോ സിസ്റ്റീന്‍, ഹീമോഗ്ലോബിന്‍ എ-ഒന്ന്-സി, ഫൈബ്രിനോജന്‍, സിആര്‍പി, വിറ്റാമിന്‍ ഡി എന്നിവയും. പൊതുവായി ശരീരത്തിലെ ധമനികളിലെ ജരിതാവസ്ഥയെപ്പറ്റി പഠിക്കാനുള്ള പരിശോധനകളുണ്ട്-രക്തക്കുഴലുകളുടെ വികസനശേഷി, കരോട്ടിട് ധമനിയിലെ ബ്ലോക്ക്, കരോട്ടിട് ധമനിയിലെ കൊഴുപ്പുനിക്ഷേപം, കൊറോണറിധമനികളിലെ കാല്‍സിയം തുടങ്ങിയവ. ഹൃദ്രോഗസാധ്യത മുന്‍കൂട്ടിയറിയാന്‍ ബയോസൂചകങ്ങളുടെ പ്രസക്തിയേറെ. കോശവീക്കത്തോടെ സജീവമാകുന്ന സിആര്‍പി, ഇന്റര്‍ലൂക്കിന്‍-6, ഫോസ്‌ഫോലിപെയ്‌സ്-എ-രണ്ട്, എല്‍.ഡി.എല്‍., നൈട്രോതൈറോസിന്‍, ഡി. ഡൈമര്‍, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, ബി.എന്‍.പി., ട്രോപോണിന്‍ തുടങ്ങിയ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതില്‍ സുപ്രധാനപങ്കുവഹിക്കുന്നു.
ഇന്ന്, കേരളത്തില്‍ 180 ലധികം കാത്ത്‌ലാബുകളുണ്ട്. ഇതു ലോകത്ത മികച്ച രാജ്യങ്ങളുമായി താരതമ്യപ്പെടുത്താം. ഇന്ത്യയില്‍ ഹൃദ്രോഗചികിത്സയില്‍ ഒന്നാംസ്ഥാനത്ത് കേരളം നില്‍ക്കുന്നു. ഇത്രയൊക്കെ ചികിത്സാസൗകര്യങ്ങളുണ്ടെങ്കിലും കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കാരണം, ചികിത്സയ്ക്കു മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികലആരോഗ്യസംസ്‌കാരം നമ്മുടെ നാട്ടില്‍ ആപത്കരമാംവിധം വളര്‍ന്നുവരുന്നു. ആപത്ഘടകങ്ങളെ കര്‍ശനമായി നിയന്ത്രിച്ചാല്‍ ഹൃദ്രോഗസാധ്യത 85-90 ശതമാനംവരെ ഇല്ലാതാകുമെന്ന യാഥാര്‍ഥ്യം പലരും മനസ്സിലാക്കുന്നില്ല. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ഗൃഹനാഥന് ഹൃദയാഘാതമുണ്ടായാല്‍ പിന്നെ ആ കുടുംബം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണ്. ഏതാണ്ട് 40 ശതമാനം അധികച്ചെലവാണ് ഹൃദ്രോഗപരിശോധനകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായി അധികമായി വരുന്നത്. ആജീവനാന്തമാണ് ഹൃദ്രോഗചികിത്സയെന്നോര്‍ക്കണം.
ഈ സാഹചര്യത്തില്‍ ചില തീരുമാനങ്ങള്‍ നാമെടുക്കണം.
വീടുകളില്‍ ഹൃദയസൗഹൃദഭക്ഷണം മാത്രമേ പാകപ്പെടുത്തുകയുള്ളൂവെന്നു പ്രതിജ്ഞയെടുക്കണം.
ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും വിഷാംശമില്ലാതെ ശുദ്ധഭക്ഷണമായിരിക്കുമെന്ന് ഭരണാധികാരികള്‍ ഉറപ്പുവരുത്തണം.
കുട്ടികളുടെ വ്യായാമപരിശീലനത്തിന് ഏറെ പ്രാധാന്യം കൊടുത്ത് മാതാപിതാക്കള്‍ അവരുടെ സമഗ്രമായ ആരോഗ്യസംരക്ഷണച്ചുമതല പുനരാവിഷ്‌കരിക്കണം. അവര്‍ ഇന്ന് എന്തു കഴിക്കുന്നു എന്നതനുസരിച്ചാണ് ഭാവിയില്‍ അവരുടെ ആരോഗ്യനിലവാരം തിട്ടപ്പെടുത്തുന്നത്.
ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും തങ്ങളുമായി ബന്ധപ്പെടുന്ന രോഗികളില്‍, അമിതകൊളസ്‌ട്രോള്‍, പുകവലി, മദ്യപാനശീലം, പ്രഷര്‍, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ ഹൃദയാരോഗ്യവിരുദ്ധമായ എല്ലാ ഘടകങ്ങളും നിയന്ത്രണവിധേയമാക്കാന്‍ ക്രിയാത്മകപരിപാടികള്‍ സംവിധാനം ചെയ്യണം.
തൊഴിലിടങ്ങളില്‍ ഹൃദയസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നു തൊഴില്‍ദാതാവും തൊഴിലാളികളും ദൃഢപ്രതിജ്ഞയെടുക്കണം. ഇതിനുള്ള എല്ലാ സഹകരണവും ഗവണ്‍മെന്റുതലത്തില്‍ സ്വായത്തമാക്കണം.
തൊഴിലിടങ്ങളിലും പൊതുസ്ഥലത്തും പുകയിലയുത്പന്നങ്ങളുടെ വിനിയോഗം കര്‍ശനമായി നിയന്ത്രിക്കണം.
ചെറുപ്പക്കാരില്‍ വളര്‍ന്നുവരുന്ന മദ്യപാനശീലവും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവും തടയണം.
ആരോഗ്യമുള്ള സമൂഹം ഒരു തവണത്തെയോ ഒരു തലമുറയുടെയോ പരിശ്രമംകൊണ്ടു സാധ്യമാകുന്നതല്ല. അതു നിരന്തരമായ ശ്രദ്ധയും സംരക്ഷണവും ആവശ്യപ്പെടുന്ന കാര്യമാണ്. പരിശ്രമങ്ങളുടെ നൈരന്തര്യത്തിനു ഭംഗം നേരിട്ടാല്‍ പെട്ടെന്നു തിരികെക്കയറാനും സാധിക്കില്ല. അജ്ഞതയും മുന്‍വിധിയും കൊണ്ട് വരുംതലമുറയെ രോഗപീഡകളുടെ കെടുതിയിലേക്കു വിട്ടുകൊടുക്കരുത്. അതിനു തക്ക നടപടികള്‍ എല്ലാവരും - സര്‍ക്കാരും സന്നദ്ധസംഘടനകളും രാഷ്ട്രീയ-മത-സാമൂഹികപ്രസ്ഥാനങ്ങളും കൈക്കൊള്ളണം. അതു വരുംതലമുറയോടുള്ള നമ്മുടെ ബാധ്യതയാണെന്ന ബോധ്യം എല്ലാവരിലും വളരട്ടെ.