•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

തള്ളിയാല്‍ രാഹുല്‍ വീഴുമോ?

രാഹുല്‍ഗാന്ധി നിയമക്കുരുക്കിലും, കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലുമാണ്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ഗാന്ധി നടത്തിയ ഒരു പ്രസംഗത്തില്‍ മോദിമാര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ മോദിസമുദായത്തിനെതിരേയുള്ള ആക്ഷേപമാണെന്ന് ആരോപിച്ചു പല കോടതികളില്‍ രാഹുലിനെതിരേ പരാതി നല്‍കി. രാഹുല്‍ കുറ്റക്കാരനാണെന്ന കണ്ടെത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തൊട്ടുപിന്നാലേ, അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തു. അതിനെതിരേ ജില്ലാക്കോടതിയിലും തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയിലും രാഹുല്‍ അപ്പീല്‍ നല്‍കുകയുണ്ടായി. രണ്ടു കോടതികളും കീഴ്‌ക്കോടതിയുടെ നടപടി ശരിവയ്ക്കുകയാണു ചെയ്തത്. ഇനി ഏക ആശ്രയം സുപ്രീംകോടതി മാത്രമാണ്. 
സുപ്രീംകോടതിയില്‍ രണ്ടു സാധ്യതകള്‍ നിലനില്ക്കുന്നുവെന്നാണ് നിയമവിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വേണമെങ്കില്‍ വിശദപഠനം നടത്താതെ അപ്പീല്‍ തള്ളാം. അങ്ങനെ കരുതാന്‍ കാരണം ഇത്തരം അപ്പീല്‍ഹര്‍ജികളില്‍ സാധാരണനിലയില്‍ സുപ്രീംകോടതി ഇടപെടാറില്ലെന്നതാണ്. രണ്ടാമത്തെ സാധ്യത, കോണ്‍ഗ്രസിന്റെ പ്രാധാന്യവും രാഹുല്‍ എന്ന വ്യക്തിയുടെ രാഷ്ട്രീയഭാവിയും കണക്കിലെടുത്തു കേസിന്റെ മെരിറ്റു ചര്‍ച്ച ചെയ്തു വിധി പുറപ്പെടുവിക്കുക എന്നതാണ്. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത് രണ്ടാമത്തെ മാര്‍ഗം കോടതി സ്വീകരിക്കുമെന്നാണ്. എന്നാല്‍, കോടതി മുന്‍കാലനടപടിക്രമങ്ങളാണു പിന്തുടരുന്നതെങ്കില്‍ തീരുമാനം രാഹുലിന് എതിരാകും. അങ്ങനെയായാലും കോടതിയെ കുറ്റപ്പെടുത്താനാവുകയില്ല. അതേസമയം, സുപ്രീംകോടതിയില്‍നിന്നു രാഹുലിന് അനുകൂലമായ ഒരു വിധി ഉണ്ടായാല്‍ കോണ്‍ഗ്രസുകാര്‍ക്കു മാത്രമല്ല, നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം കോടതികളില്‍ വിശ്വാസം വര്‍ധിക്കും.
സുപ്രീംകോടതി കനിഞ്ഞില്ലെങ്കില്‍ രാഹുലിനും കോണ്‍ഗ്രസിനും അതു തിരിച്ചടിയാകും. പൊതുതിരഞ്ഞെടുപ്പിന് ഇനി എട്ടുമാസം മാത്രം. 2024 മാര്‍ച്ച് മാസത്തോടെ തിരഞ്ഞെടുപ്പു നടക്കണം. രാഹുലിന്റെ അയോഗ്യത പരിഹരിക്കപ്പെട്ടില്ലെങ്കില്‍ 2024 ലും 2029 ലും മത്സരിക്കാനാവുകയില്ല. അങ്ങനെയെങ്കില്‍ 2034 ലായിരിക്കും രാഹുലിനു ലോക്‌സഭയില്‍ എത്താനാവുക. അപ്പോഴേക്കും രാഹുലിന് 64 വയസ്സു തികയും.
രാഹുലിന് അയോഗ്യത കല്പിച്ചുകൊണ്ടുള്ള വിധി കടുത്തതും രാഷ്ട്രീയപ്രേരിതവുമാണെന്ന ആക്ഷേപം നിയമവൃത്തങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലുമുണ്ട്. ഗുജറാത്തില്‍നിന്നു മറിച്ചൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
രാഹുല്‍ കോണ്‍ഗ്രസിന്റെ മുഖമാണ്. 2019 ലെ രാഹുലല്ല 2024 ലെ രാഹുല്‍. നേരത്തേ ബിജെപിക്കു രാഹുലിനെ ഭയമില്ലായിരുന്നു. ബിജെപി വിരുദ്ധ ചേരിയിലെ പ്രതിപക്ഷകക്ഷികള്‍ക്കു രാഹുലിനെക്കുറിച്ചു മതിപ്പും പോരായിരുന്നു. എന്നാല്‍, ജോഡോയാത്രയിലൂടെ രാഹുല്‍ തന്റെ പ്രതിച്ഛായ വലിയ തോതില്‍ മെച്ചപ്പെടുത്തി. വിദേശരാജ്യങ്ങളില്‍ രാഹുലിന്റെ ജനപ്രീതി വര്‍ദ്ധിച്ചു. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പ്രതീക്ഷ ശക്തിപ്പെട്ടു. ഇതെല്ലാം കണ്ട് രാഹുല്‍ ഇല്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി പക്ഷം ചിന്തിച്ചാല്‍ അവരെ തെറ്റുപറയാനാവില്ല. 
രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെട്ടതുകൊണ്ടാണ് ബിജെപിക്കെതിരേ തിരഞ്ഞെടുപ്പുസഖ്യത്തിന് പ്രതിപക്ഷകക്ഷികളെല്ലാം തയ്യാറായത്. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന ഇരുപതോളം നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതിന്റെ ക്ഷീണം രാഹുല്‍ ജോഡോയാത്രയിലൂടെ പരിഹരിച്ചു. നേതാക്കന്മാര്‍ പുറത്തുപോയതുകൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നഷ്ടമോ പോയവര്‍ക്ക് എന്തെങ്കിലും നേട്ടമോ ഉണ്ടായതായി അറിയില്ല.
ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് കോണ്‍ഗ്രസിനോടുള്ള അടുപ്പംകൊണ്ടല്ല, ബിജെപിയോടുള്ള ശത്രുതകൊണ്ടാണെന്നു വ്യക്തം. ഗാന്ധികുടുംബത്തോടുള്ള കോണ്‍ഗ്രസിന്റെ വിധേയത്വത്തെ വകവച്ചു കൊടുക്കാന്‍ താത്പര്യമില്ലാത്തവരാണ് പല പ്രതിപക്ഷപാര്‍ട്ടികളും. രാഹുല്‍ മത്സരത്തിനില്ലെങ്കില്‍ പ്രതിപക്ഷ ഐക്യത്തിനു സാധ്യത ഏറാനിടയുണ്ട്. രാഹുല്‍ ഉണ്ടെങ്കില്‍ കോണ്‍ഗ്രസിനു മറ്റൊരു പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ചു ചിന്തിക്കാനാവുകയില്ല.
അയോഗ്യത തുടര്‍ന്നാലും രാഹുലിനെ അതു തളര്‍ത്തുമെന്നു തോന്നുന്നില്ല. കാരണം, അദ്ദേഹം അധികാരമോഹിയല്ല. കേന്ദ്രമന്ത്രിയോ ഉപപ്രധാനമന്ത്രിയോ പ്രധാനമന്ത്രിപോലുമോ ആകാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചതാണ്. അദ്ദേഹം അതില്‍നിന്നു കരുതലോടെ അകലം പാലിക്കുകയാണു ചെയ്തത്.
എം.പി. ആകാന്‍ സാധിച്ചില്ലെങ്കിലും രാഹുല്‍ രാജ്യത്തെ ഏറ്റവും വലിയ നേതാക്കന്മാരില്‍ ഒരാളായിരിക്കും. സമീപകാലത്തു നടന്ന ജനപ്രീതി സര്‍വേകളില്‍ രാഹുലിന്റെ നില വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ ശക്തികള്‍ക്കെതിരേ പോരാടാന്‍ അധികാരരാഷ്ട്രീയം വേണ്ടെന്ന രാഹുലിന്റെ നിലപാടു ശരിതന്നെ. രക്തസാക്ഷിത്വപരിവേഷത്തിലേക്കു പ്രവേശിച്ച രാഹുലിന്റെ ശക്തി വര്‍ധിച്ചുകൊണ്ടേയിരിക്കും.

 

Login log record inserted successfully!