പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുപത്തിയഞ്ചാം പിറന്നാള്‍! പാര്‍ട്ടിയും രാജ്യവും ചേര്‍ന്ന് ആഘോഷം കെങ്കേമമാക്കി. നിരവധി ലോകനേതാക്കന്മാര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യധാരാമാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്തോടെ അതെല്ലാം കോടിക്കണക്കിനു ജനങ്ങളുടെ മുമ്പിലെത്തിച്ചു. ബഹുരാഷ്ട്രക്കമ്പനികളുടെ മേധാവികളും കലാസാംസ്‌കാരികമേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിക്ക് ആശംസകളര്‍പ്പിക്കാന്‍ കാത്തുനിന്നു. അതിന്റെ പൊലിമ തെല്ലും നഷ്ടപ്പെടാതെ ജനഹൃദയങ്ങളിലെത്തിക്കുന്നതിനു പി.ആര്‍. വിദഗ്ധരുടെയും ഇവന്റ്മാനേജ്‌മെന്റ്ടീമിന്റെയും സഹായം സമൃദ്ധമായി പ്രയോജനപ്പെടുത്തി. അതിനാവശ്യമായ സംഘടനാബലവും സാങ്കേതികപിന്തുണയും സാമ്പത്തികഭദ്രതയും പാര്‍ട്ടിക്കുണ്ട്.
ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനുശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ഒരേയൊരാള്‍ നരേന്ദ്രമോദിയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ചയാളാണ് പ്രധാനമന്ത്രി മോദി എന്ന പ്രത്യേകതയുമുണ്ട്. 1950 സെപ്റ്റംബര്‍ 17-ാം തീയതി ഗുജറാത്തിലായിരുന്നു ജനനം. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിട്ടായിരുന്നു രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. 2001 മുതല്‍ 2014 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി കരുത്തും കാര്യപ്രാപ്തിയും തെളിയിച്ചശേഷമാണ് അദ്ദേഹം അജയ്യനായി രാജ്യതലസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടയില്‍ രാജ്യത്ത് അഭൂതപൂര്‍വകമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്നതിലാണ് പാര്‍ട്ടി അഭിമാനം കൊള്ളുന്നത്. ഉണ്ടായ നേട്ടങ്ങളുടെ പട്ടിക നിരത്തിയാണ് മോദിഭരണത്തെ മോദിയുഗമാക്കി പാര്‍ട്ടി അവതരിപ്പിക്കുന്നത്. സാമ്പത്തികവളര്‍ച്ച, അടിസ്ഥാന സൗകര്യവികസനം, ദേശീയസുരക്ഷ ഉറപ്പാക്കല്‍, ഡിജിറ്റല്‍ സാക്ഷരതാ പുരോഗതി, ശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനുമുള്ള മുന്‍ഗണന എന്നിങ്ങനെ രാജ്യത്തെ വികസിതരാജ്യങ്ങള്‍ക്ക് ഒപ്പമെത്തിക്കുന്ന പദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ച നേതാവ് എന്ന തലപ്പാവാണ് പിറന്നാള്‍ദിനത്തില്‍ പാര്‍ട്ടി തങ്ങളുടെ നേതാവിനെ അണിയിച്ചത്.
കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും കരുതിയിരുന്നു. അതുപോലെ ഇന്ന് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. രാജ്യത്തുണ്ടാക്കിയ വികസനംകൊണ്ടും വിദേശശക്തികളുമായിട്ടുണ്ടാക്കിയ നയതന്ത്രബന്ധങ്ങള്‍കൊണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി ലോകം ശ്രദ്ധിക്കുന്ന നേതാവായി മാറിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയവും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അധീശത്വത്തിനു വഴങ്ങാത്ത നിലപാടും ഏഷ്യന്‍ശക്തികളുമായിട്ടുണ്ടാക്കിയ ഉഭയകക്ഷിബന്ധങ്ങളൂം പ്രധാനമന്ത്രിയെ കൂടുതല്‍ ശക്തനാക്കിയിട്ടുണ്ട്.
കുട്ടികളുടെ പിറന്നാളാഘോഷംപോലെ പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തെ സന്തോഷത്തിന്റെ അവസരം മാത്രമായി കാണാനാവില്ല. എഴുപത്തിയഞ്ചാം പിറന്നാളാഘോഷത്തിനു പിന്നില്‍ വലിയ ആലോചനയും ആസൂത്രണവുമുണ്ട്. അതു ദീര്‍ഘമായ പൊതുപ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയെയല്ല സൂചിപ്പിക്കുന്നത്, പകരം വരാനിരിക്കുന്ന ഒരു തുടക്കത്തെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പലരും കരുതിയത്, നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്നുവട്ടം പ്രധാനമന്ത്രിയാകും, പൂര്‍ത്തിയാകുമ്പോള്‍ പ്രായം എണ്‍പതിനോടടുക്കും, അതുകൊണ്ട് അവസാനിക്കുമെന്നാണ്. എന്നാല്‍, അത്തരം ആഗ്രഹങ്ങളൊന്നും പാര്‍ട്ടിക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടാ എന്ന സൂചന ഈ പിറന്നാളാഘോഷത്തിനു പിന്നിലുണ്ട്. എഴുപത്തിയഞ്ചാം വയസ്സിലും പ്രധാനമന്ത്രിക്കു പുറത്തറിയാവുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരാളെ അന്വേഷിക്കേണ്ടതില്ല എന്ന സന്ദേശം നല്‍കാന്‍ ഈ പിറന്നാളാഘോഷപരിപാടികള്‍ നിമിത്തമായി.
ഒരു നേതാവിന്റെ മഹത്ത്വം നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ മാത്രമല്ല, ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും കൂടിയാണ്. ഇന്ത്യപോലൊരു ബഹുസ്വരസമൂഹത്തില്‍ ഇതു പ്രധാനപ്പെട്ടതാണ്. രാജ്യത്തെ ന്യൂനപക്ഷസമുദായത്തിന്റെ ഭദ്രതാബോധം നഷ്ടപ്പെടാനിടയായാല്‍ എല്ലാ നേട്ടങ്ങളുടെയും ശോഭ കുറയും. രാജ്യത്തു വര്‍ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഉറക്കം കെടുത്തുന്നു. അതെല്ലാം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണങ്ങളാണെന്നാരും പറയില്ല. അതു നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുമായിരിക്കെ അതു സംഭവിക്കാതിരിക്കുമ്പോഴാണ് സംശയങ്ങള്‍ ഉണ്ടാകുന്നത്. പാര്‍ട്ടിയാണ് ഒരാളെ പ്രധാനമന്ത്രിയാക്കുന്നതെങ്കിലും, ആ സ്ഥാനത്തെത്തുന്നത് ആരായാലും അദ്ദേഹത്തിനു വിധേയത്വം ഭരണഘടനയോടും നിയമവ്യവസ്ഥയോടുമായിരിക്കണം, പാര്‍ട്ടിയോടും നേട്ടങ്ങളോടും മാത്രമായിരിക്കരുത്.