•  Published From Palai
  •  Contact Us
  •  Previous Issues
  •  2 Oct 2025
  •  ദീപം 58
  •  നാളം 30
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • പ്രതിഭ
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

നാട്യങ്ങളില്ലാത്ത നടനവിസ്മയം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 2 October , 2025

  ഇന്ത്യന്‍സിനിമയ്ക്കു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്നേറ്റുവാങ്ങിയ സുവര്‍ണനിമിഷം ലോകമെങ്ങുമുള്ള മലയാളികളെ പുളകച്ചാര്‍ത്തണിയിക്കുന്നതായി. തന്റെ ആത്മാവിന്റെ സ്പന്ദനമാണു സിനിമയെന്നും സ്വപ്നത്തില്‍പോലും ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം അദ്ദേഹം പറഞ്ഞത്. ഉയരങ്ങളില്‍ നില്ക്കുമ്പോഴും, സ്വഭാവേന തന്നില്‍ അലിഞ്ഞുചേര്‍ന്ന വിനയവും ലാളിത്യവും പൂവിടുന്ന വാക്കുകള്‍കൊണ്ട് തന്റെ പ്രിയങ്കരരായ പ്രേക്ഷകലക്ഷങ്ങളോട് 'ലാലേട്ട'നായി ഒന്നുകൂടി ചേര്‍ന്നുനില്ക്കുകയാണദ്ദേഹം.
    രാജ്യത്തെ പരമോന്നതചലച്ചിത്രബഹുമതിയാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ല്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യമായി മലയാളത്തിലേക്കു കൊണ്ടുവന്ന ഈ കിരീടം, ഇപ്പോഴിതാ മോഹന്‍ലാല്‍ ശിരസ്സിലേറ്റുമ്പോള്‍ മലയാളത്തിനു വീണ്ടും തലപ്പൊക്കമേറുന്നു; തിളക്കം വര്‍ധിക്കുന്നു. അഞ്ചു ദേശീയ ചലച്ചിത്രഅവാര്‍ഡുകള്‍, 2001 ല്‍ പത്മശ്രീ. 2019 ല്‍ പത്മഭൂഷണ്‍ തുടങ്ങി ചെറുതും വലുതുമായ എത്രയെത്ര ബഹുമതികളാണ് ലാല്‍ ഇതിനോടകം മലയാളത്തിനു സമ്മാനിച്ചത്! എല്ലാം ഈ അതുല്യനടന്റെ അനിതരസാധാരണമായ അഭിനയമികവിനുള്ള തങ്കപ്പതക്കങ്ങള്‍ തന്നെ! ഇവിടെ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ രാജ്യത്തെ സിനിമാരംഗത്തിനു നല്കിയ വലിയ സംഭാവനകളുടെ മഹിമയിലാണ് 2023 ലെ ഫാല്‍ക്കെ പുരസ്‌കാരം, മോഹന്‍ലാലിനു കൈവന്നിരിക്കുന്നത്. എങ്കിലും, ഒരു സമ്പൂര്‍ണനടന്‍ എന്ന നിലയിലാവും ചരിത്രം മോഹന്‍ലാലിനെ അടയാളപ്പെടുത്തുക എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.
   അനായാസമായ അഭിനയശൈലിയും അദ്ഭുതപ്പെടുത്തുന്ന ഭാവപ്രകടനങ്ങളുമാണ് മോഹന്‍ലാലിനെ അതുല്യനാക്കുന്നത്. 1978 ല്‍ 'തിരനോട്ടം' എന്ന റിലീസാകാത്ത സിനിമയിലൂടെ അഭിനയജീവിതമാരംഭിച്ച മോഹന്‍ലാല്‍ അതിവേഗം മലയാളിയുടെ മനംകവര്‍ന്ന നായകനടനായി മാറുകയായിരുന്നു. തന്റെ ആദ്യ റിലീസ്ചിത്രമായ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ല്‍ ഒരു വില്ലനായി വന്ന ഈ കലാകാരന്‍ പിന്നീട് 'സൂപ്പര്‍സ്റ്റാറാ'യി മലയാളസിനിമയില്‍ വിരചിച്ച വിസ്മനീയചരിതങ്ങള്‍ ചലച്ചിത്രപഠിതാക്കള്‍ക്ക് ഒരു സാധനപാഠമാണ്. കൊമേഴ്‌സ്യല്‍സിനിമകളിലും കലാചിത്രങ്ങളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. 82 ല്‍ 14 ഉം 83 ല്‍ 26 ഉം ചിത്രങ്ങളില്‍ അഭിനയിച്ച മോഹന്‍ലാല്‍ കാണെക്കാണെ വളര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 360 ലേറെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി മലയാളത്തിന്റെ മണിമുറ്റത്ത് ഇപ്പോഴും വിനീതഹൃദയനായി നില്ക്കുന്നു.
അഭിനയിക്കുമ്പോള്‍ താന്‍ മറ്റൊരാളായി മാറുകയാണെന്നു മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. ആ ലാല്‍മാജിക് അനേകം സന്ദര്‍ഭങ്ങളില്‍ നേരില്‍കണ്ടിട്ടുള്ള സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നതു കേള്‍ക്കൂ: ''മോഹന്‍ലാലിന്റെ അഭിനയം കാണുമ്പോള്‍ ഇത് ആര്‍ക്കും ചെയ്യാവുന്നതല്ലേയെന്നു തോന്നും. അതാണു മാജിക്.'' അതേ, കഥാപാത്രം ഏതായാലും മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ അയാള്‍ നമുക്കു ചിരപരിചിതനായ ഒരാളായി മാറുന്നു. ഗ്രാമജീവിതത്തിന്റെ നിഷ്‌കളങ്കതയാര്‍ന്ന, അസാധാരണരും അതിസാധാരണരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാലിനുള്ള കഴിവ് എത്രയോ അപാരം! നിഷ്‌കളങ്കനും നിസ്സഹായനും നിരാശ്രയനുമായി ശോകമൂകരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഇയാള്‍തന്നെയോ കൈയൂക്കും കാര്യപ്രാപ്തിയും നിറഞ്ഞ ഈ തന്റേടിയായി അരങ്ങുതകര്‍ക്കുന്നതെന്ന് ആരും അന്തിച്ചുപോകുന്ന അദ്ഭുതപ്രകടനങ്ങള്‍!
തന്റെ പകര്‍ന്നാട്ടങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ പറയുന്നു: ''ഇട്ടിമാണിയില്‍ മാര്‍ഗംകളിയും കമലദളത്തില്‍ നൃത്തവും വാനപ്രസ്ഥത്തില്‍ കഥകളിയും അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ ചോദിച്ചു, നിങ്ങളിതൊക്കെ പഠിച്ചിട്ടുണ്ടോയെന്ന്. ഇല്ല, പക്ഷേ, എന്റെ ഉള്ളിലുണ്ടായിരുന്ന  ഇവയെല്ലാം ആവശ്യംവന്നപ്പോള്‍ ഞാന്‍ കണ്ടെത്തി. ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആനന്ദവും ഭാഗ്യവും ഇത്തരത്തിലുള്ള പരകായപ്രവേശങ്ങളും അതിന്റെ അനുഭവങ്ങളുമാണ്. പുരുഷനും സ്ത്രീയും ട്രാന്‍സ്‌ജെന്‍ഡറുമുള്‍പ്പെടെ എല്ലാ വേഷങ്ങളും ഒറ്റശരീരത്തിന്റെ ചുറ്റളവില്‍ അയാള്‍ സാധ്യമാക്കുന്നു. ഇതിനര്‍ഥം ഇവയെല്ലാം നമ്മളിലുണ്ട് എന്നാണ്.''
    ഒരു അഭിനയസമ്രാട്ട് എന്ന നിലയില്‍ ദേശാതിവര്‍ത്തിയായി നില്ക്കുമ്പോഴും മലയാളികള്‍ക്കു മോഹന്‍ലാല്‍ അവരുടെ പ്രിയപ്പെട്ട 'ലാലേട്ടന്‍' ആണ്. അങ്ങനെ വിളിക്കാനും വിളിപ്പിക്കാനുംപോന്ന ആ 'കെമിസ്ട്രി'യില്‍, അദ്ദേഹം കൊണ്ടുനടക്കുന്ന ചില നന്മകള്‍ക്കു വലിയ പങ്കുണ്ട്. അത് അഭംഗുരം നിലനില്ക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. ഒപ്പം ഇനിയുമിനിയും പുതിയ പുതിയ കഥാപാത്രങ്ങളെ ആവാഹിക്കാനും ആവിഷ്‌കരിക്കാനും കഴിയട്ടേയെന്ന് ആശംസിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങള്‍!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)