കേരളയാത്ര കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. ആണ്ടുതോറും അത്തരത്തിലുള്ള പല യാത്രകളും നടക്കാറുണ്ട്. മിക്ക യാത്രകളും സംഘടിപ്പിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളാണ്. അവര്‍ക്കാണ് അതിനുള്ള സഘടനാശേഷിയും നേതൃനിരയും സാമ്പത്തികശേഷിയുമുള്ളത്. യാത്ര ആവശ്യമായിരിക്കുന്നതും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുതന്നെ. പാര്‍ട്ടി നിലനില്ക്കുന്നു എന്നറിയിക്കാനും അണികളെ ഉണര്‍ത്താനും നേതാക്കന്മാര്‍ക്കു പ്രവര്‍ത്തനവേദികളൊരുക്കാനും അവകാശവാദങ്ങള്‍ ഉന്നയിക്കാനും പിരിവു നടത്താനുമൊക്കെ യാത്രകള്‍ സഹായിക്കുമെന്നു നേതാക്കന്മാര്‍ക്കറിയാം.
എ.കെ.സി.സി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ കേരളയാത്ര വ്യത്യസ്തമായിരുന്നു. എല്ലാ യാത്രകളുടെയും സഞ്ചാരപാതതന്നെയാണ് കത്തോലിക്കാ കോണ്‍ഗ്രസും സ്വീകരിച്ചതെന്നു സമ്മതിക്കുന്നു. കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. കേരളമൊട്ടാകെയുള്ള യാത്രയായിട്ടാണ് ഇതിനെ കാണേണ്ടത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ യാത്രയുടെ പേര് ശ്രദ്ധേയമായിരുന്നു - അവകാശസംരക്ഷണയാത്ര. യാത്രയുടെ ഉദ്ദേശ്യവും പ്രസക്തിയും പേരില്‍ത്തന്നെ വ്യക്തമാണ്. അര്‍ഹമായ അവകാശങ്ങള്‍ പലതും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന സമുദായം. ഒക്‌ടോബര്‍ പതിമ്മൂന്നാം തീയതി മലബാറില്‍ നിന്നാരംഭിച്ച അവകാശസംരക്ഷണയാത്ര ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്തു സമാപിച്ചു. സാധിക്കുന്നിടത്തോളം ജില്ലകളെയും രൂപതാകേന്ദ്രങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു യാത്ര. നൂറുകണക്കിനു സ്വീകരണകേന്ദ്രങ്ങളില്‍ ഊഷ്മളമായ വരവേല്പാണ് യാത്രയ്ക്കു ലഭിച്ചത്. വെറുമൊരു സമുദായസംഘടനയ്ക്ക് ഇത്രയധികം ജനപിന്തുണ സാധാരണനിലയില്‍ ലഭിക്കാറില്ല. കത്തോലിക്കാ കോണ്‍ഗ്രസിനു ലഭിച്ച വലിയ ജനപിന്തുണ അതു പൊതുസൂഹത്തില്‍ ഉയ.ര്‍ത്തിയ മുദ്രാവാക്യത്തിന്റെ പ്രസക്തി മൂലമത്രേ. നീതി ഔദാര്യമല്ല; അവകാശമാണെന്ന് സ്വീകരണപ്പന്തലുകളില്‍ വിളിച്ചുപറയാന്‍ നേതാക്കള്‍ക്കായി.
107 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള മഹത്തായ ഒരു ജനകീയപ്രസ്ഥാനമാണ് കത്തോലിക്കാ കോണ്‍ഗ്രസ്. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് നാടിന്റെ പൊതുനന്മയ്ക്കും വികസനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പ്രവര്‍ത്തിച്ച കത്തോലിക്കാകോണ്‍ഗ്രസില്‍ അറിവും നേതൃവാസനയും സേവനസന്നദ്ധതയുമുള്ള സമുദായാംഗങ്ങള്‍ അണിചേര്‍ന്നു. അക്കാലത്ത് കത്തോലിക്കാ കോണ്‍ഗ്രസ് വലിയൊരു ജനശക്തിയായി മാറിയിരുന്നു. എന്നാല്‍, സ്വാതന്ത്ര്യലബ്ധിയോടെ കരുത്തരും ജനസ്വാധീനമുള്ളവരുമായ സമുദായാംഗങ്ങള്‍ രാഷ്ട്രീയവഴികളിലൂടെ സഞ്ചരിച്ചു എന്നതാണ് സത്യം. കത്തോലിക്കാ കോണ്‍ഗ്രസ് പേരുകൊണ്ട് കത്തോലിക്കാമതവിഭാഗത്തിന്റെ സൂചന നല്‍കുന്നുവെങ്കിലും അത് കത്തോലിക്കാമതത്തിന്റെ മാത്രം ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന വര്‍ഗീയസംഘടനയല്ല. വിശ്വാസത്തില്‍ അടിയുറച്ചതും സമുദായസ്വത്വം ഉള്‍ക്കൊള്ളുന്നതും അതേസമയം സ്വതന്ത്രവും സാമൂഹികസാംസ്‌കാരിക സ്വഭാവമുള്ളതുമായ സംഘടനയാണ് കത്തോലിക്കാ കോണ്‍ഗ്രസ്. അതു സഭയോടൊത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതിന്റെ നേതാക്കന്മാരെല്ലാം അല്മായരാണ്.
വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വിഭജനത്തിനും നീതിനിഷേധത്തിനും എതിരായി സ്വീകരിക്കുന്ന നിലപാടുകളാണ് എ.കെ.സി.സി.യെ വ്യതിരിക്തമാക്കുന്നത്. കത്തോലിക്കാ കോണ്‍ഗ്രസിന് പ്രത്യേകരാഷ്ട്രീയ ചായ്‌വുകളില്ല. ഉണ്ടെന്നു വരിത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരും പ്രസ്ഥാനത്തെ ഭയപ്പെടുന്നവരുമാണ്. രാഷ്ട്രീയമുന്നണികളെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ സംഘടനയുടെ ലക്ഷ്യമല്ല. അധികാരവും പണവും രാഷ്ട്രീയ നേതൃത്വത്തിനുമാത്രമാണെന്നറിയാമെങ്കിലും പാര്‍ലമെന്ററി പൊളിറ്റിക്‌സില്‍ ഇടപെടാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആഗ്രഹിക്കാത്തത് അത് സംഘടനയുടെ സ്വഭാവത്തിനു നിരക്കുന്നതല്ല എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ്. കത്തോലിക്കാ കോണ്‍ഗ്രസ് പൗരാവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും വിവേചനപരമായ നീതിനിഷേധങ്ങള്‍ക്കും എതിരായ നിലപാടാണ് സ്വീകരിച്ചു പോരുന്നത്.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ കേരളയാത്ര അക്ഷരാര്‍ത്ഥത്തില്‍ സന്ദേശയാത്രയായിരുന്നു. മതേതരത്വഭരണഘടന സംരക്ഷിക്കുക, ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക അതു നടപ്പിലാക്കുക, വന്യമൃഗാക്രമണങ്ങളില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കുക, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കുകയും ഉപാധിരഹിതപട്ടയങ്ങള്‍ നല്‍കുകയും ചെയ്യുക, കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച തടയുക, വിദ്യാഭ്യാസ ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ പൊതുസമൂഹത്തിനുകൂടി പ്രയോജനകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശസംരക്ഷണയാത്ര. ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ ജനശബ്ദമായി പരിഗണിക്കുമെന്നു പ്രത്യാശിക്കാം.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
