2025 ഡിസംബര്‍ 15 ന് ദൈവദാസന്‍ ബ്രൂണോ കണിയാരകത്തച്ചന്റെ 34-ാം ചരമവാര്‍ഷികം
അന്നൊരു ബുധനാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1923 മേയ് 20-ാം തീയതി ബുധനാഴ്ച. ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദൈവാലയവും പരിസരവും അണിഞ്ഞൊരുങ്ങി, ഫ്‌ളക്‌സുകളോ കമാനങ്ങളോ ഇല്ലാതെതന്നെ. ഉച്ചഭാഷിണിയുമില്ലായിരുന്നു. മനോഹരമായ ദൈവാലയമുറ്റത്തേക്ക് ഒരുപറ്റം വിശ്വാസികള്‍ നടന്നെത്തി. അവര്‍ ബഹുമാനപ്പെട്ട പ്രിയോരച്ചന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി മെത്രാന്‍ മാര്‍ ജെയിംസ് കുര്യാളശേരിപ്പിതാവിനെ സ്വീകരിക്കാന്‍ ഒരുങ്ങിനിന്നു. വില്ലുവണ്ടിയിലാണ് പിതാവെത്തുക. അദ്ദേഹം എത്തുന്നത് സഭയിലെ ഏഴു ഡീക്കന്മാര്‍ക്ക് കുര്‍ബാനപ്പട്ടം കൊടുക്കുന്നതിനാണ്. ആ ഏഴു ഡീക്കന്മാരില്‍ ഒരാള്‍ കഥാപുരുഷന്‍ ബ്രൂണോ കണിയാരകത്തായിരുന്നു. പുത്തൂര്‍ ജോസഫ് ഏലിയാസ്, മുണ്ടകത്തില്‍ ഇരനേവൂസ്, റാത്തപ്പള്ളില്‍ തോബിയാസ്, കൊട്ടാരം ലീനൂസ്, പൈകട ലംബൈ, മാമ്പ്ര അലക്‌സിസ് എന്നിവരായിരുന്നു മറ്റ് ആറു ഡീക്കന്മാര്‍. കുര്യാളശേരില്‍പ്പിതാവില്‍നിന്നു വൈദികപട്ടം സ്വീകരിച്ച ബ്രൂണോ അച്ചന്‍ അടുത്തദിവസം മുത്തോലി ആശ്രമദൈവാലയത്തില്‍ പ്രഥമബലിയര്‍പ്പിച്ചു. വീടിനടുത്തുള്ള ആശ്രമദൈവാലയത്തില്‍ പ്രഥമബലിയര്‍പ്പിക്കുക എന്നതായിരുന്നു അക്കാലത്തെ രീതി. പ്രാര്‍ഥനയുടെയും ശൂശ്രൂഷാപൗരോഹിത്യത്തിന്റെയും പുതിയൊരു കവാടം ബ്രൂണോ അച്ചന്‍ അവിടെ തുറക്കുകയായിരുന്നു.
പുരോഹിതന്‍ തന്റെ സ്വന്തമല്ല. അവന്‍ ദൈവത്തിനും ദൈവജനത്തിനുംവേണ്ടി വില്ക്കപ്പെട്ടവനാണ്. ഈ ദര്‍ശനം പ്രായോഗികമാക്കിയ പുണ്യപുരോഹിതനായിരുന്നു ബ്രൂണോ അച്ചന്‍. അദ്ദേഹത്തിന് സ്വന്തമായി ഒന്നുമില്ലായിരുന്നു. ഒന്നിനെയും സ്വന്തമാക്കാന്‍ ആഗ്രഹിച്ചുമില്ല. ലോകത്തിന്റെ വശ്യഭാവങ്ങളോട് അദ്ദേഹം മുഖംതിരിച്ചു. ''ശ്ലീഹന്മാരീ ലോകത്തിന്‍ വശ്യത കണ്ടു മയങ്ങാതെ ജിതമാനസരായി ജീവിച്ചു' എന്ന ആബേലച്ചന്റെ പ്രാര്‍ഥനാഗീതം മുന്‍കൂട്ടി ഹൃദയത്തില്‍ മൂളിയിരുന്ന സര്‍വസംഗപരിത്യാഗി! എല്ലാം ദൈവതിരുമനസ്സ്! അതനുസരിച്ച് എല്ലാം നിറവേറി എന്നു ധ്യാനിച്ചിരുന്ന ദൈവോന്മുഖന്‍. ഇങ്ങനെയൊക്കെയായിരുന്നു ബ്രൂണോ അച്ചന്‍ എന്ന സന്ന്യാസപുരോഹിതന്‍.
അറുപത്തിയെട്ടു വര്‍ഷത്തെ പൗരോഹിത്യജീവിതത്തിനിടയില്‍ പതിനാറ് ആശ്രമങ്ങളില്‍ ജപധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് ആത്മാവച്ചന്‍ ജീവിച്ചു. ഒരിടത്തുപോലും അധികാരത്തിന്റെ കസേരയില്‍ അദ്ദേഹം ഇരുന്നില്ല. പ്രാര്‍ഥനയും ഉപവിശുശ്രൂഷകളുംകൊണ്ട് പരിപൂതമായിരുന്നു ആ ജീവിതം. ഛില ംവീ ാലറശമേലേ ൌു ീി ആൃമവാമി യലരീാല െയൃമവാമി എന്ന് മുണ്ഡകോപനിഷത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഈശ്വരനെ ധ്യാനിച്ചു ധ്യാനിച്ച് ഈശ്വരഭാവമുള്ളവനായി മാറിയ മനുഷ്യനായിരുന്നു ബ്രൂണോ അച്ചന്‍. അദ്ദേഹത്തില്‍ തിളങ്ങിയിരുന്ന ദൈവികചൈതന്യം വിശ്വാസികള്‍ വേഗം തിരിച്ചറിഞ്ഞു. പ്രാര്‍ഥിക്കാനും വെഞ്ചരിക്കാനുമായി ഭക്തര്‍ അച്ചന്റെ അടുക്കലേക്ക് കൂടക്കൂടെ എത്തിക്കൊണ്ടിരുന്നു. വീടുകളില്‍ വണ്ടിന്റെ ശല്യമുള്ളവര്‍ പ്ലാസ്റ്റിക് കൂട്ടില്‍ മൂന്നാലു വണ്ടുകളെ കൊണ്ടുവരും. പാടത്തു ചാഴിശല്യമുള്ളവര്‍ കുപ്പിയില്‍ ചാഴിയെ കൊണ്ടുവരും. തെങ്ങിന്‍തോപ്പില്‍ എലിയുടെയും അണ്ണാന്റെയും ശല്യമുള്ളവര്‍ എലി കരണ്ട ചൊട്ടയ്ക്ക കൊണ്ടുവരും. ബ്രൂണോ അച്ചന്‍ പ്രാര്‍ഥിച്ച് അവയുടെമേല്‍ വിശുദ്ധജലം തളിക്കും. അവയെ എടുത്ത സ്ഥലത്തുതന്നെ തുറന്നുവിട്ടേക്കാന്‍ പറയും. മൂന്നുനാള്‍കൊണ്ട് കീടങ്ങളുടെ ശല്യം പാടേ തീരും. ഇത് എഴുതുന്ന ആള്‍തന്നെ ഈ സംഭവങ്ങള്‍ക്കു സാക്ഷിയാണ്.
1986 ല്‍ കോളജ്പഠനത്തിന്റെ ഭാഗമായി കുര്യനാട് ആശ്രമത്തില്‍ താമസിക്കാന്‍ എത്തിയപ്പോഴാണ് ബ്രൂണോ അച്ചനെ ആദ്യമായി ഞാന്‍ കാണുന്നത്. ആശ്രമത്തിന്റെ അകവും പരിസരവും കണ്ടശേഷം പള്ളിയിലെത്തി. അവിടെ അതാ, അള്‍ത്താരയ്ക്കു സമീപം മെലിഞ്ഞുണങ്ങിയ ഒരാള്‍ കൈവിരിച്ചുനിന്നു പ്രാര്‍ഥിക്കുന്നു. അത് ബ്രൂണോ അച്ചനായിരുന്നു. ആ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്.
കാഴ്ചയിലാശ്ചര്യം തോന്നുമുട / ലൊട്ടിയ കവിളുകള്‍ കണ്ണുകളോ / പാതിയടഞ്ഞതി തീവ്രധ്യാനത്തില്‍ / മുഴുകിയവനാ തിരുസന്നിധിയില്‍
ആകാരഭംഗിയില്ലെങ്കിലും ആ കൃശഗാത്രത്തിനുള്ളിലെ ആത്മശോഭ ആര്‍ക്കും ദൃശ്യമായിരുന്നു. കണ്ണുകള്‍ കുഴിഞ്ഞതായിരുന്നെങ്കിലും ദിവ്യശക്തി പ്രസരിപ്പിച്ചിരുന്നു. കവിളുകള്‍ ഒട്ടിയതായിരുന്നെങ്കിലും മാര്‍ദവമേറിയതായിരുന്നു. ജപധ്യാനങ്ങള്‍കൊണ്ട് ശുഷ്‌കിച്ചുപോയ ആ സന്ന്യാസിയെ ഭയഭക്തിബഹുമാനത്തോടെയാണ് ജനങ്ങള്‍ സമീപിച്ചിരുന്നത്. ബ്രൂണോ അച്ചന്‍ നടന്നുപോകുമ്പോള്‍ പീടികത്തിണ്ണയില്‍ ഇരിക്കുന്ന വ്യക്തികള്‍ എഴുന്നേറ്റ് മുണ്ടു താഴ്ത്തിയിട്ട് തലയിലെ കെട്ടഴിച്ച് കൈകൂപ്പി നില്ക്കുമായിരുന്നു. അച്ചന്‍ ബസു കയറാന്‍ നില്ക്കുമ്പോള്‍ സമീപത്തെ കടയില്‍നിന്നും സ്റ്റൂള്‍ കൊണ്ടുവന്ന് അച്ചനെ അതിന്മേല്‍ ഇരുത്തുമായിരുന്നു. ആത്മാവച്ചനെപ്പറ്റി പഴമക്കാര്‍ പറയുന്ന സാക്ഷ്യങ്ങളാണിതൊക്കെ.
അതിരാവിലെ ഉറക്കമുണരുന്ന ബ്രൂണോ അച്ചന്‍ പ്രഭാതകര്‍മങ്ങള്‍ക്കുശേഷം ആശ്രമത്തിനുള്ളിലെ ചാപ്പലില്‍ കുര്‍ബാന ചൊല്ലും. തുടര്‍ന്ന് പ്രധാനദൈവാലയത്തിലെത്തി വൈദികര്‍ പ്രാര്‍ഥിക്കുന്ന സ്ഥലത്ത് അദ്ദേഹത്തിനുള്ള കസേരയില്‍ ഇരിക്കും. പ്രഭാതത്തില്‍ രണ്ടു കുര്‍ബാനകളാണ് പള്ളിയിലുള്ളത്. ആ രണ്ടു കുര്‍ബാനയിലും ബ്രൂണോ അച്ചന്‍ പങ്കെടുക്കും. അങ്ങനെ ഒരു കുര്‍ബാന ചൊല്ലിയും രണ്ടു കുര്‍ബാനയില്‍ പങ്കെടുത്തുമാണ് അച്ചന്‍ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. പകല്‍മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയിലായിരിക്കും. ആ സമയത്ത് ആരു വന്നു വിളിച്ചാലും മടുപ്പില്ലാതെ അദ്ദേഹം എഴുന്നേറ്റുചെല്ലും. ചിലര്‍ക്ക് കുമ്പസാരിക്കണം, ചിലര്‍ക്കു വെഞ്ചരിക്കണം, ചിലര്‍ക്ക് ഉപദേശം വേണം മറ്റു ചിലര്‍ക്ക് പ്രശ്‌നം പരിഹരിച്ചുകിട്ടണം. ഓരോരുത്തര്‍ക്കും വേണ്ടത് അച്ചന്‍ ചെയ്തുകൊടുക്കും. ഉച്ചതിരിഞ്ഞ് മൂന്നര മണിയ്ക്കത്തെ കാപ്പിക്കുശേഷം അദ്ദേഹം നടക്കാനിറങ്ങും. ഓരോ ദിവസവും ദിശകള്‍ മാറിമാറിയാണ് അദ്ദേഹം നടന്നിരുന്നത്. സാവധാനത്തിലാണെങ്കിലും കിലോമീറ്ററുകള്‍ അദ്ദേഹം സഞ്ചരിക്കുമായിരുന്നു. ആരോഗ്യസംരക്ഷണമോ വിനോദമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ നടപ്പിന്റെ ലക്ഷ്യം. പ്രാര്‍ഥനാപൂരിതമായ ആ സഞ്ചാരം ദരിദ്രരെ കാണാനും ഗ്രാമത്തെ വിശുദ്ധീകരിക്കാനുമായിരുന്നു. ദരിദ്രരുടെ വീടുകള്‍ അദ്ദേഹം കണ്ടുവച്ചിരുന്നു. ഏതു വീട്ടിലാണ് കയറേണ്ടതെന്നും അച്ചനറിയാമായിരുന്നു. ആറു മണിക്കു മുമ്പുതന്നെ നടപ്പ് പൂര്‍ത്തിയാക്കി അച്ചന്‍ ആശ്രമത്തിലെത്തും. സന്ധ്യാമണി അടിക്കുമ്പോള്‍ പ്രാര്‍ഥനയ്ക്കായി അച്ചന്‍ പള്ളിയിലുണ്ടായിരിക്കും.
ഇങ്ങനെ മുപ്പത്തിയയ്യായിരത്തി നാനൂറ്റിയഞ്ചു പകലുകള്‍ ദൈവത്തിനും ദൈവജനത്തിനും പ്രീതി നല്കിക്കൊണ്ട് ആത്മാവച്ചന്‍ ജീവിച്ചു. പതിനായിരങ്ങള്‍ക്കു പാപമോചനം നല്കി. ആയിരങ്ങള്‍ക്ക് മാമ്മോദീസാ നല്കി. നൂറുകണക്കിനു കുടുംബങ്ങളില്‍ ശാന്തി പടര്‍ത്തി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയായ ബ്രൂണോ അച്ചന്‍ നിത്യപുരോഹിതനായ ഈശോയുടെ പ്രതിരൂപമായി അറുപത്തെട്ടു വര്‍ഷക്കാലം പുരോഹിതശുശ്രൂഷ ചെയ്തു.
ബ്രൂണോ അച്ചന്‍ ശാരീരികമായി ഈ ലോകത്തോടു യാത്ര പറഞ്ഞിട്ട് മുപ്പത്തിനാലു വര്‍ഷമായെങ്കിലും അദ്ദേഹത്തിന്റെ അലൗകികസാന്നിധ്യം വിശ്വാസികള്‍ ഇന്നും തൊട്ടറിയുന്നു. ആത്മാവച്ചന്റെ വിശുദ്ധജീവിതം അടുത്തറിഞ്ഞിരുന്ന നാട്ടുകാര്‍ (അതില്‍ അന്യമതസ്ഥര്‍ ധാരാളം) അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട് ഒപ്പുകള്‍ ശേഖരിച്ച് ആശ്രമം പ്രിയോര്‍ക്കു കൊടുത്തു. അദ്ദേഹം അതു പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവിനെ ഏല്പിച്ചു. നാട്ടുകാരുടെ വിശ്വാസവും അഭ്യര്‍ഥനകളും ഗൗരവത്തോടും അതിലേറെ താത്പര്യത്തോടും കണ്ട പിതാവ് കമ്മിഷന്‍ രൂപീകരിക്കുകയും പഠിക്കുകയും ചെയ്തു. കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം സഭാപരമായ നടപടികള്‍ സ്വീകരിച്ച് ആത്മാവച്ചനെ 2021 ഡിസംബര്‍ 15-ാം തീയതി ദൈവദാസനായി പ്രഖ്യാപിച്ചു. ഈ പുണ്യപുരുഷ7െന്റ കബറിടത്തുങ്കല്‍ പ്രാര്‍ഥിക്കാനായി എത്തുന്നവരുടെ എണ്ണം ഏറിക്കൊണ്ടിരുന്നു. അനുഗ്രഹം ലഭിച്ചതിന്റെയും ഹൃദയസമാധാനം കിട്ടിയതിന്റെയും സാക്ഷ്യങ്ങളാണ് അവര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത്. ഈ പുരോഹിതപുണ്യത്തെ എത്രയുംവേഗം വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ദൈവം ഇടവരുത്തട്ടെയെന്നു നമുക്കു പ്രാര്‍ഥിക്കാം.
ഫാ. വര്‍ക്കി ചക്കാലയില്‍ സി.എം.ഐ.
