•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

വിജയക്കൊടി ഉയര്‍ത്തി ജി 20 സമ്മേളനം

ല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ കെട്ടിയുയര്‍ത്തിയ ഭാരത് മണ്ഡപത്തില്‍ ജി 20 നേതാക്കന്മാരുടെ സമ്മേളനം സമംഗളം സമാപിച്ചു. 2022 ലെ ജി 20 ഉച്ചകോടി നടന്നത്  ഇന്തോനേഷ്യയിലായിരുന്നു. 2024 ല്‍ അതു നടക്കേണ്ടത് ബ്രസീലിലാണ്. ബ്രസീലിയന്‍ പ്രസിഡന്റ് ലുല ദ സില്‍വ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍നിന്ന് അതിനുള്ള ചുമതല ഔദ്യോഗികമായി ഏറ്റെടുത്തു.
ജി 20 ഉച്ചകോടിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച മുഖ്യസംഘാടകന്‍ അഥവാ  'ഷെര്‍പ്പ' രാജ്യത്തെ സീനിയര്‍ ബ്യൂറോക്രാറ്റായ അമിതാഭ് കാന്ത് ആയിരുന്നു. കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് കാന്ത്. നീതി  ആയോഗിന്റെ മുന്‍ അധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. അദ്ദേഹത്തോടൊപ്പം ഈനം ഗംഭീര്‍, നാഗരാജ് നായിഡു, ആശിഷ് സിന്‍ഹ എന്നീ ഐ.എഫ്.എസ്. ഉദ്യോഗസ്ഥരും അഭയ ഠാക്കൂര്‍ എന്ന മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനും പങ്കാളികളായിരുന്നു. ഇവരെല്ലാവരും വിദേശകാര്യവകുപ്പില്‍ സേവനമനുഷ്ഠിച്ചു കാര്യശേഷി തെളിയിച്ചിട്ടുള്ളവരാണ്. അവരുടെ കര്‍മശേഷിയും ആഴമായ അറിവും ആശയവിനിമയമികവും നേതാക്കന്മാരെ തമ്മില്‍ ഒന്നിപ്പിക്കാനുള്ള അനിതരസാധാരണമായ നേതൃശേഷിയുമാണ് ഡല്‍ഹി ഉച്ചകോടി വന്‍വിജയമാകാന്‍ കാരണം. സംഘാടകരെല്ലാം ഇംഗ്ലീഷ്, സ്പാനീഷ്, ചൈനീസ്, റഷ്യന്‍, ജര്‍മന്‍  എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരായിരുന്നു. അതുകൊണ്ട് ദ്വിഭാഷികളെക്കൂടാതെ നേരിട്ട് നേതാക്കളുമായി ചര്‍ച്ച  ചെയ്യാന്‍ സാധിച്ചു. ഇരുന്നൂറു മണിക്കൂര്‍ മാരത്തോണ്‍ ചര്‍ച്ച, മുന്നൂറിലധികം വിഷയങ്ങളെ സംബന്ധിച്ചു പരിമിതമായ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍  കഴിഞ്ഞതുകൊണ്ടാണ് യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമുണ്ടായിട്ടുപോലും  വിരുദ്ധാഭിപ്രായങ്ങളും വിവാദപ്രസ്താവനകളുമില്ലാതെ സമാനചിന്താഗതികളോടെ പൊതുവിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ ഡല്‍ഹി ഉച്ചകോടിക്കു സാധിച്ചത്. അത് ഇന്ത്യന്‍ നയതന്ത്രവിദഗ്ധരുടെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും വിജയമാണ്.
അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും റോഡുകളുടെ നവീകരണത്തിനും സുരക്ഷാസന്നാഹങ്ങള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും തലസ്ഥാനനഗരി  മോടി പിടിപ്പിക്കുന്നതിനും സമ്മേളനച്ചെലവിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 4100 കോടി രൂപയാണ്. അത്രയും വലിയ തുക മുടക്കിയിട്ട് എന്തു നേടി എന്നു ചോദിക്കുന്നവരുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മഹത്ത്വം ഉയര്‍ത്തി പ്രതിഷ്ഠിക്കാനും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും അതു സഹായിച്ചു. ജി 20 രാജ്യങ്ങള്‍ക്ക് ഇന്ത്യയെ നേരിട്ടു കണ്ടു മനസ്സിലാക്കാനും ഇന്ത്യയ്ക്കു ജി 20 രാജ്യങ്ങളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഈ ഉച്ചകോടി വേദിയായി. ദക്ഷിണദേശത്തെ പ്രമാണി ഇന്ത്യയാണെന്നു സ്ഥാപിക്കാന്‍ ഡല്‍ഹി ഉച്ചകോടിക്കു സാധിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ  അവസാനദശകത്തില്‍ ലോകമെമ്പാടുമുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രസാമ്പത്തികസഹകരണത്തിനും സുസ്ഥിരവികസനപദ്ധതികള്‍ക്കുമായി രൂപംകൊണ്ട സമിതിയാണ് 2002 ല്‍ ജി 20 സമ്മേളനത്തിന്റെ ആദ്യപതിപ്പായി മാറിയത്. 2008 ല്‍ അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലാണ് ഇന്നത്തെ നിലയിലുള്ള ജി 20 സമ്മേളനത്തിന്റെ തുടക്കം. സാമ്പത്തികഭദ്രതയുള്ള 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് ജി 20 പ്രസ്ഥാനം. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടര്‍ക്കി, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് ജി 20. അടുത്ത കാലത്ത് ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനും അംഗത്വം നല്‍കിയിട്ടുണ്ട്.
ആഗോളസാമ്പത്തികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരസ്പരം സഹകരണം ഉറപ്പാക്കുക, സാമ്പത്തികസ്ഥിരത, സുസ്ഥിരവികസനം, ആഗോള കാലാവസ്ഥാവ്യതിയാനം, സാങ്കേതികവിദ്യകളുടെ കൈമാറ്റം മുതലായ നിര്‍ണായകവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം ഉണ്ടാക്കുകയെന്നതാണ് ജി 20 ഉച്ചകോടിയുടെ ലക്ഷ്യം. ജി 20 ഉച്ചകോടിക്ക് ഒരു പ്രത്യേക കേന്ദ്ര ഓഫീസില്ല. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യമാണ് അംഗരാജ്യങ്ങളുമായി ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടത്.
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതായിരുന്നു 2023 ലെ ജി 20 ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയുടെ സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് അംഗരാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കുക, ലോകബാങ്ക്, രാജ്യാന്തരനാണ്യനിധി തുടങ്ങിയ സ്ഥാപനങ്ങളില്‍ വികസ്വരരാജ്യങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അതുപോലെതന്നെ, അടുത്തവര്‍ഷത്തെ ഉച്ചകോടിയില്‍ സാമൂഹികനീതി, വിശപ്പിനെതിരായ പോരാട്ടം, പുതിയ ഊര്‍ജസ്രോതസ്സുകളിലേക്കുള്ള മാറ്റം, ആഗോളസംഘടനകളുടെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. അതിനെല്ലാം നേതൃത്വം വഹിക്കാന്‍ സാധിച്ചതാണ് ഇന്ത്യ കൈവരിച്ച നേട്ടം.

 

Login log record inserted successfully!