•  2 Oct 2025
  •  ദീപം 58
  •  നാളം 30
വചനനാളം

മിശിഹായുടെ പരിമളമാകാന്‍

ഒക്‌ടോബര്‍  5
ഏലിയാസ്ലീവാ മൂശക്കാലം
അഞ്ചാം ഞായര്‍  മൂശെ ഒന്നാം ഞായര്‍
 
നിയ 11:1-9   ഏശ 40:12-17
2 കോറി 2:12-17   മത്താ 20:1-16
 
  ഏലിയാസ്ലീവാമൂശക്കാലങ്ങളിലെ മൂശക്കാലം ഒന്നാം ഞായറാഴ്ചയാണ് ഇന്ന് ആചരിക്കുന്നത്. നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുമുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ മൂശ ഇസ്രായേല്‍ജനത്തിനു കൊടുക്കുന്ന ഉപദേശം നാം ശ്രവിക്കുന്നു. നിയമാവര്‍ത്തനപ്പുസ്തകം മുഴുവന്‍ മൂശ ജനത്തിനു നല്കുന്ന ഉപദേശങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ 1 മുതല്‍ നാലുവരെയുള്ള അധ്യായങ്ങളില്‍, സീനായ്മുതല്‍ മൊവാബ് വരെയുള്ള യാത്രയിലെ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ 5 മുതല്‍ പന്ത്രണ്ടുവരെയുള്ള അധ്യായങ്ങളില്‍ സീനായില്‍ നല്കിയ നിയമങ്ങളെ അനുസ്മരിക്കുന്നു. 12 മുതല്‍ 26 വരെയുള്ള അധ്യായങ്ങള്‍ വാഗ്ദത്തനാട്ടില്‍ പ്രവേശിച്ചതിനുശേഷമുള്ള  ജീവിതത്തെക്കുറിച്ചാണ്. തുടര്‍ന്ന് (27-34) നിയമങ്ങള്‍ അനുസരിച്ചാലുള്ള അനുഗ്രഹങ്ങളും ലംഘിച്ചാലുള്ള ശിക്ഷകളും, മോശയുടെ അന്തിമാശീര്‍വാദവും കീര്‍ത്തനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ദൈവമായ കര്‍ത്താവിനെ എന്നും സ്‌നേഹിക്കണമെന്നും അവിടുത്തെ നിയമങ്ങളും  കല്പനകളും അനുസരിക്കണമെന്നും അവിടുത്തെ ശിക്ഷണനടപടികളും സംരക്ഷണവും ഓര്‍മിക്കണമെന്നുമാണ് മൂശ പറയുന്നത്.  കര്‍ത്താവു നല്കിയ നിയമങ്ങളെല്ലാം അനുസരിച്ചാല്‍ മാത്രമേ അവര്‍ ശക്തരാവുകയും കര്‍ത്താവ് നല്കുന്ന ദേശം സ്വന്തമാക്കുകയും  അവിടെ ദീര്‍ഘകാലം വസിക്കുകയും ചെയ്യുകയുള്ളൂ. കര്‍ത്താവു നല്കുന്ന ദേശം സ്വന്തമാക്കണമെങ്കില്‍ അവിടുത്തെ കല്പനകളനുസരിച്ച് ജീവിക്കണം. ദൈവത്തിന്റെ കരുണയാലും കരുതലിനാലും ലഭിക്കുന്ന വാഗ്ദത്തദേശം സ്വന്തമാക്കുന്നതിന് അവരുടെ സഹകരണവും പരിശ്രമവും വേണമെന്ന് തിരുവചനം ഓര്‍മിപ്പിക്കുന്നു. 
   ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ള രണ്ടാമത്തെ പ്രഘോഷണത്തിലും കര്‍ത്താവിന്റെ മഹത്ത്വമാണ് പ്രഖ്യാപിക്കുന്നത്. അവിടുത്തെ മഹത്ത്വത്തിനുമുമ്പില്‍ ജനതകളെല്ലാം വളരെ നിസ്സാരരാണെന്നു  പ്രഖ്യാപിക്കുന്നതിലൂടെ കര്‍ത്താവിന്റെ മഹത്ത്വമാണ് പ്രവാചകന്‍ എടുത്തുകാണിക്കുന്നത്. കര്‍ത്താവിന്റെ മഹത്ത്വത്തിനുമുമ്പില്‍ പ്രപഞ്ചം മുഴുവനും, എല്ലാ ജനതകളും ഉണ്ട് എന്ന കാര്യം വചനം പങ്കുവയ്ക്കുന്നു. കര്‍ത്താവിനു സമനായി ആരുമില്ല. മനുഷ്യചിന്തകളെല്ലാം വളരെ നിസ്സാരങ്ങളാണ്. 
   നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുമുള്ള വചനഭാഗത്ത് വാഗ്ദത്തനാട് സ്വന്തമാക്കുന്നതിനെക്കുറിച്ചാണു പറയുന്നതെങ്കില്‍ ഇന്നത്തെ സുവിശേഷം മുന്തിരിത്തോട്ടത്തിലേക്കയയ്ക്കുന്ന ജോലിക്കാരുടെ ഉപമയിലൂടെ സ്വര്‍ഗരാജ്യത്തക്കുറിച്ചാണു പഠിപ്പിക്കുന്നത്. സ്വര്‍ഗരാജ്യപ്രവേശനത്തിന്റെ ഒരു മുന്നൊരുക്കമെന്ന നിലയിലാണ് ഇസ്രയേലിനെ വാഗ്ദത്തനാട്ടിലേക്കു നയിക്കുന്നത്. മൂശ ഇസ്രായേലിനെ വാഗ്ദത്തനാട്ടിലേക്കു നയിക്കുന്നതുപോലെയാണു മിശിഹായും മനുഷ്യകുലത്തെ സ്വര്‍ഗരാജ്യത്തേക്കു നയിക്കുന്നത്. മൂശ വാഗ്ദത്തനാടിനെക്കുറിച്ചും അവിടെ പ്രവേശിക്കുന്നതിനെക്കുറിച്ചും പഠിപ്പിക്കുമ്പോള്‍ ഈശോ സ്വര്‍ഗരാജ്യത്തെക്കുറിച്ചും അവിടെ പ്രവേശിക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. 
  സ്വര്‍ഗരാജ്യത്തു പ്രവേശിക്കുന്നതിന് ഏതു സമയവും സാഹചര്യവും അനുയോജ്യമാണെന്നും ആരും ഒരിക്കലും വൈകിയിട്ടില്ലെന്നും ദൈവികപദ്ധതിയില്‍ എല്ലാവര്‍ക്കും അവിടെ സ്ഥാനമുണ്ടെന്നും ദൈവത്തിന്റെ പദ്ധതിയും നീതിയും മാനുഷികനീതിക്കും ചിന്തയ്ക്കുമപ്പുറമാണെന്നും പഠിപ്പിക്കുന്ന ഒരു ഉപമയാണ്  മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ. വിളിക്കപ്പെട്ട സമയമോ, ജോലിചെയ്ത സമയമോ ഒന്നുമല്ല; കര്‍ത്താവിന്റെ വിളി സ്വീകരിക്കാനും അവിടുത്തെ വാക്കനുസരിച്ച് മുന്തരിത്തോട്ടത്തിലേക്കു പോകാനുള്ള മനസ്സാണ,് അനുസരിക്കാനുള്ള മനസ്സാണ് സ്വര്‍ഗരാജ്യപ്രവേശനത്തിനു യോഗ്യമാക്കുന്നതെന്ന് സുവിശേഷം പഠിപ്പിക്കുന്നു. 
കര്‍ത്താവിന്റെ കാരുണ്യവും നീതിയുമാണ് പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്. ദൈവതിരുമുമ്പില്‍ എല്ലാവരും തുല്യരാണെന്നും ഓരോരുത്തരും അവനവനു ലഭിക്കുന്ന സാഹചര്യത്തോടു ചേര്‍ന്ന് ജോലിചെയ്താല്‍ തുല്യമായ പ്രതിഫലം ലഭിക്കുമെന്നും തിരുവചനം പറയുന്നു. മനുഷ്യന്‍ വിലയിരുത്തുന്നതുപോലെയല്ല ദൈവം വിലയിരുത്തുന്നത്. ദൈവം ഒരുവനെ അവന്റെ സമഗ്രതയില്‍ കാണുമ്പോള്‍, മനുഷ്യന്‍ അവന്‍ കാണുന്ന വശം മാത്രം കണ്ട് വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ നീതിയിലും നന്മയിലും ശരണം വെച്ചു ജീവിച്ച് സ്വര്‍ഗരാജ്യം നേടാനാണ് ഏലിയ സ്ലീവാ മൂശക്കാലത്തിന്റെ ചൈതന്യത്തോടു ചേര്‍ന്ന് ഇന്ന് സുവിശേഷം നമ്മോടു പറയുന്നത്. മൂശ ഇസ്രയേല്‍ജനത്തെ വാഗ്ദത്തനാട്ടിലേക്കു നയിച്ചതുപോലെ മിശിഹാ നമ്മെ സ്വര്‍ഗരാജ്യത്തിലേക്കു വിളിക്കുന്നു. അവിടുത്തെ വാക്കുകള്‍ ശ്രവിച്ചാല്‍ ആര്‍ക്കും എപ്പോഴും സ്വര്‍ഗരാജ്യപ്രവേശനത്തിനു യോഗ്യത നേടാം. 
   ദൈവവചനത്തോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കാനുള്ള ആഹ്വാനമാണ് കോറിന്തോസിലെ സഭയ്ക്കുള്ള ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ നല്കുന്നത്. മിശിഹായുടെ പരിമളമെന്ന നിലയില്‍ ദൈവത്തിന്റെ മുമ്പില്‍ ശുശ്രൂഷചെയ്യുന്നതിനെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്. ദൈവവചനം കച്ചവടം ചെയ്യുന്നവരായി മാറാതെ, ദൈവവചനത്തെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ഉപയോഗിക്കാതെ വിശ്വസ്തരും ദൈവത്താല്‍ നിയുക്തരും അവിടുത്തെ സന്നിധിയിലുള്ളവരുമെന്ന നിലയില്‍ ശുശ്രൂഷ ചെയ്യാനാണ് ശ്ലീഹാ നിര്‍ദേശിക്കുന്നത്.  മിശിഹായുടെ മഹത്ത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനം നോക്കിപ്പാര്‍ത്തിരിക്കുന്ന നമ്മള്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മിശിഹായുടെ പരിമളമായിക്കൊണ്ട് അവിടുത്തെ സ്വീകരിക്കുവാനും സ്വര്‍ഗരാജ്യം ലക്ഷ്യംവച്ച് ജീവിക്കാനും തിരുസ്സഭ നമ്മെ ക്ഷണിക്കുന്നു.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)