•  16 Sep 2021
  •  ദീപം 54
  •  നാളം 24
നേര്‍മൊഴി

തീരുവയുദ്ധത്തിലെ ജയപരാജയങ്ങള്‍

  അമേരിക്കന്‍ പ്രസിഡന്റ് രാഷ്ട്രീയക്കാരനായ കച്ചവടക്കാരനാണോ കച്ചവടക്കാരനായ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് കച്ചവടക്കാരനായ രാഷ്ട്രീയക്കാരന്‍ എന്ന അഭിപ്രായത്തിനാകും കൂടുതല്‍ പിന്തുണ ലഭിക്കുക. പ്രസിഡന്റ് ട്രംപ് ഡീലുകളില്‍ വിശ്വസിക്കുന്നു. അമേരിക്കയ്ക്കു ലാഭമുണ്ടാക്കുന്ന തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ പലതുണ്ട്. ഇന്ത്യയ്‌ക്കെതിരേ പ്രഖ്യാപിച്ച തീരുവയുദ്ധം അത്തരത്തിലുള്ള ഒന്നായിരുന്നു. 25 ശതമാനം തീരുവപോലും താങ്ങാനാവാത്ത അവസ്ഥയിലാണ് അത് 50 ശതമാനം പിഴച്ചുങ്കമാക്കി മാറ്റിയത്.

   പ്രധാനമന്ത്രി മോദിജിയോട് സൗഹൃദം പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്ത പ്രസിഡന്റ് ട്രംപില്‍നിന്ന് ഇത്ര കടുത്ത നിലപാട് ആരും പ്രതീക്ഷിച്ചതല്ല. അമേരിക്കന്‍പ്രസിഡന്റിന്റെ സൗഹൃദം ഇന്ത്യന്‍പ്രധാനമന്ത്രിയോടായിരുന്നോ 140 കോടിയിലധികം ഗുണഭോക്താക്കളുള്ള ഇന്ത്യന്‍ വിപണിയോടായിരുന്നോ എന്നു മാറിച്ചിന്തിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും നല്ലത് രാജ്യങ്ങള്‍തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍തന്നെയാണ്. കാരണം, വ്യക്തികള്‍ മാറിമാറി വരും. നയങ്ങള്‍ അതിനനുസരിച്ചു മാറാതിരിക്കുന്നതാണ് രാജ്യത്തിന്റെ ഭാവിക്കും വികസനത്തിനും ഗുണകരം.
   2030 ആകുമ്പോഴേക്കും വ്യാപാരം 50,000 കോടി ഡോളാറാക്കാനും ഈ നവംബറില്‍ ഇടക്കാലകരാര്‍ ഉണ്ടാക്കാനും ധാരണയുണ്ടായിരുന്ന അവസ്ഥയിലാണ് തീരുവനയത്തില്‍ അപ്രതീക്ഷിതമാറ്റങ്ങള്‍ സംഭവിച്ചത്. ഇന്ത്യയ്‌ക്കെതിരേ പിഴച്ചുങ്കം ചുമത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത് ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതാണെന്ന വാദം യുക്തിഭദ്രമായി തോന്നുന്നില്ല. കാരണം, രണ്ടു വര്‍ഷം മുമ്പ് പ്രസിഡന്റ് ബൈഡന്റെ കാലംമുതല്‍ ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതാണ്. മറ്റു രണ്ടു കാരണങ്ങള്‍ പ്രസിഡന്റ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കാം എന്നു കരുതുന്നതില്‍ ന്യായമുണ്ട്. അതില്‍ ആദ്യത്തേത് ഇന്ത്യയുടെ വിശാലവിപണി നിരുപാധികം അമേരിക്കയ്ക്കു തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചു എന്നതാണ്. രണ്ടാമത്തെ കാരണം, കുറേക്കൂടി വൈകാരികമാണ്. പഹല്‍ഗ്രാം ഭീകരാക്രമണത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വഴിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയുടെ ആക്രമണം അവസാനിപ്പിച്ചത് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥശ്രമങ്ങള്‍ വഴിയായിരുന്നുവെന്ന് അദ്ദേഹംതന്നെ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു. ഇന്ത്യയാകട്ടെ, അമേരിക്കന്‍പ്രസിഡന്റിന്റെ വാദഗതിയെ നിരുപാധികം തള്ളിക്കളഞ്ഞു. കാലങ്ങളായി അമേരിക്കന്‍ പ്രീതിക്കുവേണ്ടി തലകുനിച്ചുനിന്നിരുന്ന ഇന്ത്യന്‍നയത്തിലെ മാറ്റം അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ടാകണം. ലോക പൊലീസെന്ന നിലയില്‍ പണ്ട് സൈനികമേധാവിത്വമായിരുന്നു അമേരിക്കയ്ക്കു പ്രധാനം. ഇന്ന് പ്രസിഡന്റ് ട്രംപിനു താത്പര്യം സാമ്പത്തിക സാങ്കേതികവിദ്യാ മേഖലകളിലെ മേധാവിത്വമാണ്.
   അമേരിക്ക ഇടഞ്ഞാല്‍ ഇന്ത്യയ്ക്ക് എന്തു സംഭവിക്കുമെന്നു ചോദിക്കുന്നവരുണ്ട്. വാണിജ്യബന്ധങ്ങള്‍ മുറിഞ്ഞാല്‍ അമേരിക്കയെക്കാള്‍ നഷ്ടമുണ്ടാകാന്‍ പോകുന്നത് ഇന്ത്യയ്ക്കായിരിക്കും. എട്ടുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയിലേക്കു കയറ്റിയയയ്ക്കുന്നുണ്ട്. അതു  മുടങ്ങിയാല്‍ പെട്ടെന്ന് അത്രയും വലിയൊരു മാര്‍ക്കറ്റ് കണ്ടെത്താന്‍ ഇന്ത്യയ്ക്കു സാധിക്കില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ജപ്പാനും ഗള്‍ഫ് രാജ്യങ്ങളും ഒന്നിച്ചുചേര്‍ന്നാലും ഈ വിടവു നികത്തുക എളുപ്പമല്ല. ഇന്ത്യയില്‍നിന്നുള്ള അമേരിക്കന്‍ ഇറക്കുമതി മൊത്തം ഇറക്കുമതിയുടെ 2.7 ശതമാനം മാത്രമാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് അവര്‍ക്ക് അതു നിഷ്പ്രയാസം സ്വന്തമാക്കാന്‍ കഴിയും.
പിഴച്ചുങ്കത്തിലേക്ക് എത്തുന്നതിനു മറ്റൊരു കാരണമായി കരുതാവുന്നത് അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ്. ആവശ്യമുള്ള ഉത്പന്നങ്ങള്‍ രാജ്യത്തുതന്നെ നിര്‍മ്മിക്കുന്ന അവസ്ഥയുണ്ടായാല്‍ തൊഴിലിലും വരുമാനത്തിലും വര്‍ധനയുണ്ടാകും. അങ്ങനെ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് ചെറിയൊരു പരിഹാരമാകും. ഇന്ത്യയുമായി ബന്ധം വിച്ഛേദിക്കാന്‍ താത്പര്യമില്ലെന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യത്തിനു ട്രംപ് മറുപടി പറഞ്ഞത് പിഴച്ചുങ്കം പിന്‍വലിച്ചും ഇന്ത്യയുമായി കച്ചവടബന്ധം തുടരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നതായി കരുതുന്നവരുണ്ട്. സൈദ്ധാന്തികപിടിവാശിയില്ലാത്ത ട്രംപ് ഏതു തീരുമാനത്തിനും തയ്യാറാകും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)