•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കാവല്‍ക്കാര്‍ കള്ളന്മാരായാല്‍

സാമ്പത്തികകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). അതിന്റെ കേന്ദ്ര ഓഫീസ് ഡല്‍ഹിയിലാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇ.ഡി. ഓഫീസുകളുണ്ട്. കേരളത്തില്‍ അത് എറണാകുളത്താണ്. 1950 ലായിരുന്നു ഇഡിയുടെ തുടക്കം. അന്ന് അതിന്റെ പേര് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് എന്നായിരുന്നു. 1957 ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  നിലവില്‍വന്നത്. സാമ്പത്തികകാര്യാലയത്തിനു കീഴിലായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് 1960 മുതല്‍ റവന്യൂവകുപ്പിനു കീഴിലായി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തലപ്പത്തെത്തുന്നത് സിവില്‍ സര്‍വീസുകാരാണ്. ഐ.എ.എസ്., ഐ.പി.എസ്., ഐ.ആര്‍.എസ്. പദവിയുള്ളവരെയാണ് സര്‍ക്കാര്‍ ഡയറക്ടറായി നിശ്ചയിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍  നടത്താന്‍ ശേഷിയുള്ള ഒരു ഏജന്‍സിയാകയാല്‍ ഭീതിയോടെയാണ് പൊതുജനം അതിനെ കാണുന്നത്. സംസ്ഥാന പോലീസിനെപ്പോലും അറിയിക്കാതെ റെയ്ഡ് നടത്താനും ആവശ്യമെങ്കില്‍ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാനുമുള്ള അധികാരം ഇഡിക്കുണ്ട്. എങ്കിലും ഇഡി രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയല്ല. ഇഡി ഒരു ഭരണഘടനാസ്ഥാപനമോ (കോണ്‍സ്റ്റിറ്റിയൂഷണല്‍ ബോഡി) നിയമനിര്‍മാണസഭ നിശ്ചയിച്ച ഒരു സംവിധാനമോ (സ്റ്റാറ്റിയൂട്ടറി ബോഡി) അല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ബോഡിക്കും ദേശീയ ന്യൂനപക്ഷകമ്മീഷന്‍ സ്റ്റാറ്റിയൂട്ടറി ബോഡിക്കും ഉദാഹരണമാണ്. ഇഡിക്ക് സ്വമേധയാ ഒരു കേസ് അന്വേഷിക്കാനാവുകയില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലാണ്  ഇഡി പ്രവര്‍ത്തിക്കുന്നത്. ഇഡിയുടെ നിയമനം രാഷ്ട്രീയതീരുമാനപ്രകാരമാകയാല്‍ നിയമിച്ചവര്‍ക്കെതിരേ അവര്‍ അന്വേഷണം നടത്താറില്ലെന്ന ആക്ഷേപം പൊതുവെയുണ്ട്. ശത്രുസംഹാരസമിതിയാണ് ഇഡി യെന്നു പറയുന്നവരുണ്ട്.
ഒരേ കുറ്റം ചെയ്യുന്നവരെ ഒരേ രീതിയിലല്ല ഇഡി സമീപിക്കുന്നത് എന്ന പരാതിയുമുണ്ട്. പട്ടിപിടിത്തവുമായി  ബന്ധപ്പെടുത്തി ഈ ആക്ഷേപം വിശദീകരിക്കാം. തെരുവുനായയുടെ ശല്യം സഹിക്കാതെ വരുമ്പോഴാണ് പട്ടിപിടിത്തക്കാരെ കൊണ്ടുവരുന്നത്. അവര്‍ കുറെ പട്ടികളെ പിടിച്ച് വാര്‍ത്തയാക്കി തിരിച്ചുപോകുന്നു. പിടിക്കാന്‍ എളുപ്പമുള്ള പട്ടികളെയാണ് അവര്‍ പിടിക്കുത്. ഉപദ്രവകാരികള്‍ ഇപ്പോഴും വിലസുന്നു. പേപ്പട്ടികളെ കാണാത്ത പട്ടിപിടിത്തക്കാരെപ്പോലെയാണ് ഇഡി ഉദ്യോഗസ്ഥരെന്ന് അടക്കം പറയുന്നവരുണ്ട്.
കരുവന്നൂര്‍ ബാങ്കിലും അതുപോലുള്ള സഹകരണബാങ്കുകളിലും നിക്ഷേപമില്ലാത്തവര്‍ക്ക് അതു സംബന്ധമായ റിപ്പോര്‍ട്ടുകള്‍ കൗതുകവാര്‍ത്തകളാണ്. എന്നാല്‍, നിക്ഷേപകര്‍ക്ക് അത് ചങ്കുപൊട്ടുന്ന വേദനയാണ്. പലര്‍ക്കും അത് ഒരായുസ്സിന്റെ മുഴുവന്‍ നിക്ഷേപവും നഷ്ടപ്പെട്ടതിന്റെ  വേദനയാണ്. അത്യാവശ്യങ്ങള്‍പോലും ഒഴിവാക്കി ഭാവിക്കുവേണ്ടി സൂക്ഷിച്ച പണമാണ് ഏതാനും സാമൂഹികവിരുദ്ധര്‍ അടിച്ചുമാറ്റിയത്.
കരുവന്നൂര്‍ കുംഭകോണം വെറുമൊരു ബാങ്കുകവര്‍ച്ചയായി ലഘൂകരിച്ചു കാണാനാവില്ല. വലിയ ആലോചനയും ആസൂത്രണവും അതിന്റെ പിന്നിലുണ്ട്. ബാങ്കിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിഞ്ഞും അംഗീകരിച്ചും നടക്കേണ്ടതാണ്. എന്നാല്‍, തിരിമറി നടന്ന ബാങ്കുകളിലൊന്നും അത്തരത്തിലുള്ള സുതാര്യമായ ഇടപാടുകള്‍ ഉണ്ടായിട്ടില്ല. കുറച്ചുപേര്‍ ചേര്‍ന്നു നടത്തിയ കൊടുംകൊള്ളയായിരുന്നു അത്. അഞ്ഞൂറുകോടി രൂപയുടെ തിരിമറികളും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്.  അതിന്റെ വിശദമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞ ദിവസം തൃശൂരും കൊച്ചിയിലുമായി ഒമ്പതിടങ്ങളിലാണ് ഇഡി  റെയ്ഡു നടത്തിയത്. രണ്ടു ഗുരുതരകുറ്റകൃത്യങ്ങളാണ് അന്വേഷണവിധേയമായത്. ഒന്ന്; കോടിക്കണക്കിനു രൂപ നിയമവിരുദ്ധമായി ഏതാനുംപേര്‍ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം നേതാക്കന്മാരുടെയും സഹായത്തോടെ കൊള്ളയടിച്ചത്. രണ്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധിച്ചപ്പോള്‍ കണക്കില്‍പ്പെടാത്ത പണം ബാങ്കുവഴി വെളുപ്പിച്ചെടുത്തത്. സഹകരണബാങ്ക് നിയമപ്രകാരം അനുവദനീയമല്ലാത്ത ഇടപാടുകളെല്ലാം അവര്‍ ചെയ്തത്  ഏതന്വേഷണം വന്നാലും തലപ്പത്തുള്ളവര്‍ സംരക്ഷിച്ചുകൊള്ളുമെന്ന ഉറപ്പിലാണ്. ഇഡി ഇടപെട്ടില്ലായിരുന്നെങ്കില്‍ അവര്‍ സുരക്ഷിതരായി കൊള്ള തുടരുമായിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബാങ്കുഭരണം പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ബോധ്യമായല്ലോ. പാവപ്പെട്ടവന്റെ പണം കൊള്ളയടിക്കാനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനും സ്വന്തമായി ബാങ്കുവേണം. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് ആദ്യം പരിശോധന നടത്തിയത് ലോക്കല്‍ പോലീസാണ്. അതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് രാഷ്ട്രീയ ഇടപെടലാണെന്നു മനസ്സിലാക്കാന്‍ ഒരു പള്ളിക്കൂടത്തിലും പഠിക്കേണ്ട.

 

Login log record inserted successfully!