പാരിന്റെ പരിത്രാണകനായ ക്രിസ്തു പിറന്ന പുല്ക്കൂട് പുണ്യങ്ങളുടെ കൂടാണ്. മഞ്ഞില്‍ മിഴിതുറന്ന മലരുകള്‍പോലെ പുണ്യങ്ങള്‍ പുല്ക്കൂട്ടില്‍ പരിലസിക്കുന്നുണ്ട്.
ആദരവ്
പുല്ക്കൂട് ആദരവ് എന്ന പുണ്യത്തിന്റെ കൂടാണ്. മറ്റുള്ളവരെ അംഗീകരിക്കുന്നതിന്റെ പ്രത്യക്ഷമായ പ്രതീകമാണ് ആദരവ്. ആദരം ഔദാര്യത്തോടെ കൊടുക്കേണ്ടതും വിനയത്തോടെ സ്വീകരിക്കേണ്ടതുമാണ്. മനുഷ്യനെ അവന്‍ അര്‍ഹിക്കുന്ന അളവിനുമപ്പുറം ബഹുമാനിക്കുന്ന ദൈവം കാലിത്തൊഴുത്തിലുണ്ട്. അതുകൊണ്ടാണ് അപരാധങ്ങളുടെ അപമാനത്തില്‍നിന്നും അവനെ വീണ്ടെടുക്കാനായി തന്റെ അരുമമകനെ മനുഷ്യനായിത്തന്നെ അവിടുന്ന് മണ്ണിലേക്ക് അയച്ചത്.
ആരെയും അണിയിക്കേണ്ട ആഭരണമാണ് ആദരം. ഒരാള്‍ ആത്യന്തികമായി അണിയേണ്ട ഏറ്റവും മാറ്റുള്ള ആഭരണം മറ്റുള്ളവര്‍ അയാള്‍ക്കു നല്കുന്ന ബഹുമാനമാണ്. അതില്ലെങ്കില്‍ വേറെ എന്തൊക്കെ വാരിച്ചാര്‍ത്തി നടന്നിട്ടും വലിയ കാര്യമൊന്നുമില്ല. കൊടുത്താല്‍മാത്രം കിട്ടുന്ന ഒന്നാണ് ആദരം. മറ്റുള്ളവര്‍ക്ക് അര്‍ഹമായ ബഹുമതിയും വിലയും കൊടുക്കാന്‍ മടിക്കരുത്. ചുറ്റുമുള്ളവരെ കൂടുതല്‍ ശ്രേഷ്ഠരും ആദരണീയരുമായി കരുതാന്‍ ശീലിക്കുമ്പോഴേ അവര്‍ സമ്മാനിക്കുന്ന ആദരവ് എന്ന ആഭരണത്തിനു തൂക്കവും തിളക്കവും കൂടൂ. അപരരെ അപമാനിക്കാനും ആക്ഷേപിക്കാനും എളുപ്പമാണ്. എന്നാല്‍, രണ്ട് നല്ലവാക്ക് പറയാന്‍ അധരത്തിനു അധികശിക്ഷണം ആവശ്യമാണ്. അന്യരെ വിലമതിക്കുമ്പോള്‍ തന്റെതന്നെ വിലയാണ് വര്‍ദ്ധിക്കുന്നത് എന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.
അനുസരണം
പുല്ക്കൂട് അനുസരണം എന്ന പുണ്യത്തിന്റെ കൂടാണ്. ഒരാളുടെ നിയമാനുസൃതമായ അധികാരത്തിനു സ്വയം കീഴടങ്ങുന്നതാണ് അനുസരണം. ആദിയിലെ അനുസരണക്കേടിന്റെ അനന്തരഫലമായി അന്ധകാരശക്തികളുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന മനുഷ്യനെ അനുസരണത്തിന്റെ പ്രഥമപാഠങ്ങള്‍ പഠിപ്പിക്കാന്‍ അനുസരണത്തിന്റെ ആള്‍രൂപമായി പിറന്ന ദൈവം പുല്ക്കൂട്ടിലുണ്ട്. വിധേയത്വത്തിന്റെ വിശുദ്ധലിഖിതമാണവന്‍. അനുസരണമായിരുന്നു അവന്‍ ചെയ്ത ഏക അപരാധം'നമുക്കു സ്വീകാര്യമായവയെ അല്ല, അസ്വീകാര്യമായവയെ അനുസരിക്കുന്നതിലാണ് അനുസരണത്തിന്റെ ആഴവും ആത്മാവും. ഓരോ ജീവിതാന്തസ്സിലും അനുസരണത്തിന് അതിന്റേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. വിധേയത്വത്തിനു വിലകല്പിക്കാത്ത ഒരു സംവിധാനത്തിനും സുഗമമായി മുന്നേറാനാവില്ല. മറ്റു ജീവജാലങ്ങളെ അനുസരിപ്പിക്കാന്‍ പഠിപ്പിച്ചു പഠിപ്പിച്ചു മനുഷ്യന്‍ മനുഷ്യനെ അനുസരിക്കാന്‍ മനസ്സില്ലാത്തവനായി മാറി. ഈ മാറ്റമാണ് മനുഷ്യബന്ധങ്ങളുടെ ഇഴയകലത്തിനു കാരണം. അനുസരണയുടെ ചിന്തേരുകൊണ്ട് പരുപരുത്ത മനോഭാവങ്ങളെ മിനുസപ്പെടുത്താന്‍ സന്നദ്ധരാകുന്ന മാതൃകാജീവിതങ്ങളെ അനുകരിക്കാം. അനുസരണത്തിന്റെ പ്രസരണമില്ലാതായാല്‍ അവഗണന, അവജ്ഞ, അലക്ഷ്യം, ഉപേക്ഷ, ധിക്കാരം എന്നിവ വ്യാപിക്കും. കുടുംബം അനുസരണത്തിന്റെ കൂടാരമായിരിക്കണം. അനുസരണം പറയും: അനുസരിച്ചവരൊക്കെ അനുഗ്രഹങ്ങളേ അനുഭവിച്ചിട്ടുള്ളൂ.'
ദാരിദ്ര്യം
പുല്ക്കൂട് ദാരിദ്ര്യം എന്ന പുണ്യത്തിന്റെ കൂടാണ്. സൗഭാഗ്യങ്ങളുടെ നടുവിലും ദൈവകൃപയിലുള്ള ആശ്രയമാണ് ദാരിദ്ര്യത്തിന്റെ ആത്മാവ്. ദരിദ്രനായ ദൈവത്തിന്റെ ദിവ്യമുഖമാണ് കാലിത്തൊഴുത്തില്‍ കാണുന്നത്. തല ചായ്ക്കാന്‍ തരിയിടമോ, കിടക്കാനൊരു കൂരയോ, കൊടുംതണുപ്പകറ്റാന്‍ കമ്പിളിക്കീറോ ഇല്ലാതെ പരദേശത്തെ പാതയോരത്തുള്ള കാലിക്കൂട്ടില്‍ ജനനം. ആരുടെയോ കാലികള്‍ക്കുവേണ്ടി ആരോ കൂട്ടിവച്ചിരുന്ന കച്ചിക്കെട്ടുകള്‍ അവന്റെ കുട്ടിക്കിടക്കയായി.
ഒന്നുമില്ലാത്തവരായി ഭൂമിയിലേക്കു വന്നെങ്കിലും കൈയിലൊതുങ്ങാത്ത വിധത്തില്‍ പലതും മനുഷ്യര്‍ സ്വന്തമാക്കുന്നുണ്ട്. നാളിതുവരെ നേടിയെടുത്തതെല്ലാം അന്യര്‍ക്കു വാരിക്കൊടുത്ത് നാളെമുതല്‍ കീറത്തുണിയും ചുറ്റി തെരുവിലൂടെ അലഞ്ഞുതിരിയാനല്ല ദുര്‍ഭിക്ഷം ആവശ്യപ്പെടുന്നത്. മറിച്ച്, ഉള്ളായ്മയിലും, ഇല്ലായ്മയുടെ അരൂപിയും ലാളിത്യത്തിന്റെ സ്പര്‍ശവും ജീവിതത്തിന്റെ നാനാമേഖലകളിലും ഉണ്ടാകണം എന്നാണ്. ഒന്നിട്ട് ഊരിയെറിഞ്ഞ് വേറൊരു വിലപ്പിടിപ്പുള്ള വസ്ത്രം കൈയിലെടുക്കുമ്പോള്‍ ഓര്‍ക്കണം, മാറിയുടുക്കാന്‍ മറ്റൊന്നില്ലാത്തവര്‍ മുറ്റത്തുണ്ട്. വിഭവസമൃദ്ധമായ തീന്‍മേശയ്ക്കു ചുറ്റുമിരുന്ന് ഏമ്പക്കമത്സരം നടത്തുമ്പോള്‍ ഓര്‍ക്കണം, വിശന്നുവലയുന്ന ഒട്ടിയ വയറുകള്‍ വഴിയോരങ്ങളില്‍ തളര്‍ന്നുറങ്ങുന്നുണ്ട്. മിച്ചംവരുന്നവ കുപ്പത്തൊട്ടിയില്‍ കുത്തിനിറയ്ക്കുമ്പോള്‍ ഓര്‍ക്കണം, പടിപ്പുരയ്ക്കുപുറത്ത് ഒരുരുളച്ചോറിനുനേരേ ഒരായിരം കൈകള്‍ നീളുന്നുണ്ട്. ശീതീകരിച്ച മുറിക്കുള്ളില്‍ പട്ടുമെത്തയില്‍ കിടക്കുമ്പോള്‍ കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും കമ്പോളങ്ങളിലും കഴിഞ്ഞുകൂടുന്നവരെ ഓര്‍ക്കണം. ദാരിദ്ര്യത്തിന്റെ അരൂപി അന്യംനിന്നുപോയാല്‍ സുഖഭോഗം, ധാരാളിത്തം, ആഡംബരം തുടങ്ങിയ ആപത്തുകള്‍ ആയുസ്സിനെ ആവരണം ചെയ്യും.
ഉത്തരവാദിത്വം
പുല്ക്കൂട് ഉത്തരവാദിത്വം എന്ന പുണ്യത്തിന്റെ കൂടാണ്. ഏറ്റെടുത്തിരിക്കുന്ന ചുമതലകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ബാധ്യതയാണ് ഉത്തരവാദിത്വം. മാനവമോചനം എന്ന വലിയ ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കര്‍ത്താവിനെയാണ് കാലിത്തൊഴുത്തില്‍ കണ്ടുമുട്ടുന്നത്. ദൈവം മനഷ്യനോടു കാട്ടുന്ന മര്യാദയുടെ മുഖം.
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി മുന്നോട്ടു നീങ്ങാനുള്ള ബാധ്യത മനുഷ്യര്‍ക്കുണ്ട്. കൂട്ടുത്തരവാദിത്വത്തിന്റെ അച്ചുതണ്ടിലേ ഭൗമഗോളത്തിനു സുരക്ഷിതമായി കറങ്ങാനാവൂ. കടമകള്‍ വീഴ്ചകൂടാതെയും സന്തോഷത്തോടെയും പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കണം. ഉത്തരവാദിത്വങ്ങളുടെ വലുപ്പച്ചെറുപ്പമല്ല, അവ ചെയ്യുമ്പോഴുള്ള മനോഭാവത്തിനാണ് പ്രാധാന്യം. മക്കള്‍ തങ്ങളുടെ കൊച്ചുകൊച്ചുകടമകള്‍ നേരാംവണ്ണം നിര്‍വഹിക്കുമ്പോള്‍ മാത്രമേ മാതാപിതാക്കള്‍ക്ക് തങ്ങളുടെ വലിയ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കൂ. കടമകളുടെ ഫലം മറ്റുള്ളവര്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള അവബോധം ഓരോരുത്തര്‍ക്കും വേണം. കടപ്പാടിന്റെ കണക്കുപുസ്തകമാണ് മണ്ണിലെ മനുഷ്യജീവിതം. നമ്മുടെ ശരീരാവയവങ്ങള്‍ അവയുടേതായ കടമകള്‍ യഥാക്രമം ചെയ്യുന്നതുപോലെ ഓരോരുത്തരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സമയാസമയം അനുഷ്ഠിക്കണം. കടമവിചാരം വീടിന്റെ കടമ്പയും കടന്നുപോകേണ്ട ഒന്നാണ്. ഉത്തരവാദിത്വചിന്തയുടെ ചെരാത് കരിന്തിരി കത്തിയാല്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ തന്നിഷ്ടം, സ്വാര്‍ഥത, അഴിമതി, അലംഭാവം എന്നിവയുടെ അന്ധകാരം ആധിപത്യം ഉറപ്പിക്കും.
ജ്ഞാനം
പുല്ക്കൂട് ജ്ഞാനം എന്ന പുണ്യത്തിന്റെ കൂടാണ്. ശരിതെറ്റുകളെ തിരിച്ചറിയാന്‍ അനുഭവങ്ങളില്‍നിന്നും ആര്‍ജ്ജിച്ചെടുക്കുന്ന കഴിവാണ് ജ്ഞാനം. ആത്മാവിന്റെ അമൂല്യദാനമായ വിജ്ഞാനത്തിന്റെ വെട്ടത്തില്‍ പുണ്യത്തെയും പാപത്തെയും വേര്‍തിരിച്ചറിയാന്‍ മനുഷ്യരെ പ്രാപ്തരാക്കാന്‍ പാരില്‍ പിറന്ന അറിവിന്റെ ഉറവിടമായ ദൈവമാണ് പുല്ക്കൂട്ടിലുള്ളത്. അവനിയെ ആവരണം ചെയ്തുനില്ക്കുന്ന അജ്ഞതയുടെ അന്ധകാരം അകറ്റാന്‍ അവതരിച്ച ജ്ഞാനദീപം.
അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസ്സുറ്റതും അര്‍ത്ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. മനുഷ്യന്‍ വെറുമൊരു ജീവിയല്ല, ജീവനുള്ള വിജ്ഞാനിയാകണം. അറിവില്ലാത്തവര്‍ ചവറാണ്. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യ വിലമതിക്കാനാവാത്ത ഒരു നിധിയാണ്. അറിവ് ആരെയും അനാഥരാക്കില്ല. വിവരവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവരെയാണ് ഇന്നത്തെ ലോകം ആദരിക്കുന്നതും ആശ്രയിക്കുന്നതും. ജ്ഞാനം പാനം ചെയ്യുന്ന, ബുദ്ധിയില്‍ പ്രബുദ്ധമായ തലമുറയുണ്ടാകണം. ദൈവം അറിവാണ്, അക്ഷരമാണ്. അതുകൊണ്ടുതന്നെ, അവിടത്തെക്കുറിച്ചുള്ള ജ്ഞാനമാണ് പരമപ്രധാനം. അറിവ് അക്ഷയഖനിയാണ്. അതിന്റെ പ്രസക്തിയും പ്രയോജനവും എവിടെച്ചെന്നാലുമുണ്ടാകും. നാലക്ഷരം അറിയാവുന്നവര്‍ക്കേ നട്ടെല്ലുനിവര്‍ത്തി നില്ക്കാനാവൂ. വിശുദ്ധഗ്രന്ഥത്തില്‍ വിജ്ഞാനത്തെ രത്‌നങ്ങളേക്കാള്‍ ശ്രേഷ്ഠവും, തന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കുന്നതുമായ ഒന്നായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അറിവിനെ അഹങ്കരിക്കാനല്ല, അതിന്റെ ദാതാവായവനെ ആരാധിക്കാനുള്ള ഒരു കാരണമായി വേണം കാണാന്‍. മറ്റു പുണ്യങ്ങള്‍ അനായാസം അഭ്യസിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് പരിജ്ഞാനമാണ്.
ഒതുക്കം
പുല്ക്കൂട് ഒതുക്കം എന്ന പുണ്യത്തിന്റെ കൂടാണ്. ജീവിതശൈലിയില്‍ പാലിക്കുന്ന മിതത്വമാണ് ഒതുക്കം. മെയ്മാനസങ്ങളുടെ അടക്കമാണ് അത്. മനുഷ്യരക്ഷ സാക്ഷാത്കരിക്കാനായി സ്വയം ഒതുങ്ങിക്കൊടുക്കാന്‍ ഒട്ടും വിഷമമില്ലാത്ത സര്‍വവ്യാപിയായ ദൈവത്തിന്റെ കുഞ്ഞുമുഖമാണ് പുല്ക്കൂട്ടിലുള്ളത്. അവന് പിറന്നുവീഴാന്‍ വെറുമൊരു കച്ചിക്കിടക്കതന്നെ ധാരാളം.
ഒതുക്കം ഒരുതരം ഓടാമ്പലാണ്. വ്യക്തിത്വത്തിന് ആകമാനം കൊടുക്കുന്ന ശേലുള്ള ശിക്ഷണമാണത്. ആര്‍ഭാടത്തിന്റെ അതിര്‍വരമ്പുകള്‍ ജീവിതത്തിന്റെ പല മേഖലകളിലും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികസമൂഹത്തിന്റെ ഭാഗമാണ് മനുഷ്യന്‍. ഒതുങ്ങിക്കഴിയുകയെന്നാല്‍ പതുങ്ങിക്കഴിയുകയാണെന്നു തെറ്റിദ്ധരിക്കരുത്. സ്വഭാവം, സംസാരം, ചിന്തകള്‍, ചെയ്തികള്‍, ആഹാരം, ആഭരണം, ചെലവ്, ചേല, വീട്, വാഹനം എന്നിങ്ങനെ അനുദിനജീവിതവുമായി അഭേദ്യബന്ധമുള്ള എല്ലാറ്റിലും പരിമിതത്വം പാലിക്കുന്നതാണ് വിവേകം. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അടക്കമില്ലാത്ത ജീവിതങ്ങള്‍ പടക്കംപോലെ പൊട്ടിപ്പുകയും.
(തുടരും)
ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
