•  2 Oct 2025
  •  ദീപം 58
  •  നാളം 30
പ്രതിഭ

നമ്മുടെ മക്കള്‍ സുഖമായിരിക്കുന്നോ?

    അസുഖമില്ലാത്ത അവസ്ഥ മാത്രമല്ല; മറിച്ച്, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സൗഖ്യം കൂടിയാണ് ആരോഗ്യം. 
                                             - ലോകാരോഗ്യസംഘടന
     പ്രത്യക്ഷത്തില്‍ അസുഖമൊന്നുമില്ല എന്നു കരുതി ഒരു വ്യക്തി ആരോഗ്യവാനാണെന്നു പറയാന്‍ കഴിയില്ല. മറിച്ച്, ജീവിതത്തിലെ വിവിധ മേഖലകളില്‍ ഒരുപോലെ സൗഖ്യം വേണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതായത്, മികച്ച സാമൂഹികബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണം. ദൈവവുമായി മികച്ച ബന്ധത്തിന്റേതായുള്ള ആത്മീയ അടിത്തറ ഉണ്ടായിരിക്കണം. ഒപ്പം വേണ്ട പ്രധാനപ്പെട്ട ആരോഗ്യമേഖലയാണ് മനസ്സും മനസ്സിന്റെ സൗഖ്യവും.
   ഒരു വ്യക്തിയുടെ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും ഒപ്പം ജീവിതത്തിലെ വിവിധ വെല്ലുവിളികളെ അഥവാ പ്രതിസന്ധികളെ ശരിയായ രീതിയില്‍ നേരിടാനുമുള്ള കഴിവാണ് മാനസികാരോഗ്യമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ശാരീരികാരോഗ്യത്തിനൊപ്പം പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. ചെറു പ്രായംതൊട്ടേ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതും ആവശ്യമാണ്.
കുട്ടികളിലെ മാനസികാരോഗ്യം
   ഒരു വ്യക്തിയുടെ വളര്‍ച്ചാഘട്ടങ്ങളെ പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക് എറിക്‌സന്‍ പലതായി തിരിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോ ഘട്ടത്തിലും ലഭിക്കേണ്ട ഘടകങ്ങളുണ്ട്. അതു ലഭിക്കുന്ന കുട്ടികളില്‍ പ്രസാദാത്മകമായ വ്യക്തിത്വവളര്‍ച്ചയുണ്ടാകുമ്പോള്‍, അതു തിരസ്‌കരിക്കപ്പെടുന്ന കുട്ടികളില്‍ നിഷേധാത്മക വ്യക്തിത്വമാകും രൂപപ്പെടുകയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 
ഉദാഹരണത്തിന്, ശൈശവദശയില്‍ ഒരു കുട്ടിക്കുവേണ്ടത് മാതാപിതാക്കളുടെ സ്‌നേഹവും പരിചരണവും മുലപ്പാലുമൊക്കെയാണ്. അതു വേണ്ട രീതിയില്‍ ലഭിക്കുന്ന കുട്ടികളില്‍ ആത്മവിശ്വാസവും മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാനുള്ള ശേഷിയും ഭാവിയിലുണ്ടാകും. അതേസമയം, അവഗണിക്കപ്പെട്ട, വേണ്ട പരിലാളന കിട്ടാത്ത കുട്ടികളില്‍ ഇതിനു വിപരീതമായ വ്യക്തിത്വമാവും  രൂപപ്പെടുക. അതായത്, തന്നിലും മറ്റുള്ളവരിലും വിശ്വാസമില്ലാത്ത അവസ്ഥ.
   ഓരോ ഘട്ടത്തിലും അംഗീകാരം, വാത്സല്യം, സ്‌നേഹം എന്നിവ ആവശ്യമുള്ളതായി എറിക് എറിക്‌സന്‍ പറയുന്നു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൗമാരഘട്ടം. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സംഘര്‍ഷകാലഘട്ടമായാണ് കൗമാരത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. താനാരാണ് (Who am I)എന്ന ചോദ്യം തന്നോടു തന്നെ ചോദിക്കുന്നു. ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത് Identity Crisis എന്നാണ്. അതായത്, കുട്ടിയുമല്ല, മുതിര്‍ന്നയാളുമല്ലാത്ത അവസ്ഥ. ഒരു കുട്ടിയില്‍നിന്നു മുതിര്‍ന്നയാളാകുന്ന പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ് കൗമാരം. ഒപ്പം, മറ്റു പ്രായങ്ങളെ അപേക്ഷിച്ച് മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണിത്. ശാരീരിക, മാനസിക, സാമൂഹികമാറ്റങ്ങള്‍ കൗമാരപ്രായത്തില്‍ കുട്ടികളിലുണ്ടാകുന്നു.
    ശാരീരികവളര്‍ച്ചയോടൊപ്പംതന്നെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ സ്വാധീനത്താല്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പരസ്പരാകര്‍ഷണവും പെട്ടെന്നുള്ള ദേഷ്യവുമെല്ലാം പ്രത്യക്ഷപ്പെടുന്നു. ഒപ്പം സ്വാതന്ത്ര്യബോധവും എടുത്തുചാടിയുള്ള പെരുമാറ്റവും സാഹസികതയോടുള്ള താത്പര്യവും സ്വന്തം വ്യക്തിത്വത്തെ വേറിട്ടതായി കാണുന്നതുമെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്.
    പെണ്‍കുട്ടികളില്‍ Pre Menstrual Syndrome (PMS)എന്ന അവസ്ഥയും പീരിയഡിനോടു ചേര്‍ന്നു കാണപ്പെടുന്നു. ഇതിന്റെ ഭാഗമാണു മൂഡ് മാറ്റവും വിഷാദവും.
കൗമാരപ്രായക്കാരില്‍ അവരുടെ വികാരത്തെ നിയന്ത്രിക്കുന്ന ഭാഗമായ തലച്ചോറിലെ ലിംബിക്‌സിസ്റ്റം പൂര്‍ണവികാസം പ്രാപിച്ചതാണ്. എന്നാല്‍, തീരുമാനങ്ങളെടുക്കാനും പ്രശ്‌നപരിഹാരത്തിനും ശരിയായ രീതിയില്‍ ചിന്തിക്കാനുമെല്ലാം സഹായിക്കുന്ന Pre frontal Cortex  പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് 23 വയസ്സോടെയായിരിക്കും. അതിനാല്‍ത്തന്നെ  ഈ പ്രായത്തില്‍ കൗമാരപ്രായക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും; വിവേകത്തോടെ ആയിരിക്കണമെന്നില്ല. അപ്പോള്‍ തെറ്റു പറ്റാന്‍ സാധ്യത  കൂടുതലാണ്. അതില്‍ അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും സമ്മതിച്ചുകൊടുക്കാതെ, ശരിയായതു സ്വീകരിക്കുക, തെറ്റായതു തിരുത്തുക.
കൗമാരത്തിലെ പ്രശ്‌നങ്ങള്‍
മാനസികസമ്മര്‍ദം, വിഷാദരോഗം, ഉറക്കക്കുറവ്, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍, ഡ്രഗ് അഡിക്ഷന്‍, തെറ്റായ ബന്ധങ്ങള്‍, ശ്രദ്ധക്കുറവ്, അക്രമവാസന എന്നിവയൊക്കെ കൗമാരക്കാരില്‍ കാണപ്പെടുന്ന, മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഒപ്പം മക്കളെ വളര്‍ത്തുന്ന രീതികളും അവരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു.  കര്‍ക്കശരീതിയിലും സ്‌നേഹം ഒട്ടും പ്രകടിപ്പിക്കാതെയും എപ്പോഴും കുറ്റംപറഞ്ഞും അമിതസ്വാതന്ത്ര്യം കൊടുത്തും ഒട്ടും നിയന്ത്രണമില്ലാതെയും അവഗണിക്കപ്പെട്ടുമൊക്കെ വളരുന്ന കുട്ടികളുടെ മാനസികാരോഗ്യം  ദുര്‍ബലമായിരിക്കും. അതിനാല്‍ സ്‌നേഹം പ്രകടിപ്പിച്ചും, തെറ്റു ചെയ്താല്‍ തെറ്റുകള്‍ വ്യക്തമാക്കി വേണ്ട ശിക്ഷണം നല്‍കിയുമായിരിക്കണം അവരെ വളര്‍ത്തേണ്ടത്. ഒപ്പം അവര്‍ക്കായി ഗുണപരമായി സമയം ചെലവഴിക്കുക, കൊച്ചുനന്മകള്‍പോലും പ്രോത്സാഹിപ്പിക്കുക, അഭിനന്ദിക്കുക, ഇതു മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഇന്നു കേരളത്തിലെ  ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കൗമാരപ്രായക്കാരായ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സൗഹൃദക്ലബുകളുടെ ആഭിമുഖ്യത്തില്‍, മാനസികാരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ മാനസികാരോഗ്യശില്പശാലകള്‍ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ്. 
മാനസികസമ്മര്‍ദം നിയന്ത്രിക്കാനുള്ള വഴികള്‍
1. പുഞ്ചിരി - സ്‌ട്രെസ് ഉള്ളപ്പോള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവു ചിരിക്കുമ്പോള്‍ കുറയുന്നു.
2. വ്യായാമം - എയറോബിക് എക്‌സര്‍സൈസ്, നൃത്തപരിശീലനം, കളരി, കരാട്ടെ പോലുള്ള ആയോധനകലാപരിശീലനം.
3. ആരോഗ്യമുള്ള 
ഭക്ഷണശീലം
4. ആവശ്യത്തിന് ഉറക്കം
5. നല്ല സൗഹൃദബന്ധങ്ങള്‍
6. ബോഡി, ഹെഡ് മസാജിങ്
7. പ്രാര്‍ഥന
8. ധ്യാനം
9. കോമഡി പ്രോഗ്രാമുകള്‍ കാണുന്നത്
10. സച്ചിന്തകള്‍, 
പുസ്തകവായന
മൊബൈല്‍ അഡിക്ഷന്‍ എങ്ങനെ നിയന്ത്രിക്കാം?
1. മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാവില്ല. പകരം സ്‌ക്രീന്‍ ടൈം കുറയ്ക്കുക.
2. ആഴ്ചയിലൊരിക്കല്‍ ഡിജിറ്റല്‍ ഫാസ്റ്റിങ് അഥവാ ഡിജിറ്റല്‍ ഡ്രൈഡേ ആചരിക്കുക. അന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
3. നല്ല ഹോബികള്‍ വികസിപ്പിക്കുക.
4. മാതാപിതാക്കളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കുക.
5. ആവശ്യമില്ലാത്ത ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റ് ആകുക. നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുക.
6. ഗുരുതരമായി മൊബൈല്‍ അഡിക്ഷനുണ്ടെങ്കില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടുക.
 
ലേഖകന്‍ സൈക്കോളജിസ്റ്റും ഇന്റര്‍ നാഷണല്‍ ലൈഫ് കോച്ചും മുപ്പത്തിയഞ്ചോളം മനഃശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഫോണ്‍: 9497216019.www.drsebins-kottaram.com.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)