•  16 May 2024
  •  ദീപം 57
  •  നാളം 10
കാഴ്ചയ്ക്കപ്പുറം

മരണം കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍

ല്ലാവര്‍ക്കും മരണം ഉണ്ട് എന്നതാണ് മരണത്തെ ജനകീയമാക്കുന്നത്. മരണത്തിനുമുമ്പില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ബാലനെന്നോ വൃദ്ധനെന്നോ  സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. ഒരുനാള്‍ മരിക്കും എന്നതുമാത്രമാണ് നമുക്കു സുനിശ്ചിതമായി പറയാന്‍ കഴിയുന്ന കാര്യം. പക്ഷേ, എപ്പോള്‍ മരിക്കുമെന്ന് അറിഞ്ഞുകൂടാത്തതാണ്  ജീവിതത്തിന് അര്‍ഥം കൊടുക്കുന്നത്. ഇന്ന അസുഖം പിടിച്ച് ഇന്ന ദിവസം മരിക്കും എന്ന് അറിവു ലഭിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്നോ നാം എങ്ങനെയാണ് അതിനോടു പ്രതികരിക്കുകയെന്നോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതവും മരണവും ഒരേ ഫ്രെയിമിലാക്കി ജീവിച്ച ചില കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതു നമുക്കു ചില തിരിച്ചറിവുകള്‍ നല്കുകയും മുന്നൊരുക്കത്തിനു പ്രേരിപ്പിക്കുകയും ചെയ്യുമെന്നു തോന്നുന്നു.
1978 ല്‍ പുറത്തിറങ്ങിയ, എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത മദനോത്സവം എന്ന സിനിമയാണ് മലയാളത്തില്‍ മരണം കാത്തിരിക്കുന്ന ഒരു കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത്. മരിച്ചുപോകുന്ന നായികാനായകന്മാരും മറ്റും അതിനുമുമ്പു മലയാളത്തില്‍ വേറേയും ഉണ്ടായിരുന്നെങ്കിലും മരണം കാത്തിരിക്കുന്ന കഥാപാത്രങ്ങളെ ആവര്‍ത്തിച്ച് അവതരിപ്പിക്കാന്‍ മലയാളസിനിമയ്ക്കു ധൈര്യം നല്കിയത് ഈ സിനിമയായിരുന്നെന്നു നിസ്സംശയം പറയാന്‍ കഴിയും. കമലഹാസനും സറീനാ വഹാബുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ രാജുവിനെയും എലിസബത്തിനെയും അവതരിപ്പിച്ചത്. എറിക് സെഗളിന്റെ ലവ്സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത ലവ് സ്റ്റോറി എന്ന സിനിമയായിരുന്നു മദനോത്സവത്തിന്റെ പ്രചോദനം. എലിസബത്തിന്റെയും രാജുവിന്റെയും പ്രണയനദിയുടെ സുഗമമായ ഒഴുക്കിനു വിഘാതം സൃഷ്ടിച്ചുകൊണ്ടായിരുന്നു എലിസബത്തിന്റെ രോഗം കടന്നുവന്നത്. രക്താര്‍ബുദമായിരുന്നു മരണകാരണം.
എലിസബത്ത് മരിച്ചുകൊണ്ടിരിക്കുന്ന രോഗിയാണെന്ന് തുടക്കത്തില്‍ രാജുമാത്രമാണ് അറിയുന്നത്. പിന്നീട് അത് എലിസബത്തും അറിയുന്നു. ഒടുവില്‍, രാജുവിനെ കെട്ടിപ്പുണര്‍ന്ന് ആശുപത്രിക്കിടക്കയില്‍വച്ച് എലിസബത്ത് എന്നന്നേക്കുമായി അവനോടു യാത്രപറയുന്നു. മലയാളികള്‍ ഒരു മരണത്തെയോര്‍ത്ത്  ഇതുപോലെ മുമ്പൊരിക്കലും തീയറ്ററുകളിലിരുന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞിട്ടില്ല. ഇവരുടെ വേര്‍പിരിയലിന്റെ തീവ്രതയ്ക്ക് ആക്കംകൂട്ടിയവയായിരുന്നു  നീ മായല്ലേ മറയല്ലേ, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ തുടങ്ങിയ ഗാനങ്ങളും.
മദനോത്സവം കഴിഞ്ഞ്  ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉണ്ണികളേ ഒരു കഥ പറയാം എന്ന കമല്‍ ചിത്രം എത്തുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. അനാഥബാല്യങ്ങളുടെ സംരക്ഷകനായ എബിയുടെയും കുട്ടികളുടെയും കഥയാണ് ചിത്രം പറയുന്നത്. ആനികൂടി കടന്നുവരുന്നതോടെ അവരുടെ ജീവിതത്തില്‍ പുതിയ സന്തോഷങ്ങളും വര്‍ണങ്ങളും നിറയുന്നു. എന്നാല്‍, ആ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അധികം സമയദൈര്‍ഘ്യമില്ലായിരുന്നുവെന്നുമാത്രം. മദനോത്സവത്തിലെ എലിസബത്തിനെപ്പോലെ എബിയും ക്യാന്‍സര്‍ രോഗിയാണ്. അവസാനംവരെ അവന്‍ അക്കാര്യം എല്ലാവരോടും ഒളിച്ചുവയ്ക്കുകയാണു ചെയ്തിരുന്നതും. ആട്ടുതൊട്ടിലില്‍ മരിച്ചുകിടക്കുന്ന എബിയും പശ്ചാത്തലത്തിലുളള  ഉണ്ണികളേ ഒരു കഥ പറയാം എന്ന ഗാനത്തിന്റെ വരികളുടെ ഓടക്കുഴല്‍ വേര്‍ഷനും അന്നത്തെ പ്രേക്ഷകരെ കുറച്ചൊന്നുമല്ല വേട്ടയാടിയത്. ഒരുപക്ഷേ, ഒരു നായകന്റെ രോഗകാരണമായ മരണത്തെപ്രതിയുള്ള പ്രേക്ഷകരുടെ ആദ്യത്തെ  സങ്കടവും ഉണ്ണികളേ ഒരു കഥ പറയാം  എന്ന ചിത്രം ആയിരിക്കാം.
എന്നാല്‍, അക്ഷരാര്‍ഥത്തില്‍ തീയറ്ററിനെ സങ്കടക്കടലാക്കിമാറ്റിയത് മേല്പറഞ്ഞ രണ്ടു സിനിമകളുമായിരുന്നില്ല, 1993  ല്‍ സിബി മലയില്‍ - ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആകാശദൂത് എന്ന സിനിമയായിരുന്നു. വില്‍ ലവ് മൈ ചില്‍ഡ്രന്‍ എന്ന അമേരിക്കന്‍ചിത്രത്തില്‍നിന്നു പ്രചോദനം സ്വീകരിച്ചാണ് ഡെന്നീസ് ജോസഫ് ചിത്രമൊരുക്കിയത്. ലുക്കീമിയരോഗിണിയും വിധവയുമായ ആനിയുടെയും മക്കളുടെയും കഥയാണു ചിത്രം പറഞ്ഞത്. അപകടത്തില്‍പ്പെട്ട മകനു രക്തം ആവശ്യമായിവരുമ്പോള്‍ ആനി രക്തദാതാവാകുന്നതിലൂടെയാണ് അവളുടെ രക്തത്തില്‍ അര്‍ബുദരോഗത്തിന്റെ ലക്ഷണങ്ങളുള്ളതായി കണ്ടെത്തുന്നത്. ഏറിയാല്‍ ഒരു വര്‍ഷംമാത്രം ആയുസ്സുള്ള ജീവിതം. മരണത്തിനുവേണ്ടിയുള്ള ആനിയുടെ കാത്തിരിപ്പിനുപുറമേ മക്കളെ സുരക്ഷിതമായ കൈകളില്‍ ഏല്പിക്കാനുള്ള അവളുടെ പരിശ്രമംകൂടിയാണു ചിത്രത്തെ കണ്ണീരില്‍ നിറച്ചത്. മരണം കാത്തിരിക്കുന്ന ആനിയുടെ  വേദനകളും സങ്കടങ്ങളും ആകാശദൂത് എന്ന സിനിമ കണ്ടിട്ടുള്ള ഒരാളും ഒരിക്കലും വിസ്മരിക്കുകയില്ല.
രോഗിയായിക്കഴിയവേ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. കാരണം, തനിക്കു സ്നേഹിക്കാനും തന്നെ സ്‌നേഹിക്കാനും ആരൊക്കെയോ ഉണ്ടെന്ന വിശ്വാസമുണ്ടായിരുന്നു അയാള്‍ക്ക്.  പക്ഷേ, ജീവിതം തിരിച്ചുപിടിച്ചപ്പോഴേക്കും അയാളെ ആര്‍ക്കും വേണ്ടാതായി. ഒടുവില്‍, നീട്ടിക്കിട്ടിയ ജീവിതത്തില്‍നിന്നു സ്വയം എക്‌സിറ്റടിച്ച് അയാള്‍ പുറത്താകുന്നു. മുന്‍കൂട്ടി അറിയിപ്പുകിട്ടി കടന്നുവരുന്ന മരണത്തെ വളരെ സ്വാഭാവികതയോടും യാഥാര്‍ഥ്യബോധത്തോടുംകൂടി അവതരിപ്പിച്ച സിനിമയായിരുന്നു എംടി - ഹരികുമാര്‍ ടീമിന്റെ സുകൃതം. 1994 ലാണ് ചിത്രം റീലിസ് ചെയ്തത്. പത്രപ്രവര്‍ത്തകനായ രവിശങ്കറിന്റെ ജീവിതമാണ് സിനിമയുടെ പ്രതിപാദ്യം. അയാള്‍ കാന്‍സര്‍ രോഗിയാണെന്നു വ്യക്തമാകുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. മരണം സുനിശ്ചിതമായിക്കഴിഞ്ഞ ഏതൊരാളും നിര്‍വഹിക്കേണ്ട ചില ഉത്തരവാദിത്വങ്ങള്‍ അയാള്‍ക്കുമുണ്ട്. ഭാര്യയെ, ഒരിക്കല്‍ അവളെ ഏറെ സ്‌നേഹിച്ചിരുന്ന തന്റെ മുന്‍ശിഷ്യനെ ഏല്പിച്ചുകൊടുത്തതോടെ അയാള്‍ക്കു താന്‍ പാതി കടമ നിര്‍വഹിച്ചുവെന്ന ആശ്വാസമായി. ജനിച്ചുവളര്‍ന്ന നാട്ടിലേക്കും വീട്ടിലേക്കും അവിടത്തെ ചില സ്‌നേഹങ്ങളിലേക്കും അയാള്‍ തിരിച്ചുനടക്കുന്നു. ആ സ്‌നേഹങ്ങളാണ് അയാളെ ജീവിതത്തിലേക്കു തിരികെവരാന്‍ പ്രേരിപ്പിക്കുന്നതുതന്നെ. പക്ഷേ, തിരിച്ചുവന്നപ്പോഴേക്കും അയാള്‍ക്കു പലതും നഷ്ടമായിക്കഴിഞ്ഞിരുന്നു. മരണം കാത്തിരിക്കുന്ന രോഗിയോടു സമൂഹത്തിനും ബന്ധുക്കള്‍ക്കും ഉള്ളതു സഹതാപംമാത്രമാണെന്നും അയാളൊരു ബാധ്യതയാണെന്നുംകൂടിയുള്ള തിരിച്ചറിവുകള്‍ രവിശങ്കറിനുണ്ട്. മനുഷ്യരാല്‍ ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥയില്‍ മരണംമാത്രമാണ് ഏകപോംവഴിയെന്ന നിഷേധാത്മാകസമീപനത്തില്‍ അയാള്‍ എത്തിച്ചേരുന്നതോടെയാണു ചിത്രം അവസാനിക്കുന്നത്. ഓരോ രോഗിക്കും താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന നിസ്സഹായാവസ്ഥയായിരുന്നു രവിശങ്കറിന്റേത്.
ലുക്കീമിയ രോഗിയാണെന്ന് അറിയാമായിരുന്നിട്ടും അതൊന്നും പുറമേ അറിയിക്കാതെ ജീവിതത്തെ നര്‍മരസികതയേടെ സമീപിക്കുന്ന ജെയിംസിന്റെ കഥയായിരുന്നു വെല്‍ക്കം ടു കൊടൈക്കനാല്‍ എന്ന അനില്‍ബാബു ചിത്രം പറഞ്ഞത്. ജഗദീഷായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഇതേ ഗണത്തില്‍പെടുത്താവുന്ന ഒരു കഥാപാത്രമാണ് ഫാസിലിന്റെ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന സിനിമയിലെ ഗേളി. ബോംബെയില്‍നിന്ന് കേരളത്തിലെത്തുന്ന ഗേളിയുടെ ഉള്ളില്‍ അവള്‍ക്കുമാത്രമറിയാവുന്ന ചില രഹസ്യങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു താന്‍ ഇനി അധികകാലം ജീവിച്ചിരിക്കുകയില്ലെന്നത്. എന്നിട്ടും ജീവിതം അവള്‍ക്കു വെറുമൊരു നേരമ്പോക്കായിരുന്നു. ഉള്ളില്‍ കരഞ്ഞുകൊണ്ടും പുറമേ ചിരിച്ചുകൊണ്ടും അവള്‍ ജീവിതത്തെയും മരണത്തെയും ഒന്നുപോലെ നേരിട്ടു.
മരണത്തിനുപോലും പ്രണയത്തെ തോല്പിക്കാനാവില്ലെന്ന് ഉത്തമഗീതത്തില്‍ പറയുന്നുണ്ട്. മരണം തൊട്ടരികത്തുള്ളപ്പോഴും പരസ്പരം പ്രണയിക്കുന്നതിനു രോഗമോ മരണമോ തടസ്സമല്ലെന്നു വ്യക്തമാക്കിയ ഒരു സിനിമയുണ്ട്. ദേശാടനംപോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ജയരാജിന്റെ, ഒട്ടും ശ്രദ്ധിക്കപ്പെടാതെപോയ ചിത്രം. ബായ്ക്ക് പാക്കേഴ്സ് എന്നാണു  പേര്. ഒടിടി റീലിസായെത്തിയ ചിത്രത്തില്‍ കാളിദാസ് ജയറാമായിരുന്നു നായകന്‍. രണ്ടു കാന്‍സര്‍ രോഗികള്‍ പ്രണയത്തിലാവുന്നതായിരുന്നു ഈ സിനിമയുടെ കഥ. മരണത്തിനുമുമ്പുള്ള ഇടവേളയില്‍ കണ്ടുമുട്ടി ജീവിതത്തിന്റെ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഖലീലിന്റെയും ദയയുടെയും കഥയായിരുന്നു ബാക്ക് പായ്ക്കേഴ്സ് പറഞ്ഞത്.
പെട്ടെന്നുള്ള മരണങ്ങള്‍ എല്ലാവര്‍ക്കും വേദനയും നടുക്കവും സൃഷ്ടിക്കും. എന്നാല്‍, മാറാരോഗം പിടിപെട്ടു ജീവിതത്തിലേക്കു മടക്കവും മരണത്തിന്റെ പെട്ടെന്നുളള കടന്നുവരവും ഇല്ലാതെ അനിശ്ചിതത്വത്തില്‍ കഴിയുന്ന അവസ്ഥ വളരെ ദയനീയമാണ്; രോഗിക്കും അവരെ പരിചരിക്കുന്നവര്‍ക്കും. സിനിമകളില്‍ ഉള്ളതുപോലെ കാല്പനികതലമൊന്നും നിത്യജീവിതത്തില്‍ അതിനുണ്ടായിരിക്കുകയുമില്ല. അതുകൊണ്ടുതന്നെ രോഗികള്‍ മരിച്ചുപോയിരുന്നെങ്കിലെന്നു മനസ്സിലെങ്കിലും പ്രാര്‍ഥിച്ചുപോവുകയും ചെയ്യും.
ദീര്‍ഘായുസ്സിനെ ദൈവത്തിന്റെ പ്രത്യേകദാനമായിട്ടാണു ബൈബിള്‍ കാണുന്നതെങ്കിലും ദീര്‍ഘകാലം നാം ജീവിച്ചിരുന്നാലും അതിനനുസരിച്ചു നന്മ ചെയ്യുന്നില്ലെങ്കില്‍ അതുകൊണ്ടു പ്രയോജനമൊന്നും ഇല്ലെന്ന ആശയം 'ക്രിസ്ത്വനുകരണം' അവതരിപ്പിക്കുന്നുണ്ട്. ദീര്‍ഘകാലം ജീവിച്ചിരിക്കുമ്പോള്‍ കൂടുതല്‍ പാപങ്ങള്‍ ചെയ്യാനാണു സാധ്യതയും. അതുകൊണ്ട്, ദീര്‍ഘായുസ്സു ലഭിച്ചാല്‍ ദീര്‍ഘകാലനന്മകള്‍ ചെയ്യാന്‍കൂടി നാം തയ്യാറായിരിക്കണം.  ഏതു നിമിഷവും മരണം നമ്മെ സമീപിച്ചേക്കാം. 'ഒരുക്കമുള്ളവരായിരിക്കുവിന്‍' എന്നു ബൈബിള്‍ പറയുന്നതിന്റെ ഗൗരവം ഇത്തരമൊരു സാഹചര്യത്തിലാണു കാണേണ്ടത്.
കര്‍ത്താവേ, എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യമെന്തെന്ന് എന്നെ പഠിപ്പിക്കണമേയെന്നു സങ്കീര്‍ത്തനകാരനെപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം.

 

Login log record inserted successfully!