•  18 Dec 2025
  •  ദീപം 58
  •  നാളം 41
ലേഖനം

പ്രവാചകവൃന്ദം : പ്രവചനങ്ങളും മുന്നറിയിപ്പുകളും

    യഹൂദരുടെ 70 വര്‍ഷത്തെ പ്രവാസകാലത്താണ് ജറെമിയാ, എസെക്കിയേല്‍, ദാനിയേല്‍ തുടങ്ങിയവരുടെ പ്രവചനകാലം. ഇതേക്കുറിച്ച് 2 ദിനവൃത്താന്തത്തില്‍ സൂചനയുണ്ട്: പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ് തന്റെ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം അപ്രതിഹതമാംവിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു (2 ദിനവൃത്താന്തം 36:15-16).
    ജറെമിയായുടെ പ്രവചനം ഇപ്രകാരമായിരുന്നു: ''ബാബിലോണില്‍ 70 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളെ ഈ സ്ഥലത്തേക്കു തിരികെക്കൊണ്ടുവരുമെന്നുള്ള എന്റെ വാഗ്ദാനം നിറവേറ്റും. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും, എന്റെയടുക്കല്‍ വന്നു പ്രാര്‍ഥിക്കും, ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളില്‍നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും'' (ജറെമിയ 29:10-14). ജറെമിയ തുടരുന്നു: ''എന്റെ ജനമായ ഇസ്രയേലിന്റെയും യൂദായുടെയും സുസ്ഥിതി പുനഃസ്ഥാപിക്കാനുള്ള ദിവസം വരുന്നു. അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ കൊടുത്തിട്ടുള്ള ദേശത്തേക്കു ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും, അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും'' (ജറെമിയ 30:3). ''എന്റെ ദാസനായ യാക്കോബേ, നിന്നെ വിദൂരദേശങ്ങളില്‍നിന്നും  നിന്റെ മക്കളെ പ്രവാസത്തില്‍നിന്നും ഞാന്‍ രക്ഷിക്കും. യാക്കോബ് മടങ്ങിവന്ന് ശാന്തി നുകരും. നിന്നെ രക്ഷിക്കാന്‍ നിന്നോടുകൂടെ ഞാനുണ്ട്. ആരുടെ ഇടയില്‍ നിന്നെ ചിതറിച്ചോ ആ ജനതകളെയെല്ലാം ഞാന്‍ നിശ്ശേഷം നശിപ്പിക്കും'' (ജറെമിയ 30:10-11, 46:27-28). ബി സി 627 മുതല്‍ 586 വരെയുള്ള 41 വര്‍ഷം ജറെമിയ പ്രവചിച്ചുനടന്നു.
    ബി സി 570 മുതല്‍ 539 വരെയുള്ള 31 വര്‍ഷമായിരുന്നു എസെക്കിയേലിന്റെ പ്രവചനകാലം. അദ്ദേഹം ഇപ്രകാരം പ്രവചിച്ചു: ''ജനതകളുടെയിടയില്‍നിന്നു ഞാനവരെ തിരിയെകൊണ്ടുവരുകയും ശത്രുരാജ്യങ്ങളില്‍നിന്ന് അവരെ ഒരുമിച്ചുകൂട്ടുകയുംചെയ്യും. അങ്ങനെ അവരിലൂടെ അനേകം ജനതകളുടെ മുമ്പില്‍ എന്റെ വിശുദ്ധി ഞാന്‍ വെളിപ്പെടുത്തും. അപ്പോള്‍ ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്ന് അവര്‍ അറിയും, എന്തെന്നാല്‍, ഞാന്‍ അവരെ ജനതകളുടെയിടയില്‍ പ്രവാസത്തിനയയ്ക്കുകയും  തുടര്‍ന്ന് അവരെ സ്വദേശത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്തു. ഇസ്രയേല്‍ ഭവനത്തില്‍നിന്നും ഞാന്‍ എന്റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല'' (എസെക്കിയേല്‍ 39:27-29).
ദൈവമായ കര്‍ത്താവിനോട് അവിടുത്തെ ജനത്തിനുവേണ്ടി മാപ്പപേക്ഷിക്കുന്ന ദാനിയേല്‍ പ്രവാചകന്റെ പ്രാര്‍ഥന ഹൃദയസ്പര്‍ശിയാണ്: ''ഞങ്ങളുടെ പാപങ്ങളും പിതാക്കന്മാരുടെ അകൃത്യങ്ങളും നിമിത്തം ജറുസലെമും അങ്ങയുടെ ജനവും ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയമായി. ആകയാല്‍, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ദാസന്റെ പ്രാര്‍ഥനയും യാചനകളും ചെവിക്കൊണ്ട് ശൂന്യമായിക്കിടക്കുന്ന അങ്ങയുടെ ആലയത്തെ അങ്ങയുടെ നാമത്തെപ്രതി കടാക്ഷിക്കണമേ! എന്റെ ദൈവമേ അങ്ങ് ചെവി ചായിച്ച് കേള്‍ക്കണമേ! കര്‍ത്താവേ, ശ്രവിക്കണമേ! കര്‍ത്താവേ ക്ഷമിക്കണമേ! കര്‍ത്താവേ, ചെവിക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ!'' (ദാനിയേല്‍ 9:16-19).
ബാബിലോണ്‍പ്രവാസം
   ബാബിലോണിലേക്കു നാടുകടത്തപ്പെട്ടവരുടെ 70 വര്‍ഷത്തെ പ്രവാസകാലം സമാധാനപൂര്‍ണമായിരുന്നുവെന്നു ചരിത്രം സാക്ഷിക്കുന്നുണ്ട്. സ്വതന്ത്രമായി ജീവിക്കാനും  യഹൂദാചാരങ്ങള്‍ അനുഷ്ഠിക്കാനും തടസ്സമില്ലായിരുന്നു. ഛേദനാചാരവും സാബത്തും മുടക്കംകൂടാതെ ആചരിക്കാനും സാധിച്ചു. വീടുകളില്‍ പ്രാര്‍ഥനാമുറികള്‍ സജ്ജമാക്കി പ്രാര്‍ഥിക്കാനും, പട്ടണങ്ങളില്‍ സിനഗോഗുകള്‍ നിര്‍മിച്ച് നിയമഗ്രന്ഥവും (തോറ) സങ്കീര്‍ത്തനങ്ങളും  മനഃപാഠമാക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. പ്രത്യേകം വേര്‍തിരിച്ചു നല്കപ്പെട്ട കൃഷിയിടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താനും, വ്യാപാരത്തില്‍ അഭിരുചിയുള്ളവര്‍ക്ക് കച്ചവടത്തിലൂടെ പണം സമ്പാദിക്കുന്നതിനും  അനുവാദമുണ്ടായിരുന്നു. ആടുമാടുകളെ വളര്‍ത്തിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം നടത്തുന്ന യഹൂദരും നിരവധിയായിരുന്നു.
യുവാവായിരിക്കെ ബാബിലോണിലേക്കു നാടുകടത്തപ്പെട്ട ദാനിയേല്‍, രാജാവിനുണ്ടായ ഒരു സ്വപ്നം വ്യാഖ്യാനിച്ചുകൊടുത്തതില്‍ സംപ്രീതനാവുകയും അവനെ ബാബിലോണ്‍പ്രവിശ്യയുടെ ഗവര്‍ണറായും അനേകം രാജാക്കന്മാരുടെ ഉപദേശകനായും നിയമിച്ചത് വിശുദ്ധഗ്രന്ഥത്തില്‍ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവ് ദാനിയേലിനോടു പറഞ്ഞു: ''നിന്റെ ദൈവം സത്യമായും ദേവന്മാരുടെ ദൈവവും, രാജാക്കന്മാരുടെ  കര്‍ത്താവും, രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനുമാണ്. എന്തെന്നാല്‍, ഈ രഹസ്യം വെളിപ്പെടുത്താന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.'' രാജാവ് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും ദാനിയേലിനു കൊടുത്തു. അവനെ ബാബിലോണ്‍ പ്രവിശ്യയുടെ ഭരണകര്‍ത്താവും, രാജ്യത്തെ എല്ലാ ജ്ഞാനികളുടെയും തലവനുമായി നിയമിക്കുകയും ചെയ്തു (ദാനിയേല്‍ 2:47-48).
ദാനിയേലിന്റെ ഉയര്‍ച്ച പൂര്‍വപിതാവായ ജോസഫിന്റെ ജീവിതത്തോടു താരതമ്യപ്പെടുത്തിയിട്ടുള്ള ദൈവശാസ്ത്രജ്ഞന്മാരുണ്ട്. ജോസഫ് ഫറവോയുടെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുകയും ഈജിപ്തിലെ ജനങ്ങളെ ക്ഷാമത്തില്‍നിന്നു രക്ഷിക്കുകയും ചെയ്തു. ഫറവോ ജോസഫിനോടു പറഞ്ഞു: ''നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും. ഇതാ, ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു'' (ഉത്പത്തി 41:37-41).
    നബുക്കദ്‌നേസറിന്റെ പൗത്രനായ ബല്‍ഷാസറിന്റെ പിന്‍ഗാമിയായി ബാബിലോണ്‍ ഭരിച്ച ദാരിയൂസിന്റെ പ്രീതിക്കു പാത്രമായിരുന്ന ദാനിയേലിന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ദേശാധിപന്മാരും തലവന്മാരുംചേര്‍ന്ന് അവന്റെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ''അടുത്ത മുപ്പതുദിവസത്തേക്ക് രാജാവിനോടല്ലാതെ മറ്റേതെങ്കിലും ദേവന്മാരാടോ മനുഷ്യരോടോ പ്രാര്‍ഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞുകളയണം'' എന്ന രാജശാസനത്തില്‍ രാജാവ് മുദ്രവച്ചു. ദിവസേന മൂന്നു നേരവും മുട്ടിന്മേല്‍നിന്ന് തന്റെ ദൈവത്തോടു പ്രാര്‍ഥിക്കുന്ന ദാനിയേലിനെ കണ്ട അവന്റെ ശത്രുക്കള്‍ രാജകല്പന ലംഘിച്ചുവെന്നാരോപിച്ച് അവനെ സിംഹക്കുഴിയിലേക്കെറിയുകയായിരുന്നു. രാത്രി മുഴുവന്‍ ദുഃഖിതനായും നിദ്രാരഹിതനായും ഉപവാസത്തില്‍ ചെലവഴിച്ചശേഷം പിറ്റേന്നു പ്രഭാതത്തില്‍ സിംഹക്കൂട്ടിലെത്തിയ ദാരിയൂസിനോടു ദാനിയേല്‍ പറഞ്ഞു: ''തന്റെ മുമ്പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. രാജാവേ, നിന്റെ മുമ്പിലും ഞാന്‍ നിരപരാധനാണല്ലോ.'' അത്യധികം സന്തോഷിച്ച രാജാവ് ദാനിയേലിനെ കുഴിയില്‍നിന്നുകയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍പോലും ഏറ്റതായി കണ്ടില്ല. ദാനിയേലിനെ കുറ്റംവിധിച്ചവരെയും  അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്പനപ്രകാരം സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയില്‍ എത്തുംമുമ്പേ സിംഹങ്ങള്‍ അവരെ അടിച്ചുവീഴ്ത്തി. അസ്ഥികള്‍ ഒടിച്ചുനുറുക്കി (ദാനിയേല്‍ 6:18-24).
   തുടര്‍ന്ന്, ദാരിയൂസ്‌രാജാവ് ഭൂമിയിലുള്ള സകല ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കും ഇപ്രകാരമെഴുതി: ''എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനുമുമ്പില്‍ ഭയന്നുവിറയ്ക്കണമെന്ന് ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം. അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല. അവിടുന്നു രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ  പിടിയില്‍നിന്നു രക്ഷിച്ചത്''. ദാരിയൂസിന്റെയും പേര്‍ഷ്യക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യപൂര്‍വം ജീവിച്ചു (ദാനിയേല്‍ 6:25-28).
    ദാനിയേല്‍ സിംഹക്കൂട്ടിലെറിയപ്പെട്ടത് 81-ാം വയസിലാണെന്നും, അതിനടുത്ത വര്‍ഷം അദ്ദേഹം മരണപ്പെട്ടുവെന്നും കണക്കാക്കിയിട്ടുണ്ട്. ബി സി 538 ലായിരിക്കും അദ്ദേഹത്തിന്റെ വിയോഗമെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.
അസ്‌സീറിയയുടെയും ബാബിലോണിന്റെയും ആക്രമണങ്ങളില്‍ ചിതറിക്കപ്പെട്ട ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായും ആമോസും പ്രവചിച്ചിരുന്നത് ശ്രദ്ധേയമാണ്: ''ഫിലിസ്ത്യരെ ഉന്മൂലനം ചെയ്യുകയും  ടയിറിലെയും സീദോനിലെയും അവരുടെ കൂട്ടാളികളെ വിച്ഛേദിക്കുകയും ചെയ്യുന്ന ദിനം വരുന്നു. കഫ്‌തോര്‍തീരത്ത് അവശേഷിച്ച ഫിലിസ്ത്യരെ കര്‍ത്താവു നശിപ്പിക്കും. ഗാസാ ശൂന്യമായി, അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. കര്‍ത്താവിന്റെ വാളേ, നീ എന്നു നിശ്ചലമാകും? അഷ്‌കലോണിനും സമുദ്രതീരത്തിനുമെതിരേ കര്‍ത്താവ് അതിനെ അയച്ചിരിക്കുന്നു'' (ജറെമിയ 47:4-7).
    കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു: ''ഗാസാ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി. ഗാസായുടെ മതിലിന്മേല്‍ ഞാന്‍ അഗ്നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗങ്ങളെ  അതു വിഴുങ്ങിക്കളയും. അഷ്‌ദോദില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്ഛേദിക്കും, അഷ്‌കലോണില്‍നിന്ന് ചെങ്കോലേന്തുന്നവനെയും. എക്രോണിനെതിരേ ഞാന്‍ കൈ ഉയര്‍ത്തും. ഫിലിസ്ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും'' (ആമോസ് 1:6-8).
    ഇസ്രയേല്‍ജനം ചെയ്ത പാപങ്ങളും അതിക്രമങ്ങളും ഓര്‍ത്ത് അനുതപിക്കാനും, കര്‍ത്താവായ ദൈവത്തിലേക്കു തിരിയെച്ചെല്ലാനുമുള്ള പ്രവാചകരുടെ ആഹ്വാനം ബധിരകര്‍ണങ്ങളിലാണു പതിച്ചത്. അതിനാല്‍ ഇസ്രയേലിന്റെ നാശം കാലേകൂട്ടി ആമോസ് പ്രവാചകന്‍ വഴി അവിടുന്നു വെളിപ്പെടുത്തി: 
''ഇസ്രയേല്‍ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്മാരെ വെള്ളിക്കു വില്ക്കുന്നു, ഒരു ജോടി ചെരുപ്പിനു സാധുക്കളെയും. പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു'' (ആമോസ് 2:6-7).
''ഇസ്രയേല്‍ജനമേ, ഈജിപ്തില്‍ നിന്നും കര്‍ത്താവ് മോചിപ്പിച്ച ഇസ്രയേല്‍ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുള്‍ച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍. ഭൂമിയിലുള്ള സകല ജനതകളിലുംവച്ച് നിങ്ങളെ മാത്രമാണ്  ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും'' (ആമോസ് 3:1-2).
     ഈജിപ്തിന്റെയും അസ്‌സീറിയയുടെയും ബാബിലോണിന്റെയും അധിനിവേശങ്ങള്‍ക്കൊടുവില്‍ ഫിലിസ്ത്യര്‍ തിരിച്ചറിയാനാവാത്തവിധം  ഭൂമിയില്‍നിന്നും അപ്രത്യക്ഷരായതായി ചരിത്രരേഖകളുണ്ട്. അനേകംപേര്‍ യഹൂദജനത്തോടൊപ്പം ബാബിലോണിലേക്കു നാടുകടത്തപ്പെട്ടു. ശേഷിച്ചവരാകട്ടെ മറ്റു വംശങ്ങളുമായി ലയിച്ചുചേര്‍ന്നുവെന്നും ചരിത്രഗവേഷകര്‍ കണ്ടെത്തി. അക്കാലത്ത് അവിടെയുണ്ടായിരുന്ന കനാന്യരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടും, വിവിധ അറബുരാജ്യങ്ങളിലെ സംസ്‌കാരങ്ങളുമായി ഇഴകിച്ചേര്‍ന്നും രൂപംകൊണ്ടതാണ്  ഇപ്പോഴത്തെ പലസ്തീനികള്‍. എ ഡി 634ലായിരുന്നു വിശുദ്ധനാടുകളിലേക്കുള്ള അറബ്മുസ്ലീമുകളുടെ അധിനിവേശം. രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ഇബ്ന്‍ അല്‍ ഖത്തബിന്റെ കൈകളില്‍ അക്കാലത്തെ ജറുസലെം പാത്രിയര്‍ക്കീസായിരുന്ന സൊഫ്രോണിയസ് നഗരത്തിന്റെ താക്കോലുകള്‍ കൈമാറിയെന്നാണു ചരിത്രം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)