•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

വിശുദ്ധനാടുകളിലൂടെ ഒരു തീര്‍ത്ഥയാത്ര

അടുത്ത ദിവസങ്ങളില്‍ നല്ലൊരു വായനാനുഭവം സമ്മാനിച്ച രചനയാണ് മോണ്‍. ഫിലിപ്പ് ഞരളക്കാട്ടിന്റെ 'വിശുദ്ധനാടുകളിലൂടെ.'
മലയാളത്തില്‍ വിശുദ്ധനാടുകളുമായി ബന്ധപ്പെട്ട യാത്രാവിവരണങ്ങള്‍ നിരവധിയാണ്. അവയില്‍ മിക്കതും യാത്രയുടെയും ഭക്ഷണം, താമസസൗകര്യം തുടങ്ങിയവയുടെയും വിവരണങ്ങള്‍ നിറഞ്ഞതാണ്. വിശുദ്ധസ്ഥലങ്ങളുടെ ഉപരിതലസ്പര്‍ശിയായ പരാമര്‍ശങ്ങളും ഉണ്ടാവും. അതാവട്ടെ പരിമിതവിഭവന്മാരായ ഗൈഡുകളില്‍നിന്നു കിട്ടിയതുമാവാം.
മോണ്‍സിഞ്ഞോറുടെ രചന ഇവയില്‍നിന്നൊക്കെ അമ്പേ വ്യത്യസ്തമാണ്. മൂന്നു തവണ നടത്തിയ സന്ദര്‍ശനങ്ങള്‍ ആവര്‍ത്തിച്ചുനല്കിയ അനുഭവനിറവ് ഇതിലുണ്ട്. ബൈബിളധിഷ്ഠിതവും ചരിത്രപരവുമായ അറിവു പകരുന്ന ആധികാരികതയും വിശ്വാസ്യതയും ഗ്രന്ഥത്തിന്റെ ഈടു വര്‍ദ്ധിപ്പിക്കുന്നു. കേവല വിനോദയാത്രയുടെ മേനിയഴക് തെല്ലുമില്ല. മറിച്ച്, ഭക്തിപൂര്‍വകമായ തീര്‍ത്ഥയാത്രയുടെ ആത്മീയപരിമളം ആദ്യന്തമുണ്ടുതാനും.
2013 സെപ്റ്റംബറില്‍ നടത്തിയ മൂന്നാമതു വിശുദ്ധനാടു യാത്രയുടെ അടിസ്ഥാനത്തിലാണ് ഈ യാത്രാവിവരണം ഞരളക്കാട്ടച്ചന്‍ തയ്യാറാക്കിയിരിക്കുന്നത്. സഹയാത്രികന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലായിരുന്നു. മാര്‍ഗ്ഗദര്‍ശകനാവട്ടെ, ജറൂസലേമില്‍ ദീര്‍ഘകാലം താമസിച്ചു ബൈബിള്‍പഠനം നടത്തിക്കൊണ്ടിരുന്ന ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കലും.
20 ദിവസം നീണ്ട തീര്‍ത്ഥയാത്രയായിരുന്നു അത്. ഓരോ സ്ഥലത്തും ധാരാളം സമയം ചെലവഴിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയും ദിവ്യബലിയര്‍പ്പിച്ചുമാണവര്‍ നീങ്ങിയത്. സമയമെടുത്തും പരസ്പരം ചര്‍ച്ചകള്‍ നടത്തിയും വസ്തുതകള്‍ വിലയിരുത്തിയും നടത്തിയ ഒരു പഠനയാത്രകൂടിയായി അവരുടെ തീര്‍ത്ഥാടനം.
ഒരുവര്‍ഷംമുമ്പ് ഞാനും പോയിരുന്നു വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കാന്‍. പത്തു ദിവസത്തെ സന്ദര്‍ശനം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ കഴിച്ചാല്‍ കഷ്ടിച്ച് ഏഴര ദിവസമേ ഉണ്ടായുള്ളൂ. പ്രധാനപ്പെട്ട ചില സ്ഥലങ്ങളിലൂടെ ഗൈഡുമാര്‍ ഞങ്ങളെ ആട്ടിത്തെളിക്കുകയായിരുന്നു. ഇസ്രായേലില്‍ ഞങ്ങളെ കൊണ്ടുനടന്ന ഗൈഡിന് അതതു സ്ഥലങ്ങളിലെ ദൈവാലയങ്ങളെക്കുറിച്ചും അവയുടെ ശില്പികളെപ്പറ്റിയുമല്ലാതെ ഏറെയൊന്നും പറഞ്ഞുതരാന്‍ കഴിയുമായിരുന്നില്ല. അവയുടെ ബൈബിള്‍ പശ്ചാത്തലവും ചരിത്രപ്രാധാന്യവും അറിയാവുന്നവര്‍ക്ക് എല്ലാം കൂട്ടിവായിക്കാമെന്നു മാത്രം.
ഞരളക്കാട്ടച്ചന്റെ വിവരണങ്ങള്‍ വായിക്കുമ്പോള്‍, അന്നുകണ്ട സ്ഥലങ്ങളുടെയും ദൃശ്യങ്ങളുടെയുമൊക്കെ തെളിമയാര്‍ന്ന ചിത്രം വീണ്ടും ഉള്ളില്‍ തെളിഞ്ഞത് എനിക്ക് ആഹ്ലാദകരമായ അനുഭവം പകര്‍ന്നു. പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി വിശുദ്ധനാടു പര്യടനം നടത്തിയ പ്രതീതിയാണുണ്ടായത്.
മനസ്സില്‍ പണേ്ട പതിഞ്ഞുപോയ ചില ധാരണകള്‍ തെറ്റായിരുന്നുവെന്നു തിരിച്ചറിയാനും തിരുത്താനും അവസരം ലഭിച്ചതും അനുസ്മരിക്കാതെ വയ്യ. അതിലൊന്നാണ് എ.ഡി. എഴുപതിലെ ജറൂസലേം ആക്രമണകാലത്തു നടന്ന മക്കബായരുടെ കൂട്ട ആത്മഹത്യ. അതു യൂദയാ മരുഭൂമിയിലാണു നടന്നതെന്നാണു ഞാന്‍ ധരിച്ചുവച്ചിരുന്നത്. 'വിശുദ്ധനാടു പര്യടനം' വായിച്ചപ്പോഴാണ് ആ ദാരുണസംഭവത്തിന്റെ അരങ്ങ് ചാവുകടലിന്റെ പടിഞ്ഞാറേതീരത്തുള്ള ഒരു കരിങ്കല്‍മലയാണെന്നു മനസ്സിലായത്. നാനൂറു മീറ്റര്‍ ഉയരമുള്ള ആ മലമുകളില്‍ പണിതീര്‍ത്തിരുന്ന മസാദ കോട്ടയ്ക്കുള്ളിലാണ്, ജറൂസലേമില്‍നിന്ന് ഓടിപ്പോന്ന, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 960 പേരടങ്ങിയ ധീരദേശാഭിമാനികള്‍ അഭയം തേടിയത്. എലെയാസര്‍ ബെന്‍യായീറായിരുന്നു സംഘത്തലവന്‍. റോമന്‍ സൈന്യം കോട്ട കീഴടക്കുമെന്നായപ്പോള്‍ 'പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം' എന്നു പ്രഖ്യാപിച്ചുകൊണ്ട് അവര്‍ ഒന്നൊഴിയാതെ ആത്മഹത്യ ചെയ്തു! ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട ആത്മഹത്യ.
ജറൂസലേം നഗരവും ദൈവാലയവും കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ഇടിച്ചുനിരത്തിയ ശേഷമാണ് അന്നു റോമന്‍ സൈന്യം മടങ്ങിയത്. എന്നിട്ടും യഹൂദജനതയുടെ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛ കെട്ടടങ്ങിയില്ല. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം എ.ഡി. 135 ല്‍ ബര്‍കോക്ബിയുടെ നേതൃത്വത്തില്‍ അവര്‍ ഒരു ശ്രമം കൂടി നടത്തി. ഇക്കുറി റോമന്‍ ചക്രവര്‍ത്തി ഹാഡ്രിയാനായിരുന്നു യഹൂദരെ ഉന്മൂലനം ചെയ്യാനുള്ള ചരിത്രനിയോഗം ഏറ്റെടുത്തത്. ജീവനോടെ അവശേഷിച്ച യഹൂദരെയാകെ അദ്ദേഹം അടിമകളായി വിവിധ രാജ്യങ്ങള്‍ക്കു വിറ്റു. ജറൂസലേമില്‍ യഹൂദര്‍ പ്രവേശിക്കാന്‍ പാടില്ലെന്നു നിരോധനാജ്ഞയും പ്രഖ്യാപിച്ചു!
ഇതോടെ യഹൂദജനത മുഴുവന്‍ സ്വന്തരാജ്യമില്ലാത്തവരായി. അവര്‍ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി. ചെന്നിടത്തെല്ലാം അവരുടെ അസാധാരണമായ ധിഷണാശക്തിയും കഠിനാദ്ധ്വാനവുംകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ച നേടി. കാര്‍ഷിക, വ്യാപാര, ശാസ്ത്ര,സാമ്പത്തികമേഖലകളിലൊക്കെ അവരുടെ ആധിപത്യം ആതിഥേയരാജ്യങ്ങള്‍ അസൂയയോടെയും അമര്‍ഷത്തോടെയും തിരിച്ചറിഞ്ഞു. ഇതുതന്നെയാണവര്‍ക്കു വിനയായതും.
അപമാനവും പീഡനവും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ യഹൂദജനത നിരന്തരം ഏറ്റുവാങ്ങി. പല രാഷ്ട്രങ്ങളും അവരുടെ സമ്പത്തു പിടിച്ചെടുക്കുകയും അവരെ കൂട്ടക്കൊല ചെയ്യുകയുംവരെ ഉണ്ടായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു, രണ്ടാംലോകമഹായുദ്ധകാലത്തു ഹിറ്റ്‌ലര്‍ നടത്തിയ ക്രൂരമായ യഹൂദവേട്ട. ജര്‍മ്മനിയിലും താന്‍ പിടിച്ചടക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലും ആ സാമ്രാജ്യദുര്‍മോഹി സ്ഥാപിച്ച കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പിടഞ്ഞുമരിച്ചത് 60 ലക്ഷം യഹൂദരായിരുന്നു!
അവരുടെ ബലിദാനം പക്ഷേ, വിഫലമായില്ല. അവരുടെ പിന്‍തലമുറക്കാര്‍ക്ക് അതൊരനുഗ്രഹമായി. രണ്ടു സഹസ്രാബ്ദത്തോളം മാതൃരാജ്യമില്ലാതെ അലഞ്ഞുതിരിഞ്ഞ അവര്‍ക്കു സ്വന്തമായൊരു രാഷ്ട്രം സ്ഥാപിച്ചുകിട്ടി - ഇസ്രായേല്‍; യഹൂദരുടെ പൂര്‍വ്വപിതാക്കന്മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയും. അത് 1948 മേയ് 14 നായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു യഹൂദര്‍ കൂട്ടത്തോടെ ഇസ്രായേലിലേക്കു കുടിയേറി. വ്യാപാരവ്യവസായ വാണിജ്യമേഖലകളിലെ സമ്പന്നരായ യഹൂദരുടെ പണപ്പെട്ടികള്‍ പുതിയ രാഷ്ട്രത്തിനുവേണ്ടി ഉദാരമായി തുറന്നുവച്ചു. യഹൂദജനത ഇസ്രായേലിലെ ഊഷരഭൂമികളില്‍ അദ്ഭുതം വിതച്ചു. ഇന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ വിസ്മയങ്ങളിലൊന്നാണ് ഇസ്രായേല്‍. വിസ്തൃതി 20700 ച.കി. മീറ്ററേയുള്ളൂ. ജനസംഖ്യ 89 ലക്ഷമേയുള്ളൂ.
അയല്‍രാജ്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ പിറന്നുവീണ രാഷ്ട്രശിശുവിനെ ഈറ്റില്ലത്തില്‍വച്ചുതന്നെ ഞെക്കിക്കൊല്ലാനാണു പുറപ്പെട്ടത്. പക്ഷേ, ഇസ്രായേലിന്റെ അതിജീവനശേഷിക്കു മുന്നില്‍ അവര്‍ നിരന്തരം പരാജിതരായി. ഇക്കൂട്ടത്തിലെ രോമാഞ്ചജനകമായ ഒരധ്യായമാണ് 1967 ലെ ആറുദിനയുദ്ധം.
അത് 1967 ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ദിവസങ്ങളിലായിരുന്നു. ഇസ്രായേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കും എന്നു പ്രഖ്യാപിച്ചുകൊണ്ട് ഈജിപ്ത്, ജോര്‍ദ്ദാന്‍, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെ നാലു വശത്തുനിന്നും വളഞ്ഞു. ഇസ്രായേലിന്റെ ഒരു ലക്ഷം സൈനികരും അറബുരാഷ്ട്രങ്ങളുടെ രണ്ടരലക്ഷം സൈനികരും പോര്‍വിമാനങ്ങളും മാരകായുധങ്ങളുമായി മുഖാമുഖം നിന്നു. നാലു യുദ്ധമുഖങ്ങളാണ് ഇസ്രായേലിനു നേരേ തുറക്കപ്പെട്ടത്. ഇസ്രായേലിന്റെ സമ്പൂര്‍ണനാശം റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമങ്ങള്‍ അച്ചുനിരത്തി കാത്തിരുന്നു.
പക്ഷേ, സംഭവിച്ചതു മറിച്ചാണ്. ജൂണ്‍ അഞ്ചിന് നേരം പുലരുംമുമ്പേ ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഈജിപ്തിലെ വിമാനത്താവളങ്ങളില്‍ യുദ്ധസജ്ജമായി ക്കിടന്ന വിമാനങ്ങള്‍ക്കുമേല്‍ ബോംബുവര്‍ഷം നടത്തി. ഈജിപ്തിന്റെ ആകാശം മുഴുവന്‍ ഇസ്രായേല്‍ വിമാനങ്ങള്‍ കൈയടക്കി. ഈജിപ്തിന്റെ ഒറ്റ വിമാനത്തിനുപോലും പറന്നുയരാന്‍ കഴിഞ്ഞില്ല!
ഇതോടൊപ്പം മറ്റു രാജ്യങ്ങളുടെമേലും ഇസ്രായേലിന്റെ സംയുക്താക്രമണമുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങള്‍ യുദ്ധത്തിന്റേതായിരുന്നില്ല, സന്ധിസംഭാഷണങ്ങളുടേതായിരുന്നു. ലോകരാഷ്ട്രങ്ങളുടെ അഭിപ്രായം മാനിച്ച് ജൂണ്‍ 10 ന് ഇസ്രായേല്‍ പിന്‍വാങ്ങി. ആയിരത്തോളം സൈനികരും 46 യുദ്ധവിമാനങ്ങളുംമാത്രം ഇസ്രായേലിനു നഷ്ടപ്പെട്ടപ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ക്കു നഷ്ടപ്പെട്ടത് ഇരുപതിനായിരം സൈനികരും 800 ലധികം വിമാനങ്ങളും. മാത്രമല്ല, ഇസ്രായേലിന്റെ ഭൂവിസ്തൃതി മൂന്നിരട്ടിയായിത്തീരുകയും ചെയ്തു!
ഇത്രയും പറഞ്ഞത് ഇസ്രായേലിന്റെ മഹത്ത്വം വിവരിക്കാനല്ല. മറിച്ച്, ഇസ്രായേലിന്റെ രൂപീകരണവും അതിജീവനവും ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു എന്നു സൂചിപ്പിക്കാനാണ്. പലസ്തീന്‍പ്രദേശത്തെ മുസ്ലീം അധിനിവേശം കുറേക്കാലംകൂടി തുടര്‍ന്നിരുന്നെങ്കില്‍, യേശുവിന്റെ ജീവിതത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധസ്ഥലങ്ങളൊന്നും ഇന്നവശേഷിക്കുന്ന രൂപത്തില്‍പോലും നമുക്കുവേണ്ടി സംരക്ഷിക്കപ്പെടുകയില്ലായിരുന്നു. ഇസ്രായേലിലേക്കുള്ള ക്രൈസ്തവതീര്‍ത്ഥാടനങ്ങള്‍ വേണ്ടിവരുമായിരുന്നില്ല. മോണ്‍. ഫിലിപ്പ് ഞരളക്കാട്ടിന്റെ 'വിശുദ്ധനാടുകളിലൂടെ' എഴുതപ്പെടുമായിരുന്നുമില്ല.

 

Login log record inserted successfully!