രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്നത് ജനങ്ങളാണെന്നു കഴിഞ്ഞദിവസം പുറത്തുവന്ന ത്രിതലപഞ്ചായത്തുതിരഞ്ഞടുപ്പുഫലം വ്യക്തമാക്കുന്നു. നേതാക്കന്മാരെ അന്ധമായി പിന്തുടരുന്ന രീതി ജനങ്ങള്‍ ഉപേക്ഷിച്ചു. നേതാക്കന്മാര്‍ കൂറു മാറിയാലും മുന്നണി മാറിയാലും നിലപാടു മാറ്റിയാലും അണികള്‍ കൂടെപ്പോകുന്ന അവസ്ഥ ഇന്നില്ല. ട്രെയിന്‍പോലെയല്ല രാഷ്ട്രീയം. എഞ്ചിന്‍പോകുന്ന വഴിക്കു മാത്രമേ അതില്‍ ഘടിപ്പിച്ച ബോഗികള്‍ക്കു നീങ്ങാനാവുകയുള്ളൂ. സ്വയം ചിന്തിക്കുകയും ജീവിതാനുഭവങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമ്മതിദായകര്‍ സ്വന്തം വഴിക്കാണു സഞ്ചരിക്കുക.
കഴിഞ്ഞ പ്രാദേശികതിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയ്ക്കു മികച്ച പ്രകടനം ആവശ്യമായിരുന്നു. പ്രതിപക്ഷത്തിനാകട്ടെ അതു ജീവന്മരണപോരാട്ടമായിരുന്നു. ഇത്തവണ ഭരണം പിടിച്ചില്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന അവസ്ഥയിലായിരുന്നു അവര്‍. ബിജെപിക്കും കഴിഞ്ഞ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. തൃശൂര്‍ നേടിയ വിജയം ഉറപ്പിക്കാനും വോട്ടുശതമാനം വര്‍ധിപ്പിക്കാനും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും ലക്ഷ്യം വച്ചായിരുന്നു അവരുടെ പോരാട്ടം. കോണ്‍ഗ്രസുകാരെപ്പോലും ഞെട്ടിപ്പിച്ച അത്യുജ്ജ്വലവിജയമാണ് അവര്‍ നേടിയത്. 505 ഗ്രാമപഞ്ചായത്തുകളും 79 ബ്ലോക്കുപഞ്ചായത്തുകളും ഏഴു ജില്ലാപഞ്ചായത്തുകളും 54 മുനിസിപ്പാലിറ്റികളും 4 കോര്‍പറേഷനുകളും അവര്‍ പിടിച്ചടക്കി. തദ്ദേശതിരഞ്ഞെടുപ്പില്‍ പൊതുവെ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന രീതിയാണ് നാളിതുവരെ ഉണ്ടായിരുന്നത്. ഭരണത്തിലുള്ള കടുത്ത അതൃപ്തിയാണ് മാറിച്ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.
തുടര്‍ഭരണം ലഭിച്ച സര്‍ക്കാര്‍ തുടക്കംമുതലേ തങ്ങളുടെ ദൗര്‍ബല്യം വ്യക്തമാക്കിക്കൊണ്ടിരുന്നു. ജനപ്രീതിയുള്ള മുഖങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഒന്നാംപിണറായി മന്ത്രിസഭയില്‍ തോമസ് ഐസക്, ജി. സുധാകരന്‍, രവീന്ദ്രനാഥ്, ഷൈലജറ്റീച്ചര്‍ ഉള്‍പ്പെടെ കാര്യപ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നു. മന്ത്രിമാര്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ പാര്‍ട്ടി നോക്കാതെ ജനങ്ങള്‍ പിന്തുണയ്ക്കും. പാസുമാര്‍ക്കുപോലും നേടാത്ത മന്ത്രിസഭയ്‌ക്കെതിരേ സമ്മതിദായകര്‍ വൈരാഗ്യത്തോടെ വോട്ടുകുത്തി എന്നു വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പുഫലം.
ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ആശുപത്രികളിലെ ദുരിതങ്ങളും സഹകരണമേഖലയിലെ കൊള്ളയും പുറംവാതില്‍നിയമനങ്ങളും സര്‍വകലാശാലകളിലെ വി.സി. നിയമനവിവാദങ്ങളും സ്വജനപക്ഷപാതവും പൊലീസിന്റെ അതിക്രമവും നിഷ്‌ക്രിയത്വവും ഏകപക്ഷീയമായ പ്രവര്‍ത്തനവും ശബരിമല സ്വര്‍ണക്കൊള്ളയും അതിനെ മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനവുമെല്ലാം ജനങ്ങളെ നിരാശരാക്കി. വിദ്യാഭ്യാസമേഖലയിലെ അധ്യാപകനിയമനപ്രതിസന്ധി വഷളാക്കിയതും ഉദ്യോഗസ്ഥതലത്തിലെ അഴിമതികളും മെല്ലെപ്പോക്കും സാമ്പത്തികഞെരുക്കത്തിനിടയിലെ ധൂര്‍ത്തുകളും ജനങ്ങളെ സര്‍ക്കാരില്‍നിന്നകറ്റി. വിദ്യാഭ്യാസ, സാംസ്‌കാരികവകുപ്പുമന്ത്രിമാര്‍ ഇടവേളകളില്‍ നടത്തിയിട്ടുള്ള മണ്ടന്‍പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കി.
പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനും ദീര്‍ഘകാലത്തേക്ക് അവരെ കബളിപ്പിക്കാനും കഴിയില്ലെന്നതിന്റെ തെളിവായി തിരഞ്ഞെടുപ്പുഫലം. സത്യവിരുദ്ധമായി സംസാരിക്കുന്ന പാര്‍ട്ടിവക്താക്കള്‍ക്കോ പ്രീണിപ്പിച്ചു കൂടെനിറുത്തിയിട്ടുള്ള മാധ്യമപ്പടയ്‌ക്കോ സൈബര്‍ സേനയ്‌ക്കോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്കോ ഫാന്‍ അസോസിയേഷനുകള്‍ക്കോ പി.ആര്‍. വര്‍ക്കിനോ, തിരഞ്ഞെടുപ്പുകാലത്ത് പ്രധാന വിഷയങ്ങളില്‍നിന്നു ജനശ്രദ്ധ അകറ്റാന്‍വേണ്ടി ഉയര്‍ത്തിക്കൊണ്ടുവരുകയോ സജീവമാക്കുകയോ ചെയ്യുന്ന കേസുകള്‍ക്കോ ഒന്നും ഒരു സര്‍ക്കാരിനെയും താങ്ങിനിറുത്താനാവില്ലെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പുഫലം നല്‍കുന്നത്.
ക്ഷാമബത്തയും പെന്‍ഷനുമൊന്നും സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പിലെ വിധിത്തത്തീര്‍പ്പ്. വേണ്ടത് കിറ്റും വാഗ്ദാനങ്ങളുമല്ല, വികസനമാണെന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ടര്‍മാര്‍ വോട്ടുകുത്തി അറിയിച്ചു.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
