പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ സമംഗളം പര്യവസാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കറുടെയും മഹനീയസാന്നിധ്യം ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. വിദ്യാര്‍ഥികളും അധ്യാപകരും അലുമിനികളും പ്രത്യേക ക്ഷണിതാക്കളുമടക്കം 850 തോളം പേരാണ് ഒത്തൂചേര്‍ന്നത്. 40 മിനിട്ടു നീണ്ടുനിന്ന ചടങ്ങിന് ഏകദേശം അരമണിക്കൂര്‍മുമ്പുതന്നെ രാഷ്ട്രപതി വേദിയിലെത്തി. പ്രതികൂലമായ കാലാവസ്ഥയാണ് സമയമാറ്റത്തിനു കാരണം.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ പ്രസംഗമായിരുന്നു രാഷ്ട്രപതിയുടേത്. കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനം അറിവിന്റെ മൂലധനമാണെന്നു രാഷ്ട്രപതി നിരീക്ഷിച്ചു. അറിവിന്റെ വെളിച്ചം പരത്തിയ വിളക്കുമരമെന്ന ശ്രേഷ്ഠപദവിയാണ് സെന്റ്‌തോമസ് കോളജിനെ വേര്‍തിരിച്ചുനിറുത്തുന്നത്.  ശതാബ്ദിയിലേക്കു ദ്രുതഗതിയില്‍ സഞ്ചരിക്കാന്‍ പ്ലാറ്റിനം ജൂബിലിയാഘോഷം സഹായിക്കട്ടേയെന്ന സാമ്പ്രദായിക ആശംസാവചനവും ഇന്ത്യയുടെ പ്രഥമവനിതയുടെ ഭാഗത്തുനിന്നുണ്ടായി.
   രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ കേരളത്തിലെയും രാജ്യത്തെയും പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുക സ്വാഭാവികമാണ്. കേരളത്തിലെ ചില പ്രഗല്ഭരെ എടുത്തുപറയുന്ന കൂട്ടത്തില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ ദേശീയ വോളിബോള്‍താരം ജിമ്മി ജോര്‍ജിന്റെ പേരു പറഞ്ഞത് സദസ്സിന്റെ ഹര്‍ഷാരവത്തിന് ഇടയാക്കി. വിദ്യാഭ്യാസത്തിന്റെ മഹിമയെക്കുറിച്ചും അതു നാട്ടിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചിട്ടും ക്രൈസ്തവമിഷനറിമാരുടെ വിദ്യാഭ്യാസസംഭാവനകളെക്കുറിച്ച് ഒരക്ഷരംപോലും പറഞ്ഞില്ല. അതു സ്വാഭാവികമായ മറവിയില്‍നിന്നു സംഭവിച്ചതാകാനിടയില്ല. ബോധപൂര്‍വകമായ മൗനമാകാനാണ് സാധ്യത. രാഷ്ട്രപതിയെപ്പോലെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാപദവിയിലിരിക്കുന്നവര്‍ സ്വന്തം നിലയില്‍ പ്രസംഗിക്കുകയില്ല, പ്രസംഗം തയ്യാറാക്കിക്കൊടുക്കുന്നവരെ ആശ്രയിക്കുകയാണ്. അവര്‍ എഴുതിക്കൊടുക്കുന്നത് അതേപടി വായിക്കുകയാണെന്നല്ല, പറഞ്ഞതിനര്‍ത്ഥം. രാഷ്ട്രപതിയോട് ആലോചിച്ചാണ് പ്രസംഗം തയ്യാറാക്കുന്നത്. എന്തുപറയണം എന്തുപറയരുത് എന്നു നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം പ്രസംഗകനുണ്ടെങ്കിലും രാഷ്ട്രീയചായ്‌വുകള്‍ വീക്ഷണഗതികളെയും നിലപാടുകളെയും സ്വാധീനിക്കും.
     ഗവര്‍ണറുടെ പ്രസംഗംകൂടി സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മൗനത്തിന്റെ രാഷ്ട്രീയം വ്യക്തമാകും. രാഷ്ട്രപതിയുടെ പ്രസംഗം പൊതുസ്വഭാവമുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായിരുന്നുവെങ്കില്‍ ഗവര്‍ണറുടെ പ്രസംഗം രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നു. രണ്ടു ചിന്തകള്‍ കേള്‍വിക്കാരുടെ മനസ്സില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഒന്നാമത്തേത്, പ്രധാനമന്ത്രി മോദിയെ ബ്രാന്‍ഡു ചെയ്യുക എന്ന ലക്ഷ്യമായിരുന്നു. കരുത്തനാണ്, വികസനനായകനാണ്, അനിവാര്യനാണ് എന്ന സന്ദേശം ജനമനസ്സുകളില്‍ ഉറപ്പിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നിരുന്നു.
    ബി.ജെ.പി.യുടെ 'വികസിതഭാരതം' എന്ന മുദ്രാവാക്യം വിപണനം ചെയ്യുക എന്നതായിരുന്നു ഗവര്‍ണറുടെ പ്രസംഗത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. രണ്ടിലും വിജയം വരിക്കാന്‍ ഗവര്‍ണറുടെ അറിവും അനുഭവസമ്പത്തും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ സഹായിച്ചു എന്നു സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. 'വികസിത്ഭാരത്' യാഥാര്‍ഥ്യമാകുന്നത് 2047 ലാണ്. അതായത്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍. ആ ലക്ഷ്യത്തിലേക്കാണു രാജ്യം കുതിക്കുന്നത്. സാമ്പത്തിക, ശാസ്ത്രസാങ്കേതിക, വൈജ്ഞാനിക മേഖലകളിലെ ഇന്ത്യയുടെ മികവ് സൂചിപ്പിക്കുന്നത് ഇത് അപ്രാപ്യമായ ലക്ഷ്യമാണെന്നല്ല, എന്നാല്‍, ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ തുടര്‍ഭരണം വേണം. അതുകൊണ്ട് വികസിതഭാരതത്തിനുവേണ്ടി പാര്‍ട്ടിയുടെ കുടക്കീഴില്‍ അണിനിരക്കാനുള്ള ആഹ്വാനമാണ് ഗവര്‍ണറുടെ ചെറിയ പ്രസംഗത്തില്‍ പറയാതെ പറഞ്ഞത്.
    ജൂബിലിവേളയില്‍ സെന്റ് തോമസ് കോളജിനെ പ്രശംസിക്കുന്നത് മര്യാദയാണെങ്കിലും നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍, ഉന്നതസ്ഥാനീയരായ നേതാക്കന്മാര്‍ ഒരു മതന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസസ്ഥാപനത്തില്‍ സംസാരിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് കേരളത്തില്‍ ശക്തമായ അടിത്തറയിട്ട ക്രൈസ്തവമിഷനറിമാരുടെ സംഭാവനകളെ പരാമര്‍ശിക്കാതെ പോകുന്നത് തിരസ്‌കരണത്തിനു തുല്യമായ കാര്യമായി വ്യാഖ്യാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. 
							
 ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍  
                    
									
									
									
									
									
									
									
									
									
									
                    